വിശേഷ ദിവസങ്ങളിലും മറ്റും ആവശ്യങ്ങൾക്കായി ഓട്ടുപാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ കുറെ നാൾ ഉപയോഗിക്കാത്തതു കൊണ്ടു തന്നെ പാത്രങ്ങളിൽ പൊടിയും അഴുക്കും പറ്റിയിട്ടുണ്ടാകും. സോപ്പും ചകിരിയുമെല്ലാം വച്ച് ഉരച്ചു കഴുകിയും പാത്രത്തിന്റെ സ്വാഭാവിക നിറം തിരിച്ചു കിട്ടണമെന്നില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ചെയ്യാൻ പറ്റുന്ന ഒരു എളുപ്പ വഴി പരിചയപ്പെടുത്തുകയാണ് ഫ്ളോഗറായ പ്രജിൻ.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രജിൻ ഈ എളുപ്പ വഴി പരിചയപ്പെടുത്തുന്നത്. ഇഷ്ടിക പൊടി, നാരങ്ങ നീര് എന്നിവ മാത്രം മതി ഈ മിശ്രിതം തയാറാക്കാൻ. ഒരു ചെറിയ ഇഷ്ടിക കഷ്ണമെടുത്ത് പൊടിക്കുക. ശേഷം പൊടിയിലേക്ക് നാരങ്ങ നീര് ഒഴിച്ച് മിക്സ് ചെയ്യാം. ഈ മിശ്രിതം പാത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരട്ടാം.
പുരട്ടിയ ശേഷം സ്ക്രബർ ഉപയോഗിച്ച് എല്ലാ വശവും ഉരയ്ക്കുക. അതിനു ശേഷം വെള്ളം ഒഴിച്ച് പാത്രങ്ങൾ കഴുകിയെടുക്കാവുന്നതാണ്. ഈ എളുപ്പ വഴിയിലൂടെ ഓട്ടു പാത്രങ്ങൾ മിന്നുന്ന രൂപത്തിലേക്കെത്തിക്കാം.