കൊച്ചി:എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍കും എമിഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമാക്കി.എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേയ്ക്ക് തൊഴില്‍വിസയില്‍ പോകുന്നവർക്കും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കും ജനുവരി ഒന്നുമുതല്‍ എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇന്‍ഡോനേഷ്യ, ഇറാക്ക്, ജോര്‍ദ്ദാന്‍, കുവൈറ്റ്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലാന്‍ഡ്, യു.എ.ഇ, യെമന്‍ എന്നീ രാജ്യങ്ങളിലേയ്ക്ക് തൊഴില്‍ വിസയില്‍ പോകുന്ന എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ഈ നിബന്ധന ജനുവരി ഒന്നുമുതല്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ രാജ്യങ്ങളില്‍ തൊഴില്‍ വിസയില്‍ നിലവില്‍ ജോലി ചെയ്യുന്ന ഇതുവരെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ ഇനി നാട്ടില്‍വന്ന് മടങ്ങുന്നതിനു മുന്‍പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

ഇന്ത്യയില്‍നിന്ന് യാത്ര തിരിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഇതിനായി www.emigrate.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകന്റെ വ്യക്തിപരമായ വിവരങ്ങള്‍, തൊഴിലുടമയുടെ വിവരങ്ങള്‍, തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസം എന്നിവ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവാസി ഭാരതീയ സഹായകേന്ദ്രത്തിന്റെ 1800 11 3090 എന്ന നമ്പറില്‍ ലഭിക്കും. ഇ-മെയില്‍ വിലാസം: helpline@mea.gov.in

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook