തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 300 കിടക്കകളോടു കൂടിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒപി., ഐപി സേവനങ്ങളോട് കൂടിയ ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് തസ്തിക സൃഷ്ടിച്ചത്. ഈ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് പ്രതിവര്‍ഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് കോവിഡ് ആശുപത്രിയ്ക്കായി 50 ശതമാനം തസ്തികകളില്‍ ഉടന്‍ നിയമനം നടത്താനും ബാക്കിയുള്ളവ ആശുപത്രി ബ്ലോക്ക് സജ്ജമാക്കുന്ന മുറയ്ക്ക് നിയമനം നടത്താനുമുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗം സ്ഥിരീകരിച്ചത് ഈ ജില്ലയിലാണ്. കേരളത്തില്‍ ആകെ 263 കോവിഡ് രോഗികള്‍ ചികിത്സയിലുള്ളപ്പോള്‍ അതില്‍ 131 പേരും കാസര്‍ഗോഡ് ജില്ലയിലുള്ളവരാണ്. അതായത് കേരളത്തിലെ മൊത്തം രോഗികളുടെ എണ്ണത്തിന്റെ പകുതിയോളം വരും. ഈയൊരു പ്രത്യേക സാഹചര്യത്തിലും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി ആരംഭിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്തും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് കാസര്‍ഗോഡിന് നല്‍കുന്നത്. അതിനാലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം 4 ദിവസം കൊണ്ട് മെഡിക്കല്‍ കോളേജിലെ അക്കാഡമിക് ബ്ലോക്കില്‍ 7 കോടി ചെലവഴിച്ച് അത്യാധുനിക കോവിഡ് ആശുപത്രി സ്ഥാപിച്ചത്. ഇതുകൂടാതെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം അടിയന്തരമായി ജീവനക്കാരുടെ തസ്തികള്‍ 273 സൃഷ്ടിക്കാന്‍ തീരുമാനിച്ചത്.

Read Also: Covid-19 Live Updates: ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു

91 ഡോക്ടര്‍മാര്‍, 182 അനധ്യാപക ജീവനക്കാര്‍ എന്നിവരുടെ തസ്തികകളാണ് സൃഷ്ടിക്കുന്നത്. 4 അസോസിയേറ്റ് പ്രൊഫസര്‍, 35 അസി. പ്രൊഫസര്‍, 28 സീനിയര്‍ റസിഡന്റ്, 24 ജൂനിയര്‍ റസിഡന്റ് എന്നിങ്ങനെയാണ് അധ്യാപക തസ്തിക. 1 ലേ സെക്രട്ടറി ആൻഡ് ട്രെഷറര്‍ (സീനിയര്‍ സൂപ്രണ്ട്), 1 ജൂനിയര്‍ സൂപ്രണ്ട്, 3 സീനിയര്‍ ക്ലാര്‍ക്ക്, 3 ക്ലാര്‍ക്ക്, 1 ടൈപ്പിസ്റ്റ്, 1 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, 1 ഓഫീസ് അറ്റന്‍ഡന്റ്, 1 സര്‍ജന്റ് ഗ്രേഡ് രണ്ട്, 3 ഫുള്‍ ടൈം സ്വീപ്പര്‍, 5 പാര്‍ട്ട് ടൈം സ്വീപ്പര്‍, 1 നഴ്‌സിങ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്, 2 നഴ്‌സിങ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 5 ഹെഡ് നഴ്‌സ്, 75 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്, 10 നഴ്‌സിങ് അസിസ്റ്റന്റ്, 10 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന്, 20 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, 1 ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍, 3 ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, 6 ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, 3 ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, 2 റിഫ്രക്ഷനിസ്റ്റ് ഗ്രേഡ് രണ്ട്, 5 റേഡിയോഗ്രാഫര്‍ ഗ്രേഡ് രണ്ട്, 2 തീയറ്റര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട്, 2 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, 1 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്, 2 മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ ഗ്രേഡ് രണ്ട്, 2 പവര്‍ ലോണ്ട്രി അറ്റന്റര്‍, 1 ഇലക്ട്രീഷ്യന്‍, 1 റെഫ്രിജറേഷന്‍ മെക്കാനിക്, 2 സിഎസ്ആര്‍ ടെക്‌നീഷ്യന്‍, 2 ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, 4 ഇസിജി ടെക്‌നീഷ്യന്‍ എന്നിങ്ങനെയാണ് അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook