വരുകയായി വൈശാഖം. എന്താണ് വൈശാഖം. പൊതുവിൽ മലയാളികൾക്ക് സിനിമാ പാട്ടിൽ മാത്രം കേട്ട് പരിചയമുള്ളതാണ് വൈശാഖ മാസം എന്ന വാക്ക്. എന്നാൽ, അതിലെ വിശേഷാൽ ദിവസങ്ങൾ പറഞ്ഞാൽ മലയാളിക്ക് അതത് മലയാള മാസങ്ങളും വിശേഷ ദിവസങ്ങളും ഓർമ്മ വരും. അതിനേക്കാളൊക്കെ ഇപ്പോൾ മലയാളിയുടെ മനസ്സിൽ തത്തിക്കളിക്കുന്ന, ഒരുപക്ഷേ, നിരവധിപേർ കാത്തിരിക്കുന്ന മറ്റൊരു ദിനമുണ്ട് – അക്ഷയ തൃതീയ. വൈശാഖമാസത്തെ കുറിച്ചും അക്ഷയ തൃതീതയെ കുറിച്ചും അക്ഷയതൃതീയക്കു ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കുകയാണിവിടെ.
മേടം, ഇടവം മിഥുനം എന്നിങ്ങനെ മലയാളമാസങ്ങളുടെ പേരുകൾ കേട്ടുപരിചയിച്ചവർക്ക് എന്താണ് വൈശാഖം? അഥവാ വൈശാഖമാസം? എന്നത് ചെറിയ ഒരു പരിചയപ്പെടുത്തൽ വേണ്ട വിഷയമായിരിക്കും. അക്കാര്യത്തിന്റെ വിശദീകരണമാണാദ്യം.
ചന്ദ്രന്റെ കറുത്ത- വെളുത്ത പക്ഷങ്ങളിലൂടെയുള്ള സഞ്ചാരത്തെ ആധാരമാക്കിയുള്ള പന്ത്രണ്ടുമാസങ്ങൾ ഭാരതീയർ പണ്ടുമുതൽക്കേ ആചരിച്ചിരുന്നു. കറുത്തവാവ് തീരുന്നതിന്റെ പിറ്റേന്നുമുതൽ പ്രഥമ, ദ്വിതീയ, തൃതീയ എന്നുതുടങ്ങുന്നു. ഇത് ordinal ആയ തീയതികൾ തന്നെയാണ്. അതാണ് ഒന്നാമത്തെ തീയതി, രണ്ടാമത്തെ തീയതി, മൂന്നാമത്തെ തീയതി എന്ന ക്രമം. മാസമധ്യത്തിൽ, പതിനഞ്ചാം നാൾ പൗർണമി വരുന്നു. പിന്നെയും പ്രഥമ, ദ്വിതീയ എന്നിങ്ങനെ തുടരും. ക്രമേണവരുന്ന അടുത്ത കറുത്തവാവിന്റെ അന്നുവരെ ഇതുതുടരും. അവയെയാണ് ‘ചാന്ദ്രമാസങ്ങൾ’ (lunar months) എന്നുവിളിക്കുന്നത്.
മേടം, ഇടവം, മിഥുനം തുടങ്ങിയവ സൂര്യസഞ്ചാരത്തെ ആസ്പദമാക്കിയുള്ള മാസങ്ങളാണ്. അതിനാൽ അവയെ ‘സൗര’ (solar months) മാസങ്ങൾ എന്നു പറയുന്നു. അങ്ങനെ solar, lunar ആയ മാസങ്ങൾ വ്യക്തമായി.
ചാന്ദ്രമാസം തുടങ്ങി മധ്യത്തിൽ വരുന്ന നക്ഷത്രത്തിന്റെ പേര് ആ മാസത്തിന്റെ പേരായി സ്വീകരിക്കുന്നു. അതായത് ഒത്തനടുവിൽ പൗർണമി വരുന്ന നക്ഷത്രം ഏതോ, അത്. ചിത്തിരയ്ക്ക് സംസ്കൃതത്തിൽ ‘ചിത്രാ’ എന്നുപറയും. അന്ന് വെളുത്തവാവ് വരികയാൽ ആ മാസം ചൈത്രമായി. വിശാഖത്തെ വിശാഖം എന്നുപറയുന്നു. വിശാഖയിൽ പൗർണമി വരികയാൽ ആ മാസം വൈശാഖമായി. അശ്വതിയെ ‘അശ്വനി’ എന്നു പറയും. അതിൽ വെളുത്തവാവ് വരുമ്പോൾ ആ മാസം ‘ആശ്വിനം’ ആയി അറിയപ്പെടുന്നു.
മീനമാസത്തിലെ കറുത്തവാവിൽ ഒരു ചാന്ദ്രവർഷം അവസാനിക്കും. തൊട്ടുപിറ്റേന്നുമുതൽ , (വെളുത്ത പക്ഷ പ്രഥമ മുതൽ) പുതിയ ചാന്ദ്രവർഷം പിറക്കുന്നു. അവയിലുമുണ്ട് പന്ത്രണ്ടു മാസങ്ങൾ. പേരുകൾ ഇങ്ങനെ:
- ചൈത്രം
- വൈശാഖം
- ജ്യേഷ്ഠം
- ആഷാഢം
- ശ്രാവണം
- ഭാദ്രപദം
- ആശ്വിനം
- കാർത്തികം
- മാർഗശീർഷം /ആഗ്രഹായണം
- പൗഷം
- മാഘം
- ഫാൽഗുനി
ഇതിൽ നിന്നുമറിയാം , വൈശാഖം ചാന്ദ്രമാസങ്ങളിൽ രണ്ടാമത്തേതാണ് എന്ന്. ഇക്കൊല്ലം വൈശാഖം തുടങ്ങുന്നത് മേയ് ഒന്നിന്, ഞായറാഴ്ചയാണ്. മേയ് 30 ന്, തിങ്കളാഴ്ച വൈശാഖമാസം അവസാനിക്കും. പിന്നെ തുടങ്ങുന്നത് ജ്യേഷ്ഠമാസം.
വൈശാഖത്തിൽ ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തുടർച്ചയായി കടന്നുവരുന്നു. പഴയകാലത്ത് ‘വൈശാഖം ആചരിക്കാത്തവർ’ ഉണ്ടായിരുന്നില്ല, നമ്മുടെ നാട്ടിൽ. രണ്ടുനേരം കുളി, ഭസ്മ-ചന്ദന ധാരണം, ക്ഷേത്രാടനം, ഭാഗവതം പോലുള്ള പുണ്യഗ്രന്ഥങ്ങളുടെ പാരായണം, ഉപ്പും എരിവും പുളിയും അധികം ചേർക്കാത്ത മിതഭക്ഷണശീലം, നാമമന്ത്രോച്ചാരണം, ജപഹോമപൂജാദികൾ, ദാനധർമ്മങ്ങൾ എന്നിങ്ങനെ വിശ്വാസിയുടെ ഭവനം ഭക്തിയുടെ പ്രത്യക്ഷസാക്ഷ്യമായി മാറുന്ന കാലമാണ് വൈശാഖം.
വൈശാഖത്തിൽ കേളികേട്ട ക്ഷേത്രോത്സവങ്ങൾ പലതുണ്ട്. മദ്ധ്യകേരളത്തിലെ രണ്ട് സുപ്രധാന ഉത്സവങ്ങൾ- തൃശ്ശൂർ പൂരവും, ഇരിങ്ങാലക്കുട ആറാട്ടും- വൈശാഖത്തിൽ വരുന്നു. ദക്ഷയാഗത്തെ അനുസ്മരിക്കുന്ന കൊട്ടിയൂർ ഉത്സവം വൈശാഖത്തിലാണ്. ഗുരുവായൂരിൽ തുടർ സപ്താഹങ്ങളാണ് നടക്കുക. ഭഗവൽഭക്തന്മാർ വണ്ടുകളെപ്പോലെ ഭക്തിയുടെ മധുതേടി അങ്ങോട്ടേക്കൊഴുകുകയായി.
വൈശാഖം കഴിയുന്നതോടെ കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ യവനിക വീഴുന്നു. തുലാപ്പത്തു മുതൽ ഇടവപ്പത്തു വരെയാണ് ഉത്തരകേരളത്തിലെ തെയ്യക്കാലം എന്നതും ഓർക്കണം. അപ്പോഴേക്കും ആകാശം കുലുക്കിക്കൊണ്ട്, ചാറ്റലും തൂവാനവുമായി, രോഹിണി ഞാറ്റുവേല ആരംഭിച്ചിരിക്കും. മഴയുടെ നൃത്തത്തിന് അതോടെ അരങ്ങുണരുകയായി. (ഇടവപ്പാതി അഥവാ തെക്കുപടിഞ്ഞാറൻ കാലവർഷം).
ആറുമാസത്തെ ഹിമപാതത്തിന്റെ കാലത്തെ നടയടപ്പ് അവസാനിച്ച് ഹിമാലയശ്യംഗങ്ങളിലെ ദിവ്യസന്നിധിയായ ബദരിനാഥ് ക്ഷേത്രത്തിൽ വീണ്ടും ആറുമാസത്തേക്കായി നടതുറക്കുന്നതും വൈശാഖത്തിലാണ്. (വൈശാഖം മുതൽ ദീപാവലി വരെ നടതുറന്നിരിക്കും).
ഭഗവാൻ മഹാവിഷ്ണുവിന്റെ ദിവ്യാവതാരങ്ങളിൽ ചിലതൊക്കെ നടന്നിട്ടുള്ളത് വൈശാഖത്തിലാണ്. ബലരാമാവതാരം തൃതീയയിലും നരസിംഹാവതാരം ചതുർദശിയിലും. പിന്നെ ബുദ്ധന്റെ പിറവിനാളായ ബുദ്ധപൂർണിമയും കടന്നുവരുന്നുണ്ടു. ആദിശങ്കരാചാര്യരുടെ ജന്മദിനം വൈശാഖ പഞ്ചമിയിലാണ്. ചട്ടമ്പിസ്വാമികളുടെയും ആത്മാനന്ദന്റെയും സമാധി, ശുഭാനന്ദഗുരുവിന്റെ ജയന്തി, സംഗീത ത്രിമൂർത്തികളിൽ ഒരാളായ ശ്യാമശാസ്ത്രികളുടെ ജനനം എന്നിവയുമുണ്ട്, വൈശാഖത്തിൽ. ഈവിധത്തിൽ നോക്കിയാൽ ഏറെ പ്രധാനപ്പെട്ടതാണ് ഈ മാസം എന്നുകാണാം.
Read More:
- ഈ മൂന്ന് നാളുകാരുടെ സ്വസ്ഥത നഷ്ടമാകുന്നത് എന്തുകൊണ്ട്?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- മനുഷ്യഗണ നക്ഷത്രങ്ങൾ
- അസുരഗണ നക്ഷത്രങ്ങൾ
- 2022 Yearly Horoscope Predictions: വർഷഫലം 2022
- മുന്നാളിനെ ഭയക്കണോ?
- നവഗ്രഹങ്ങളുടെ രാശി മാറുന്നു, മനുഷ്യരുടെ ഭാവിയും
വൈശാഖത്തിൽ ആചരിക്കേണ്ട കർമ്മങ്ങളെ മുഴുവൻ ചേർത്ത് ‘വൈശാഖ ധർമ്മം’ എന്നാണ് വിളിക്കുക. അവയിൽ മകുടം ചാർത്തുന്നത് വൈശാഖത്തിലെ ദാനധർമ്മങ്ങളാണ്. അതും വൈശാഖം മൂന്നാം തിഥിയായ അക്ഷയതൃതീയയിൽ (മേയ് 3 ന്, ചൊവ്വാഴ്ച) ചെയ്യുന്ന സൽപ്രവൃത്തികളും ദാനധർമ്മങ്ങളും ക്ഷയിക്കുന്നില്ല എന്നാണ് സങ്കല്പം. ഇഹജന്മത്തിൽ അതുവരെ ചെയ്തുകൂട്ടിയ പാപങ്ങളുടെ വേരറുക്കാൻ പര്യാപ്തമാണ് അക്ഷയതൃതീയയിലെ ഓരോ ദാനധർമ്മവും.
ക്ഷയമില്ലാത്തത്, അഥവാ നശിക്കാത്തത് എന്നാണ് അക്ഷയം എന്ന വാക്കിന്റെ പൊരുൾ. അക്ഷയമായ തൃതീയയിൽ പിതൃക്കളെ ഉദ്ദേശിച്ച് കുട, വടി, വിശറി, ചെരുപ്പ്, പുണ്യഗ്രന്ഥങ്ങൾ, വസ്ത്രം, അന്നപാനാദികൾ, ദക്ഷിണ എന്നിവയെല്ലാം ദാനം ചെയ്യണം എന്നാണ് ഗ്രന്ഥങ്ങളിലെ അനുശാസനം. ആയുഷ്ക്കാലത്തേക്കുള്ള വലിയ ഒരു പുണ്യസമ്പാദനമാണ് അതിലൂടെ നേടാനാവുക.
വാങ്ങിക്കൂട്ടുന്നതിന്റെയും സ്വന്തമാക്കുന്നതിന്റെയും പിറകേ പോകുന്നത് ‘വൈശാഖ ധർമ്മ’ത്തിന്റെ കടകവിരുദ്ധമായ കാര്യമാണ്. അക്ഷയ തൃതീയയിൽ ചെയ്യാവുന്ന ’22 കാരറ്റ് സ്വർണം’ എന്നത് ദാനധർമ്മാദികൾ തന്നെയാകുന്നു. എന്തെങ്കിലും ത്യജിക്കുമ്പോൾ, കൈനിറയെ കോരി മറ്റൊരാൾക്ക് കൊടുക്കുമ്പോൾ കിട്ടുന്ന സുഖം എന്തിനും മീതെയല്ലേ?.
Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022