/indian-express-malayalam/media/media_files/uploads/2023/06/June-4-to-June-10-Weekly-Horoscope-.jpg)
Weekly Horoscope in Malayalam: June 04-June 10, 2023, Astrological Predictions for stars Aswathi to Revathy
Weekly Horoscope in Malayalam: June 04-June 10, 2023, Astrological Predictions for stars Aswathi to Revathy: 2023 ജൂൺ 4 മുതൽ 10 വരെ (1198 ഇടവം 21 മുതൽ 27 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ അശ്വതി മുതൽ രേവതി വരെ 27 നാളുകളിലും ജനിച്ചവരുടെ സമ്പൂർണ്ണനക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.
സൂര്യൻ ജൂൺ 8 ന് രോഹിണിയിൽ നിന്നും മകയിരം ഞാറ്റുവേലിൽ പ്രവേശിക്കുന്നു. ചന്ദ്രൻ രാഹുവും വ്യാഴവും മേടം രാശിയിൽ അശ്വതിയിലും, ശനി കുംഭം രാശിയിൽ ചതയത്തിലും കേതു തുലാം രാശിയിൽ ചോതിയിലും സഞ്ചരിക്കുന്നു. ചൊവ്വയും ശുകനും കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ സഞ്ചാരം തുടരുകയാണ്. ബുധൻ മേടം- ഇടവം രാശികളിൽ കാർത്തിക നാളിലൂടെ സഞ്ചരിക്കുന്നു.
അശ്വതി: വിജ്ഞാന സമ്പാദനം, ഗവേഷണം, ഉപരിപഠനം എന്നിവയ്ക്ക് അനുകൂലമായ കാലമാണ്. ഉദ്യോഗത്തിലെ ബലപരീക്ഷണത്തിൽ വിജയം നേടും. തൊഴിൽ വികസിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകും. ന്യായമായ ആവശ്യത്തിനുള്ള ധനസ്ഥിതി വന്നുചേരാതിരിക്കില്ല. വാഹനയാത്രയിൽ കരുതൽ വേണം.
ഭരണി: ഏഴാം നാളായ പൂയത്തിലെ ശുക്ര- കുജയോഗം സമ്മർദ്ദങ്ങൾ സൃഷ്ടിക്കാം. ഇരുഗ്രഹങ്ങളും തൊഴിൽസ്ഥാനത്ത് നോക്കുകയാൽ ജോലിഭാരം കൂടും. ശ്രദ്ധാപൂർവ്വമായിരിക്കണം, സാമ്പത്തികമായ ക്രയവിക്രയങ്ങൾ. കുടുംബാംഗങ്ങളെക്കൊണ്ട് ഗുണവും ദോഷവും വന്നേക്കാം. ചെലവുകളിൽ കുറച്ചൊരു നിയന്ത്രണം നല്ലതാണ്. ഗൃഹം മോടി പിടിപ്പിക്കാൻ ശ്രമം തുടങ്ങും. ദേഹക്ലേശം തുടരുന്നതാണ്.
കാർത്തിക: ആത്മവിശ്വാസം വർദ്ധിക്കും. മുടങ്ങും എന്ന് വിചാരിച്ച നല്ല കാര്യങ്ങൾ അവസാനനിമിഷം നടന്നുകിട്ടും. മക്കളുടെ കാര്യത്തിൽ പ്രധാന തീരുമാനം കൈക്കൊള്ളുന്നതാണ്. സകുടുംബ വിനോദ യാത്രകൾ സന്തോഷമേകും. ആവശ്യങ്ങൾക്ക് ധനം സ്വരൂപിക്കാൻ ക്ലേശിച്ചേക്കും. കൈവായ്പകളെ, സ്വർണവായ്പകളെ ഒക്കെ ആശ്രയിക്കേണ്ടതായി വന്നേക്കാം.
രോഹിണി: ഉദ്യോഗസ്ഥർക്ക് അലച്ചിലേറും. കാര്യസിദ്ധി എളുപ്പമാവില്ല. പദവികൾ പ്രതീക്ഷിച്ചവർക്ക് മനക്ലേശമുണ്ടായെന്നു വരാം. ആത്മാഭിമാനം ഉയർത്തിപ്പിടിക്കുക എന്നത് ഒരു ചെറിയ കാര്യമല്ലെന്നറിയും. ഉപരിപഠനത്തിന് പ്രവേശം ലഭിക്കുമെങ്കിലും വിഷയങ്ങളുടെ കാര്യത്തിൽ സന്ദേഹം തുടരുന്നതാണ്. കുടുംബ ജീവിതത്തിലെ ആശയ വൈവിധ്യങ്ങൾ വൈരുദ്ധ്യങ്ങളായി മാറുന്നത് മനസ്സംഘർഷത്തിന് കാരണമായേക്കും.
മകയിരം: സുഖാനുഭവങ്ങൾ കുറയാം. നിഷ്പ്രയോജനകരമായ കാര്യങ്ങൾ ചെയ്യുകയല്ലേ എന്ന് വിഷാദിച്ചേക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ വല്ലാതെ ക്ലേശിക്കേണ്ടിവരും. തൊഴിലിടത്തിൽ സ്വാധികാരവും സ്വാധീനവും ദുർബലമാകുന്നതായി തോന്നും. വരവ് മോശമാകില്ല. മുഖ്യമായ ആവശ്യങ്ങൾ നടന്നുകൂടും. പുതിയ ജോലി തേടുക നല്ലതാണ്. എന്നാൽ നിലവിലെ തൊഴിൽ ഉപേക്ഷിച്ചശേഷം ശ്രമം തുടങ്ങുന്നത് അഭിലഷണീയമാവില്ല.
തിരുവാതിര: തിരിച്ചടികളിൽ നിന്നും കരുത്താർജ്ജിക്കും. വൈകാരിക സമീപനങ്ങൾ ഗുണം ചെയ്യണമെന്നില്ല. വീട്ടിൽ നിന്നുമുള്ള പിന്തുണ സന്തോഷമേകും. കച്ചവടം വിപുലീകരിക്കുന്നതിന് ധനസഹായം വന്നുചേരും. പുതിയ വാഹനം വാങ്ങാനുള്ള ഉദ്യമം വിജയിച്ചേക്കും. ചടുലമായ നീക്കങ്ങൾ എതിരാളികളെ നിഷ്പ്രഭരാക്കും. ജീവിതശൈലീരോഗങ്ങൾ ഉപദ്രവിച്ചേക്കാം.
പുണർതം: വിദ്യാർത്ഥികൾക്ക് സന്തോഷമുണ്ടാകുന്ന വാർത്തകൾ ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് ചില ആശാവഹമായ അഭിമുഖങ്ങൾ ഉണ്ടാവും. പ്രണയികളുടെ ദാമ്പത്യ സ്വപ്നങ്ങൾ പൂവണിയാനിടയുണ്ട്. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ സമ്മർദ്ദം ഉണ്ടാവും. ദേശാന്തരയാത്രകൾ വേണ്ടിവരാം. സാമ്പത്തിക മെച്ചത്തിനായുള്ള ചില കരാറുകളിൽ ഒപ്പിടുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.
പൂയം: ദേഹക്ലേശത്തെ മനക്ലേശം അധികരിക്കും. ആവശ്യത്തിനും അനാവശ്യത്തിനും ‘ടെൻഷൻ’ ഉണ്ടാകും. പല കാര്യങ്ങളും തടസ്സപ്പെടുന്നതിൽ ആശങ്കയനുഭവിക്കും. മനസ്സിൽ ഉള്ളത് തുറന്നുപറഞ്ഞാൽ കേൾക്കാൻ കുടുംബാംഗങ്ങൾക്ക് സമയ സൗകര്യമില്ലെന്നതാവും കയ്പുള്ള അനുഭവം. ഭൗതിക സാഹചര്യങ്ങൾ അത്ര മോശമാവില്ല. ന്യായമായ കാര്യങ്ങൾക്കുള്ള ധനാനുകൂല്യം പ്രതീക്ഷിക്കാം.
ആയില്യം: ദുസ്സാഹസങ്ങൾ ഒഴിവാക്കണം. പിതാവിന്റെ സ്വത്തിൽ അവകാശം സിദ്ധിക്കും. തർക്കങ്ങളിൽ വിജയിക്കുന്നതാണ്. വരവുണ്ടാകുമെങ്കിലും ചെലവിലെ ധാരാളിത്തം നിയന്ത്രിക്കപ്പെടുന്നില്ല. വൈജ്ഞാനികമായി കരുത്തുനേടും. എന്നാൽ ഉപരിപഠനത്തിന് തടസ്സം അനുഭവപ്പെടും. ചെറുപ്പക്കാരുടെ വിവാഹാലോചനകൾക്ക് വലിയ പ്രതികരണം കിട്ടണമെന്നില്ല. വാഹനം, അഗ്നി, യന്ത്രം ഇവയുടെ ഉപയോഗത്തിൽ വലിയ ശ്രദ്ധവേണം.
മകം: പത്തിലെ സൂര്യ സഞ്ചാരം സാമ്പത്തിക ഗുണങ്ങളുണ്ടാക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് ശോഭിക്കാനാവും. പഴയ കടങ്ങൾ മടക്കിക്കിട്ടാം. പഴയ കുടുംബാംഗങ്ങളോടൊപ്പം ഒത്തുകൂടാനാവും. ആഢംബരച്ചെലവുകൾക്ക് വാസനയേറും. ചിലപ്പോൾ മനക്ലേശം സന്തോഷങ്ങളുടെ ശോഭ കെടുത്താം. അനാവശ്യമായ ഉൽക്കണ്ഠകൾ ഉയരാം. എങ്കിലും നേട്ടങ്ങൾ കൂടുതലാകുന്ന കാലം തന്നെയാണ്.
പൂരം: വരവധികമാകും. അധ്വാനത്തിന് നല്ല അംഗീകാരം സിദ്ധിക്കും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസ നിമിഷങ്ങൾ ചെലവിടാനാവും. അധികാരികളുടെ ഒത്താശയുണ്ടാവും. കച്ചവടം വിപുലീകരിക്കുന്നതിന് ചില ആലോചനകൾ നടത്തും. എന്നാൽ ധാരാളം ചെലവുമുണ്ടാകുന്നതാണ്. ഭൂമിസംബന്ധിച്ച കാര്യങ്ങളിൽ വിശേഷിച്ചും. തർക്കങ്ങൾ വരാം. കുടുംബാംഗങ്ങളോട് പിണങ്ങും.
ഉത്രം: ഉദ്ദേശിച്ച കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. അധ്വാനം പാഴാവുകയില്ല. ഉന്നതാധികാരികളുടെ പിന്തുണ ലഭിക്കും. കൃഷിക്കാർക്ക് ഉല്പന്നങ്ങൾ നന്നായി വിറ്റഴിക്കാനാവും. നവമാധ്യമങ്ങളിൽ പുതിയ വിശേഷങ്ങൾ പങ്കുവെക്കുവാൻ മുതിരുന്നതാണ്. ആഢംബര വസ്തുക്കൾ സമ്മാനമായി ലഭിച്ചേക്കാം. അയൽ ബന്ധങ്ങൾ മനപ്രയാസത്തിന് ഇടവരുത്തിയേക്കാം.
അത്തം: തരള ഭാവങ്ങൾ മൊട്ടിടും. മനുഷ്യരിലുള്ള നഷ്ടവിശ്വാസം മടക്കിക്കിട്ടുന്നതാണ്. വിവാഹം വേണ്ടെന്ന് നടന്നവർക്ക് പുനശ്ചിന്തയുണ്ടാവാം. സൗഹൃദങ്ങളിൽ ആശ്വാസവും ആനന്ദവും കണ്ടെത്തും. സാമ്പത്തികക്ലേശങ്ങൾക്ക് കുറവ് വരാം. ചിലരുടെ സഹായഹസ്തങ്ങൾ വലിയ പിടിവള്ളിയാവും. കലാകാരന്മാർക്ക് അംഗീകാരം ലഭിക്കുന്നതാണ്. രാശിനാഥനായ ബുധൻ ശത്രുരാശിയിൽ നിന്നും മാറുന്നതോടെ വ്യക്തിത്വം കൂടുതൽ ശോഭിക്കും.
ചിത്തിര: നക്ഷത്രനാഥനായ ചൊവ്വക്ക് ശുക്രബന്ധം വരികയാൽ സ്വഭാവത്തിലെ പരുക്കത്തം മിനുസപ്പെട്ടതായി അടുപ്പമുള്ളവർ പറഞ്ഞേക്കും. ഇന്ദ്രിയപരതയേറുന്നതാണ്. ആർഭാടത്തിന് ചെലവേറും. ഗൃഹം മോടി പിടിപ്പിക്കുക, വിലകൂടിയ മൊബൈൽഫോൺ മുതലായവ വാങ്ങുക തുടങ്ങിയവ സാധ്യതകളാണ്. എന്നാൽ ദാമ്പത്യസൗഖ്യം കുറഞ്ഞേക്കാം. പിടിവാശികൾ ‘ഈഗോ’ ആയി പരിണമിച്ചേക്കാം.
ചോതി: ജന്മരാശിയിലെ കേതു, പത്തിലെ കുജശുക്രയോഗം, ഏഴിലെ രാഹു, അഞ്ചിലെ ശനി തുടങ്ങിയവ ദേഹസുഖം കുറച്ചേക്കും. കർമ്മഗുണം മങ്ങാം. കഴിവുകൾ എവിടെപ്പോയി എന്ന് സ്വയം ചോദിച്ചേക്കാം. മക്കളുടെ ചില പ്രശ്നങ്ങൾക്ക് തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനിടയുണ്ട്. ഹൃദയബന്ധമുള്ളവരുമായി കലഹിക്കുക എന്നതും ഒരു സാധ്യതയാണ്. ന്യായമായ ആവശ്യങ്ങൾക്ക് ധനം വന്നുചേരാം.
വിശാഖം: പഴയ വിക്രമങ്ങളും ബാഹുവീര്യങ്ങളും അയവിറക്കും. ബൗദ്ധികമായ നിലപാടുകൾ മൂലം കർമ്മരംഗത്ത് സമാദരിക്കപ്പെടും. പണവരവ് കുറഞ്ഞാലും പ്രായോഗിക സമീപനത്താൽ കാര്യങ്ങൾ ഒരുവിധം ഭംഗിയായി നിർവഹിക്കും. മക്കളുടെ ഉപരി വിദ്യാഭ്യാസത്തിന് വായ്പകൾ പ്രയോജനപ്പെടുത്താൻ മുതിരുന്നതാണ്. ചെറുപ്പക്കാർ അഭിമുഖ പരീക്ഷകളിൽ ശോഭിക്കും. സുഹൃത്തുക്കളുമായി ഉല്ലാസയാത്ര നടത്തും.
അനിഴം: ചെയ്തുതീർത്ത ജോലികളെക്കുറിച്ച് ആലോചിക്കും മുന്നേ ചെയ്യാനുള്ള ജോലികൾ കുമിഞ്ഞുകൂടാം. അമിതാദ്ധ്വാനം ശരീരക്ഷീണത്തിന് കാരണമായേക്കും. എന്നാൽ ആത്മശക്തിയെ അത് തെല്ലും ബാധിച്ചേക്കില്ല. ചിലരുടെ കുയുക്തികളെ സമർത്ഥമായി ഖണ്ഡിക്കും. കുടുംബത്തിന്റെ പിന്തുണ വലിയ കരുത്തേകും. ചെറുപ്പക്കാരുടെ വിവാഹാലോചനകൾ നീണ്ടേക്കാം. ഉപരിപഠനത്തിൽ ചില തടസ്സങ്ങൾ അനുഭവപ്പെടുന്നതാണ്.
തൃക്കേട്ട: പഠനത്തിൽ താൽപര്യമേറുന്നതാണ്. നക്ഷത്രനാഥനായ ബുധൻ മേടം രാശിയിൽ നിന്നും പുറത്ത് കടക്കുകയാൽ എല്ലാക്കാര്യത്തിലും ദിശാബോധം വ്യക്തമാവും. വിജ്ഞാന സമ്പാദനത്തിൽ ശ്രദ്ധ കൂടും. ചെറുതും വലുതുമായ കാര്യങ്ങൾ കുറിച്ചെടുക്കും. തൊഴിലിൽ മാറ്റം ആഗ്രഹിക്കും. സാഹചര്യങ്ങളുടെ വീർപ്പുമുട്ടലുകൾക്ക് വ്യത്യാസം ഭവിച്ചേക്കും. ഗാർഹികമായി സുഖവും ദുഃഖവും കലരും. പണപരമായി സ്ഥിതി മോശമാവില്ല.
മൂലം: സാഹസങ്ങൾ ഒഴിവാക്കണം. സ്വന്തം വീരശൂരപരാക്രമങ്ങൾ തൽകാലം മറക്കുകയാവും ഉചിതം. നേതൃപദവി ലഭിച്ചേക്കും. ആരുടേയും പിണിയാളാവാൻ തയ്യാറാവില്ല. ഭൂമിയിടപാടുകളിൽ അമളി പറ്റാം. ദുഷ്പ്രേരണകൾ ഉണ്ടാവാം. ദാമ്പത്യത്തിൽ ചില ക്ലേശങ്ങൾ ഉണ്ടാവാം. മക്കളുടെ പഠന കാര്യത്തിനായി യാത്രകൾ വേണ്ടിവരും. സഹോദരാനുകൂല്യം സന്തോഷമേകും.
പൂരാടം: എത്ര ശ്രമിച്ചാലും ചില കൂട്ടുകെട്ടുകൾ ഒഴിവാക്കാനാവില്ല. അതിന്റെ ഗുണവും ദോഷവും അനുഭവിക്കാനാവും. പണച്ചെലവ് കൂടും. ഉപരിപഠനത്തിന്റെ കാര്യങ്ങളിൽ ആശയക്കുഴപ്പം തുടരും. കുടുംബകാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതായി വന്നേക്കാം. വസ്തു/വീട് വാങ്ങാനുള്ള തീരുമാനം നീണ്ടേക്കും. ആദ്ധ്യാത്മിക സപര്യകൾക്ക് സമയക്കുറവുണ്ടാകാം. ആരോഗ്യവിഷയത്തിൽ ജാഗ്രത വേണ്ടതുണ്ട്.
ഉത്രാടം: പൊതുവിഷയങ്ങളിൽ താൽപര്യമേറും. ആദർശങ്ങൾ മുറുകെ പിടിക്കുന്നതുകൊണ്ട് എന്തുനേടി എന്ന വേണ്ടപ്പെട്ടവരുടെ ചോദ്യത്തിന് ഉത്തരം മുട്ടാം. പേശീരോഗങ്ങൾ, ധാതുക്ഷയം എന്നിവ അലട്ടിയേക്കും. തൊഴിൽ നേട്ടത്തിന് തിളക്കം കുറയുന്നതാണ്. ധാരാളം യാത്രകൾ വേണ്ടിവന്നേക്കും. സർക്കാർ സംബന്ധപ്പെട്ട വിഷയങ്ങളിൽ പ്രായേണ അനുകൂലത പ്രതീക്ഷിക്കാം. വിവരശേഖരണം, കലാപ്രവർത്തനം എന്നിവക്കായി കൂടുതൽ നേരം ചെലവഴിക്കപ്പെടാം.
തിരുവോണം: വാരാദ്യത്തിൽ ക്ലേശങ്ങൾക്കാവും മുൻതൂക്കം. സമയനിഷ്ഠമായി ചിലത് പൂർത്തീകരിക്കേണ്ടതിന്റെ സമ്മർദ്ദം വന്നുചേരും. ചെലവധികരിക്കുന്നതായിരിക്കും. മക്കളുടെ കാര്യത്തിൽ ചില ഉദ്വേഗങ്ങൾ ഉണ്ടാവാം. കലഹപ്രേരണകൾ നിയന്ത്രിക്കപ്പെടണം. തൊഴിലിൽ നല്ല അനുഭവങ്ങൾ വന്നെത്തുന്നതാണ്. മേലധികാരികൾ പ്രശംസിച്ചേക്കും. സാമൂഹിക ജീവിതത്തിൽ ആഹ്ലാദം കണ്ടെത്തുന്നതാണ്. കുടുംബത്തിൽ സമാധാനം ഭവിക്കും.
അവിട്ടം: സ്വത്ത് സമ്പാദിക്കാൻ ശ്രമം തുടരും. ധനവിനിയോഗത്തിൽ ശ്രദ്ധ വേണ്ട കാലമാണ്. ചിന്താപരമായ വേഗത പ്രവർത്തികൾക്കുണ്ടാവണം എന്നില്ല. എതിരാളികൾ മറഞ്ഞുനിന്ന് ഉപദ്രവം ഉണ്ടാക്കും. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാം. എന്നാൽ അതിലെ നിബന്ധനകളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞേക്കില്ല. ഭക്ഷണത്തിൽ ജാഗ്രത വേണ്ടതുണ്ട്. ആരോഗ്യ പരിശോധനകൾ താമസിപ്പിക്കരുത്.
ചതയം: തൊഴിൽ വിജയത്തിന് കൂടുതൽ അധ്വാനം ആവശ്യമായി വരും. ലൗകിക കാര്യങ്ങൾ തന്മൂലം ചിലപ്പോൾ മുടങ്ങാം. എതിർപക്ഷത്തെ പരാജയപ്പെടുത്താനായി ചിലതൊക്കെ കണക്കുകൂട്ടും. ഹൃദയരോഗികൾ കൂടുതൽ ശ്രദ്ധാലുക്കളാവണം. തുടർ വിദ്യാഭ്യാസത്തിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കേണ്ടി വന്നേക്കാം. ചെലവിൽ നല്ല നിയന്ത്രണം വേണ്ടതുണ്ട്. ഭൂമിയിൽ നിന്നും ചെറിയ ആദായമെങ്കിലും വന്നെത്തുന്നതാണ്.
പൂരുരുട്ടാതി: ഉദ്യോഗസ്ഥലത്തിലെ ആധിപത്യത്തിന് എതിർപ്പുകൾ വരാം. സ്വയം തൊഴിലിൽ വരുമാനം കഷ്ടിയാവും. പുതിയ മുതൽ മുടക്കിന് ശ്രമം തുടരും. രോഗങ്ങൾക്ക് ചികിൽസ വേണ്ടിവരുന്നതാണ്. ഭൗതികമായ സന്തോഷാനുഭവങ്ങൾ പലതുണ്ടാകും. മക്കളുടെ നേട്ടങ്ങൾ സന്തോഷം കൊണ്ടുവരും. പേരക്കുട്ടികളുടെ കളിചിരികൾ ഗാർഹസ്ഥ്യത്തെ മധുരതരമാക്കും. പ്രമാണങ്ങൾ, നിബന്ധനകൾ ഇവയിൽ ഒപ്പുവെക്കുമ്പോൾ ജാഗ്രത വേണ്ടതുണ്ട്.
ഉത്രട്ടാതി: പലതരം നേട്ടങ്ങൾ ഉണ്ടാകുന്ന വാരമാണ്. ചന്ദ്രൻ പത്ത്, പതിനൊന്ന് രാശികളിലൂടെ സഞ്ചരിക്കുകയാൽ കർമ്മപുഷ്ടിയും കാര്യവിജയവും ഭവിക്കും. ഉദ്യോഗത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. സമൂഹത്തിൽ സ്വാധീനമേറുന്നതാണ്. മത്സരങ്ങളിലും എതിർപ്പുകളിലും വിജയിക്കാനാവും. മക്കളുടെ പഠന കാര്യത്തിൽ ചില മാനസിക സംഘർഷങ്ങൾ വന്നേക്കും. വാരാന്ത്യത്തിൽ ചെലവും അലച്ചിലും വരാം.
രേവതി: കൃത്യമായ പദ്ധതികളുടെ പിൻബലം കർമ്മപുരോഗതിക്ക് കാരണമാകും. ആസൂത്രണ മികവ് അഭിനന്ദിക്കപ്പെടും. കച്ചവടത്തിൽ വരുമാനം അധികരിച്ചേക്കും. കുടുംബക്ഷേത്രത്തിൽ ദർശനം നടത്താൻ സന്ദർഭം ഉണ്ടാവുന്നതാണ്. കുടുംബാംഗങ്ങളുടെ ഐക്യം ആത്മസംതൃപ്തിക്ക് കാരണമാകും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയിച്ചേക്കാം. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചില ദുർഘടങ്ങൾ ഉണ്ടാവാം. ഗൃഹമാറ്റത്തിനുള്ള സാഹചര്യം അനുകൂലമാകുന്നതാണ്. ആത്മനിയന്ത്രണം അനിവാര്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.