ഇഷ്ടപ്പെട്ട് വാങ്ങിയൊരു വസ്ത്രം ധരിക്കാൻ പറ്റാത്ത അവസ്ഥയുണ്ടോ? തുണിയിൽ പറ്റിപിടിച്ചിരിക്കുന്ന കറ, കരിമ്പൻ തുടങ്ങിയവയായിരിക്കാം ഇതിനുള്ള കാരണങ്ങളിലൊന്ന്. മാർക്കറ്റുകളിൽ ലഭ്യമാകുന്ന ഡിറ്റർജെന്റുകളും ലോഷനുമൊക്കെ പരീക്ഷിച്ച് മടിത്തിട്ടുമുണ്ടാകാം. എന്നാൽ ഇതാ വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള കറകൾ എങ്ങനെ ഇല്ലാത്താക്കാമെന്ന് പറയുകയാണ് ബ്ളോഗറായ അൻസി.
കരിമ്പൻ മാറ്റുന്നത് എങ്ങനെ?
ബക്കറ്റിലേക്ക് വെള്ളം, വിനാഗിരി എന്നിവ ഒരേ അളവിൽ ഒഴിക്കുക. നിങ്ങൾ എത്ര വസ്ത്രമെടുക്കുന്നോ അതിനനുസരിച്ചുള്ള അളവിലായിരിക്കണം വെള്ളവും വിനാഗിരിയുമെടുക്കാൻ. ഇതിലേക്ക് കരിമ്പനുള്ള തുണി മുക്കിവയ്ക്കുക. പത്തു മിനുട്ട് നേരത്തേയ്ക്ക് ഇതു റെസ്റ്റ് ചെയ്യാനായി വയ്ക്കാം.ശേഷം കരിമ്പനുള്ള ഭാഗങ്ങളിൽ ബേക്കിങ്ങ് സോഡയിട്ടു കൊടുക്കുക. അതു നല്ലവണ്ണം കൈ ഉപയോഗിച്ച് ഉരയ്ക്കാം. അതിനുശേഷം പത്തു മിനുട്ട് നേരത്തേയ്ക്ക് വീണ്ടും റെസ്റ്റ് ചെയ്യാൻ വച്ചാൽ കരിമ്പൻ മാറിയതായി കാണാനാകും.
തുരുമ്പിന്റെ കറയെങ്ങനെ മാറ്റാം?
വിനാഗിരിയും ബേക്കിങ്ങ് സോഡയും ഉപയോഗിച്ച് നേരത്തെ ചെയ്ത അതേ രീതിയിൽ തന്നെ തുരുമ്പിന്റെ കറയും അകറ്റാം.
തോർത്ത് വൃത്തിയാക്കാൻ എന്തു ചെയ്യാം?
തിളക്കുന്ന വെള്ളത്തിൽ സോപ്പ് പൊടി ചേർത്ത ശേഷം തോർത്ത് അതിലേക്കിടുക. 5-10 മിനുട്ടുകൾ തോർത്ത് വെള്ളത്തിലിട്ടു തിളയ്ക്കുമ്പോൾ എണ്ണമയം അതിലേക്കിറങ്ങും. ശേഷം ക്ളോറിൻ വെള്ളത്തിൽ തോർത്ത് രാത്രി മുഴുവൻ മുക്കിവയ്ക്കുക. പിറ്റേ ദിവസം നല്ല വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്.