/indian-express-malayalam/media/media_files/uploads/2023/06/Weekly-Horoscope-in-Malayalam-June-11-to-June-17.jpg)
Weekly Horoscope in Malayalam: June 11-June 17, 2023, Astrological Predictions for stars Aswathi to Revathy:
Weekly Horoscope in Malayalam: June 11-June 17, 2023, Astrological Predictions for stars Aswathi to Revathy: 2023 ജൂൺ 11 മുതൽ 17 വരെ (1198 ഇടവം 28 മുതൽ മിഥുനം 2 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ അശ്വതി മുതൽ രേവതി വരെ 27 നാളുകളിലും ജനിച്ചവരുടെ സമ്പൂർണ്ണനക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.
സൂര്യൻ ഇടവം മിഥുനം രാശികളിൽ സഞ്ചരിക്കുന്നു. മകയിരം ഞാറ്റുവേല തുടരുകയാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിലാണ്; ചന്ദ്രബലം ഇല്ലാത്ത ആഴ്ചയാണിത്. ചൊവ്വ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. വ്യാഴം, രാഹു എന്നിവർ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിലാണ്. ശനി കുംഭത്തിൽ ചതയം നാളിലുണ്ട്. ബുധൻ ഇടവം രാശിയിൽ രോഹിണിയിലും ശുക്രൻ കർക്കടകത്തിൽ പൂയത്തിലും കേതു തുലാത്തിൽ ചോതിയിലും ആയി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്, ഈയാഴ്ച.
അശ്വതി: രണ്ടാമെടത്തിലെ ബുധൻ വിദ്യയേകും. വാക്കിൽ വിഭുത്വമുണ്ടാകാം. പണം പല വഴികളിലൂടെ വന്നുചേരും. നാലിലെ ചൊവ്വ കുടുംബവഴക്കുകൾക്ക് വഴിയൊരുക്കാം. വാരത്തിന്റെ തുടക്കത്തിൽ നിഷ്പ്രയോജന കാര്യങ്ങൾ ചെയ്യേണ്ടിവന്നേക്കും. പാദരോഗം വിഷമിപ്പിക്കാം. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മികവേറുന്നതാണ്.
ഭരണി: തുടക്കത്തെക്കാൾ മധ്യവാരമാവും, കുറേക്കൂടി ഗുണദായകം. ഉന്മേഷകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. വരവുണ്ടാകും, പ്രതീക്ഷിച്ചതിലധികം. സൽസംഗങ്ങൾക്ക് സന്ദർഭം ഭവിക്കാം. കുടുംബാംഗങ്ങൾ തമ്മിൽ ഉണ്ടാകുന്ന അനൈക്യങ്ങൾ പരിഹരിക്കുക തലവേദനയാവും. വാഹനം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത വേണം. ഭവനം മോടിപിടിപ്പിക്കാൻ ശ്രമം തുടരുന്നതായിരിക്കും.
കാർത്തിക: വാരത്തിന്റെ തുടക്കത്തിൽ വരുമാനം കൂടും. ചില കിട്ടാക്കടങ്ങളിൽ തീരുമാനം ഉണ്ടാവും. ഭൂമിയിടപാടുകൾ ലാഭത്തിലാവുന്നതാണ്. വാരമധ്യത്തിൽ ചെലവധികരിച്ചേക്കും. യാത്രകൾ പ്രയോജനരഹിതമാകുന്നതാണ്. സൗഹൃദങ്ങൾ ഗുണത്തിനാണോ ദോഷത്തിനാണോ എന്ന വീണ്ടുവിചാരത്തിന് മുതിർന്നേക്കും. മുതിർന്ന അംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വാക്കുകൾ തെറ്റായി പ്രയോഗിച്ചതിനാൽ പരിഹസിക്കപ്പെടാനിടയുണ്ട്. ഗുണദോഷസമ്മിശ്രമായ വാരം.
രോഹിണി: കാലിക വിഷയങ്ങളിൽ താല്പര്യമേറും. രണ്ടാം നക്ഷത്രമായ മകയിരത്തിൽ സൂര്യൻ സഞ്ചരിക്കുകയാൽ വാക്കുകളിൽ അധികാരഭാവം നിറയുന്നതാണ്. സഹോദരിമാരുടെ പിന്തുണ നേടും. കർമ്മരംഗത്ത് വിവിധ പദ്ധതികൾ ആവിഷ്കരിക്കും. എന്നാൽ പ്രവർത്തന മികവ് അവകാശപ്പെടാനാവില്ല. യാത്രാക്ലേശം ഉണ്ടായേക്കും. സമയനിഷ്ഠ പാലിക്കാത്തതിന് മേലധികാരികളുടെ ശാസന കിട്ടാം. സാമ്പത്തികമായി വാരാദ്യം ഉണ്ടാവുന്ന മികവ് പിന്നീട് നിലനിർത്താൻ കഴിയണമെന്നില്ല.
മകയിരം: സൂര്യൻ ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ (മകയിരം ഞാറ്റുവേല) ഈയാഴ്ച ആയാസമേറുന്നതാണ്. ദേഹക്ഷീണമുണ്ടാകും. നക്ഷത്രാധിപന് നീചം ഭവിച്ചിരിക്കുകയാൽ അഗ്രഹിച്ചവ നേടാൻ ധാരാളമായി വിയർപ്പൊഴുക്കേണ്ടി വന്നേക്കാം. കുടുംബാംഗങ്ങൾക്കിടയിലെ തെറ്റിദ്ധാരണകൾ നീങ്ങാൻ കിണഞ്ഞു പരിശ്രമിക്കേണ്ടി വരുന്നതാണ്. ധനപരമായി മെച്ചങ്ങൾ ഉണ്ടാവാതിരിക്കില്ല. വിദ്യാഭ്യാസത്തിലെ തടസ്സങ്ങളെ മറികടക്കും. വ്യാഴം സദ്ദിനം.
തിരുവാതിര: സാമ്പത്തികമായി മെച്ചമുള്ള വാരമാണ്. ചന്ദ്രൻ പത്ത്, പതിനൊന്ന് ഭാവങ്ങളിൽ സഞ്ചരിക്കുകയാൽ തൊഴിലിൽ ഉന്നമനം പ്രതീക്ഷിക്കാം. സഹപ്രവർത്തകരുടെ വിശ്വാസമാർജ്ജിക്കും. ദുർലഭവസ്തുക്കൾ സ്വന്തമാക്കും. ആദായം പല വഴികളിലൂടെ ഉയരുന്നതാണ്. നിലപാടുകൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നതിൽ വിജയിക്കും. വാരാന്ത്യം ഗുണപ്രദമല്ല. ചെലവുകൾ വർദ്ധിക്കും. വാക്കുകളുടെ മേൽ നിയന്ത്രണം നഷ്ടമായേക്കും.
പുണർതം: ഏറ്റെടുത്ത ദൗത്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കും. സമൂഹത്തിൽ സ്വാധീനശക്തി ഉയരും. വിജ്ഞാനവിപുലീകരണത്തിന് സാഹചര്യം അനുകൂലമായിത്തീരുന്നതാണ്. അദ്ധ്വാനത്തിന് ന്യായമായ പ്രതിഫലം പ്രതീക്ഷിക്കാം. നിക്ഷേപങ്ങളിൽ നിന്നും ആദായം വന്നുചേരും. കുടുംബാംഗളുടെ പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം കണ്ടെത്താനാവും. മക്കളുടെ വിദ്യാഭ്യാസകാര്യത്തിലെ ആശങ്കകൾ നീങ്ങുന്നതാണ്. വാരാന്ത്യത്തിൽ ചെലവ് വർദ്ധിക്കാം.
പൂയം: ശുക്രൻ ജന്മനക്ഷത്രത്തിലൂടെ കടന്നുപോവുന്ന വാരമാണ്. വൈകാരികസന്തുലനം നഷ്ടമായേക്കാം. രണ്ടാം നക്ഷത്രത്തിൽ ചൊവ്വയുള്ളതിനാൽ കലഹപ്രേരണ, കടുത്ത വാക്കുകൾ പറയേണ്ടിവരിക എന്നിവയും സാധ്യതകളാണ്. പ്രതീക്ഷിച്ച ധനം വന്നുചേരും. സ്വർണമോ, വില കൂടിയ പാരിതോഷികങ്ങളോ ലഭിച്ചേക്കാം. ഉല്ലാസത്തിനും സന്തോഷാനുഭവങ്ങൾക്കും കൂടി സാധ്യതയുള്ള വാരമാണ്. പ്രിയജനങ്ങളെ കാണാനും സാധിച്ചേക്കും.
ആയില്യം: ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ ശാരീരികക്ലേശത്തിന് സാധ്യതയുണ്ട്. ക്ഷോഭം മനസ്സിനെ കലുഷമാക്കിയേക്കും. സഹോദരരുമായി വസ്തുതർക്കം രൂക്ഷമാകാം. എന്നാൽ ഭൗതികസാഹചര്യങ്ങൾ കുറച്ചൊക്കെ മെച്ചപ്പെടുന്നതാണ്. സാമ്പത്തിക ക്ലേശത്തിന് അയവുവന്നേക്കും. ഋണബാധ്യതകളിൽ ചില പരിഹാരങ്ങൾ തെളിയാം. തുടർ വിദ്യാഭ്യാസത്തിനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് ജോലിഭാരം അധികരിക്കും. ധ്യാനം, യോഗ തുടങ്ങിയ മനോനിയന്ത്രണ മാർഗങ്ങൾ പരിശീലിക്കുന്നത് നന്നായിരിക്കും.
മകം: ചില ഉൽക്കണ്ഠകൾ അനാവശ്യമായിരുന്നെന്ന് തിരിച്ചറിയും. ദാമ്പത്യത്തിലെ സ്വസ്ഥതയില്ലായ്മ മാറിക്കിട്ടും. അച്ഛന്റെ സ്വത്ത് സംബന്ധിച്ച തർക്കങ്ങളിൽ ചില അനുകൂലതകൾ വരാം. സർക്കാരിൽ നിന്നും കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക് അനുകൂലമായ സാഹചര്യമായിരിക്കും. നാലാം ഭാവാധിപനായ ചൊവ്വ പന്ത്രണ്ടിൽ മറഞ്ഞതിനാൽ ചിലർക്ക് വീടുവിട്ട് നിൽക്കേണ്ട സാഹചര്യം സംജാതമാകാം. ധനപരമായി മെച്ചവും ആരോഗ്യപരമായി മോശവും ആയ ആഴ്ചയാണ് മുന്നിൽ.
ഉത്രം: സഹപ്രവർത്തകർ പിന്തുണയ്ക്കുകയാൽ തൊഴിലിടത്തിൽ ചില നല്ല ആശയങ്ങൾ പ്രാവർത്തികമാക്കാനാവും. അധ്വാനം വിലമതിക്കപ്പെടും. കലാപ്രവർത്തകർക്ക് അംഗീകാരം ലഭിക്കും. മക്കളുടെ സ്വപ്നം സാക്ഷാൽകരിക്കാനായി മാതാപിതാക്കൾക്ക് കുറച്ചധികം വിയർപ്പൊഴുക്കേണ്ടി വരാം. ധനവരവ് പ്രതീക്ഷിച്ചത്ര ഉണ്ടാവില്ല. ആഢംബരത്തിനായി ചിലവുണ്ടാകും. ആരോഗ്യപശ്നങ്ങൾ തലപൊക്കാനിടയുണ്ട്.
അത്തം: കൂടിയാലോചനകളിലൂടെ പ്രശ്നപരിഹാരം വന്നുചേരും. തൊഴിലിൽ ശോഭിക്കാനാവും. വാഗ്വിലാസം പ്രശംസിക്കപ്പെടും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കാം. ബന്ധുജനങ്ങൾക്കായി കുറച്ച് അലച്ചിൽ ഉണ്ടായെന്ന് വന്നേക്കും. ബുധൻ, വ്യാഴം ദിവസങ്ങൾ അഷ്ടമരാശിയാകയാൽ കരുതൽ വേണ്ടതുണ്ട്. വ്യയത്തിൽ നിയന്ത്രണം അഭികാമ്യം.
ചിത്തിര: മുൻപ് തീരുമാനിച്ച കാര്യങ്ങൾ നിർവഹണത്തിലെത്തും. വ്യാപാര നവീകരണത്തിനായി സാമ്പത്തിക കരാറുകളിൽ ഏർപ്പെടും. കുടുംബവസ്തുക്കൾ സംബന്ധിച്ച തർക്കങ്ങൾക്ക് ചില പരിഹാരനിർദ്ദേശങ്ങൾ ഉണ്ടായേക്കും. സൗഹൃദങ്ങൾ ഗുണകരമാവും. ദാമ്പത്യത്തിൽ ഭാഗികമായി സ്വസ്ഥത പ്രതീക്ഷിക്കാം. വാരമധ്യത്തിൽ ക്രയവിക്രയങ്ങളിൽ ശ്രദ്ധയുണ്ടാവണം. അന്യദേശ പഠനത്തിന് വഴിതെളിയാം.
ചോതി: സ്വതന്ത്രമായ നിലപാടുകൾ വീട്ടിലും കർമ്മരംഗത്തും എതിർപ്പുകൾക്ക് ഇടവരുത്താം. പുതിയ കരാറുകൾ നേടാൻ ഒരുപാട് വിയർപ്പൊഴുക്കേണ്ടി വന്നേക്കും. മക്കളുടെ ഭാവികാര്യങ്ങൾക്കായി വായ്പകൾ പ്രയോജനപ്പെടുത്തും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. ഗവേഷകർക്ക് പ്രബന്ധം പൂർത്തിയാക്കി സമർപ്പിക്കാൻ നിർദ്ദേശം ലഭിക്കാം. വാരാന്ത്യത്തിൽ അഷ്ടമരാശി വരികയാൽ സാഹസങ്ങൾക്ക് മുതിരരുത്.
വിശാഖം: ചില ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കണമെന്നില്ല. പൊതുരംഗത്തുള്ളവർ ജനകീയ പ്രവർത്തനങ്ങളിൽ മുഴുകും. വിദ്യാർത്ഥികൾക്ക് തുടർപഠനം ആശിച്ചപോലെ സിദ്ധിക്കുന്നതാണ്. കൂട്ടുകാർക്കൊപ്പം വിനോദിക്കാൻ സന്ദർഭം ഉണ്ടാകുന്നതാണ്. കലാരംഗം ഉന്മേഷകരമാകും. ഭൂമിയിടപാടുകൾ ലാഭകരമായേക്കില്ല. വീടു പണി അല്പം മന്ദഗതിയിലായേക്കും. പ്രണയജീവിതം കുടുംബാംഗങ്ങളുടെ എതിർപ്പിന് കാരണമായേക്കും.
അനിഴം: തൊഴിൽ സംബന്ധിച്ച അശാന്തികൾ തുടരും. ചില പിൻവാങ്ങലുകൾ, ഉൾവലിയലുകൾ ഒക്കെ ഉണ്ടാവാം. വ്യക്തി മികവ് എപ്പോഴും എന്നപോലെ ഇപ്പോഴും സമാദരിക്കപ്പെടും. ഗാർഹസ്ഥ്യം മധുരോദാരമാകാം. നിറഞ്ഞ വിദ്യകൊണ്ട് ചിലരുടെ നെറികേടുകൾ തുറന്നുകാട്ടും. വിദ്യാഭ്യാസത്തിൽ നേട്ടങ്ങൾ വന്നെത്തും. രാഷ്ട്രീയനിലപാടുകൾ ചർച്ചാ വിഷയമായേക്കും. വരവിന്റെ വലിപ്പം ചെലവ് ചുരുക്കി തിരിച്ചറിയും. ഉദരരോഗമോ കഫരോഗമോ ക്ലേശിപ്പിച്ചേക്കാം.
തൃക്കേട്ട: നക്ഷത്രനാഥൻ മിത്രഗൃഹത്തിലാകയാൽ സുഹൃത്തുക്കളിൽ നിന്നും നല്ല അനുഭവങ്ങൾ വന്നെത്തും. ബന്ധുക്കൾ പിന്തുണക്കും. പാരിതോഷികങ്ങളോ പുരസ്കാരങ്ങളോ ലഭിക്കാം. സർക്കാർ കാര്യങ്ങളിൽ ചെറിയ തടസ്സം അനുഭവപ്പെടാം. അധികാരികളുടെ നീരസം ഉദ്യോഗസ്ഥരെ വിഷമവൃത്തത്തിലാക്കും. അലച്ചിലും ദേഹസൗഖ്യക്കുറവും സാധ്യതകളാണ്. ഭാഗ്യാധിപനായ ചന്ദ്രന് ബലക്ഷയം വരുന്നതിനാൽ സുപ്രധാനകാര്യങ്ങൾ ഈയാഴ്ച നിർവഹിക്കാതിരിക്കുക അഭികാമ്യം.
മൂലം: പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. കുടുംബകാര്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടി വരാം. ഭൂമിയിൽ നിന്നുമുള്ള ആദായം വർദ്ധിക്കുന്നതാണ്. കാര്യാലോചനകളിൽ പങ്കെടുക്കും. മക്കളുടെ ഭാവികാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുവാനാവും. സാമ്പത്തികമായി അനുകൂലമായ കാലമാണ്. ഗൃഹനിർമ്മാണം അല്പം മന്ദീഭവിച്ചെന്ന് വന്നേക്കാം. ആരോഗ്യ കാര്യങ്ങളിൽ കരുതൽ വേണ്ടതാണ്.
പൂരാടം: ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരാം. എന്നാൽ സഹപ്രവർത്തകരിൽ നിന്നും വലിയ പിന്തുണ ലഭിക്കണം എന്നില്ല. വ്യാപാരികൾക്ക് വായ്പാ തിരിച്ചടവുകൾ മുടങ്ങാൻ സാധ്യതയുണ്ട്. നവസംരംഭങ്ങൾ തുടങ്ങാനോ തൊഴിൽ വിപുലീകരണത്തിനോ ഈ വാരം അനുകൂലമല്ല. പഠിതാക്കൾക്ക് ഉപരിപഠനത്തെ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ നീങ്ങുന്നതാണ്. ഗാർഹികമായിട്ടുള്ള സ്വസ്ഥത അല്പം കുറയുന്നതായി തോന്നാം.
ഉത്രാടം: നിലപാടുകളിൽ ഉറച്ചുനിൽക്കും. മർക്കടമുഷ്ടിയെന്ന് ആരോപണം ഉണ്ടാകാം. തൊഴിൽപരമായി ഭാഗികമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായും വലിയ മെച്ചം പറയാനാവില്ല. കരാറുകൾ ലഭിക്കാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വരും. കലാപരമായ പ്രവർത്തനങ്ങൾ മുന്നേറും. ബന്ധുക്കളുടെ സഹായം ലഭിക്കുന്നതാണ്. ജീവിതശൈലി രോഗങ്ങളുള്ളവർ ശ്രദ്ധാലുക്കളാവുന്നത് നന്ന്.
തിരുവോണം: മത്സരങ്ങളിൽ വിജയം ഉറപ്പിക്കാം. വാരാദ്യം ആത്മവിശ്വാസം വർദ്ധിക്കും. ധനപരമായി മെച്ചമുണ്ടാകുന്നതാണ്. പ്രധാനവ്യക്തികളുടെ പിന്തുണ വന്നെത്തും. നക്ഷത്രനാഥനായ ചന്ദ്രന് ബുധൻ, വ്യാഴം ദിവസങ്ങളിൽ രാഹു- വ്യാഴ യോഗം വരുന്നതിനാൽ നല്ല അനുഭവങ്ങൾക്കൊപ്പം ചില മനസ്സംഘർഷങ്ങളും ഭവിച്ചേക്കാം. ശത്രുക്കൾ പരോക്ഷശല്യം സൃഷ്ടിക്കാൻ മുതിരാം. വെള്ളി, ശനി ദിവസങ്ങളിൽ നക്ഷത്രനാഥന് ഉച്ചസ്ഥിതി വരുന്നതിനാൽ നേട്ടങ്ങൾ വർദ്ധിക്കും. മക്കളെക്കൊണ്ട് സന്തോഷാനുഭവങ്ങൾ വരാം.
അവിട്ടം: ചിലത് നേടാന്‍ പരിശ്രമം ആവര്‍ത്തിക്കേണ്ടതായി വരും. പലതിലും വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതി ഉണ്ടാവുന്നതാണ്. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ കൂടിയേക്കും. ഉദ്യോഗസ്ഥലത്ത് ചുമതലകളേറുന്ന സ്ഥിതി സംജാതമാകാം. കുടുംബാംഗങ്ങളോടൊത്ത് വിനോദയാത്രക്ക് ഒരുങ്ങും.
ഭൂമി സംബന്ധിച്ച ഇടപാടുകളില്‍ ചെറിയ നഷ്ടം വരാം. ആഢംബരച്ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചേക്കില്ല. ആരോഗ്യപരമായി ശ്രദ്ധ വേണ്ടതുണ്ട്.
ചതയം: സംഭാഷണത്തില്‍ ശ്രദ്ധയുണ്ടാവണം. വാക്കുകള്‍ പരുഷങ്ങളായേക്കും. പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ക്ലേശിക്കും. വാരമദ്ധ്യത്തില്‍ ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വാഗ്ദാനങ്ങള്‍ നിറവേറപ്പെടും. തൊഴിലില്‍ പുരോഗതി കാണാനാവും. ഗാര്‍ഹികാന്തരീക്ഷം ക്ഷേമകരമാവും. ബന്ധുക്കളുമായി ഒത്തുചേരുവാന്‍ അവസരം ലഭിക്കും. വലിയ പണമിടപാടുകള്‍ ശ്രദ്ധിച്ചാവണം. തുടര്‍പഠനം സുകരമാവും.
പൂരുരുട്ടാതി: വ്യാഴത്തിന്റെ രാഹുബന്ധം അനാവശ്യമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കാം. കാര്യസാധ്യത്തിന് അധികം ഊര്‍ജ്ജം ചെലവഴിക്കേണ്ടതായി വരും. മത്സരങ്ങളില്‍ നേരിയ വിജയസാധ്യത പ്രതീക്ഷിക്കാം. കടബാധ്യത വീര്‍പ്പുമുട്ടിക്കാം. തൊഴില്‍യാത്രകള്‍ കൂടുന്നതാണ്. നവസംരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കാലം അനുകൂലമല്ല. തുടര്‍പഠനത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇച്ഛാഭംഗം ഉണ്ടായേക്കാം. വരവുചിലവുകള്‍ തുല്യമായിരിക്കും.
ഉത്രട്ടാതി: കാര്യസാധ്യത്തിന് ചിലപ്പോള്‍ വളഞ്ഞവഴി സ്വീകരിച്ചേക്കും. കര്‍മ്മരംഗത്ത് മാറ്റങ്ങള്‍ ആഗ്രഹിക്കുമെങ്കിലും അവ പ്രാവര്‍ത്തികമാക്കുന്നതില്‍ ഉത്സാഹം കാട്ടില്ല. ന്യായമായ ആഗ്രഹങ്ങള്‍ നടന്നുകിട്ടും. ചെറുപ്പക്കാരുടെ പ്രണയസ്വപ്നങ്ങള്‍ക്ക് ചിറക് മുളയ്ക്കാം. കുടുംബാന്തരീക്ഷം പ്രക്ഷുബ്ധതക്ക് ശേഷമുള്ള ശാന്തതയിലാവും. മുതിര്‍ന്നവരുടെ ആരോഗ്യപരിപാലനത്തില്‍ ജാഗ്രത വേണം. വാരാന്ത്യം കൂടുതല്‍ ശോഭനമാകും.
രേവതി: സഹായസ്ഥാനത്ത് നക്ഷത്രാധിപന്‍ നില്‍ക്കുകയാല്‍ വേണ്ടത്ര പിന്തുണ ലഭിക്കും. പ്രയാസകരമായ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കാണാനാവും. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. വ്യവഹാരങ്ങളില്‍ അനുരഞ്ജനസാധ്യത തെളിയാം. വ്യാപാരികള്‍ക്ക് വായ്പകള്‍ നേടാന്‍ സാധിക്കും. ആത്മീയ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്നതാണ്. വിജ്ഞാനാന്വേഷണം, പഠനം എന്നിവ തടസ്സമില്ലാതെ പുരോഗമിക്കും. ധനസ്ഥിതി മെച്ചപ്പെടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.