/indian-express-malayalam/media/media_files/uploads/2023/09/Horoscope-1.jpg)
ഭാഗ്യവാനാര്? ഭാഗ്യവതിയാര്?
ഭാഗ്യം എന്നത് ജന്മനാ തന്നെ കൈവരുന്നവർ ഉണ്ടാവും. 'വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നവർ' എന്ന് സമൂഹം പറയുന്നത് അത്തരക്കാരെയാണ്. മനുഷ്യന് വേണ്ട ഏറ്റവും പ്രധാന ജന്മഗുണം ഭാഗ്യമാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മിൽ മിക്കവരും. ഭാഗ്യം ഒന്നുമാത്രം ഉണ്ടായാൽ മതി, ദീർഘായുസ്സും പദവികളും പത്രാസുകളും ധനോന്നതിയും എല്ലാം, താനേ വന്നുചേർന്നുകൊള്ളും.
അതുകൊണ്ടാണ് ആസന്നപ്രസവയായ പാഞ്ചാലിയെ
"ഭാഗ്യവന്തം പ്രസൂയേഥാ,
മാ ശൂരം
മാ ച പണ്ഡിതം"
(ശൂരനെയോ പണ്ഡിതനെയോ അല്ല, ഭാഗ്യവാനേ പ്രസവിക്കുക)
എന്ന് കുന്തീദേവി ആശീർവദിച്ചത്!
ഭാഗ്യദേവതയ്ക്ക്, ലോട്ടറിടിക്കറ്റിന്റെ രൂപഭാവങ്ങൾ നൽകുന്നവരായി മാറിക്കഴിഞ്ഞു, ഇന്ന് കേരളസമൂഹം. " ഒരു രൂപാ നോട്ടുകൊടുത്താൽ ഒരു ലക്ഷം കൂടെപ്പോരും" എന്ന പഴയൊരു സിനിമാപ്പാട്ട് മലയാളിയുടെ ആഴത്തിൽ വേരോടിക്കഴിഞ്ഞ ഭാഗ്യക്കുറിശീലത്തിലേക്ക് നമ്മെ ആനയിക്കുന്നു.
എല്ലാത്തിനും രണ്ടുവശങ്ങൾ ഉള്ളതുപോലെ ഭാഗ്യക്കുറിക്കും ഉണ്ട് ഇരുവശങ്ങൾ.
എത്ര ശ്രമിച്ചാലും നേർവഴിയിലൂടെ അദ്ധ്വാനിച്ച് മുന്നേറാൻ കഴിയാത്തവർക്ക് ഭാഗ്യക്കുറി 'അടിക്കുന്നത്' സൗഭാഗ്യം തന്നെയാണ്. അത് ബംബറായാലും ദിവസമുള്ള നറുക്കെടുപ്പുകളായാലും അനുഗ്രഹം തന്നെയാണ്. ചിലപ്പോൾ വിയർക്കാതെ വെറുതെ കിട്ടുന്ന കാശ്
'ധൂർത്തും ദീവാളികുളിയും' ആയി മനുഷ്യരെ എല്ലാ അർത്ഥത്തിലും പടുകുഴിയിലേക്ക് തള്ളിവീഴ്ത്തുകയും ചെയ്യും. എല്ലുമുറിയെ പണിയെടുത്തവന് മാത്രമേ പല്ലുമുറിയേ ഭക്ഷണം കഴിക്കാൻ അവകാശമുള്ളു എന്ന തത്ത്വം ഭാഗ്യക്കുറി എന്ന 'ഒഴിയാബാധ' പിടിപെട്ടവർ തീരെ ഓർമ്മിക്കാൻ ഇടയില്ല...
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ഭാഗ്യഭാവം എന്നത് ജ്യോതിഷനിയമപ്രകാരം ഒമ്പതാമെടമാണ്. അത് ധനുരാശിയും വ്യാഴത്തിന്റെ ക്ഷേത്രവുമാണ്. നേർവഴി സമ്പാദ്യങ്ങളിൽ താല്പര്യമുള്ളവരാണ് എങ്കിലും പൊതുവേ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്, മേടക്കൂറുകാർ. ഭാഗ്യാധിപൻ ആയ വ്യാഴം ജന്മരാശിയിലാണ്, ഇപ്പോൾ സഞ്ചരിക്കുന്നത്. പതിനൊന്നാം ഭാവം ലാഭഭാവം എന്നറിയപ്പെടുന്നു. അവിടെ പ്രസ്തുത ഭാവത്തിന്റെ അധിപനായ ശനി തന്നെ സഞ്ചരിക്കുന്നത് അനുകൂലവുമാണ്.
ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): ഇടവക്കൂറുകാർക്ക് പത്തിലെ ശനിയുടെ സ്ഥിതി മൂലം കണ്ടകശനി തുടരുന്ന കാലമാണ്. വ്യാഴവും രാഹുവും ചെലവിനെ കുറിക്കുന്ന പന്ത്രണ്ടാം ഭാവത്തിലുമാണ് ഇപ്പോൾ സഞ്ചരിച്ചു വരുന്നതും. ലഗ്നാധിപനായ ശുക്രൻ ദുർബലസ്ഥാനത്ത് ഇരുന്നിട്ടാണെങ്കിലും (കർക്കടകത്തിൽ) ഭാഗ്യഭാവമായ മകരത്തിലേക്ക് നോക്കുന്നത് ചെറിയ കാര്യമല്ല. ഉയർത്തുവാനും ഉന്നമിപ്പാനും ലഗ്നാധിപനെപ്പോലെ കഴിവും മനസ്സലിവും മറ്റൊരു ഗ്രഹത്തിനും ഉണ്ടാവില്ല. അത് നല്ലൊരു ലക്ഷണമാണ് എന്നത് പറയാതിരിക്കാനാവില്ല.
മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ): വ്യാഴവും രാഹുവും പതിനൊന്നിൽ സഞ്ചരിച്ചു വരികയാണ്. സർവ്വാഭീഷ്ടസ്ഥാനം എന്നാണ് പതിനൊന്നാമെടത്തിന് പെരുമ. അതായത് ന്യായമായ ആഗ്രഹങ്ങളെല്ലാം നിറവേറപ്പെടുന്ന ഭാവം എന്നർത്ഥം. ശനി, സ്വന്തം വീട്ടിൽ ഭാഗ്യഭാവത്തിൽ തന്നെ സ്ഥിതി ചെയ്യുന്നതും അങ്ങേയറ്റം ഗുണകരമാണ്. ഒക്ടോബർ ഒന്നുവരെ ശുക്രൻ ധനസ്ഥാനമായ രണ്ടാം ഭാവത്തിൽ തുടരുന്നുണ്ട്. ഭാഗ്യപരീക്ഷണങ്ങൾ കുറച്ചൊക്കെ വിജയിക്കാനും നേട്ടങ്ങൾ പടിവാതിൽക്കൽ വന്നുമുട്ടുവാനും ഇടയുള്ള സമയമാണ് തുടരുന്നത്.
കർക്കടകക്കൂറിന് (പുണർതം നാലാംപാദം, പൂയം, ആയില്യം): നടപ്പുവർഷം, കർക്കടകക്കൂറുകാർക്ക് അത്ര നല്ലവർഷമാണ് എന്ന് പറഞ്ഞുകൂടാ. പത്താം ഭാവത്തിൽ വ്യാഴവും രാഹുവും ഉള്ളത് കർമ്മദുരിതം ഉണ്ടാക്കും. തൊഴിൽ അവസരങ്ങൾ കുറയും. ശനി അശുഭത്തെ സൂചിപ്പിക്കുന്ന അഷ്ടമഭാവത്തിലുമാണ്. കാര്യതടസ്സങ്ങളും ആരോഗ്യ പ്രശ്നങ്ങളും തുടരുമെന്ന് പറയാം. ജൂലായ് ഒടുവിൽ മുതൽ സെപ്തംബർ തീരുന്നതുവരെ ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുന്നത് ശുഭകരമാണ്. കോട്ടങ്ങൾ അകന്ന് നേട്ടങ്ങളും, രോഗങ്ങൾ അകന്ന് ഭോഗങ്ങളും ഉണ്ടായേക്കും. ഭാഗ്യപരീക്ഷണങ്ങൾക്ക് ഉചിതവേളയാണിത്.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): ഏഴാം ഭാവത്തിലെ കണ്ടകശനി പ്രണയശൈഥില്യം, ദാമ്പത്യപരാജയം എന്നിവ സൃഷ്ടിക്കുന്നതിനാൽ മാനസികക്ലേശത്തിലായിരിക്കും, ഈയ്യാണ്ട് ചിങ്ങക്കൂറുകാർ. എന്നാൽ വ്യാഴം ഭാഗ്യഭാവമായ ഒമ്പതാം ഭാവത്തിൽ തുടരുന്നതിനാൽ ഈശ്വരാധീനവും ഭാഗ്യകടാക്ഷവും ഉള്ള കാലം തന്നെയാണ് എന്നും പറയേണ്ടിവരും. അപ്രതീക്ഷിതമായ ധനയോഗവും കഴിവിൽ ഉപരി നേട്ടവും ഭവിക്കാം. ഭാഗ്യനാഥനായ ചൊവ്വ ധനസ്ഥാനമായ രണ്ടാം വീട്ടിൽ സഞ്ചരിക്കുകയുമാണ് ഇപ്പോൾ. ഭാഗ്യപരീക്ഷണങ്ങളിൽ അമ്പേ പരാജയമാവും എന്ന് ചിങ്ങക്കൂറുകാരെ ഇപ്പോഴത്തെ ഗ്രഹനില മുൻനിർത്തി വിശേഷിപ്പിക്കാൻ കഴിയില്ല.
കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി): വ്യാഴം, രാഹു, കേതു, ചൊവ്വ, സൂര്യൻ, ബുധൻ തുടങ്ങി ആറ് ഗ്രഹങ്ങൾ വിപരീതസ്ഥിതിയിലും പ്രതികൂല ഭാവത്തിലുമാണ്. ഈ വർഷം കന്നിക്കൂറുകാർക്ക് താങ്ങും തണലുമായിരിക്കുന്ന ഗ്രഹം ശനി മാത്രമാണ്. മറ്റു ഗ്രഹങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് ശനി അതിശക്തമായ പ്രതിരോധം തീർക്കുന്നു. ജൂലായ് അവസാനം മുതൽ സെപ്തംബർ ഒടുവിൽ വരെ ശുക്രൻ ഏറ്റവും അനുകൂലത്തിലാണ് കന്നിക്കൂറുകാർക്ക്. അഭീഷ്ടവും ആദായവും ഭാഗ്യവും പുഷ്ടിപ്പെടുന്ന കാലമാണിപ്പോൾ. കർക്കടകശുക്രൻ അനുഗ്രഹത്തെ, ഭാഗ്യരൂപേണ വർഷിച്ചേക്കാം.
തുലാക്കൂറിന് (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ): വ്യാഴവും സൂര്യനും ബുധനും ഇപ്പോൾ ഏറ്റവും അനുകൂല ഗ്രഹങ്ങൾ. ശനിയും ചൊവ്വയും ശുക്രനും രാഹുവും പ്രതികൂല ഭാവങ്ങളിലാണ്. സർക്കാർ കാര്യങ്ങൾ തടസ്സം കൂടാതെ നടന്നേക്കും. ഭാഗ്യാനുഭവങ്ങൾ അഭംഗുരമാവാനിടയുണ്ട്. ഭാഗ്യപരീക്ഷണങ്ങൾ ചിലപ്പോൾ വിജയം കണ്ടേക്കും. ആ നിലയ്ക്കുള്ള പരിശ്രമങ്ങൾ വിജയിക്കാം.
വൃശ്ചികക്കൂറിന് (വിശാഖം കാൽ, അനിഴം, തൃക്കേട്ട): ശനിയും വ്യാഴവും അല്പം പ്രതികൂല സ്ഥാനങ്ങളിൽ സഞ്ചരിക്കുന്നത് വിഷമങ്ങൾക്ക് ഇടവരുത്താം. ഭാഗ്യസ്ഥാനത്ത് ശുക്രനും പത്താം ഭാവത്തിൽ സൂര്യനും നിൽക്കുന്നത് ഒരു വലിയ അനുകൂലതയാണെന്നു പറയാം. അപ്രതീക്ഷിത ധനയോഗവും സാമ്പത്തികോന്നമനവും ഭവിക്കാം. ആഢംബര വസ്തുക്കൾ, ആഭരണങ്ങൾ എന്നിവ പാരിതോഷികമായി ലഭിക്കാൻ സാധ്യത കാണുന്നു. സുഖഭോഗാനുഭവങ്ങൾ ഉണ്ടാവാം. ഉന്നതരുടെ പ്രീതി നേടാനാവും.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം): വ്യാഴത്തിന്റെ രാശിക്കാരാണ് ധനുക്കൂറുകാർ. വ്യാഴം അനുകൂല ഭാവത്തിൽ, പഞ്ചമത്തിൽ സ്ഥിതി ചെയ്യുന്നു. ശനി സഹായസ്ഥാനത്താണ്. വക്ര ശനിയാണെന്നാലും.ഇഷ്ടഭാവത്തിൽ സൂര്യൻ-ഭാഗ്യദാതാവായി, സ്വക്ഷേത്രബലവാനായി നിൽക്കുന്നു. ഗ്രഹങ്ങൾ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ച് പ്രസാദിച്ചിരിക്കുകയാണ് എന്നു പറയാം. 'താൻ പാതി, ദൈവം പാതി' എന്നാണല്ലോ ചൊല്ല്. ഭാഗ്യപരീക്ഷണങ്ങൾക്ക് മുതിരുന്നതിന് കാലം അനുകൂലമാണെന്ന് പറയാം.
മകരക്കൂറിന് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം പകുതി): ജന്മരാശിയുടെ നാഥനായ ശനി വക്ര സഞ്ചാരത്തിൽ ആകയാൽ ഏഴരശനിയുടെ കാഠിന്യം നല്ലോണം കുറയും. നാലാം ഭാവത്തിൽ നിന്നും വ്യാഴം ഭാഗ്യഭാവത്തിലേക്ക് നോക്കുന്നുണ്ട്. അതിനാൽ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. ലക്ഷം ദോഷങ്ങളെ ഹനിക്കും വ്യാഴദൃഷ്ടി എനാണ് പ്രമാണം. അല്പഭാഗ്യന്മാർക്ക് ഭാഗ്യപുഷ്ടി തന്നെ പ്രതീക്ഷിക്കാം. വിദേശയാത്ര ഒരു സാധ്യതയാണ്. ആ പ്രതീക്ഷ പൂവണിയാനിടയുണ്ട്.
കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി മുക്കാൽ): ഗ്രഹങ്ങളെല്ലാം പ്രതികൂലാവസ്ഥയിൽ തുടരുന്ന വർഷമാണ്. ജന്മശനിയുടെ കാഠിന്യമൊരുഭാഗത്ത്. മൂന്നിൽ വ്യാഴം സഞ്ചരിക്കുന്നു. മൂന്നിലെ വ്യാഴം മുറവിളി കൂട്ടുമെന്ന ചൊല്ല് ഏതാണ്ടൊക്കെ യാഥാർത്ഥ്യമാകുന്ന കാലം. അനിഷ്ടസ്ഥാനങ്ങളിൽ രവിയും കുജനും നിൽക്കുകയാണ്. എന്നാലും ഗോചരഫലത്തെക്കാൾ അവരവരുടെ ജാതകഫലം പ്രധാനമാണെന്ന് നിയമമുണ്ട്. ഭാഗ്യപരീക്ഷണങ്ങൾ എപ്പോൾ വേണമെങ്കിലും വിജയിച്ചേക്കാം.
മീനക്കൂറിന്(പൂരുരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി): ഏഴരശനിയുണ്ടെങ്കിലും വ്യാഴം അനുകൂലത്തിൽ തുടരുന്നു. ഭാഗ്യാധിപൻ ചൊവ്വ ജന്മരാശിയെ നോക്കുന്നത് ഭാഗ്യസിദ്ധിക്ക് അനുകൂലമാണെന്ന് പറയേണ്ടിവരും. ത്രികോണഭാവത്തിലെ ശുക്രൻ പതിനൊന്നാം ഭാവത്തിൽ നോക്കുന്നത് വിജയത്തെയും നേട്ടത്തെയും കുറിക്കും. ധനവരവ് ഉയരും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സമുണ്ടാകാത്ത സന്ദർഭമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us