/indian-express-malayalam/media/media_files/uploads/2023/10/Numerology-fi-1.jpg)
Numerology Explained: സംഖ്യാശാസ്ത്രപ്രകാരം ജന്മസംഖ്യകൾ എങ്ങനെയാണ് ഒരാളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്?
Numerology Explained: നാളെയുടെ ഉള്ളിലൊളിപ്പിച്ചു വെച്ചിട്ടുള്ള രഹസ്യമറിയാൻ മനുഷ്യൻ സംഖ്യാശാസ്ത്ര (Numerology) ത്തെയും വ്യാപകമായി ആശ്രയിക്കുന്നുണ്ട്. ഭാരതീയവും പാശ്ചാത്യവുമായ ചില അടിസ്ഥാന വസ്തുതകൾ കോർത്തിണക്കി അക്കങ്ങളുടെ ആത്മസ്വരൂപം കണ്ടെത്തുകയാണ് നമ്മുടെ പൂർവ്വികർ.
ജനിച്ച നക്ഷത്രത്തിനല്ല, ജനിച്ച തീയതിക്കാണ്, സംഖ്യാശാസ്ത്രത്തിൽ പ്രസക്തി. ജന്മസംഖ്യ, വിധിസംഖ്യ എന്നിങ്ങനെ രണ്ടു പിരിവുകളുണ്ട്, ജന്മതീയതിയുടെ സംഖ്യാശാസ്ത്രപരമായ പൊരുളുകളറിയാൻ. അവ എന്താണെന്ന് നോക്കാം.
ജന്മസംഖ്യ, ജനിച്ച തീയതി എന്നാണോ അതിനെ കേന്ദ്രീകരിച്ചുള്ളതാണ്. ജനിച്ചത് ഒന്ന് മുതൽ ഒമ്പതു വരെയുള്ള ഒറ്റസംഖ്യയിലാണെങ്കിൽ അതുതന്നെയാവും ജന്മസംഖ്യ. എന്നാൽ 10 മുതൽ ഉള്ള ഇരട്ടസംഖ്യയിലാണ് ജനനമെങ്കിൽ അവയെ പരസ്പരം യോജിപ്പിച്ച് ഒറ്റസംഖ്യയാക്കേണ്ടതുണ്ട്. ഉദാഹരണം ജനനം 10-ാം തീയതിയാണെങ്കിൽ
1+ 0 = 1 എന്നാവുമല്ലോ ഉത്തരം. അപ്പോൾ അയാളുടെ ജന്മസംഖ്യ 1 തന്നെയാണ്.
മറ്റൊരു ഉദാഹരണം. ജനനം 24 ന് എങ്കിൽ 2 + 4 = 6 എന്നാക്കണം. അപ്പോൾ ജന്മസംഖ്യ 6 ആവും.
മൂന്നാമതായി ഒരു ഉദാഹരണം കൂടി. ജനിച്ചത് 29-ാം തീയതിയാണെങ്കിൽ 2+9 = 11 എന്നു കിട്ടും. അതിനെ പിന്നെയും പിരിച്ച് ഏകസംഖ്യയാക്കണം. അപ്പോൾ 1+1= 2 ആണ് ജന്മസംഖ്യ എന്ന് ലഭിക്കുന്നതാണ്.
ഇനി വിധിസംഖ്യ എന്താണെന്ന് നോക്കാം. ജനിച്ച വർഷം, മാസം, തീയതി ഇവ കൂട്ടി ഏകസംഖ്യയാക്കുന്നതാണ് ഇതിലെ രീതി.
ഉദാഹരണം നോക്കാം. 2023 ഒക്ടോബർ മാസം 22 ന് ജനനം ആണെങ്കിൽ അയാളുടെ വിധിസംഖ്യ എന്താവും? ഒക്ടോബർ എന്നത് ഇംഗ്ലീഷ് കലണ്ടറിലെ 10-ാം മാസമാകയാൽ 10 എന്ന സംഖ്യയായി അതിനെ പരിഗണിക്കണം.
ഇനി നോക്കുക. 2+0+2+3 ( വർഷം 2023)= 7+1+0 (ഒക്ടോബറിന്റെ സംഖ്യ 1+0 =1 ആണ്)= 1 + ജനനം 22 ന് ആയാൽ 2+2=4 എന്നിങ്ങനെ അവയെ കൂട്ടണം. ഇനി ഏകസംഖ്യയിൽ കൂട്ടണം. 2023ന്റേത് 7എന്നും ഒക്ടോബറിന്റേത് 1 എന്നും 22ന്റേത് 4 എന്നും കിട്ടി. 7+1+4=12 എന്നതിനെ പിന്നെയും പിരിച്ച് കൂട്ടി ഏകസംഖ്യയാക്കണം. അപ്പോൾ 1+2= 3 എന്ന് കിട്ടും. അപ്പോൾ 2023 ഒക്ടോബർ 22ന് ജനിച്ചവരുടെ വിധിസംഖ്യ 3 എന്ന് വ്യക്തമായി.
വിധിസംഖ്യയുടെ മറ്റൊരു ഉദാഹരണം കൂടി. 1970 ഫെബ്രുവരി 15ന് ആണ് ജനനമെങ്കിൽ ആ വ്യക്തിയുടെ വിധിസംഖ്യ എന്താവും? 1+9+7+0=17, 1+7=8+2 (ഫെബ്രുവരി രണ്ടാം മാസമാകയാൽ മൂല്യം കണക്കാക്കേണ്ടത് 2), + 6 (ജനനം 15 ന് ആകയാൽ 1+5=6) അപ്പോൾ അയാളുടെ വിധിസംഖ്യ 8+2+6=16, പിന്നെ 16നെ ഏകസംഖ്യയാക്കിയാൽ 1+6 = 7 എന്നുകിട്ടും. അയാളുടെ വിധിസംഖ്യ 7 ആണ് എന്ന് വ്യക്തമായി.
ജന്മസംഖ്യയെ മാത്രം മുൻനിർത്തിയും വിധിസംഖ്യയെ മാത്രം മുൻനിർത്തിയും ഭാവിഫലം നോക്കാറുണ്ട്. പൊതുവേ വ്യക്തിയുടെ സമഗ്രജീവിതഫലം വിധിസംഖ്യയിലൂടെയും താൽകാലികമായ ഫലം ജന്മസംഖ്യയിലൂടെയും പരിഗണിക്കുന്ന രീതിയും നിലവിലുണ്ട്. ജനിച്ച തീയതിയെ കേന്ദ്രീകരിച്ചുള്ള ഫലങ്ങൾക്കാണ് കൂടുതൽ പ്രചാരം. ഇതുപോലെ അവരവരുടെ പേരിലെ അക്ഷരങ്ങളെ സംഖ്യകളാക്കിക്കൊണ്ടുള്ള രീതിയും (പരൽപേര്) സംഖ്യാശാസ്ത്രത്തിന്റെ ഭാഗമാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളെ മുൻനിർത്തി സംഖ്യ കണക്കാക്കുന്ന/കണ്ടെത്തുന്ന രീതി താഴെ വിവരിക്കുന്നു.
/indian-express-malayalam/media/media_files/uploads/2023/10/Numerology-Table-01-1.jpg)
മലയാള അക്ഷരമാലയെ ഇപ്രകാരം പരൽപേരാക്കുന്ന അഥവാ സംഖ്യയിലേക്ക് മാറ്റുന്ന രീതി കൂടി സാമാന്യമായി അറിയാം.
/indian-express-malayalam/media/media_files/uploads/2023/10/Numerology-Table-2.jpg)
ഇംഗ്ലീഷിൽ/മലയാളത്തിൽ വ്യക്തിനാമങ്ങളെ അവയ്ക്ക് തുല്യമായ സംഖ്യകളാക്കി, കൂട്ടി, ഏകസംഖ്യയാക്കുകയാണ് പതിവ്.
വിധി- ജന്മ സംഖ്യ 1 ആയാൽ
ജ്യോതിഷത്തിൽ 1 ആദിത്യനെ സൂചിപ്പിക്കുന്നു. അധികാരവും പദവിയും ലഭിക്കും. സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ഒരു വലിയ സാധ്യതയാണ്. പൊതുപ്രവർത്തനവും രാഷ്ട്രീയവും ഇഷ്ടപ്പെടും. പൗരുഷം മുന്നിട്ടു നിൽക്കും. വാക്കുകളിൽ ആജ്ഞാഭാവം ഏറും. പിതാവുമായി കൂടുതൽ അടപ്പം ഉണ്ടാവും. പുരോഗമന ചിന്ത, വെളിച്ചത്തിനോട് ഇഷ്ടം, കിഴക്ക് വാതിൽ ഉള്ള വീട്ടിൽ താമസം, ശിവഭക്തി ഇവയും ഒന്ന് ജന്മ- വിധി സംഖ്യയായവരുടെ സവിശേഷതകൾ. അടുക്കും ചിട്ടയുമുള്ള ജീവിതക്രമം എന്നിവയും ഇവരിൽ കാണാം.
വിധി - ജന്മസംഖ്യ 2 ആയാൽ
ചന്ദ്രനെ കുറിക്കുന്ന സംഖ്യയാണ് രണ്ട്. ഇവരുടെ ജീവിതത്തിൽ മനസ്സിനും മനസ്സാക്ഷിക്കും വലിയ പങ്കുണ്ടാവും. മാതാവിനോടാവും ഇഷ്ടക്കൂടുതൽ. പൊതുവേ ദേവീഭക്തിയും പ്രകടമാവും. ദ്രവഭക്ഷണം - സൂപ്പ്, കഞ്ഞി, ജ്യൂസ് - ഇവയോട് പ്രിയമേറും. ഇവരുണ്ടാക്കുന്ന ഭക്ഷണത്തിൽ ഉപ്പുസ്വാദ് ഒരു നുള്ള് കൂടുതലായിരിക്കും. ഭോഗാസക്തരാവും. പലതരം കൃഷിയോട് മമത കാട്ടും. വെളുപ്പ് നിറത്തോടും രാത്രിയോടും മഴക്കാലത്തോടും ആഭിമുഖ്യമുണ്ടാവും. വേഗസഞ്ചാരികളാവും. ദൗത്യം, യാത്ര എന്നിവ ആദ്യം പൂർത്തീകരിക്കും. പ്രധാന പരിമിതി ചന്ദ്രനെപ്പോലെ വളർച്ചയും തളർച്ചയും ആവർത്തിച്ചു കൊണ്ടിരിക്കും എന്നതാണ്. അതിനാൽ സ്ഥിരസമ്പന്നർ എന്ന് പറയാനാവില്ല; ഒപ്പം സ്ഥിരദരിദ്രരെന്നും.
വിധി - ജന്മ സംഖ്യ 3 ആയാൽ
വ്യാഴം അഥവാ ഗുരു ആണ് സംഖ്യ 3 നെ നയിക്കുകയും നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നത്. പൊതുവേ സാത്വിക ചിത്തരാവും. ആത്മീയതയ്ക്ക് മുൻതൂക്കം നൽകുന്ന രീതിയാവും. സുഹൃത്തുക്കൾ ബഹുമാന്യരും സജ്ജനങ്ങളുമൊക്കെയാവും. സമൂഹത്തിന്റെ ആദരം ലഭിക്കുന്ന തൊഴിലുകൾ ചെയ്യും. പാരമ്പര്യത്തെ തള്ളിക്കളയില്ല. എന്നാൽ പുരോഗതിയെ പൂർണമായും ഒഴിവാക്കുകയും ഇല്ല. സാമ്പത്തിക സ്ഥിതി, നല്ല കുടുംബ ബന്ധം, സന്താനങ്ങളാൽ അഭിവൃദ്ധി ഇവ പ്രതീക്ഷിക്കാം. വ്യാഴാഴ്ചയും മഞ്ഞനിറവും ഭാഗ്യപ്രദമാണ്.
വിധി - ജന്മ സംഖ്യ 4 ആയാൽ
രാഹുവിനാണ് സംഖ്യ 4 ന്റെ അധികാരവും അവകാശവും. ഈ സംഖ്യയിൽ ജനിക്കുന്നവർ അലസരാവും. ആധികളും വ്യാധികളും വലയ്ക്കാം. മനക്ലേശം ഒഴിഞ്ഞ ദിവസം കുറവായിരിക്കും. വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ വരാം. തൊഴിൽ സ്ഥിരമായിരിക്കില്ല. പൊതുവേ അസ്ഥിരത്വം ജീവിതത്തിനുമേൽ നിഴൽ വിരിക്കാം. ബന്ധങ്ങളുടെ ഊഷ്മളത നിലനിർത്തുന്നതിൽ ആത്മാർത്ഥത കുറയും. ചിലപ്പോൾ, ചിലർക്ക് ഭൗതികമായ നേട്ടവും സാമ്പത്തികമായ ഉന്നമനവും ഉണ്ടാവും. അവ സ്ഥായിയാവണം എന്നില്ല. 'രാഹു മനുഷ്യർ' ജീവിതത്തിൽ ധാരാളം രഹസ്യങ്ങൾ സൂക്ഷിക്കുന്നവരാവും.
വിധി - ജന്മ സംഖ്യ 5 ആയാൽ
ഗ്രഹങ്ങളുടെ കൂട്ടത്തിൽ സൗമ്യൻ, ജ്ഞാനി, വിവേകി എന്നെല്ലാം വിശേഷിപ്പിക്കുക ബുധനെയാണ്. സംഖ്യ 5 വിധി - ജന്മസംഖ്യയായവർ ബുധന്റെ ജ്ഞാനാന്വേഷണവും പാണ്ഡിത്യവും ഉള്ളവരാവും. വാക്കിലും വചനത്തിലും വിജ്ഞാനം തുളുമ്പും. വലിയ പുസ്തകപ്പുഴുക്കളാവും. മിടുക്കന്മാരും മിടുക്കികളും ആയി ചെറുപ്പത്തിലെ സമൂഹം അടയാളപ്പെടുത്തും. പഠനത്തിലും കല, ഹാസ്യം, കായികം എന്നിവയിലും സ്വന്തം മുദ്ര പതിപ്പിക്കും. അധ്യാപനം, മാധ്യമരംഗം, നീതിന്യായം, എഴുത്ത്, ജ്യോതിഷം, ഗണിതം എന്നിവയുമായി ബന്ധപ്പെട്ട ജോലികളിൽ ശോഭിക്കും. പച്ചനിറം, ബുധനാഴ്ച എന്നാവ ഇവർക്ക് ഏറ്റവും അനുകൂലങ്ങൾ.
വിധി - ജന്മ സംഖ്യ 6 ആയാൽ
നവഗ്രഹങ്ങളിൽ ശുക്രനാണ് 6 എന്ന അക്കത്തിന്റെ അധിപൻ. ഈ സംഖ്യയിൽ ജനിക്കുന്നവർ ജീവിതത്തെ സ്നേഹിക്കുന്നവരും ജീവിതത്തെ ആസ്വദിക്കുന്നവരും ആയിരിക്കും. കലകളോട് അവർക്ക് ജന്മവാസന ഉണ്ടാവും. സാഹചര്യം ലഭിച്ചാൽ കലകൾ അഭ്യസിക്കുവാനും പ്രശസ്തരായ കലാകാരന്മാരും കലാകാരികളും ആവാനും സാധിക്കും. ധാരാളം സുഹൃത്തുക്കളുണ്ടാവുകയും അവരുമായി ഹൃദയബന്ധം പുലർത്തുകയും ചെയ്യും. വിദേശത്ത് പോയി ജീവിക്കാനും ആഢംബര വസ്തുക്കൾ അനുഭവിക്കാനും അവസരം ലഭിക്കാം. ഉള്ളിൽ എന്നും പ്രണയത്തിന്റെ തരള വസന്തം പൂത്തുലഞ്ഞു കൊണ്ടിരിക്കും. മുൻപിൻ ആലോചിക്കാതെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും ഇവരുണ്ട്. വെള്ളിയാഴ്ച ഇവർക്ക് അനുകൂല ദിവസമാണ്.
വിധി - ജന്മസംഖ്യ 7 ആയാൽ
കേതു അഥവാ ശിഖി എന്നറിയപ്പെടുന്ന ഗ്രഹം സംഖ്യ 7നെ നിയന്ത്രിക്കുന്നു. കേതു, ഗൃഢത്വവും രഹസ്യാത്മകത്വവും നിറഞ്ഞ ഗ്രഹമാണ്. ഈ സംഖ്യയിൽ ജനിക്കുന്നവർക്ക് മാജിക്, നിഗൂഢശാസ്ത്രങ്ങൾ, ശാക്തേയ തന്ത്രങ്ങൾ എന്നിവയിൽ അഭിരുചി ഉണ്ടാവും. ചൊവ്വയുടെ പ്രകൃതമാണ് കേതുവിന്. മുൻപിൻ നോക്കാത്ത പെരുമാറ്റവും പ്രവർത്തനവും ആയിരിക്കും. ബൗദ്ധികവും കായികവുമായ തൊഴിലുകളിൽ വിജയിക്കുന്നതാണ്. ഇവരുടെ മനസ്സ് ഒപ്പമുള്ളവർക്ക് പോലും വായിക്കാനാവില്ല. ചിലപ്പോൾ വലിയ ഭൗതികവാദികളാലും. ചിലപ്പോൾ കറകളഞ്ഞ ആത്മീയവാദികളും. മനസ്സ് പ്രക്ഷുബ്‌ധമായാലും പൊട്ടിത്തെറിക്കണമെന്നില്ല. ചിലപ്പോൾ മൊട്ടുസൂചി കളഞ്ഞ് പോയതിന് വീട്ടിലുള്ളവരെ മുഴുവൻ മുൾമുനയിൽ നിർത്തുകയും ചെയ്യും.
വിധി - ജന്മ സംഖ്യ 8 ആയാൽ
ശനിയുടെ അധികാരമാണ് 8 എന്ന സംഖ്യയെ മറ്റുള്ളവരുടെ സവിശേഷ ശ്രദ്ധയിലെത്തിക്കുന്ന കാര്യം. മെല്ലെപ്പോക്കുകാരാവുമെങ്കിലും , പിന്തിരിയില്ല. സ്ഥിരചിത്തന്മാരായിരിക്കും. വലിയ മടിയന്മാരും മടിച്ചികളുമാണെന്ന് ഇവരെ പലരും അപഹസിച്ചേക്കാം. എന്നാൽ അതുമുഴുവൻ ശരിയല്ല. കൂലിവേലയും കൂലിത്തല്ലും തൊട്ട് കോർപ്പറേറ്റ് കാരായ്മയും രാജ്യഭരണവും വരെയുള്ള എന്തിനും പോന്ന അകക്കാതലുള്ളവരാണ് അഷ്ടമന്മാർ. വൈകാരികശൈത്യം ഉള്ളവരായേക്കും. മനസ്സ് ഉണർന്നാൽ, തീരുമാനങ്ങൾ കൈക്കൊണ്ടാൽ പിന്നെ ഇളക്കമില്ല. ആസ്തികതയും നാസ്തികതയും ഒരു നാണയത്തിന്റെ ഇരുവശം പോലെ ഇവരിൽ കാണാം. ശരീരഭംഗിയല്ല, ആത്മാവിന്റെ കരുത്താണ് ഇവരുടെ വ്യക്തിത്വ ലക്ഷണം. വമ്പൻ കാര്യങ്ങൾ കുലുക്കമില്ലാതെ ഏറ്റെടുക്കുകയും ഭംഗിയായി നിർവഹണ സന്ധിയിൽ എത്തിക്കുകയും ചെയ്യും. 'ഞാനെന്ന ഭാവം' തൊട്ടുതീണ്ടാത്തവരുമാവും.
വിധി - ജന്മസംഖ്യ 9 ആയാൽ
ഒറ്റയക്കത്തിലെ ഏറ്റവും വലിയ സംഖ്യയായ 9 നെ ഭരിക്കുന്നത് ചൊവ്വ അഥവാ കുജൻ ആണ്. ഗ്രഹകുലത്തിന്റെ വലിയ പടത്തലവനാണ് ചൊവ്വ. അഗ്നിതത്ത്വഗ്രഹമാണ്. അതിനാൽ പ്രവർത്തന വേഗവും വൈകാരികമായ ജ്വലനദീപ്തിയും 9 ൽ ജനിക്കുന്നവരിൽ കാണാനാവും. തിടുക്കം കൂടുതലാണ്. എന്നാലോ, ക്ഷമ തീരെ കുറഞ്ഞ കൂട്ടരും. "ചൂടു കൂടുതൽ; വെളിച്ചം കുറവും" എന്ന ആക്ഷേപം ഇവരെക്കുറിച്ചുണ്ടാവും. "അഹങ്കാരത്തിന് കൈയ്യും കാലും വെച്ചവരാണ് " എന്ന് ഒമ്പത് ജന്മ/വിധിസംഖ്യയായിട്ടുള്ളവരെ പലരും വിശേഷിപ്പിക്കാറുമുണ്ട്. അഹങ്കാരികൾ എന്നതിനെക്കാൾ ആത്മവിശ്വാസം കൂടിയവരാണ് എന്നതാവും ശരി. രാജവഴിയും കുറുക്കുവഴിയും ഒരുപോലെ പരിചിതമാണ്. അധികാരത്തോട് തൃഷ്ണ തന്നെയുണ്ട്. എത്ര പിന്നണിയിൽ നിന്നാലും കൊണ്ടും കൊടുത്തും മുന്നണിയിലെത്താൻ ജന്മവാസനയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.