scorecardresearch

Weekly Horoscope, November 05-11, 2023: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

2023 നവംബർ 5-ാം തീയതി ഞായർ മുതൽ 11-ാം തീയതി ശനി വരെയുള്ള (1199 തുലാം 19 മുതൽ 25 വരെയുള്ള) ഒരാഴ്ചക്കാലത്തെ നക്ഷത്രഫലം, ജ്യോതിഷ പണ്ഡിതന്‍ ശ്രീനിവാസ് അയ്യര്‍ എഴുതുന്നു

2023 നവംബർ 5-ാം തീയതി ഞായർ മുതൽ 11-ാം തീയതി ശനി വരെയുള്ള (1199 തുലാം 19 മുതൽ 25 വരെയുള്ള) ഒരാഴ്ചക്കാലത്തെ നക്ഷത്രഫലം, ജ്യോതിഷ പണ്ഡിതന്‍ ശ്രീനിവാസ് അയ്യര്‍ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Astrology | Horoscope | ജ്യോതിഷം

Weekly Horoscope, Astrological Predictions: അശ്വതി മുതൽ ആയില്യം വരെയുള്ളവർക്ക് ഈ ആഴ്ച എങ്ങനെ

Weekly Horoscope, November 05-November 11, 2023, Astrological Predictions: വാരഫലം, അശ്വതി മുതൽ ആയില്യം വരെ: സൂര്യൻ തന്റെ നീചക്ഷേത്രമായ തുലാം രാശിയിൽ ചോതി, വിശാഖം ഞാറ്റുവേലയിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷ അഷ്ടമി മുതൽ ത്രയോദശി വരെയുള്ള തിഥികളിലും പൂയം മുതൽ ചിത്തിര വരെയുള്ള നക്ഷത്രങ്ങളിലുമായി സഞ്ചരിക്കുകയാണ്. ചൊവ്വ തുലാം രാശിയിൽ തന്നെയാണ്. ചൊവ്വയുടെ മൗഢ്യം തുടരുന്നു. ബുധൻ നവംബർ 6 ന് വരെ തുലാം രാശിയിലും തുടർന്ന് വൃശ്ചിക രാശിയിലും സഞ്ചരിക്കുകയാണ്. ബുധനും മൗഢ്യമുണ്ട്. ശുക്രൻ കന്നിരാശിയിൽ നീചത്തിലാണ്. 

Advertisment

ശനി കുംഭത്തിൽ വക്രഗതിയിൽ തന്നെയാണ് വാരാദ്യം. എന്നാൽ നവംബർ 7-ാം തീയതി മുതൽ വക്രഗതി അവസാനിച്ച് ശനി നേർഗതിയിൽ സഞ്ചാരം ആരംഭിക്കും. അവിട്ടം നാലാം പാദത്തിലാണിപ്പോൾ ശനി. വ്യാഴം മേടം രാശിയിൽ വക്രഗതിയിലാണ്. ഭരണി ഒന്നാം പാദത്തിൽ സഞ്ചരിക്കുകയാണ് വ്യാഴം. രാഹു മീനം രാശിയിലും കേതു കന്നിരാശിയിലും കഴിഞ്ഞ ആഴ്ച മുതൽ സഞ്ചാരം തുടങ്ങിക്കഴിഞ്ഞു. 

നവംബർ 5 നും 6 ന് ഉച്ചവരെയും (ഞായർ, തിങ്കൾ), ധനുക്കൂറുകാരുടെ അഷ്ടമരാശിയാണ്. തുടർന്ന് 7 നും 8 ന് രാത്രി വരെയും  (ചൊവ്വ, ബുധൻ), മകരക്കൂറുകാരുടെ അഷ്ടമരാശിയിലാണ് ചന്ദ്ര സഞ്ചാരം. തുടർന്ന് 9 ഉം 10 ഉം തീയതികളിൽ (വ്യാഴം, വെള്ളി), കുംഭക്കൂറുകാർക്കാണ് അഷ്ടമരാശി വരുന്നത്. 11 ന് ശനിയാഴ്‌ച തൊട്ട് മീനക്കൂറുകാർക്ക് ചന്ദ്രാഷ്ടമം തുടങ്ങുന്നു. 

ഈ ഗ്രഹസ്ഥിതി അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള 9  നാളുകാരുടെ ഒരാഴ്ചത്തെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

Advertisment

Read Here

Weekly Horoscope, November 05-November 11, 2023, Astrological Predictions: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

അശ്വതി

ഞായർ, തിങ്കൾ ദിവസങ്ങളിൽ ഗാർഹികമായ സന്തോഷം ഉണ്ടാകും. സുഹൃൽ സമാഗമം പ്രതീക്ഷിക്കാം. വിരുന്നുകളോ ഒത്തുചേരലുകളോ ഉണ്ടാവും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആലോചനകളേറും. പ്രവർത്തന മികവ് പിൻവലിയുന്നതായി തോന്നും. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉണ്ടാവാം. പ്രസ്തുത ദിവസങ്ങളിൽ വ്യക്തിപരമായ പ്രധാന തീരുമാനങ്ങളോ ശുഭകാര്യാരംഭമോ ഒഴിവാക്കുക കാമ്യം. മറ്റു ദിവസങ്ങളിൽ ധനപരമായ നേട്ടങ്ങൾ, കാര്യവിജയം എന്നിവ ഉണ്ടാകുന്നതാണ്.

ഭരണി

നക്ഷത്രനാഥനായ ശുക്രന്റെ നീചരാശിസ്ഥിതി പ്രവർത്തനങ്ങളെ ഭാഗികമായി ബാധിച്ചേക്കാം. പുതുസംരംഭങ്ങൾ തുടങ്ങാൻ കാലം അനുകൂലമല്ല. വീടിന്റെയോ വാഹനത്തിന്റെയോ അറ്റകുറ്റപ്പണി നീളാം. പ്രണയികൾക്ക് ഇച്ഛാഭംഗമുണ്ടാവാൻ സാധ്യതയുണ്ട്. എന്നാലും ന്യായമായ കാര്യങ്ങൾ മിക്കതും നടന്നുകിട്ടും. സഹപ്രവർത്തകരുടെ പിന്തുണയോടെ കർമ്മമേഖലയെ സജീവമാക്കാൻ സാധിക്കുന്നതാണ്. വ്യാഴം മുതൽ കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. 
കുടുംബ സൗഖ്യം അനുഭവത്തിൽ വരും.

കാർത്തിക

ആഴ്ചയുടെ തുടക്കത്തിൽ  ആത്മവിശ്വാസവും കർമ്മഗുണവും വർദ്ധിക്കും. മുൻപ് അസാധ്യമെന്ന് തോന്നിയിരുന്ന കാര്യങ്ങൾ അനായാസേന നേടും. അഭ്യർത്ഥിക്കാതെ തന്നെ ചില പിന്തുണ വന്നെത്തുന്നതാണ്.  മറ്റു ദിവസങ്ങളിൽ അത്തരം നേട്ടങ്ങൾ ഉണ്ടാവണമെന്നില്ല. കുടുംബത്തിൽ നിന്നും  പിന്തുണ കുറയാം. യാത്രകൾ കൊണ്ട് പ്രതീക്ഷിച്ചത്ര ഗുണം കിട്ടാനിടയില്ല. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉണ്ടാവാം. കൈവായ്പ വാങ്ങേണ്ടി വന്നേക്കും. ആരോഗ്യകാര്യങ്ങളിൽ അലംഭാവമരുത്.

രോഹിണി

ആലോചിച്ചും പുനരാലോചിച്ചും സമയം കളഞ്ഞേക്കും. ലക്ഷ്യബോധമുണ്ടെങ്കിൽ തന്നെയും എങ്ങനെ പ്രവർത്തിക്കണമെന്നതിനെക്കുറിച്ച് വ്യക്തതയുണ്ടാവില്ല. രണ്ടും കല്പിച്ച് ചില പിന്തുണകൾ സ്വീകരിച്ചേക്കും. സഹപ്രവർത്തകരുമായി യാത്ര വേണ്ടിവരുന്നതാണ്. വിദ്യാർത്ഥികളുടെ അലസത പാരമ്യത്തിലെത്താം. ഏജൻസി പ്രവർത്തനങ്ങളിൽ നിന്നും പ്രതീക്ഷിച്ച വിറ്റുവരവ് ഉണ്ടായേക്കില്ല. രാശിനാഥനായ ശുക്രന്റെ നീചസ്ഥിതിയും കേതുയോഗവും പ്രണയത്തിൽ തടസ്സമുണ്ടാകാമെന്നതിന്റെ സൂചനയത്രെ!

മകയിരം

നക്ഷത്രനാഥനായ ചൊവ്വയ്ക്ക് മൗഢ്യം തുടരുകയാൽ പ്രവർത്തനങ്ങൾക്ക് മിഴിവ് കുറയും. ധനവിനിമയം ശ്രദ്ധിച്ചു വേണം. എതിർപ്പുകളുടെ ഉറവിടം തിരിച്ചറിയുവാൻ കഴിയുന്നതാണ്. എന്നാൽ പ്രതിരോധിക്കാൻ സാധിച്ചേക്കില്ല. ഉദ്യോഗസ്ഥർക്ക് അല്പം സമ്മർദ്ദമുള്ള ചുമതലകൾ ഏറ്റെടുക്കേണ്ടി വരാം.  സഹോദരരുമായി വല്ല തർക്കവും ഉടലെടുക്കാനിടയുണ്ട്. വ്യവഹാരങ്ങൾ നീണ്ടേക്കും. ജീവിതപങ്കാളിയുടെ പിന്തുണ ശക്തിപകരും. സാഹസങ്ങൾ ഒഴിവാക്കണം.

തിരുവാതിര

സംഭാഷണത്താലും  നയചാതുര്യത്താലും ബിസിനസ്സിൽ നേട്ടങ്ങൾ കൈവരിക്കും. വ്യക്തിബന്ധങ്ങളുടെ ഊഷ്മളത കാത്തുസൂക്ഷിക്കുന്നതിൽ വിജയിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്ന കാര്യത്തിൽ ക്ലേശിച്ചാലും ആത്മസംതൃപ്തിയുണ്ടാവും. വിദേശത്ത് പഠനം, തൊഴിൽ മുതലായവയ്ക്കുള്ള യാത്രാനുമതിക്ക് സർക്കാരിൽ നിന്നും കാലതാമസം ഭവിക്കാം.  സൗഹൃദങ്ങളിൽ ഉലച്ചിൽ വരാതെ നോക്കണം. വാഹനം സംബന്ധിച്ച അറ്റകുറ്റപ്പണികൾ ഉണ്ടാവാനിടയുണ്ട്.

പുണർതം

നക്ഷത്രനാഥനായ വ്യാഴം വക്രഗതി തുടരുകയാൽ സാമ്പത്തികമായി സുസ്ഥിതിയാണെന്ന് പറയാനാവില്ല. പത്താം ഭാവത്തിലെ രാഹു സ്ഥിതിയാൽ തൊഴിൽ രംഗത്തും ചില സമ്മർദ്ദങ്ങൾ ഉണ്ടാവാം. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയുന്നതാണ്. സമയബന്ധിതമായി പൂർത്തിയാക്കേണ്ട  കാര്യങ്ങളിൽ തടസ്സങ്ങളുണ്ടായേക്കാം. ആഴ്ചയുടെ മധ്യത്തിൽ  ചില ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. കലാകാരന്മാർക്ക് പുതിയ അവസരങ്ങളും അംഗീകാരങ്ങളും വന്നെത്താം.

പൂയം

വാരത്തിന്റെ തുടക്കത്തിൽ വസ്ത്ര ലാഭം, സുഹൃൽ സമാഗമം, ഇഷ്ടഭക്ഷണ യോഗം എന്നിവയുണ്ടാവാം. ആത്മവിശ്വാസമുയരും. ഗവേഷണത്തിൽ മുന്നേറാൻ സാധിക്കുന്നതാണ്. നക്ഷത്രനാഥനായ ശനിക്ക് ഈയാഴ്ച് മുതൽ വക്രഗതി തീരുകയാൽ പുരോഗമനാത്മക നിലപാടുകൾ കൈക്കൊള്ളും. അപ്രതീക്ഷിത പിന്തുണകൾ ഉണ്ടാവും.  ഗൃഹത്തിൽ അറ്റകുറ്റപ്പണികൾക്ക് ചെലവധികരിച്ചേക്കും. നാലിൽ സൂര്യ- കുജന്മാർ തുടരുകയാൽ മനക്ലേശത്തിനിടയുണ്ട്.

ആയില്യം

പ്രവർത്തനത്തിന് അംഗീകാരം കിട്ടും. നിലപാടുകൾ അധികാരികളെ അറിയിക്കും. സഹപ്രവർത്തകരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു നീങ്ങുന്നതാണ്. നക്ഷത്രനാഥനായ ബുധൻ ചൊവ്വയുടെ രാശിയിൽ പ്രവേശിക്കുകയാൽ ചിലപ്പോൾ അനുകൂലമല്ലാത്ത സാഹചര്യങ്ങളെ നേരിടേണ്ടിവന്നേക്കും. സുഖകരമല്ലാത്ത യാത്രകൾ ഉണ്ടാവുന്നതാണ്. സ്ത്രീകളുടെ പിന്തുണ ലഭിച്ചേക്കും. ആത്മീയ സാധനകൾക്ക് നേരം കിട്ടിയെന്നു വരില്ല. തടസ്സങ്ങളെ മറികടക്കാനുള്ള ഇച്ഛാശക്തിയും പ്രയത്നവും വിജയിക്കും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: