/indian-express-malayalam/media/media_files/uploads/2023/06/Weekly-Horoscope-in-Malayalam-June-11-June-17-2023-Astrological-Predictions-for-stars-Moolam-to-Revathi.jpg)
Weekly Horoscope: June 11- June 17, 2023 Astrological Predictions
Weekly Horoscope: June 11 to June 17, 2023 Astrological Predictions Moolam to Revathi: 2023 ജൂൺ 11 മുതൽ 17 വരെ (1198 ഇടവം 28 മുതൽ മിഥുനം 2 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ മൂലം മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു. സൂര്യൻ ഇടവം മിഥുനം രാശികളിൽ സഞ്ചരിക്കുന്നു. മകയിരം ഞാറ്റുവേല തുടരുകയാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്; ചന്ദ്രബലം ഇല്ലാത്ത ആഴ്ചയാണിത്.
ചൊവ്വ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. വ്യാഴം, രാഹു എന്നിവർ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലാണ്. ശനി കുംഭത്തിൽ ചതയം നാളിലുണ്ട്. ബുധൻ ഇടവം രാശിയിൽ രോഹിണിയിലും ശുക്രൻ കർക്കടകത്തിൽ പൂയത്തിലും കേതു തുലാത്തിൽ ചോതിയിലും ആയി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്, ഈയാഴ്ച.
മൂലം: പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. കുടുംബകാര്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരാം. ഭൂമിയിൽ നിന്നുമുള്ള ആദായം വർദ്ധിക്കുന്നതാണ്. കാര്യാലോചനകളിൽ പങ്കെടുക്കും. മക്കളുടെ ഭാവികാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുവാനാവും. സാമ്പത്തികമായി അനുകൂലമായ കാലമാണ്. ഗൃഹനിർമ്മാണം അല്പം മന്ദീഭവിച്ചെന്ന് വന്നേക്കാം. ആരോഗ്യ കാര്യങ്ങളിൽ കരുതൽ വേണ്ടതാണ്.
പൂരാടം: ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരാം. എന്നാൽ സഹപ്രവർത്തകരിൽ നിന്നും വലിയ പിന്തുണ ലഭിക്കണം എന്നില്ല. വ്യാപാരികൾക്ക് വായ്പാ തിരിച്ചടവുകൾ മുടങ്ങാൻ സാധ്യതയുണ്ട്. നവസംരംഭങ്ങൾ തുടങ്ങാനോ തൊഴിൽ വിപുലീകരണത്തിനോ ഈ വാരം അനുകൂലമല്ല. പഠിതാക്കൾക്ക് ഉപരിപഠനത്തെ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ നീങ്ങുന്നതാണ്. ഗാർഹികമായിട്ടുള്ള സ്വസ്ഥത അല്പം കുറയുന്നതായി തോന്നാം.
ഉത്രാടം: നിലപാടുകളിൽ ഉറച്ചുനിൽക്കും. മർക്കടമുഷ്ടിയെന്ന് ആരോപണം ഉണ്ടാകാം. തൊഴിൽപരമായി ഭാഗികമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായും വലിയ മെച്ചം പറയാനാവില്ല. കരാറുകൾ ലഭിക്കാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വരും. കലാപരമായ പ്രവർത്തനങ്ങൾ മുന്നേറും. ബന്ധുക്കളുടെ സഹായം ലഭിക്കുന്നതാണ്. ജീവിതശൈലി രോഗങ്ങളുള്ളവർ ശ്രദ്ധാലുക്കളാവുന്നത് നന്ന്.
തിരുവോണം: മത്സരങ്ങളിൽ വിജയം ഉറപ്പിക്കാം. വാരാദ്യം ആത്മവിശ്വാസം വർദ്ധിക്കും. ധനപരമായി മെച്ചമുണ്ടാകുന്നതാണ്. പ്രധാനവ്യക്തികളുടെ പിന്തുണ വന്നെത്തും. നക്ഷത്രനാഥനായ ചന്ദ്രന് ബുധൻ, വ്യാഴം ദിവസങ്ങളിൽ രാഹു- വ്യാഴ യോഗം വരുന്നതിനാൽ നല്ല അനുഭവങ്ങൾക്കൊപ്പം ചില മനസ്സംഘർഷങ്ങളും ഭവിച്ചേക്കാം. ശത്രുക്കൾ പരോക്ഷശല്യം സൃഷ്ടിക്കാൻ മുതിരാം. വെള്ളി, ശനി ദിവസങ്ങളിൽ നക്ഷത്രനാഥന് ഉച്ചസ്ഥിതി വരുന്നതിനാൽ നേട്ടങ്ങൾ വർദ്ധിക്കും. മക്കളെക്കൊണ്ട് സന്തോഷാനുഭവങ്ങൾ വരാം.
അവിട്ടം: ചിലത് നേടാന്‍ പരിശ്രമം ആവര്‍ത്തിക്കേണ്ടതായി വരും. പലതിലും വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതി ഉണ്ടാവുന്നതാണ്. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ കൂടിയേക്കും. ഉദ്യോഗസ്ഥലത്ത് ചുമതലകളേറുന്ന സ്ഥിതി സംജാതമാകാം. കുടുംബാംഗങ്ങളോടൊത്ത് വിനോദയാത്രക്ക് ഒരുങ്ങും.
ഭൂമി സംബന്ധിച്ച ഇടപാടുകളില്‍ ചെറിയ നഷ്ടം വരാം. ആഢംബരച്ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചേക്കില്ല. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതുണ്ട്.
ചതയം: സംഭാഷണത്തില്‍ ശ്രദ്ധയുണ്ടാവണം. വാക്കുകള്‍ പരുഷങ്ങളായേക്കും. പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ക്ലേശിക്കും. വാരമദ്ധ്യത്തില്‍ ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വാഗ്ദാനങ്ങള്‍ നിറവേറപ്പെടും. തൊഴിലില്‍ പുരോഗതി കാണാനാവും. ഗാര്‍ഹികാന്തരീക്ഷം ക്ഷേമകരമാവും. ബന്ധുക്കളുമായി ഒത്തുചേരുവാന്‍ അവസരം ലഭിക്കും. വലിയ പണമിടപാടുകള്‍ ശ്രദ്ധിച്ചാവണം. തുടര്‍പഠനം സുകരമാവും.
പൂരുരുട്ടാതി:വ്യാഴത്തിന്റെ രാഹുബന്ധം അനാവശ്യമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കാം. കാര്യസാധ്യത്തിന് അധികം ഊര്‍ജ്ജം ചെലവഴിക്കേണ്ടതായി വരും. മത്സരങ്ങളില്‍ നേരിയ വിജയസാധ്യത പ്രതീക്ഷിക്കാം. കടബാധ്യത വീര്‍പ്പുമുട്ടിക്കാം. തൊഴില്‍യാത്രകള്‍ കൂടുന്നതാണ്. നവസംരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കാലം അനുകൂലമല്ല. തുടര്‍പഠനത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇച്ഛാഭംഗം ഉണ്ടായേക്കാം. വരവുചിലവുകള്‍ തുല്യമായിരിക്കും.
ഉത്രട്ടാതി:കാര്യസാധ്യത്തിന് ചിലപ്പോള്‍ വളഞ്ഞവഴി സ്വീകരിച്ചേക്കും. കര്‍മ്മരംഗത്ത് മാറ്റങ്ങള്‍ ആഗ്രഹിക്കുമെങ്കിലും അവ പ്രാവര്‍ത്തികമാക്കുന്നതില്‍ ഉത്സാഹം കാട്ടില്ല. ന്യായമായ ആഗ്രഹങ്ങള്‍ നടന്നുകിട്ടും. ചെറുപ്പക്കാരുടെ പ്രണയസ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കാം. കുടുംബാന്തരീക്ഷം പ്രക്ഷുബ്ധതക്ക് ശേഷമുള്ള ശാന്തതയിലാവും. മുതിര്‍ന്നവരുടെ ആരോഗ്യപരിപാലനത്തില്‍ ജാഗ്രത വേണം. വാരാന്ത്യം കൂടുതല്‍ ശോഭനമാകും.
രേവതി: സഹായസ്ഥാനത്ത് നക്ഷത്രാധിപന്‍ നില്‍ക്കുകയാല്‍ വേണ്ടത്ര പിന്തുണ ലഭിക്കും. പ്രയാസകരമായ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കാണാനാവും. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. വ്യവഹാരങ്ങളില്‍ അനുരഞ്ജനസാധ്യത തെളിയാം. വ്യാപാരികള്‍ക്ക് വായ്പകള്‍ നേടാന്‍ സാധിക്കും. ആത്മീയ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്നതാണ്. വിജ്ഞാനാന്വേഷണം, പഠനം എന്നിവ തടസ്സമില്ലാതെ പുരോഗമിക്കും. ധനസ്ഥിതി മെച്ചപ്പെടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.