അക്കാദമിക് ജീവിതത്തിൽ ഒരുപോലെ വിജയം കൊയ്തവരാണ് ഇരട്ടകളായ അഭിഷേഖ് ഗാർഗും അനുഭവ് ഗാർഗും. ഒരേ ദിവസത്തിലാണ് ഇരുവരും പിറന്നത്, എൻജിനീയറിങ് പരീക്ഷയായ ജെഇഇ പാസ്സായതും ഒരേ സമയം, ഐഐടി-ഡൽഹിയിൽ ചേർന്നതും ഒരുമിച്ച്, 2018 കാറ്റ് പരീക്ഷയിൽ ഇരുവരും നേടിയതാകട്ടെ 99 ശതമാനം മാർക്കും. അഭിഷേകിനെക്കാൽ 0.2 ശതമാനം മാർക്ക് കുറവാണ് അനുഭവിന്. കാറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ അഭിഷേകാണ് ഡൽഹിയിൽനിന്നുള്ള ടോപ്പർ.

നിരന്തരമുള്ള മോക്ക് ടെസ്റ്റുകളുമാണ് തങ്ങളുടെ വിജയത്തിനു പിന്നിലുള്ളതെന്ന് അഭിഷേക് ഗാർഗ് പറഞ്ഞു. ഇതിനുപുറമേ ഒരു വർഷം നീണ്ടുനിന്ന കഠിന പരിശ്രമവും ക്വാണ്ട് സെഷന് നൽകിയ പ്രത്യേക ശ്രദ്ധയും ഒരുപാട് സഹായിച്ചുവെന്ന് അഭിഷേക് പറഞ്ഞു.

ഐഐടി ഡൽഹിയിലെ വിദ്യാർത്ഥികളായ ഇരുവരും പിതാവിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മാനേജ്മെന്റ് മേഖലയെ കരിയറായി തിരഞ്ഞെടുത്തത്. ‘മാനേജ്മെന്റ് രംഗത്തെ അച്ഛന്റെ വിജയകഥയാണ് ഞങ്ങളും ഈ മേഖല തിരഞ്ഞെടുത്തത്,’ അഭിഷേക് പറഞ്ഞു. അഭിഷേകിന്റെ അച്ഛൻ തരുൺ ഗാർഗ് മാരുതി സുസുക്കിയിലെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഐഐഎം ലക്നൗവിലെ പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം.

സ്വയം പഠനത്തിലുള്ള ആത്മവിശ്വാസവും നിരന്തരമുള്ള മോക് ടെസ്റ്റുകളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (ഐഐഎം) വിവിധ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ കാറ്റ് (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ഗാർഗ് സഹോദരങ്ങൾക്ക് നൽകാനുള്ള ഉപദേശം.

ഐഐഎം അഹമ്മദാബാദിൽനിന്നും എംബിഎ നേടുകയാണ് ഇരുവരുടെയും സ്വപ്നം. ”എന്റെ ചേട്ടനാണ് അഭിഷേക്. രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞങ്ങളുടെ ജനനം. കാറ്റ് പരീക്ഷയിലും 0.2 ശതമാനത്തിന് ഞാൻ ചേട്ടന്റെ പിറകിലായി,” അനുഭവ് പറഞ്ഞു. മാതാപിതാക്കൾക്കു പുറമേ ഡൽഹി ടൈമിലെ അധ്യാപകരും പരീക്ഷയിൽ ഉയർന്ന സ്കോർ നേടാൻ തന്നെ സഹായിച്ചുവെന്ന് അനുഭവ് പറഞ്ഞു.

കാറ്റ് പരീക്ഷയിൽ ഈ വർഷം 11 വിദ്യാർത്ഥികളാണ് 100 ശതമാനം മാർക്ക് നേടിയത്. മഹാരാഷ്ട്രയിൽനിന്നും 7 പേരും പശ്ചിമ ബംഗാളിൽനിന്നും രണ്ടും പേരും, കർണാടക, ബിഹാറിൽ എന്നിവിടങ്ങളിൽനിന്നും ഓരോരുത്തർ വീതവും. 21 വിദ്യാർത്ഥികളാണ് 99.99 ശതമാനം മാർക്ക് നേടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ