പുതുവർഷം പ്രണയവർഷം, ഈ നാളുകാർക്ക് പ്രണയം അസ്ഥിയിൽ പിടിക്കും
ഇംഗ്ലീഷ് മാസ പ്രകാരമാണ് പുതുവർഷമെങ്കിലും ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോരുത്തരുടെയും പുതുവർഷത്തെ സ്വാധീനിക്കാറുണ്ട്. ഇങ്ങനെയുള്ള മാറ്റം പുതുവർഷത്തിൽ നിങ്ങളുടെ ജീവിതത്തെ എങ്ങനെയൊക്കെ വഴിമാറ്റും. പുതിയ വർഷത്തിൽ പുതിയ ആഗ്രഹങ്ങളും പ്രതീക്ഷകളും നമ്മൾ ഓരോരുത്തരിലുമുണ്ടാകും. അങ്ങനെ പുതുവർഷ ആഗ്രഹങ്ങളുടെ പട്ടികയിലും പ്രതീക്ഷയിലും ഒട്ടേറെ കാര്യങ്ങളുണ്ടാകും. എന്നാലും ജന്മനക്ഷത്രപ്രകാരം ഈ പുതുവർഷം നിങ്ങൾക്ക് എങ്ങനെയായിരിക്കും. 2023ൽ പല നാളുകാർക്കും പ്രണയകാലം കൂടെയാണ്.
2023 ൽ പ്രണയ പുഷ്പം അസ്ഥിയിൽ പൂക്കുന്നവർ പ്രധാനമായും അഞ്ച് നാളുകാരാണ്. ഇവർക്ക് പുറമെ ഏഴ് നാളുകർക്കും ഈ വർഷം പ്രണയപ്പനി പിടിക്കാം. ആ നാളുകാരെ കുറിച്ചും അവരുടെ പ്രണയ സ്വഭാവത്തെ കുറിച്ചും വായിക്കാം.
ഈ നാളുകാർക്ക് പ്രണയ സുരഭില കാലം
മിഥുനക്കൂറിൽ വരുന്ന നക്ഷത്രങ്ങളായ മകയിരം, തിരുവാതിര, പുണർതം എന്നീ നാളുകാരും കന്നിക്കൂറിലെ ഉത്രം, അത്തം, ചിത്തിര തുടങ്ങിയ നാളുകാരും 2023 ൽ പ്രണയബന്ധത്തിൽ മുഴുകാൻ സാധ്യതയുണ്ട്. ഭരണി, പൂരം, ചോതി, അനിഴം, പൂരാടം, തിരുവോണം, രേവതി എന്നീ നക്ഷത്രക്കാരെയും 2023 ൽ ‘പ്രണയപ്പനി’ പിടികൂടിയേക്കും. കൂടാതെ ശുക്രദശ, ശുക്ര അപഹാരം എന്നിവയിലൂടെ കടന്ന് പോകുന്നവരിലും പ്രണയം ഒരു തീവ്രവികാരമായി പടരാം.
പ്രണയം പൂക്കുന്ന കാലത്ത് വിവാഹം നടക്കുന്ന കാര്യവും ആലോചിക്കണമല്ലോ. വ്യാഴം ഏപ്രിൽ മാസത്തിൽ മേടം രാശിയിലേക്ക് പകരുന്നു. അത് ഏഴാമെടമായി വരുന്ന തുലാക്കൂറുകാർക്ക് വിവാഹയോഗം കാണുന്നുണ്ട്. ഏപ്രിൽ വരെ കന്നിക്കൂറിലെ മനുഷ്യർക്കും വിവാഹസാധ്യതയുണ്ട്. ഏപ്രിൽ മുതൽ വ്യാഴം പതിനൊന്നിൽ വരുന്ന മിഥുനം, വ്യാഴം ഒമ്പതിൽ വരുന്ന ചിങ്ങം, വ്യാഴം അഞ്ചിൽ സഞ്ചരിക്കുന്ന ധനു, വ്യാഴം രണ്ടിൽ സഞ്ചരിക്കുന്ന മീനം എന്നീ കൂറുകളിൽ ജനിച്ചവർക്കും 2023 ഏപ്രിൽ മുതൽ 2024 ഏപ്രിൽ വരെ വിവാഹകാലമാണ്.
മിഥുനക്കൂറുകാർക്ക് എല്ലാ നിലയ്ക്കും മികച്ച ഒരു വർഷമാണ് കടന്നുവരുന്നത്. വ്യക്തി, കുടുംബം, പ്രസ്ഥാനം എന്നിവ മൂന്നും ഒരുപോലെ പുരോഗതിയിലേക്ക് നീങ്ങും. വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഉയരാൻ കഴിയും; സർക്കാർ സഹായ ധനം ലഭിക്കാം. പ്ലേസ്മെന്റും ഒരു സാധ്യതയാണ്. ഉദ്യോഗാർത്ഥികൾക്ക് നിശ്ചയമായും പുതിയ കർമ്മരംഗത്തിൽ പ്രവേശിക്കാൻ കഴിയും. വരവ് പല നിലയ്ക്ക് വന്നുചേരും. അഷ്ടമശനി നീങ്ങുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ അധികം വലയ്ക്കില്ല. നവസംരംഭങ്ങൾക്ക് ഉചിതമായ കാലമാണിത്. യാത്രകൾ പ്രയോജനപ്പെടും. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. ഗുരുജനങ്ങളുടെയും അച്ഛനമ്മമാരുടേയും ആരോഗ്യ കാര്യത്തിൽ കൂടുതൽ കരുതലെടുക്കണം.
കന്നിക്കൂറുകാർക്ക് ശനി അഞ്ചിൽ നിന്നും ആറാമെടത്തേക്ക് മാറുന്നത് തൊഴിൽ വളർച്ച, കടത്തിൽ നിന്നും ആശ്വാസം, സന്താനങ്ങളുടെ ശ്രേയസ്സ്, രോഗമുക്തി എന്നിവയ്ക്ക് കാരണമാകും. ഏപ്രിലിൽ വ്യാഴം അഷ്ടമത്തിലേക്ക് നീങ്ങുന്നതിനാൽ സജ്ജന വിരോധം, ധനപരമായ ഞെരുക്കം, ഭാഗ്യക്കുറവ് എന്നിവയെ നേരിടേണ്ടിവരാം. പ്രണയ വിജയം, അവിവാഹിതർക്ക് വിവാഹസിദ്ധി, വിദേശത്ത് തൊഴിൽ നേട്ടം, പഠന മികവ് എന്നിവ ചില നേട്ടങ്ങളാണ്. സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ആദായം വർദ്ധിക്കുന്നതായിരിക്കും. മെയ് മുതൽ ഒക്ടോബർ വരെ കൂടുതൽ കരുതൽ വേണം. നാക്കുപിഴയ്ക്കും വാക്കു പിഴയ്ക്കും രണ്ടിലെ കേതു കാരണമാകുമെന്നതിനാൽ സംഭാഷണത്തിൽ ജാഗരൂകത പുലർത്തണം. കിടപ്പ് രോഗികൾക്ക് സമാശ്വാസം ഭവിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് ചിലപ്പോൾ അണികളുടെ പിന്തുണ വേണ്ടത്ര ലഭിച്ചെന്ന് വരില്ല. ഗൃഹനിർമ്മാണത്തിന് ഇത് ഉചിതമായ കാലമാണ്. പുതുവാഹനം വാങ്ങാൻ അവസരം ഉണ്ടാകുന്നതാണ്.
ഈ നക്ഷത്രക്കാരെ ഈ വർഷം കാത്തിരിക്കുന്ന സൗഭാഗ്യങ്ങളിൽ വീടും വാഹനവും
പൊതുവിൽ മനുഷ്യരെല്ലാം തന്നെ സ്വന്തമായി കയറിക്കിടക്കാൻ സ്വന്തമായി ഒരിടം എന്നത് ആഗ്രഹിക്കുന്നവരാണല്ലോ. സ്വന്തമായി വീട് വെക്കുക അല്ലെങ്കിൽ വാങ്ങുക എന്നത് പലരുടെയും ആഗ്രഹപട്ടികയിൽ ഉൾപ്പെടുന്ന ഒന്നാണ്. പലകാരണങ്ങളാൽ മാറ്റിവെക്കുന്നതും എന്നാൽ, ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നുമാണ് സ്വന്തമായി ഒരു വാസസ്ഥലം എന്നത്. ഓരോ പുതുവർഷത്തിലും പലരും എടുക്കുന്ന തീരുമാനങ്ങളിലൊന്നാകും ഈ വർഷം ഒരു വീടോ ഫ്ലാറ്റോ അങ്ങനെ ഒരിടം സ്വന്തമാക്കുക എന്നത്. പലകാരണങ്ങളാൽ നീണ്ടുപോകുന്നതാണ് പലരുടെയും അവസ്ഥ.
വീട് പോലെ തന്നെ ആളുകളുടെ ആഗ്രഹത്തിൽ ഉൾപ്പെടുന്ന ഒന്നാണ് സ്വന്തമായി ഒരു വാഹനം എന്നത്. ഇപ്പോൾ പ്രത്യേകിച്ച് കോവിഡിന് ശേഷം സ്വന്തമായി വാഹനം എന്നത് വളരെ ആവശ്യവും അത്യാവശ്യമായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ സ്വന്തമായി വാഹനം എന്നത് ഇന്ന് ഏതൊരു മലയാളിയുടെയും അവശ്യപട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
ഈ വർഷം അതായത് 2O23 ൽ വീട് വാങ്ങാനോ പണി കഴിപ്പിക്കാനോ കഴിയുന്നവരുണ്ടോ വാഹനം വാങ്ങാൻ സാധിക്കുമോ എന്ന് ജ്യോതിഷ വിധി പ്രകാരം പരിശോധിച്ചാൽ 12 നാളുകാർക്ക് സ്വന്തമായി ഗൃഹം എന്ന ആഗ്രഹം സഫലീകരിക്കാനുള്ള സാധ്യതയുണ്ട്. രണ്ട് കൂറിൽ വരുന്ന നക്ഷത്രക്കാർക്ക് വാഹനയോഗത്തിനുള്ള സാധ്യതയും ജ്യോതിഷപരമായി പ്രവചിക്കാൻ സാധിക്കും. സ്വന്തമായി വീട് വാങ്ങുകയോ വെക്കുകയോ അല്ലെങ്കിൽ കുടുംബസ്വത്തിലെ ഓഹരി കിട്ടുകയോ ചെയ്ത് വീട് ലഭിക്കാനുള്ള സാധ്യതയുള്ളവരും ഇതിൽ ഉൾപ്പെടുന്നു.
അശ്വതി, ഭരണി, രോഹിണി, പുണർതം, ഉത്രം, ചിത്തിര, ചോതി, തൃക്കേട്ട , മൂലം, പൂരാടം, അവിട്ടം, ഉത്രട്ടാതി നാളുകാർക്ക് ഇതിനുള്ള സന്ദർഭമുണ്ടാകും. ചിലർക്ക് കുടുംബ വീട് സ്വന്തം പേരിൽ അവകാശം കിട്ടും. ശനി നാലിൽ നിൽക്കുന്ന വൃശ്ചികക്കൂറുകാർക്ക് ഇതിന് സന്ദർഭം ഉണ്ടാവാം. അവരുടെ നാലാം ഭാവാധിപൻ ശനി, നാലാം ഭാവത്തിൽ, മൂലത്രികോണ സ്ഥാനത്തായി സ്ഥിതി ചെയ്യുകയാൽ ഈ നേട്ടം പ്രതീക്ഷിക്കാം. ധനുക്കൂറുകാർക്കും കർക്കടകക്കൂറുകാർക്കും വാഹന യോഗം ഈ വർഷം പ്രബലമാവും.
നാലാം ഭാവമായ കർക്കടകം രാശിയുടെ അധിപനായ വ്യാഴം ജന്മരാശിയിലേക്ക് വരുന്നതിനാൽ മേടക്കൂറുകാർ വസ്തു/ വീട്/ വാഹനം എന്നിവയ്ക്ക് ഏപ്രിൽ മാസത്തിനു ശേഷം മുന്നോട്ടിറങ്ങാൻ സാധ്യത ഏറെയാണ്.
2023ൽ ഈ നാളുകാരെ കാത്തിരിക്കുന്ന പുതിയ അവസരങ്ങളും സാധ്യതകളും ഇങ്ങനെ
കഴിഞ്ഞ വർഷങ്ങൾ കടന്നുപോയത് ഏറെ ആശങ്കകളും പ്രതിസന്ധികളും സൃഷ്ടിച്ചുകൊണ്ടാണ്. കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ കീഴ്മേൽ മറിച്ച നാളുകൾ. അത് ദൈനംദിന ജീവിതത്തെ മുഴുവൻ ബാധിച്ചു. വിദ്യാഭ്യാസം, തൊഴിൽ ഈ മേഖലകളിലൊക്കെ കനത്ത ആഘാതമാണ് 2022ൽ അതിൽ നിന്നും മോചനത്തിനായി ഓരോരുത്തരും പലവഴികൾ തേടി. തുറന്നതും തുറക്കാത്തതുമായ വാതിലുകൾ ഏറെയായിരുന്നു പുതുവർഷത്തിൽ നിങ്ങളുടെ ജോലി, വിദ്യാഭ്യാസം, വിദേശപഠനം, എന്നിവയുടെ സാധ്യതകൾ എന്തൊക്കെയാണ് എന്ന് ജ്യോതിഷത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യാവുന്നതാണ്.
നാല് കൂറിൽ വരുന്ന നക്ഷത്രക്കാരായ വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉന്നതവിജയനം നേടാനും ഉപരിപഠനം നടത്താനും സാധിക്കും. മാത്രമല്ല മത്സരപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ വിജയം നേടാനും മികച്ച തൊഴിൽ സാധ്യതകളും ഇവരെ കാത്തിരിക്കുന്നുണ്ട്. ഒമ്പത് നാളുകാർക്ക് മത്സരങ്ങളിലും തിരഞ്ഞെടുപ്പുകളിലും വിജയസാധ്യതയുണ്ട്. മൂന്ന് നാളുകാർ പൊതുപ്രവർത്തനത്തിൽ ശോഭിക്കും. ഈ നാളുകാരായ രാഷ്ട്രീയപ്രവർത്തകർക്കും ഈ വർഷം പൊതുവിൽ നല്ലകാലമായിരിക്കും.
ഈ വർഷം 16 നാളുകാരെ സംബന്ധിച്ച് പുതിയ സംരഭകസാധ്യതകളാണ് തുറന്നവരുന്നത്. പുതിയ സാഹചര്യത്തിൽ സ്റ്റാർട്ടപ്പുകളും മറ്റും ഏറെ പ്രാധാന്യം നേടുന്ന വ്യാവസായിക അന്തരീക്ഷത്തിൽ പുതിയ വർഷം ഈ നാളുകാർക്ക് ഗുണപരമായ സാധ്യതകൾ തുറക്കുന്നുണ്ട്. പതിനാറോളം ജന്മനക്ഷത്രത്തിൽപ്പെട്ടവർക്ക് വിദേശ പഠനം വിദേശ തൊഴിൽ സ്ഥലംമാറ്റം ജോലി മാറ്റം എന്നിങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യതകളാണ് ജ്യോതിഷ വിധി പ്രകാരം ദൃശ്യമാകുന്നത്.
2023 ൽ മത്സരം, പരീക്ഷ, തിരഞ്ഞെടുപ്പ് എന്നിവയിൽ മികച്ച വിജയം നേടുന്നവർ
മേടക്കൂറിലും മിഥുനക്കൂറിലും കന്നിക്കൂറിലും ധനുക്കൂറിലും ജനിച്ച വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാനും തന്മൂലം ഇഷ്ടവിഷയങ്ങളിൽ ഉപരിപഠനം നടത്താനും സാഹചര്യമുണ്ടാവും. ഈ കൂറുകളിൽ ജനിച്ചവർക്ക് എഴുത്ത് പരീക്ഷ, അഭിമുഖ പരീക്ഷ എന്നിവയിൽ വിജയിച്ച് ഉദ്യോഗത്തിൽ പ്രവേശിക്കാനും സാധിക്കും. കൂടാതെ രോഹിണി, മകയിരം, ആയില്യം, പൂരം, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, പൂരുട്ടാതി എന്നീ നാളുകാർക്കും മത്സരങ്ങളിലും തിരഞ്ഞെടുപ്പുകളിലും വിജയിക്കാനാവും. കാർത്തിക, ഉത്രം, ഉത്രാടം എന്നീ മൂന്ന് നാളുകാർക്ക് പൊതുപ്രവർത്തനത്തിൽ വിജയിക്കാനാവും.
2023 ൽ തൊഴിൽ തുടങ്ങാൻ സാഹചര്യം ഒരുങ്ങുന്നവർ
അശ്വതി, കാർത്തിക(മേടക്കൂറ്), തിരുവാതിര, പുണർതം, ഉത്രം, അത്തം, ചിത്തിര, ചോതി,, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, തിരുവോണം, ചതയം, രേവതി എന്നീ നാളുകാർക്ക് നവസംരംഭങ്ങൾ ആരംഭിക്കാൻ കാലം അനുകൂലമാണ്. എന്നാൽ സ്വന്തം ജാതകം കൂടി പരിശോധിച്ചു വേണം അവസാന തീരുമാനം കൈക്കൊള്ളാൻ. ഗ്രഹനില പ്രകാരം 6, 8, 12 എന്നീ ഭാവാധിപന്മാരുടെ ദശാപഹാരങ്ങളിലൂടെ കടന്ന് പോകുന്നവർ ചെറുതോ വലുതോ ആയ ബിസിനസ്സ് തുടങ്ങുന്നത് ആഭിലഷണീയമായിരിക്കില്ല.
2023 ൽ വിദേശ പഠനം, വിദേശ തൊഴിൽ എന്നിവയ്ക്ക് സാധ്യതയുള്ളവർ
മീനക്കൂറുകാർക്ക് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി എന്നീ നാളുകാർക്ക്) ശനി പന്ത്രണ്ടിൽ വരികയാൽ വീട്ടിൽ നിന്നും നാട്ടിൽ നിന്നും അകന്ന് ജീവിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. അത് പഠന യാത്ര, തൊഴിൽ തേടിയുള്ള യാത്ര, ഉദ്യോഗത്തിൽ സ്ഥലം മാറ്റം എന്നിങ്ങനെ സംഭവിക്കാനിടയുണ്ട്.
ജനുവരി പകുതി മുതൽ ഈ സാഹചര്യം രൂപപ്പെട്ടേക്കാം. അതുപോലെ മെയ് മുതൽ മേടക്കൂറുകാർക്കും (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം) ഈ സാഹചര്യം ഉരുത്തിരിഞ്ഞേക്കും. കൂടുതൽ ശക്തമായ സാധ്യത ഇടവക്കൂറുകാർക്കാണ്. അതായത് കാർത്തിക മുക്കാൽ, രോഹിണി, മകയിരം1,2 പാദങ്ങൾ എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്. പത്തിൽ ശനിയും പന്ത്രണ്ടിൽ വ്യാഴവും വരുന്നതിനാൽ വർഷത്തിന്റെ രണ്ടാം പകുതി മുതൽ പ്രവാസ സാധ്യത ശക്തമാകും. ആയില്യം, ചോതി, വിശാഖം, തൃക്കേട്ട, തിരുവോണം, ചതയം തുടങ്ങിയ നാളുകാരും ഈ സാധ്യതയുടെ പരിധിയിൽ വരും.
2023 ലെ ആരോഗ്യം, ഈ നക്ഷത്രക്കാർക്ക് ചികിത്സാ ചെലവേറും
ആരോഗ്യപരമായി ലോകമെമ്പാടും കഴിഞ്ഞ വർഷങ്ങളിൽ ഉടലെടുത്ത പ്രതിസന്ധികൾ തുടരുകയാണ് ഈ വർഷവും. കോവിഡ് മഹാമാരിയെ മറികടുന്നു എന്ന് കരുതിയ വർഷം കടന്നുപോകുമ്പോൾ ചൈനയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ ആശങ്ക പടർത്തുന്നുണ്ട്. ഇതെല്ലാം മാറ്റിവെച്ചാലും കേരളത്തെ സംബന്ധിച്ച കോവിഡ് മഹാമാരിക്ക് മുമ്പ് തന്നെ പലവിധ ആരോഗ്യ പ്രശ്നങ്ങൾ ബാധിച്ചിട്ടുണ്ട്.
ജീവിത ശൈലി രോഗങ്ങൾ ഒരുപക്ഷേ, മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ ആളുകളെ ബാധിച്ചിട്ടുള്ളത് കേരളത്തിലായിരിക്കും. അതിന് പുറമെ വിവിധ തരം പനികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, മലയാളി പൊതുവിൽ ആരോഗ്യ കാര്യങ്ങൾ കാര്യമായ ശ്രദ്ധ ചെലുത്തുന്നതിനാൽ തന്നെ ഓരോ വ്യക്തികളും ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ സൂക്ഷ്മമായും ശ്രദ്ധയോടെയും പരിഗണിക്കുന്നുണ്ട്. വർദ്ധിച്ച ആരോഗ്യ ദൈർഘ്യം, കുറഞ്ഞ മാതൃ-ശിശുമരണ നിരക്ക്, ആൺ- പെൺ അനുപാതത്തിലെ സ്ത്രീകളുടെ എണ്ണക്കൂടതുൽ എന്നിവയൊക്കെ കേരളത്തിലെ ആരോഗ്യ സൂചികയിലെ ഗുണഫലങ്ങൾ വിളിച്ചോതുന്നവയാണ്.
വ്യക്തിഗതമായ ആരോഗ്യപരിരക്ഷയിലും സാമൂഹികമായ ആരോഗ്യ പരിചരണകാര്യത്തിലും കേരളം മറ്റ് പല സംസ്ഥാനങ്ങളേക്കാളും മുൻപന്തിയിലാണ്. എന്നാലും മലയാളികളെ പിന്തുടുരന്ന ആരോഗ്യ പ്രശ്നങ്ങൾ കുറവല്ല. പുതുവർഷത്തിൽ എല്ലാവരും പലവിധ കാര്യങ്ങൾ തീരുമാനിക്കും. അതിൽ പ്രധാനമാണ് ആരോഗ്യ സംരക്ഷണം. അതുകൊണ്ട് തന്നെ ജ്യോതിഷ പ്രകാരം ആരോഗ്യ രംഗത്ത് എന്തായിരിക്കും പൊതു അവസ്ഥ എന്ന പരിശോധിക്കാം.
ഗ്രഹങ്ങളുടെ ശക്തിയും പ്രഭാവവും ജന്മനക്ഷത്രത്തിൽ എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തരെയും ബാധിക്കുന്നത്. അതുകൊണ്ട് ഓരോരുത്തർക്കും അതിൽ വ്യത്യസ്തമായ അനുഭവങ്ങളാകും ഉണ്ടാകുക. ഈ വർഷത്തിൽ പൊതുവിൽ ആരോഗ്യപരമായി കുടുതൽ ശ്രദ്ധ ചെലുത്തേണ്ട ചില നാളുകാറുണ്ട്. ആറ് നാളുകാരും കന്നിക്കൂറുകാരും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട കാലമാണ് പുതുവർഷം.
2023 ൽ ആരോഗ്യപരമായി കൂടുതൽ ശ്രദ്ധ വേണ്ടവർ
ജന്മ ശനി, അഷ്ടമശനി, അഷ്ടമ വ്യാഴം എന്നിവ നടക്കുന്നവരുടെ ആരോഗ്യനില ഊതി വീർപ്പിച്ച ബലൂൺ പോലെയാണ്. എപ്പോൾ വേണമെങ്കിലും തകരാറിലാവാം. അങ്ങനെ നോക്കുമ്പോൾ അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി നാളുകാർ ആരോഗ്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ജന്മശനിക്കാലം തുടങ്ങുകയാണല്ലോ. അതുപോലെ പുണർതം നാലാം പാദം, പൂയം, ആയില്യം എന്നീ നാളുകാരും അഷ്ടമശനി തുടങ്ങുകയാൽ ആരോഗ്യ ജാഗ്രത പുലർത്തണം. കന്നിക്കൂറുകാർക്ക് ആശുപത്രിച്ചെലവുകൾ വർദ്ധിക്കാം, മേയ് മാസം മുതൽ. 6, 8, 12 എന്നീ ഭാവാധിപന്മാരുടെ ദശാകാലമോ അപഹാരകാലമോ നടക്കുന്നവരും കൂടുതൽ ശ്രദ്ധിക്കണം.