Weekly Horoscope: May 28- June 3 Astrological Predictions for Makam, Pooram, Uthram, Atham, Chithira, Chothi, Vishakam, Anizham, Thrikketta: 2023 മേയ് 28 മുതൽ ജൂൺ 3 വരെ (1198 ഇടവം 14 മുതൽ 20 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളില്‍ ജനിച്ചവരുടെ നക്ഷത്രഫലമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
സൂര്യൻ രോഹിണി ഞാറ്റുവേലയിലാണ്. ചന്ദ്രൻ പൂരം മുതൽ അനിഴം വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. വെളുത്തപക്ഷത്തിലാണ് ചന്ദ്രന്റെ സഞ്ചാരം എന്നത് പ്രസ്താവ്യമാണ്. ചന്ദ്രബലം ഉള്ള വാരമാണ്. മറ്റുള്ള ഗ്രഹങ്ങളിൽ ശുക്രനൊഴികെ ആർക്കും രാശി മാറ്റമില്ല. ശുക്രൻ ഇടവം 16 ന്, മേയ് 30 ന് മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്കു സംക്രമിക്കുന്നു. പുണർതത്തിലാണ് സഞ്ചാരം. വ്യാഴം, രാഹു, ബുധൻ എന്നീ മൂന്ന് ഗ്രഹങ്ങളും മേടം രാശിയിൽ അശ്വതിയിൽ തുടരുന്നു. കേതു തുലാം രാശിയിൽ ചോതിയിലും ചൊവ്വ കർക്കടകം രാശിയിൽ പൂയത്തിലും ശനി കുംഭം രാശിയിൽ ചതയത്തിലും തന്നെയാണ്.
Astrological Predictions for Makam, മകം
തന്റെ പ്രവൃത്തികൾ അന്യർക്ക് ഉപകാരപ്പെടുന്നത് ചാരിതാർത്ഥ്യമുണ്ടാക്കും. ആസൂത്രണമികവ് പുലർത്തും. നല്ലകാര്യങ്ങൾക്ക് ചെലവേറുന്നതാണ്. സഭകളിലും സമാജങ്ങളിലും സക്രിയ സാന്നിധ്യം പുലർത്തും. പ്രൊഫഷണലുകൾ മികച്ച സാങ്കേതിക ജ്ഞാനം നേടിയെടുക്കും. അതുപോലെ പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നവർക്കും നേട്ടങ്ങൾ ഉണ്ടാവും. ആഴ്ചയുടെ മധ്യത്തിൽ കൂടുതൽ തിളങ്ങാനാവും.
Astrological Predictions for Pooram, പൂരം
നക്ഷത്രനാഥനായ ശുക്രന് ചൊവ്വയുമായി യോഗം വരുന്നതിനാൽ ചില സമ്മർദ്ദങ്ങൾ വന്നേക്കും. വ്യക്തികാര്യങ്ങളിൽ ചിലരുടെ ഇടപെടലുകൾ തലവേദനയാവാം. തൊഴിലിൽ അധ്വാനമേറും. നവീകരണ ശ്രമങ്ങൾ അല്പം പതുക്കെയാവും. കുടുംബബന്ധങ്ങളിൽ വിള്ളൽ വരാതിരിക്കാൻ അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുകയാവും കരണീയം. ഊഹക്കച്ചവടത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടായേക്കില്ല. വാക്കിലും കർമ്മത്തിലും ജാഗ്രത വേണം.
Astrological Predictions for Uthram, ഉത്രം
മാനസികോന്മേഷം വർദ്ധിക്കുന്നതാണ്. സൽക്കാര്യങ്ങളിൽ ഭാഗഭാക്കാകാൻ അവസരം വന്നുചേരും. ഉദ്യോഗത്തിൽ ജോലി ഭാരമേറുന്നതാണ്. പഠനം സംബന്ധിച്ച് അന്യദേശത്ത് പോകാനുള്ള സാധ്യതകൾ ആരായും. വായ്പ, ചിട്ടി മുതലായവ പ്രയോജനപ്പെടുന്നതാണ്. പുതുതീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് വിദഗ്ദ്ധരുടെ ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. ആരോഗ്യപ്രശ്നങ്ങൾ തെല്ല് കുറഞ്ഞേക്കും.
Astrological Predictions for Atham, അത്തം
ശുക്രനും ചൊവ്വയും ലാഭഭാവത്തിൽ വരുകയാൽ നേട്ടങ്ങൾ വർദ്ധിക്കും. സിദ്ധിസാധനകൾ അംഗീകരിക്കപ്പെടും. നിർണായക മത്സരങ്ങളിൽ വിജയിക്കുന്നതാണ്. ബന്ധുക്കളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകും. നക്ഷത്രനാഥനായ ചന്ദ്രൻ പൂർണതയിലേക്കടുക്കുകയാൽ കർമ്മരംഗത്ത് പൂർണതയും മനപ്രസാദവും പ്രതീക്ഷിക്കാവുന്നതാണ്. കുടുംബ ബന്ധങ്ങൾ ഊഷ്മളമാകും. സമൂഹത്തിൽ സ്വാധീനം വർദ്ധിക്കുന്നതാണ്.
Astrological Predictions for Chithira, ചിത്തിര
പ്രതിസന്ധികളിൽ തളരില്ല. ധനപരമായ ക്ലേശങ്ങളേറും. എന്നാലും ഒന്നിനും മുടക്കം വരില്ല. ചിലരുടെ ആകസ്മിക സഹായം ഉജ്ജീവകമാകുന്നതാണ്. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ അനുകൂലമായ അന്തരീക്ഷം രൂപപ്പെടാം. വ്യാപാരികൾ ഉടമ്പടികളിൽ പങ്കാളികളാകും മുൻപ് നിബന്ധനകൾ അറിയുന്നത് ഉചിതമായിരിക്കും. മുതിർന്ന കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധയുണ്ടാവണം. അയൽബന്ധങ്ങളിൽ സ്വാസ്ഥ്യം കുറഞ്ഞേക്കും.
Astrological Predictions for Chothi, ചോതി
അവഗണനകൾ അവസാനിച്ചതായി തോന്നും. ചില പദവികളിലുള്ള അവകാശം അനുവദിക്കപ്പെടും. കുടുംബത്തോടൊപ്പം ഒത്തുചേരാൻ സന്ദർഭം കൈവരും. ഗവേഷണപ്രബന്ധം സമർപ്പിക്കാൻ സാധിക്കുന്നതാണ്. വ്യാപാര കാര്യങ്ങളിൽ പ്രയോജനപ്രദമായ ചർച്ചകൾ നടക്കും. എന്നാലും വലിയ മുതൽ മുടക്കുകൾക്ക് കാലം അനുകൂലമല്ല. സഹപ്രവർത്തകരോട് ഫലപ്രദമായ രീതിയിൽ ആശയവിനിമയം നടത്തും. പ്രണയകാര്യങ്ങളിൽ വിജയിക്കാനാവും.
Astrological Predictions for Vishakam, വിശാഖം
ആരോപണങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. ശുഭകാര്യങ്ങളിൽ ശ്രദ്ധ പുലർത്താനാവും. കുടുംബദൗത്യങ്ങൾ നിറവേറ്റുന്നതിൽ ക്ലേശിക്കാം. ചില ബന്ധുക്കളുടെ പരിരക്ഷക്ക് മുന്നിൽ നിൽക്കേണ്ടതായി വന്നേക്കാം. പുതിയ തൊഴിൽ തേടുന്നവർക്ക് ഈയാഴ്ച അനുകൂലമാണെന്ന് പറയാനാവില്ല. ഉപരിപഠനത്തിൽ ചെറിയ ആശങ്കകൾ ഉയരാം. പ്രവർത്തനങ്ങളുടെ മുൻഗണനാക്രമം നിർണയിക്കുന്നത് ശ്രദ്ധ വെക്കേണ്ടതുണ്ട്.
Astrological Predictions for Anizham, അനിഴം
കർമ്മരംഗത്ത് ചില ഉദാസീനതകൾ പ്രകടമാവും. തീരുമാനങ്ങൾ കൈക്കൊള്ളുന്ന വേഗത്തിൽ തന്നെ ഉപേക്ഷിക്കും. ഉദ്യോഗസ്ഥർക്ക് മാനസിക പിരിമുറുക്കം കൂടാം. ചെറുകച്ചവടക്കാർക്ക് കാര്യങ്ങൾ ഒരുവിധം നടന്നുപോകും. ഊഹക്കച്ചവടത്തിന് ഒട്ടും അനുകൂലമല്ല കാലം. പകരക്കാരെ ചുമതലകൾ ഏൽപ്പിക്കുന്നത് അബദ്ധമായേക്കാം. ആരോഗ്യകാര്യത്തിൽ ജാഗ്രത കുറക്കരുത്. പണമിടപാടുകളിലും സൂക്ഷ്മത വേണം.
Astrological Predictions for Thrikketta, തൃക്കേട്ട
അമിതാവേശം നന്നല്ല. ചിന്തയുടെ കുതിപ്പ് പ്രവർത്തനങ്ങളിൽ കൈവരിക്കാൻ കഴിഞ്ഞേക്കില്ല. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തവരോട് കലഹിക്കും. എന്നാൽ സ്വയം നൽകിയ വാഗ്ദത്തങ്ങൾ നിറവേറ്റാനായോ എന്നും ചിന്തിക്കേണ്ടതുണ്ട്. വിദേശ / അന്യദേശ പഠനത്തിന് കളമൊരുങ്ങുന്നതാണ്. കുടുംബ ജീവിതത്തിൽ അനുരഞ്ജനം അനിവാര്യമായിത്തീരും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്.