സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ഗ്രാജുവേറ്റ്/ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററും സംയുക്തമായിട്ടാണ് സെന്‍ട്രലൈസ്ഡ് വാക്-ഇന്‍-ഇന്റര്‍വ്യൂകള്‍ നടത്തുക.

എൻജിനീയറിങ്/ടെക്‌നോളജിയില്‍ ബിടെക്/ബിഇ/പോളിടെക്‌നിക് ഡിപ്ലോമ നേടി മൂന്നു വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കും എസ്ഡി സെന്ററില്‍ രജിസ്റ്ററില്‍ ചെയ്ത ശേഷം (ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍) ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

ഡിഗ്രിക്കാര്‍ക്ക് 4984 രൂപയും, ഡിപ്ലോമക്കാര്‍ക്ക് 3542 രൂപയുമാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപന്റ്. ട്രെയിനിങ്ങിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിക്കും. ട്രെയിനിങ് കാലത്തുള്ള പ്രാവീണ്യം കണക്കിലെടുത്ത് പല സ്ഥാപനങ്ങളിലും സ്ഥിരം ജോലിക്കും അവസരമൊരുക്കും.

സര്‍ട്ടിഫിക്കറ്റുകളുടേയും മാർക്ക് ലിസ്റ്റുകളുടേയും ഒറിജിനലും മൂന്നു കോപ്പികളും വിശദമായ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകളും സഹിതം തിരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ ഹാജരാകണം. സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇന്റര്‍വ്യൂ തീയതിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷാ ഫോമും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും www.sdcentre.org യില്‍ ലഭിക്കും. പോസ്റ്റല്‍ വഴി അയയ്ക്കുകയോ കുട്ടികളോ, അദ്ധ്യാപകരോ മുന്‍കൈയ്യെടുത്ത് അപേക്ഷകള്‍ ശേഖരിച്ച് നേരിട്ട് എസ്ഡി സെന്ററില്‍ എത്തിക്കുകയോ ചെയ്യാം. അപേക്ഷകളുമായി എത്തുന്ന വ്യക്തിയുടെ കൈവശം രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ കൊടുത്തയക്കും.

ഇന്റര്‍വ്യൂ നടക്കുന്ന ദിവസം രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല. എസ്ഡി സെന്റര്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ കാര്‍ഡോ ഇ-മെയില്‍ പ്രിന്റോ ഇന്റര്‍വ്യൂവിന് വരുമ്പോള്‍ കൊണ്ടുവരണം. ബോര്‍ഡ് ഓഫ് അപ്രന്റീസ് ട്രെയ്‌നിങ്ങിന്റെ നാഷണല്‍ വെബ് പോര്‍ട്ടലായ www.mhrdnats.gov.in ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ അതിന്റെ പ്രിന്റ് ഔട്ട് കൊണ്ടുവന്നാലും പരിഗണിക്കും. പങ്കെടുക്കുന്ന കമ്പനികളുടേയും ഒഴിവുകളുടേയും വിവരങ്ങള്‍ www.sdcentre.org യില്‍ പ്രസിദ്ധീകരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook