/indian-express-malayalam/media/media_files/uploads/2023/06/June-18-to-June-24-Weekly-Horoscope-Astrological-Predictions-Makam-to-Thriketta..jpg)
June 18 to June 24 Weekly Horoscope: Astrological Predictions Makam to Thrikketta
June 18 to June 24 Weekly Horoscope: Astrological Predictions Makam to Thrikketta: സൂര്യൻ മകയിരം ഞാറ്റുവേല കഴിഞ്ഞ് തിരുവാതിര ഞാറ്റുവേലയിലേക്ക് കടക്കുന്നു. വാരാദ്യദിനം അമാവാസിയും തുടർന്ന് ചന്ദ്രൻ ആഷാഢമാസത്തിലേക്ക് പ്രവേശിക്കുകയുമാണ്. മിഥുനം 6 ന് ബുധനു ക്രമമൗഢ്യമാരംഭിക്കുന്നു. ശനിക്ക് വക്രഗതി തുടങ്ങുന്നതാണ് ഏറ്റവും പ്രധാനം. രാഹുവും വ്യാഴവും മേടത്തിൽ, കേതു തുലാത്തിൽ, ശുക്രനും ചൊവ്വയും കർക്കടകത്തിൽ, ബുധൻ എടവത്തിൽ എന്നിങ്ങനെയാണ് ഈയാഴ്ചയിലെ ഗ്രഹനില. ഇതിന്റെ ഗുണദോഷാനുഭവങ്ങൾ മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്.
മകം: പതിനൊന്നാൽ സൂര്യൻ സഞ്ചരിക്കുന്ന കാലമാകയാൽ വിജയവും ഐശ്വര്യവും ഭവിക്കും. നേട്ടങ്ങൾ അഭംഗുരമാവും. പിതൃധനം അനുഭവത്തിലെത്തും. രാഷ്ട്രീയക്കാർക്ക് പദവികൾ വന്നെത്തും. നിയമപ്രശ്നങ്ങളിൽ അനുകൂല വിധിയുണ്ടാവും. ഉദ്യോഗസ്ഥർക്കു ശമ്പളവർദ്ധനവ് ഉണ്ടാകുന്നതാണ്. കുടുംബകാര്യങ്ങളിൽ സ്വസ്ഥത ഭവിക്കും. പന്ത്രണ്ടിലെ ചൊവ്വയാൽ ഭൂമിയിടപാടുകൾ തടസ്സപ്പെടാം.
പൂരം: നല്ലകാര്യങ്ങൾ ചെയ്യാനും തന്മൂലം സൽപ്പേര് സസാദിക്കുവാനും അവസരം ലഭിക്കും. വിദ്യാർത്ഥികളുടെ മനോരഥത്തിനനുസരിച്ച് തുടർ പഠനം സാധ്യമാകുന്നതാണ്. വിജയഘടകങ്ങൾ പലതും ഒത്തുവരുന്ന അനുഭവം വന്നുചേരും. സർക്കാർ കാര്യങ്ങളിലെ തടസ്സം നീങ്ങുന്നതാണ്. ഭൂമിയിൽ നിന്നും ആദായം കുറഞ്ഞേക്കും. അധികാരികളുമായി തർക്കം ഉണ്ടാവാം. ബൗദ്ധികമായ കാര്യങ്ങളിൽ വിജയം നേടിയെടുക്കുവാൻ കഴിഞ്ഞുവെന്ന് വരാം. വിവാഹാലോചനകൾ തടസ്സപ്പെടാനിടയുണ്ട്.
ഉത്രം: കർമ്മരംഗത്ത് ജാഗ്രതയോടെ ഇടപെടും. കൃത്യമായ ആസൂത്രണങ്ങളിലൂടെ ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കും. കുടുംബ ബിസിനസ്സിൽ വളർച്ചയുണ്ടാവും. ഉദ്യോഗസ്ഥലത്ത് പദവികളും ചുമതലകളും വർദ്ധിക്കുന്നതാണ്. തൊഴിൽ അന്വേഷകർക്ക് ഒരു വരുമാനമാർഗം തുറന്നുകിട്ടും. ഭൂമസംബന്ധിച്ച ഇടപാടുകളിൽ സൂക്ഷ്മത പുലർത്തണം. വാതകഫരോഗങ്ങൾ വർദ്ധിച്ചേക്കാം. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്.
അത്തം: വ്യാപാര കാര്യങ്ങളിൽ ഉണ്ടായിരുന്ന മാന്ദ്യം നീങ്ങും.
ചില നവീകരണങ്ങൾ ഗുണപരമായ മാറ്റം ഉണ്ടാക്കുന്നതാണ്. പഠനത്തിൽ ഇഷ്ടവിഷയപ്രവേശം സാധ്യമാകും. ബാങ്കുകളിൽ നിന്നും മറ്റും വായ്പാസഹായം പ്രയോജനപ്പെടുത്താനാവും. ഗവേഷകർക്ക് പ്രബന്ധം സമർപ്പിക്കുന്നതിന് കാലം അനുകൂലമാണ്. കരാർ പണികളിൽ വേതനവർദ്ധനയും തുടർച്ചയും സാധ്യമാകുന്നതാണ്. കുടുംബവും കൂട്ടുകാരും നൽകുന്ന പ്രോൽസാഹനങ്ങളിൽ ആഹ്ളാദിക്കും. ചെലവ് നിയന്ത്രിക്കാനാവും.
ചിത്തിര: നക്ഷത്രനാഥനായ ചൊവ്വയുടെ നീചം സൃഷ്ടിക്കുന്ന തൊഴിൽപരവും വ്യക്തിപരവുമായ സമ്മർദ്ദങ്ങൾ തുടരുന്നതാണ്. കന്നിക്കൂറുകാരായ ചിത്തിരനാളുകാർ കർമ്മരംഗത്ത് ചില നേട്ടങ്ങൾ ഉണ്ടാക്കാം. സ്ഥാപനം തുടങ്ങാൻ സർക്കാർ അനുമതി, വായ്പ തുടങ്ങിയവ ലഭിക്കും. കടബാധ്യത തെല്ലൊന്ന് ലഘൂകൃതമാവും. വിശ്വാസയോഗ്യമായ കേന്ദ്രങ്ങളുടെ പിന്തുണ ശക്തി പകരും. വിജ്ഞാന സമ്പാദനത്തിന് അവസരങ്ങൾ തുറന്നുകിട്ടും. മക്കളുടെ ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ ആശാവഹമായ പുരോഗതി ഭവിക്കും. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്.
ചോതി: വ്യക്തിപരമായും കർമ്മപരമായും പുഷ്ടിയുള്ള വാരമാണ്. വിജയം അകലെയല്ല എന്ന ആശ്വാസമുണ്ടാകും. ഉത്തരവാദിത്വങ്ങൾ ഭംഗിയായി പൂർത്തിയാക്കും. പ്രതീക്ഷിച്ച പ്രതിഫലം വന്നുചേരും. നിക്ഷേപങ്ങളിൽ നിന്നും ആദായം ഉയർന്നേക്കും. പണയവസ്തുക്കൾ പുതുക്കാനോ തിരിച്ചെടുക്കാനോ സാധിക്കുന്നതാണ്. ചെറുപ്പക്കാരുടെ പ്രേമകാര്യങ്ങളിൽ വിജയം ഉണ്ടാകും. ഗാർഹികമായി സന്തോഷിക്കാൻ സന്ദർഭം വന്നുചേരും. കിടപ്പ് രോഗികൾക്ക് ആശ്വാസമനുഭവപ്പെടും.
വിശാഖം: വിവേകമുള്ള നടപടികളാൽ മേലുദ്യോഗസ്ഥരുടെ പ്രശംസനേടും. ധാർമ്മിക നിലപാടുകൾ മനസ്സംതൃപ്തിക്ക് ഹേതുവാകും. നവമഭാവത്തിലെ സൂര്യൻ പിതാവിന്റെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ദൈവസമർപ്പണങ്ങൾക്ക് നേരം കിട്ടിയില്ലെന്ന് വരാം. സഹപ്രവർത്തകരുടെ നിശിതമായ വിമർശനങ്ങൾ കണ്ടില്ലെന്ന് നടിക്കും. സാമ്പത്തികസ്ഥിതി ആശ്വാസകരമാവും. നിഷ്പ്രയോജനം എന്ന് ഉറപ്പുള്ള ചില യാത്രകൾ ഉണ്ടായേക്കാം.
അനിഴം: മറ്റുള്ളവരെ ഉപദേശിച്ച് നേർവഴി നടത്താനുള്ള ശ്രമം ഉപേക്ഷിക്കും. സ്വന്തം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വാരത്തിന്റെ തുടക്കത്തിൽ ക്ലേശങ്ങൾക്കാവും മുഖ്യത്വം. ക്രമേണ ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാനാവും. വിജയവഴി സ്വയം തെരഞ്ഞെടുക്കും. അധികാരസ്ഥാനത്തുള്ളവരുടെ മതിപ്പ് ഉയരും. കർമ്മവൈഭവം പ്രശംസിക്കപ്പെടും. സഹോദരരുടെ ജോലിക്കാര്യത്തിൽ ചില തടസ്സങ്ങൾ ഉയരും.
മുതൽമുടക്കിയുള്ള സംരംഭങ്ങൾക്ക് അല്പം കൂടി കാത്തിരിക്കുകയാവും നന്ന്.
തൃക്കേട്ട: പ്രായോഗിക സമീപനം വിജയത്തിലെത്തിക്കും. വിശ്വസിച്ചേല്പിക്കുന്ന ദൗത്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുന്നതാണ്. പഠനകാര്യങ്ങളിലെ ആശങ്കകൾക്ക് അറുതിയാവും. വീടുവിട്ടുനിൽക്കുന്നവർക്ക് കുടുംബത്തോട് ഒത്തുചേരാൻ സാധിക്കുന്നതാണ്. ഉടമ്പടികൾ പുതുക്കിക്കിട്ടും. വേതനം ഉയരുന്നതാണ്. രാഷ്ട്രീയ മത്സരങ്ങളിൽ വിജയം കാണും. ആഴ്ചയുടെ തുടക്കത്തിൽ ചില തടസ്സങ്ങൾ വന്നെത്തിയേക്കും. ഭാര്യാഭർത്താക്കന്മാർക്കിടയിലെ പിണക്കങ്ങൾ അവസാനിച്ചേക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.