ന്യൂഡൽഹി: ബാങ്കിങ് ആന്റ് ഫിനാൻസിൽ (പിജിഡിബിഎഫ്) വൺ ഇയർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുളള വിജ്ഞാപനം കാനറ ബാങ്ക് പുറത്തിറക്കി. മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ആന്റ് നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഗ്രേറ്റർ മാംഗ്ലൂർ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കാനറ ബാങ്കിൽ പ്രൊബേഷനറി ഓഫിസേഴ്സ് ഇൻ ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് 1 തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയും. കാനറ ബാങ്കിൽ നിലവിൽ 800 പ്രൊബേഷനറി ഓഫിസർ തസ്തികയിലേക്കാണ് ഒഴിവുള്ളത്.
മെരിറ്റിന്റെയും പെർഫോമൻസിന്റെയും അടിസ്ഥാനത്തിലായിരിക്കും ഈ രണ്ടു സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കുക. canarabank.com എന്ന വെബ്സൈറ്റി വഴിയാണ് റജിസ്ട്രേഷൻ നടപടികൾ. ഡിസംബർ 23ന് ഓൺലൈനായിട്ടാണ് പരീക്ഷ നടക്കുന്നത്. ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
708 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർ 118 രൂപ ഫീസ് അടച്ചാൽ മതി.
പ്രബേഷനറി ഓഫിസർ തസ്തികയിലേക്ക് അപേക്ഷിക്കാനുളള യോഗ്യതകൾ
ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ അംഗീകൃത സർവ്വകലാശാലയിൽ നിന്നുളള ബിരുദം. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 55% മാർക്ക് മതി.
30 വയസ്സിൽ കൂടാനോ 20 വയസ്സിൽ താഴെയോ ആകാൻ പാടില്ല. പ്രായപരിധിയിൽ സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് ഇളവുണ്ടായിരിക്കും
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.