Weekly Horoscope, Vara Phalam Malayalam: 2023 മേയ് 21 മുതൽ 27 വരെ (1198 ഇടവം 7 മുതൽ 13 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ അശ്വതി മുതൽ രേവതി വരെയുള്ള നാളുകളില്‍ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.
സൂര്യൻ കാർത്തിക, രോഹിണി എന്നീ രണ്ട് ഞാറ്റുവേലകളിലാണ്. ചന്ദ്രൻ രോഹിണി മുതൽ മകം വരെ ഉള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. മറ്റ് ഗ്രഹങ്ങൾ ഏതൊക്കെ നക്ഷത്രമണ്ഡലങ്ങളിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് നോക്കാം. കൂടാതെ ശനി ചതയം, രാഹുവും വ്യാഴവും അശ്വതി, കേതു ചോതി, ശുക്രൻ പുണർതം, ബുധൻ ഭരണി, ചൊവ്വ പൂയം എന്നീ നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്. മേയ് 21 ൽ തുടങ്ങുന്ന ഒരാഴ്ച ഗ്രഹസംക്രമണങ്ങളില്ല.
Astrological Predictions for Aswathy, അശ്വതി
രാശിനാഥനായ ചൊവ്വ നീചത്തിൽ തുടരുന്നതിനാൽ വ്യക്തിത്വ പ്രതിസന്ധി ഉണ്ടാവും. ആത്മശക്തി ചോരുന്നതായി തോന്നാം. രണ്ടാം നക്ഷത്രത്തിലേക്ക് ബുധൻ പ്രവേശിക്കുന്നതിനാൽ പഠനം സംബന്ധിച്ച മുന്നേറ്റം വന്നു ചേരും. നല്ല ചില തീരുമാനങ്ങൾ കൈക്കൊള്ളാം. പാരിതോഷികങ്ങൾ ലഭിക്കാം. സാമ്പത്തിക സ്ഥിതി മോശമാവില്ല. ദാമ്പത്യത്തിൽ കലഹ സാധ്യത കാണുന്നു. മാതൃബന്ധുക്കളെ സന്ദർശിച്ചേക്കും. വാഹന യാത്രയിൽ ശ്രദ്ധ വേണം.
Astrological Predictions for Bharani, ഭരണി
ജന്മനക്ഷത്രത്തിൽ ബുധൻ സഞ്ചരിക്കുകയാൽ വ്യക്തിപരമായി ചില ജ്ഞാനോദയങ്ങൾ ഉണ്ടാവാം. വിദ്യാർത്ഥികൾ പുതിയ ജ്ഞാനശാഖകളിലേക്ക് ചേക്കേറപ്പെടാം. ആഴ്ചയുടെ മധ്യത്തിൽ ശക്തമായ ചില പിന്തുണകൾ ലഭിക്കും. സാമ്പത്തിക സ്ഥിതി ക്ഷീണിക്കില്ല. ഏഴാം നക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ എല്ലാക്കാര്യങ്ങളിലും ശ്രദ്ധ വേണം. അഗ്നി, വാഹനം, വൈദ്യുതി, ആയുധം ഇവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.
Astrological Predictions for Karthika, കാർത്തിക
കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കും. എന്നാൽ അവ നടപ്പിലാക്കുന്നതിൽ വിഷമിക്കും. ജന്മനക്ഷത്രത്തിൽ സൂര്യൻ സഞ്ചരിക്കുന്നതിനാൽ ആരോഗ്യസ്ഥിതി ഗുണകരമാവില്ല. തർക്കങ്ങളിൽ ആത്മക്ഷോഭം വർദ്ധിക്കും. ആഴ്ചയുടെ പകുതി മുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. തടസ്സങ്ങൾ മാറിക്കിട്ടും. കഴിവുകൾക്ക് പ്രശംസ, പരിതോഷികം എന്നിവ ലഭിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ശക്തിയേകുന്നതാണ്.
Astrological Predictions for Rohini, രോഹിണി
നല്ല അനുഭവങ്ങൾക്ക് മുൻതൂക്കം കിട്ടുന്ന ആഴ്ചയാണ്. പഠന വിജയം അഭിനന്ദിക്കപ്പെടും. ഉപരിപഠനത്തിൽ തീരുമാനമാകുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തകൾ ശ്രവിക്കാനാകും. നിക്ഷേപങ്ങൾ നടത്താൻ സാധിക്കും. പഴയനിക്ഷേപങ്ങളിൽ നിന്നും നേട്ടമുണ്ടാകുന്നതാണ്. കുടുംബത്തോടൊപ്പം ഉല്ലാസയാത്രകൾ നടത്താൻ സന്ദർഭമുണ്ടാകുന്നതാണ്. മാതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്.
Astrological Predictions for Makayiram, മകയിരം
നക്ഷത്രാധിപനായ ചൊവ്വയ്ക്ക് നീചമുണ്ട്. അത് ചിലപ്പോൾ ആത്മശക്തിയെ തുരങ്കം വെക്കാം. കാര്യങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കൂടുതൽ ക്ലേശിച്ചേക്കാം. വിജയത്തിന് മാറ്റ് കുറഞ്ഞതായി തോന്നും. വൈകാരികക്ഷോഭങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. സഹോദരാനുകൂല്യം കുറയുന്നതായി തോന്നാം. തൊഴിലിൽ കൂടുതൽ ശ്രദ്ധ വേണ്ട സന്ദർഭമാണ്. ഭോഗസുഖങ്ങൾ മിഥുനസ്ഥിതശുക്രൻ പ്രദാനം ചെയ്തേക്കും.
Astrological Predictions for Thiruvathira, തിരുവാതിര
വാരാദ്യത്തിൽ ചെലവേറും. ലഘുയാത്രകൾ വേണ്ടി വരാം. ജന്മരാശിയിൽ ചന്ദ്രൻ കടന്നുപോകുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് ഗുണമേറും. ദേഹസൗഖ്യം, മനശ്ശാന്തി എന്നിവ ഭവിക്കുന്നതാണ്. ചില സഹായങ്ങൾ പ്രതീക്ഷിച്ചത്ര ലഭിച്ചേക്കില്ല. ഭൂമിയുടെ കൊടുക്കൽ വാങ്ങലുകളിൽ മാത്രമല്ല പൊതുവേ കച്ചവടത്തിലെല്ലാം ശ്രദ്ധ വേണം. തിരുവാതിരയുടെ മൂന്നാം നാളിൽ ചൊവ്വ സഞ്ചരിക്കുകയാൽ ആപൽകാലമാണ്. സാഹസങ്ങൾ ഒഴിവാക്കപ്പെടേണ്ടതുണ്ട്.
Astrological Predictions for Punartham, പുണർതം
ചില സംസർഗങ്ങളുടെ ഗുണദോഷം തിരിച്ചറിയും. ധനസ്ഥിതി മെച്ചപ്പെടും. ശത്രുതന്ത്രങ്ങൾക്ക് മറുതന്ത്രം മെനയും. വിദ്യാഭ്യാസത്തിൽ മികവ് കൈവരിക്കാനാവും. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടുന്നതാണ്. ജന്മരാശിയിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ ഇഷ്ടഭക്ഷണ സിദ്ധി, പാരിതോഷിക ലബ്ധി മനസ്സുഖം എന്നിവയും ഫലം. ആത്മീയ സാധനകൾക്കും കാലം അനുകൂലം.
Astrological Predictions for Pooyam, പൂയം
ജന്മരാശിയിൽ, ജന്മ നക്ഷത്രത്തിലായി സഞ്ചരിക്കുകയാണ് ചൊവ്വ. ആരോഗ്യ കാര്യത്തിൽ നല്ല ജാഗ്രത ആവശ്യമാണ്. ക്ഷോഭവാസനകൾ കൂടാം. മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കേണ്ടതുണ്ട്. ധനപരമായി തരക്കേടില്ലാത്ത കാലമാണ്. ബുധൻ പത്താം രാശിയിൽ നിൽക്കുകയാൽ വിദ്യാഗുണം ഏറും. കച്ചവടത്തിൽ വരുമാനം കുറയില്ല. നാലിൽ കേതു തുടരുകയാൽ കുടുംബ പ്രശ്നങ്ങൾക്ക് തീരുമാനം കണ്ടെത്തുക എളുപ്പമല്ല.
Astrological Predictions for Ayilyam, ആയില്യം
വിജയ സാഹചര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞെന്നുവരില്ല. കിടമത്സരങ്ങൾ സ്വൈരം കെടുത്തിയേക്കും. വാരാദ്യം മനസ്സംഘർഷം കൂടുന്നതാണ്. എന്നാൽ സർക്കാർ കാര്യങ്ങളിൽ ചില അനുകൂലതകൾ വന്നുചേരും. പഠനാഭ്യുദയം പ്രതീക്ഷിക്കാം. അന്യദിക്കിൽ നിന്നും തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നതാണ്. ഗൃഹനവീകരണം, ഉല്ലാസ യാത്രകൾ എന്നിവക്കായി ചെലവേറുന്നതാണ്. വാരാന്ത്യത്തിൽ ചഞ്ചലമായ ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ കഴിയും.
Astrological Predictions for Makam, മകം
വാരത്തിന്റെ തുടക്കം മെച്ചപ്പെട്ടതായിരിക്കും. തൊഴിലിൽ നേട്ടങ്ങൾ പ്രകടമാവും. കുറച്ചുനാളായി പ്രതീക്ഷിച്ച ശുഭസന്ദേശം വന്നെത്തും. വിദ്യാർത്ഥികൾ ആശിച്ച വിജയം നേടിയതിന്റെ ഉത്സാഹത്തിലാവും. ധനസ്ഥിതി ഉയരും. പാരിതോഷികങ്ങൾ ലഭിക്കും.
കുടുംബസമേതം ആഘോഷങ്ങളിൽ പങ്കെടുക്കാനാവും. വാരാന്ത്യത്തിൽ ചില അലച്ചിലുകളും സ്വസ്ഥതയില്ലായ്മയും ഉണ്ടായേക്കാം. കിടപ്പ് രോഗികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടതാണ്.
Astrological Predictions for Pooram, പൂരം
മനസ്സന്തോഷം വർദ്ധിക്കും. കുടുംബാംഗങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താനാവും. സ്വർണ്ണാഭരണങ്ങളും സുഗന്ധലേപനങ്ങളും മറ്റും പാരിതോഷികമായി കിട്ടും. വിരുന്നുകളിൽ പങ്കു ചേരും. നൂതന സംരംഭങ്ങളെക്കുറിച്ചുള്ള ചർച്ച പുരോഗമിക്കും. വിദ്യാർത്ഥികൾ തിരക്കിട്ട ഉപരിപഠനാന്വേഷണങ്ങളിൽ മുഴുകിയേക്കും. അവിവാഹിതർക്ക് ചില ആലോചനകൾ അനുകൂലമാകാം. വാരാന്ത്യത്തിൽ ചെറിയ മനക്ലേശങ്ങൾ ഉണ്ടാവാനിടയുണ്ട്. ചെലവ് നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ല.
Astrological Predictions for Uthram, ഉത്രം
ജീവിതത്തെ അടുക്കും ചിട്ടയും ഉള്ളതാക്കാൻ ചില വൃഥാശ്രമങ്ങൾ നടത്തും. പൊതുപ്രവർത്തകർ എതിർപ്പുകളെ നേരിടും. പ്രതീക്ഷിച്ച സ്ഥാനോന്നതി വൈകാം. ബൗദ്ധികമായ പ്രശ്നങ്ങളെ വൈകാരികമായി നേരിട്ട് കഷ്ടത്തിലാവും. നക്ഷത്രനാഥൻ
ശത്രുരാശിയിലാകയാൽ ആത്മവിശ്വാസത്തിന് കുറവ് വന്നേക്കും. നവമാദ്ധ്യമങ്ങളിൽ വിമർശിക്കപ്പെടാം. ആഴ്ചയുടെ മധ്യം വരെ ഗുണം പ്രതീക്ഷിക്കാം
Astrological Predictions for Atham, അത്തം
നക്ഷത്രനാഥനായ ചന്ദ്രൻ അല്പാല്പമായി വളർന്ന് വരികയാൽ പ്രതീക്ഷകളും വളരും. ഭാഗിക നേട്ടങ്ങൾ ഉണ്ടാകും. ചിലരുടെ കുയുക്തികളെ സമർത്ഥമായി ഖണ്ഡിക്കും. വലിയ മുതൽ മുടക്കുകൾക്ക് വാരം അനുകൂലമല്ല. നക്ഷത്രനാഥനായ ചന്ദ്രന് ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളുമായി യോഗം വരികയാൽ നല്ല സുഹൃത്തുക്കൾ, പ്രയോജനമില്ലാത്തവർ എന്നിങ്ങനെ ചില കൂട്ടുകെട്ടുകൾ വന്നേക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്.
Astrological Predictions for Chithira, ചിത്തിര
എതിർപ്പുകളെ മറികടക്കും. വാരത്തിന്റെ ആദ്യ രണ്ടുമൂന്ന് ദിവസങ്ങൾക്ക് തിളക്കം കുറവായിരിക്കും. ഔദ്യോഗിക രംഗത്ത് ചില ക്ലേശങ്ങളെ അഭിമുഖീകരിക്കും. ചെറുയാത്രകൾ വേണ്ടി വരാം. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങൾ വർദ്ധിച്ചേക്കും. നക്ഷത്രനാഥനായ ചൊവ്വയുടെ നീചസ്ഥിതി മൂലം അകാരണമായ പിരിമുറുക്കങ്ങൾ വന്നേക്കാം. ആരോഗ്യപരിപാലനത്തിൽ ജാഗ്രത വേണം.
Astrological Predictions for Chothi, ചോതി
നക്ഷത്രനാഥനായ രാഹുവിന് വ്യാഴ,ബുധ യോഗം വരികയാൽ സജ്ജനങ്ങളുടെ പിന്തുണ കിട്ടും. സൽകാര്യങ്ങൾ ചെയ്യാൻ അവസരം വന്നെത്തും. ബുദ്ധി ഉണർന്ന് പ്രവർത്തിക്കും. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ വരും. കച്ചവടത്തിലെ പ്രതിസന്ധികൾ നീങ്ങുന്നതാണ്. തീരുമാനിച്ച കാര്യങ്ങൾ ഭംഗിയായി നിറവേറ്റും. ദാമ്പത്യസൗഖ്യം ഉണ്ടാവും.
Astrological Predictions for Vishakam, വിശാഖം
കാര്യസാധ്യം എളുപ്പമാവില്ല. ചില പ്രമുഖരുടെ എതിർപ്പ് നേടിയേക്കും. കുറച്ചധികം അലച്ചിൽ വന്നേക്കാം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണ്ട സമയമാണ്. ജാമ്യം നിൽക്കുക തുടങ്ങിയവ ചിലപ്പോൾ ക്ലേശത്തിലേക്ക് നയിച്ചേക്കാം. ശുക്രാനുകൂല്യം ഉള്ളതിനാൽ പ്രണയബന്ധം ഉണ്ടാവുക ഒരു സാധ്യതയാണ്. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. ഭൂമി വ്യാപാരത്തിൽ കബളിപ്പിക്കപ്പെടാം.
Astrological Predictions for Anizham, അനിഴം
അത്യദ്ധ്വാനം ചെയ്യേണ്ട ഒരാഴ്ചയാണ് കടന്നു വരുന്നത്. ധാരാളം ചുമതലകൾ നിർവഹണം കാത്ത് മുന്നിലുണ്ടാവും. അവയിൽ തൊഴിൽ സംബന്ധിച്ചതും വ്യക്തിപരമായ കാര്യങ്ങളും അടങ്ങിയിട്ടുണ്ട്. അഷ്ടമരാശിക്കൂറും ഇടയിൽ വരുന്നുണ്ട്. ഈ ആഴ്ചയിൽ ചന്ദ്രൻ 7, 8, 9, 10 രാശികളിലൂടെ കടന്നുപോകുന്നു. ദാമ്പത്യത്തിലെ സ്വരച്ചേർച്ചയില്ലായ്മ, ആരോഗ്യപ്രശ്നങ്ങൾ, മാനസിക സംഘർഷം, തൊഴിൽ മുന്നേറ്റം എന്നിങ്ങനെയാവും ചില ഫലങ്ങൾ. ജാഗ്രതയോടെയുള്ള പ്രവർത്തനം പ്രധാനമാണ്.
Astrological Predictions for Thrikketta, തൃക്കേട്ട
പഠനമികവ് പ്രശംസ നേടും. പാരിതോഷികങ്ങൾ ലഭിക്കാം. അലസത നീങ്ങി ലക്ഷ്യബോധം സിദ്ധിക്കുന്നതാണ്. ചിലർക്ക് അന്യദേശയാത്രക്ക് തയ്യാറെടുപ്പുകൾ തുടങ്ങേണ്ടതായി വരും. കാര്യഗൗരവത്തോടെ പ്രവർത്തിക്കേണ്ട സന്ദർഭമാണ്. തൊഴിലിൽ നിന്നും ഈ ആഴ്ച ലാഭം കുറഞ്ഞേക്കും. ഉദ്യോഗസ്ഥർക്ക് കടമകളേറുന്നതാണ്. ബന്ധങ്ങൾ ദൃഢത കാത്തുസൂക്ഷിക്കുന്നതിൽ സമ്മർദ്ദങ്ങൾ ഉയരാം.
Astrological Predictions for Moolam, മൂലം
നല്ല അനുഭവങ്ങളാണ് വാരാദ്യം. പഴയ സുഹൃത്തുക്കളെ കാണാനാവും. പ്രണയികൾ കൂടുതൽ ഹൃദയബന്ധം പുലർത്തും. വ്യാപാര ഇടപാടുകളിൽ വിജയം ഉണ്ടാകും. വായ്പാസൗകര്യം ലഭിച്ചേക്കാം. കുടുംബജീവിതത്തിൽ സൗഖ്യമുണ്ടാകുന്നതാണ്. യാത്രകൾ വിജയിക്കാം. വാരത്തിന്റെ മദ്ധ്യത്തിൽ അഷ്ടമരാശിക്കൂറ് വരികയാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. കലഹപ്രേരണകളെ സ്വയം നിർവീര്യമാക്കണം. സാഹസങ്ങൾ ഒഴിവാക്കണം.
Astrological Predictions for Pooradam, പൂരാടം
ഊഹിച്ചതുപോലെ ചില കാര്യങ്ങൾ ഭവിക്കാം. അധികാരമത്സരത്തിൽ വിജയിക്കുന്നതാണ്. സ്വയം തൊഴിലിൽ നല്ല മുന്നേറ്റമുണ്ടാകും. വിദേശ യാത്രകൾക്ക് ഒരുങ്ങുന്നവർക്ക് അനുമതി ലഭിച്ചേക്കാം. വിദ്യാഭ്യാസ മികവ് പ്രകീർത്തിക്കപ്പെടും. കലാകാരന്മാർക്ക് ആദരം ലഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് പകിട്ട് കുറയുന്നതാണ്. അവധാനതയും സഹിഷ്ണുതയും കൈവിടരുത്. ധനവിനിയോഗത്തിൽ ശ്രദ്ധ വേണം.
Astrological Predictions for Uthradam, ഉത്രാടം
ഉന്നമനത്തിനുള്ള ശ്രമങ്ങൾ ഫലവത്താകും. കച്ചവടം മെച്ചപ്പെടും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. മക്കളുടെ വിജയത്തിളക്കം
ഹർഷവായ്പരുളും. കൂടിയാലോചനകൾ നല്ല ലക്ഷ്യത്തിലേക്ക് നയിച്ചേക്കും. അവിവാഹിതർക്ക് ആലോചനകൾ അനുകൂലമാകാം. നവീന വസ്ത്രാഭരണാദികൾ വാങ്ങാനാവും. വാരമധ്യത്തിലെ അഷ്ടമരാശിക്കൂറിൽ സാഹസങ്ങൾക്ക് തുനിയരുത്.
Astrological Predictions for Thiruvonam, തിരുവോണം
പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ മുന്നോട്ട് നീങ്ങിയില്ലെന്ന് വന്നേക്കാം. കർമ്മരംഗം അല്പമൊന്ന് ഉന്മേഷരഹിതമാകും. മത്സരങ്ങളിൽ വിജയിക്കുമെങ്കിലും തൃപ്തിക്കുറവ് വരാം. അദ്ധ്വാനക്കൂടുതൽ വാരാദ്യത്തിൽ വർദ്ധിച്ചേക്കും. ബുധൻ മുതൽ വെള്ളി വരെ നേട്ടങ്ങൾക്ക് മുൻതൂക്കമുണ്ടാവും. സഹപ്രവർത്തകരുടെ ആത്മാർത്ഥമായ പിന്തുണ പ്രതീക്ഷിക്കാം. പണവരവ് ഉയരുന്നതാണ്. ആരോഗ്യപരമായി മെച്ചമുണ്ടാകും.
Astrological Predictions for Avittam, അവിട്ടം
അവിട്ടത്തിന്റെ നക്ഷത്രനാഥനായ ചൊവ്വയുടെ നീചസ്ഥിതി ചില മത്സരങ്ങളിൽ പരാജയഭീതി ഉണ്ടാക്കാം. കർക്കശനിലപാടുകളിൽ നിന്നും പിന്നോട്ട് പോയേക്കും. അനാവശ്യച്ചെലവുകളെ നിയന്ത്രിക്കേണ്ടതുണ്ട്. മനപ്രയാസം കർമ്മഗുണത്തെയും ബാധിച്ചേക്കാം. എന്നാൽ വാരമധ്യം മുതൽ കൂടുതൽ ഉന്മേഷത്തോടെ പ്രവർത്തികളിൽ മുഴുകും. ധനക്ലേശങ്ങൾ പരിഹൃതമാവും. കുടുംബബന്ധങ്ങളുടെ മാധുര്യം ആസ്വദിക്കും.
Astrological Predictions for Chathayam, ചതയം
ചില പോരാട്ടങ്ങൾ ലക്ഷ്യത്തിലെത്തും. പ്രതിബന്ധങ്ങളെ ഇച്ഛാശക്തിയാൽ മറികടക്കുന്നതാണ്. അതിനാൽ തന്നെ സുതാര്യമായ ജീവിതസമീപനം കൈക്കൊള്ളും. കർമ്മരംഗത്ത് പുതിയ മാറ്റങ്ങൾ വരുത്തും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയുണ്ടാകും. ബന്ധുക്കളുടെ പിൻബലം വലിയൊരു വിജയഘടകമായിരുന്നുവെന്ന് തിരിച്ചറിയും. വിവാഹാലോചനകൾ ഉറച്ചേക്കാം. ധനസ്ഥിതിയിൽ നേരിയ ഉയർച്ചയെങ്കിലും ഉണ്ടാകാതിരിക്കില്ല.
Astrological Predictions for Pooruruttathi, പൂരുട്ടാതി
അലച്ചിൽ കൂടാം. പ്രാരബ്ധങ്ങളെക്കുറിച്ച് ചിലപ്പോൾ സ്വയം പഴി പറഞ്ഞേക്കും. നക്ഷത്രാധിപനായ വ്യാഴത്തിന് രാഹുബന്ധം വരികയാൽ മനസ്സിൽ ചിലപ്പോൾ വിഷാദനീലിമ ചേക്കേറിയേക്കും. എങ്കിൽ തന്നെയും പ്രതീക്ഷിച്ച ചില നേട്ടങ്ങൾ വരാതിരിക്കില്ല. സാമ്പത്തികമായ പിരിമുറുക്കം തെല്ലൊന്ന് കുറയാം. ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി ചുമതലകൾ നിർവഹിച്ചതിന് അധികാരികളുടെ അഭിനന്ദനം ലഭിക്കാം.
Astrological Predictions for Uthrattathi, ഉത്രട്ടാതി
കുടുംബബന്ധങ്ങളുടെ ഊഷ്മളത കരുത്തുപകരും. വാഗ്ദാനങ്ങൾ ഭംഗിയായി നിറവേറ്റാനാകും. വാഹനം വാങ്ങാൻ സാധ്യതയുണ്ട്. സജ്ജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കാം. അനാരോഗ്യം മാറി പ്രവർത്തനത്തിൽ നിരതരാവും. തൊഴിൽ തേടുന്നവർക്ക് പുതു അവസരങ്ങൾ ലഭിച്ചേക്കാം. അഞ്ചിലെ ചൊവ്വ മക്കൾക്ക് ചില ക്ലേശങ്ങൾ സൃഷ്ടിച്ചേക്കാം. അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാവണം.
Astrological Predictions for Revathi, രേവതി
പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കും. പരിശ്രമങ്ങൾക്ക് അംഗീകാരം കൈവരുന്നതാണ്. പഴയ വസ്തുവ്യവഹാരങ്ങൾ രമ്യമായി തീർപ്പാക്കാൻ ശ്രമം തുടങ്ങും. വിദ്യാർത്ഥികൾ മികച്ച വിജയം നേടും. മൂന്നാമെടത്തെ സൂര്യസ്ഥിതി സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ഉണ്ടാവാം എന്നതിനെ സൂചിപ്പിക്കുന്നു. തൊഴിലിൽ നിന്നും ഏറെക്കുറെ പ്രതീക്ഷിച്ച ലാഭം തന്നെ വന്നു ചേർന്നേക്കും. മക്കളുടെ കാര്യത്തിൽ ചുമതലകൾ കൂടുന്നതാണ്.