കേന്ദ്ര സായുധ പൊലീസിൽ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്കുളള പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാൻഡന്റ്സ്) പരീക്ഷ നടത്തുന്നത്. ആകെ 323 ഒഴിവുകളാണുളളത്. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ബിഎസ്എഫ്- 10, സിആർപിഎഫ്- 108, സിഐഎസ്എഫ്- 28, ഐടിബിപി- 21, എസ്‌എസ്‌ബി- 66 എന്നിങ്ങനെയാണ് ഒഴിവുകൾ. അംഗീകൃത സർവകലാശാല ബിരുദം ആണ് യോഗ്യത. 20-25 വയസാണ് അപേക്ഷിക്കുന്നതിനുളള പ്രായം. 2019 ഓഗസ്റ്റ് 1 ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷാ ഫീസ് 200 രൂപയാണ്. സ്ത്രീകൾ, എസ്‌സി, എസ്ടി വിഭാഗക്കാർ എന്നിവർക്ക് ഫീസില്ല. ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 41 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രം. എഴുത്തു പരീക്ഷ, ശാരീരിക/മാനസിക യോഗ്യത പരീക്ഷ, കായികക്ഷമതാ പരീക്ഷ, അഭിമുഖം, പേഴ്സണാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 18 നായിരിക്കും എഴുത്തു പരീക്ഷ.
യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ http://www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20. എഴുത്തു പരീക്ഷയുടെ സിലബസും മറ്റു വിവരങ്ങൾക്കും യുപിഎസ്‌സി വൈബ്സൈറ്റ് സന്ദർശിക്കുക.