കൊച്ചി: ആരോഗ്യം, സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സിന്റെ അഭിമുഖ്യത്തില്‍ യു.കെ കരിയര്‍ ഫെയര്‍ എന്ന പേരില്‍ റിക്രൂട്ട്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആദ്യഘട്ടം നവംബര്‍ 21 മുതല്‍ 25 വരെ എറണാകുളം താജ് ഗേറ്റ്‌വേ ഹോട്ടലില്‍ നടക്കും.
ഡോക്ടര്‍മാര്‍, വിവിധ സ്പെഷാലിറ്റികളിലേക്ക് നഴ്സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അപേക്ഷിക്കാം.
ഒഴിവുകള്‍ സംബന്ധിച്ചും തൊഴില്‍ പരിചയം, ഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും. 15-നു മുന്‍പ് അപേക്ഷിക്കണം.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് DWMS CONNECT (ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്ത് റജിസ്റ്റര്‍ ചെയ്യണം. DWMS ആപ്പില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുമ്പോള്‍ റഫറല്‍ കോഡായി NORKA എന്നു ചേര്‍ക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് യോഗ്യതയ്ക്കനുസരിച്ച ജോലിയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം. https://knowledgemission.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാവുന്നതാണ്.
സീനിയര്‍ കെയറര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്ന ബിഎസ്.സി/എം. എസ്.സി നഴ്‌സു മാര്‍ക്ക് IELTS/OET യോഗ്യതയില്ലെങ്കിലും യു.കെ.നാറിക്ക് (NARIC ) സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ യു.കെ.യിലേക്കു റിക്രൂട്ട്‌മെന്റ് നേടാം. ഡോക്ടര്‍മാര്‍ക്ക് പ്‌ളാബ് (PLAB) യോഗ്യയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും.
അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിചയം വ്യക്തമാക്കുന്ന CEFR Level-B2, C1, C2 എന്നിവ അനിവാര്യമാണ്. ഇതിനായി DWMS ആപ്പില്‍ ഭാഷാപരിശോധനയ്ക്ക് സൗകര്യമുണ്ടായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരില്‍ സീനിയര്‍ കെയറര്‍ ഒഴികെയുളളവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന IELTS/ OET എന്നീ യോഗ്യതതകള്‍ നേടുന്നതിന് നാലു മാസത്തെ സാവകാശം ലഭിക്കും.
റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ണമായും യു.കെ യില്‍ നിന്നെത്തുന്ന വിവിധ റിക്രൂട്ട്മെന്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തിലാകും നടക്കുക.
കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് സുരക്ഷിതവും നിയമപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ യു.കെയിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്ന ധാരണാപത്രം കഴിഞ്ഞ മാസം ലണ്ടനില്‍ ഒപ്പുവച്ചിരുന്നു. കേരള സര്‍ക്കാറിന്റെ കീഴിലുളള നോര്‍ക്ക റൂട്ട്‌സും, യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന 42 ഇന്റഗ്രറ്റഡ് കെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളില്‍ ഒന്നായ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോക്ഷയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പ്, നോര്‍ത്ത് ഈസ്റ്റ് ലിങ്കന്‍ഷെയറിലെ ഹെല്‍ത്ത് സര്‍വിസിന്റെ മാനസിക ആരോഗ്യ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണു ധാരണാപത്രം ഒപ്പുവച്ചത്.
റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.norkaroots. org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 -ല്‍ ബന്ധപ്പെടുകയോ ചെയ്യാം. വിദേശത്തുള്ളവര്‍ക്ക് +91-8802012345 എന്ന മിസ്ഡ് കാള്‍ സേവനവും ലഭ്യമാണ്.