India Post GDS Recruitment 2022: ന്യൂഡൽഹി: രാജ്യത്തെ വിവിധ തപാൽ ഓഫീസുകളിലെ ഗ്രാമീൺ ടാക് സേവക് തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 38,926 ഒഴിവുകളാണുള്ളത്. 10-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. indiapostgdsonline. gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
മേയ് 2 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ജൂൺ 5 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ഏതെങ്കിലും അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നോ ഇന്ത്യ ഗവൺമെന്റ്, സംസ്ഥാന സർക്കാരുകൾ അല്ലെങ്കിൽ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയിൽനിന്ന് മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിയങ്ങളുള്ള 10-ാം ക്ലാസ് പാസായ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് പ്രാദേശിക ഭാഷയിൽ പരിജ്ഞാനവും വേണം.
18 വയസ്സിൽ കുറയാത്തവർക്കും 40 വയസ്സിൽ കൂടാത്തവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് നൽകും.
ഉദ്യോഗാർത്ഥികളെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണ് തിരഞ്ഞെടുക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 12000 രൂപയും എബിപിഎം/ ഡാക് സേവകിന് 10000 രൂപയുമാണ് ശമ്പളം. പരീക്ഷയില്ല, മെറിറ്റ് ലിസ്റ്റ് പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക.