How to block ATM, debit cards online: ഓൺലൈൻ ബാങ്കിംഗ് ഉപയോക്താക്കൾക്ക് വളരെ സൗകര്യപ്രദമായ സേവനങ്ങളാണ് നൽകുന്നത്. സ്മാര്‍ട്ട്‌ഫോണുകളും സജീവമായതോടെ മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളും കൂടുതല്‍ എളുപ്പമായി തുടങ്ങി. പണമിടപാടുകള്‍ക്കായി ബാങ്കുകളില്‍ പോവേണ്ടതിന്റെയോ ക്യൂ നിൽക്കേണണ്ടതിന്റെയോ ഒന്നും ആവശ്യമില്ല ഇപ്പോൾ. എല്ലാം വിരൽത്തുമ്പിൽ ലഭ്യമാണിപ്പോൾ. എന്നാല്‍ ഓൺലൈൻ ബാങ്കിംഗിന് ഗുണങ്ങൾക്കൊപ്പം തന്നെ ചില ദോഷങ്ങളുമുണ്ട്. പണമിടപാടുകൾ എളുപ്പമാക്കുന്നുണ്ടെങ്കിലും വഞ്ചിക്കപ്പെടാനും പണം നഷ്ടപ്പെടാനുമുള്ള സാധ്യതകളും ഓൺലൈൻ ബാങ്കിംഗിൽ ഏറെയാണ്. അക്കൗണ്ടുകളുടെ സുരക്ഷയാണ് പലപ്പോഴും ഓൺലൈൻ ബാങ്കിംഗുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന പ്രശ്നം.
എന്നാൽ സൂക്ഷ്മമതയോടും ജാഗ്രതയോടെയും ഓൺലൈൻ ബാങ്കിംഗ് കൈകാര്യം ചെയ്താൽ ഒഴിവാക്കാവുന്നതേയുള്ളൂ ഈ പ്രശ്നങ്ങൾ. ഹാക്കർമാരിൽ നിന്നും ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സുരക്ഷിതമാക്കി വയ്ക്കാൻ ഒരാൾക്ക് എന്ത് ചെയ്യാനാവും? എടിഎം ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ മോഷ്ടിക്കപ്പെട്ടാൽ അത് തടയാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നു നോക്കാം.
എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഉപഭോക്താക്കളെ സഹായിക്കാനാണ് ബാങ്കുകൾ പ്രധാനമായും ഡെബിറ്റ് കാർഡ് സേവനം നൽകുന്നത്. ഓൺലൈൻ പർച്ചെയ്സിംഗ് പോലുള്ള സൗകര്യങ്ങൾക്കും ഡെബിറ്റ് കാർഡുകൾ അക്കൗണ്ട് ഉടമയെ സഹായിക്കും. എന്നാൽ നിങ്ങളുടെ ഡെബിറ്റ് കാർഡിന്റെ വിശദാംശങ്ങൾ ആരെങ്കിലും അനധികൃതമായി ഉപയോഗിക്കുന്നതോ കാർഡ് നഷ്ടപ്പെടുകയോ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുന്നതായേ കണ്ടാൽ കൂടുതൽ നാശനഷ്ടങ്ങൾ തടയാനായി ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുന്നതാണ് ഉചിതമായ വഴി.
ഡെബിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യാനുള്ള രീതികൾ ഏതാണ്ട് എല്ലാ ബാങ്കുകൾക്കും ഏറെക്കുറെ സമാനമാണ്. ഓപ്ഷനുകളിലെ ചില വ്യത്യാസങ്ങൾ മാത്രം വരാം. നെറ്റ് ബാങ്കിംഗ് വഴി എസ്ബിഐ എടിഎം ഡെബിറ്റ് കാർഡും ഐസിഐസിഐ ബാങ്ക് എടിഎം / ഡെബിറ്റ് കാർഡും എങ്ങനെ തനിയെ ബ്ലോക്ക് ചെയ്യാമെന്ന് പരിശോധിക്കാം. ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചും നിങ്ങൾക്ക് എടിഎം കാർഡ് ബ്ലോക്ക് ചെയ്യാൻ സാധിക്കും.
Blocking SBI ATM cum Debit Card: എസ്‌ബിഐ എടിഎം /ഡെബിറ്റ് കാർഡ്
കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ എസ്ബിഐയുടെ ഓൺലൈൻ വഴി എടിഎം/ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാം. അതിനായി ചെയ്യേണ്ടത്.
1. യൂസർ നെയിം, പാസ്‌വേഡ് എന്നിവ നൽകി നെറ്റ് ബാങ്കിംഗ് ലോഗിൻ ചെയ്യുക.
2. ‘e-Services’ നു താഴെയായി നൽകിയിരിക്കുന്ന ATM Card Services>Block ATM Card എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കാർഡുമായി ബന്ധപ്പെട്ട അക്കൗണ്ട് തിരഞ്ഞെടുക്കുക.
4. നിങ്ങളുടെ ആക്റ്റീവും ബ്ലോക്ക് ചെയ്തതുമായ എല്ലാ കാർഡുകളുടെയും പട്ടിക സ്ക്രീനിൽ തെളിയും. കാർഡിന്റെ ആദ്യത്തെയും അവസാനത്തെയും നാലക്കങ്ങൾ വീതമാണ് സ്ക്രീനിൽ കാണിക്കുക.
5. ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കാർഡ് തിരഞ്ഞെടുത്ത്, വിശദാംശങ്ങൾ പരിശോധിച്ച് Submit എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
6. ബ്ലോക്കിംഗ് സ്ഥിതീകരിക്കുന്നതിനായി OTP password /Profile password ഏത് ഓപ്ഷനാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കുക.
7. സ്ക്രീനിൽ, നേരത്തെ തിരഞ്ഞെടുത്തതുപോലെ ഒടിപി പാസ്‌വേഡ് / പ്രൊഫൈൽ പാസ്‌വേഡ് വിൻഡോ തെളിയുമ്പോൾ പാസ്‌വേഡ് നൽകി confirm ബട്ടൺ ക്ലിക്ക് ചെയ്യുക.
8: നിങ്ങളുടെ എടിഎം/ ഡെബിറ്റ് കാർഡ് വിജയകരമായി ബ്ലോക്ക് ചെയ്ത സന്ദേശം ലഭിക്കും, ഒപ്പം ഒരു ടിക്കറ്റ് നമ്പറും. ഈ ടിക്കറ്റ് നമ്പർ ഭാവിയിലെ ഇടപാടുകൾക്കായി സൂക്ഷിച്ചു വെയ്ക്കുക.
Blocking ICICI Bank ATM/Debit card: ഐസിഐസിഐ ബാങ്ക് എടിഎം / ഡെബിറ്റ് കാർഡ്
യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് നെറ്റ് ബാങ്കിംഗിലേക്ക് പ്രവേശിച്ച് ഒരാൾക്ക് ഡെബിറ്റ് കാർഡ് തടയാൻ കഴിയും.
1. ബാങ്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക
2. ‘My Accounts’ തിരഞ്ഞെടുക്കുക,
3. Bank Accounts എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം Service Requests തിരഞ്ഞെടുക്കുക.
4. ATM/Debit Card Related എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
5. Block Debit / ATM card ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക.
എടിഎം / ഡെബിറ്റ് കാർഡ് താൽക്കാലികമായി തടയുന്നതിനുള്ള സേവനം ഐസിഐസിഐ ബാങ്ക് നൽകുന്നുണ്ട്. ആവശ്യമെങ്കിൽ വീണ്ടും ലോഗിൻ ചെയ്ത് ബ്ലോക്ക് മാറ്റാൻ സാധിക്കും. കാർഡ് നിങ്ങൾ എന്നേക്കുമായി ബ്ലോക്ക് ചെയ്യുകയാണെങ്കിൽ ബാങ്ക് ഉപയോക്താക്കൾക്ക് പുതിയ കാർഡ് നൽകും.ബ്ലോക്ക് ചെയ്ത കാർഡ് കൈവശം ഉണ്ടെങ്കിൽ അത് നാലു കഷ്ണങ്ങളായി മുറിച്ച് നശിപ്പിക്കണം.
നിങ്ങളുടെ എടിഎം/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അനധികൃത ഇടപാട് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടോ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ കാർഡ് ബ്ലോക്ക് ചെയ്യുകയോ ബാങ്കിൽ വിളിച്ച് നിർദ്ദേശം നൽകുകയോ ചെയ്യുക.