scorecardresearch

Weekly Horoscope Malayalam July 01- July 08, 2023: വാരഫലം സമ്പൂര്‍ണ്ണം, അശ്വതി മുതല്‍ രേവതി വരെ

Weekly Horoscope in Malayalam: July 01- July 08 Weekly Horoscope Astrological Predictionsfor stars Aswathi to Revathy: ബുധൻ മിഥുനത്തിലാണ്. ശുക്രൻ ആഴ്ചയുടെ ഒടുവിൽ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് സംക്രമിക്കുന്നു. ഈ വിധത്തിലുള്ള ഗ്രഹസ്ഥിതിയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും ഫലം ഇവിടെ പരിശോധിക്കുകയാണ്

Weekly Horoscope in Malayalam: July 01- July 08 Weekly Horoscope Astrological Predictionsfor stars Aswathi to Revathy: ബുധൻ മിഥുനത്തിലാണ്. ശുക്രൻ ആഴ്ചയുടെ ഒടുവിൽ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് സംക്രമിക്കുന്നു. ഈ വിധത്തിലുള്ള ഗ്രഹസ്ഥിതിയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും ഫലം ഇവിടെ പരിശോധിക്കുകയാണ്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology | iemalayalam

2023 ജൂലൈ 2 ഞായർ മുതൽ ജൂലൈ 8 ശനിവരെയുള്ള വാരഫലം

Weekly Horoscope in Malayalam: July 01- July 08 Weekly Horoscope Astrological Predictionsfor stars Aswathi to Revathy: തിരുവാതിര ഞാറ്റുവേല തുടരുന്നു. ജൂലൈ 3 ന് ഗുരുപൂർണിമ. പിന്നീട് കൃഷ്ണപക്ഷം. ശനി ചതയത്തിൽ വക്രഗതിയിലും വ്യാഴം ഭരണി നക്ഷത്രത്തിലും സഞ്ചരിക്കുന്നു. രാഹു അശ്വതിയിലും കേതു ചിത്തിരയിലും തുടരുകയാണ്.

Advertisment

നീചം കഴിഞ്ഞ ചൊവ്വ ചിങ്ങം രാശിയിൽ ബലവാനായി സഞ്ചരിക്കുന്നു. ബുധൻ മിഥുനത്തിലാണ്. ശുക്രൻ ആഴ്ചയുടെ ഒടുവിൽ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് സംക്രമിക്കുന്നു. ഈ വിധത്തിലുള്ള ഗ്രഹസ്ഥിതിയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും ഫലം ഇവിടെ പരിശോധിക്കുകയാണ്.

Advertisment

അശ്വതി: ആധികളുടെ ആധിപത്യകാലം അവസാനിക്കും. വിജയിക്കാനുള്ള സാഹചര്യം സ്വയം ആഗതമാവും. ചില വിഷമപ്രശ്നങ്ങൾക്ക് ഉത്തരം കിട്ടുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠിപ്പിന് മികച്ച അവസരം ഉണ്ടാവും. ധനസ്ഥിതി മെച്ചപ്പെട്ടേക്കും. മാതൃസൗഖ്യം പ്രതീക്ഷിക്കാം. വിരുന്നുകളിലും ആഘോഷങ്ങളിലും പങ്കെടുക്കാനാവും. നല്ല സുഹൃത്തുക്കളുടെ സഹവാസം ആത്മവിശ്വാസം വർദ്ധിപ്പിക്കും.

ഭരണി: വ്യാഴം ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ അല്പം സമ്മർദ്ദങ്ങൾ ഉണ്ടായേക്കാം. കൃത്യനിഷ്ഠയിൽ പിന്നിലായേക്കും. ചൊവ്വ അഞ്ചിൽ വരികയാൽ സന്താനങ്ങളെക്കുറിച്ച് ചിന്തയേറും. വക്രശനി ധനോന്നതിക്ക് കാരണമാകാം. മുൻകടങ്ങൾ ചിലത് ഭാഗികമായെങ്കിലും മടക്കിക്കിട്ടും. വ്യാപാരികൾക്ക് വായ്പാ തിരിച്ചടവ് എളുപ്പമാവും. ഉന്നതരുടെ പിന്തുണ കാര്യങ്ങൾ എളുപ്പമാവും. രാഷ്ട്രീയ പ്രവർത്തകർക്ക് പദവികൾ നേടാൻ കഴിയുന്നതാണ്.

കാർത്തിക: വിജ്ഞാനസമ്പാദനത്തിന് രണ്ടാംഭാവത്തിലെ ബുധൻ വഴിയൊരുക്കും. ഉന്നതപഠനത്തിന്റെ തടസ്സങ്ങൾ നീങ്ങും. ക്രയവിക്രയങ്ങളിൽ നേട്ടം കൈവരിക്കാനാകും. പുതുകരാറുകളിലും തൊഴിൽ ഉടമ്പടികളിലും ഏർപ്പെടും. വരുമാനത്തിലെ അസ്ഥിരത്വത്തിന് മാറ്റം വരാം. ഉദ്യോഗസ്ഥർ വലിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ നിയോഗിക്കപ്പെടാം. ആരോഗ്യപ്രശ്നങ്ങൾ ലഘുകൃതമാവാം. കുടുംബ പ്രാരബ്ധങ്ങളുടെ സമ്മർദ്ദം കൂടുന്നതായി തോന്നിയേക്കാം.

രോഹിണി: തൊഴിൽക്കഷ്ടങ്ങൾക്ക് ചെറിയ അയവ് വരാം. എന്നാലും ചില മാനസിക സമ്മർദ്ദങ്ങൾ ഒപ്പമുണ്ടാവും. ആരോഗ്യപരമായി ശ്രദ്ധവേണ്ടതുണ്ട്. കഫജന്യരോഗങ്ങൾ ഉപദ്രവിച്ചേക്കാം. നാലിലേക്ക് സംക്രമിച്ച ചൊവ്വ വാഹന കാര്യത്തിൽ ക്ലേശകർത്താവായേക്കാം. മാതൃജനങ്ങളുടെ ആരോഗ്യത്തിൽ ജാഗ്രത വേണം. പന്ത്രണ്ടാം വ്യാഴം ഭൗതികമായ ചിലവുകൾ സൃഷ്ടിക്കാനിടയുണ്ട്. നക്ഷത്രാധിപനായ ചന്ദ്രന് ഉച്ചവും ബലമുള്ളതിനാൽ പൊതുവേ നേട്ടങ്ങൾക്ക് തന്നെയാവും ഈ വാരത്തിൽ മുൻതൂക്കം.

മകയിരം: ഉന്നതമായ ആദർശങ്ങൾ ചിന്തയിൽ നിറയും. അത്രയും പ്രായോഗികമാക്കാൻ കഴിയാത്തതിന്റെ ക്ലേശം ചിലപ്പോൾ ഉണ്ടാവാം. ആത്മശക്തി കൂടുന്നതാണ്. അധികാരപൂർവ്വം പെരുമാറുന്നതായി സഹപ്രവർത്തകർ വിചാരിച്ചേക്കും. മിഥുനക്കൂറുകാർക്ക് കുറച്ചധികം അലച്ചിലുണ്ടാവും. ഗവേഷണം, മാധ്യമം, അദ്ധ്യാപനം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പുത്തനുണർവ്വ് പ്രതീക്ഷിക്കാം. സൈന്യം, അഗ്നിശമന വിഭാഗം, പോലീസ് തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്ക് സ്ഥാനക്കയറ്റം ഒരു സാധ്യതയാണ്.

തിരുവാതിര: ജന്മത്തിൽ ആദിത്യൻ സഞ്ചരിക്കുകയാൽ ദേഹാലസ്യം വരാം. വൃഥായത്നങ്ങൾ ഉണ്ടാവാം. കാര്യസാധ്യം പതുക്കെയായേക്കും. കുടുംബാംഗങ്ങളുടെ പിന്തുണ പ്രതിസന്ധികളെ മറികടക്കാൻ ഉതകുന്നതാണ്. രാശിനാഥന് മൗഢ്യം ഉള്ളതിനാൽ വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് മുതിരരുത്. പഴയ തൊഴിൽ ഉപേക്ഷിച്ച് പുതുതൊഴിൽ തേടുക ആശാസ്യമാവില്ല. പഠനനിലവാരം മെച്ചപ്പെട്ടില്ലെന്ന് വരാം.

പുണർതം: പ്രവർത്തനങ്ങളിൽ വിജയിക്കുമെങ്കിലും ചില നഷ്ടങ്ങൾ കൂടി വരാം. ധനവരവ് മോശമാകില്ല. കരാറുകളിൽ ഒപ്പിടും മുൻപ് അവയുടെ ഗുണദോഷവിചിന്തനം നടത്തുന്നത് നന്നായിരിക്കും. കുടുംബ കാര്യങ്ങൾ സന്തോഷപൂർണമാകുന്നതാണ്. ഗൃഹസംഗമങ്ങളിൽ പങ്കെടുക്കും. പാരമ്പര്യവസ്തുവകകളുടെ ക്രയവിക്രയങ്ങൾ ലാഭകരമാവാം. ചെലവ് നിയന്ത്രിക്കാൻ വിഷമിച്ചേക്കും. ഈശ്വരാധീനത്താൽ വൃദ്ധജനങ്ങളുടെ ആരോഗ്യസ്ഥിതിയിൽ മാറ്റം ഉണ്ടാകുന്നതാണ്.

പൂയം: പന്ത്രണ്ടിലെ ആദിത്യസ്ഥിതി അധികാരികളുടെ അപ്രീതിക്കിടവരുത്തും. സർക്കാരിൽ നിന്നും അനുമതി ലഭിക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതാണ്. പ്രതീക്ഷിച്ചിരുന്ന സ്ഥാനക്കയറ്റം നീണ്ടുപോയേക്കും. മക്കളുടെ പഠനാവശ്യത്തിന് വായ്പാ സഹായം പ്രയോജനപ്പെടുത്താൻ സാധിക്കും.. ചൊവ്വ മൂന്നാം നക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ പ്രതിബന്ധങ്ങൾ കൂടുന്നതാണ്. രാശിനാഥനായ ചന്ദ്രന് ബലമുള്ള കാലം തുടരുന്നത് ആശ്വാസപ്രദമാണ്.

ആയില്യം: ദൂരദിക്കുകളിൽ തൊഴിൽ സാധ്യതയുണ്ട്. എന്നാൽ കഠിനപ്രയത്നം വിലമതിക്കപ്പെടാൻ സന്ദർഭം കുറവാണ്. കൃത്യനിഷ്ഠക്ക് ഭംഗം വരാം. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. പൂർവിക സ്വത്തിനെച്ചൊലി ചില തർക്കങ്ങൾ ഉണ്ടായേക്കും വൈകാരിക ക്ഷോഭം നിയന്ത്രിക്കപ്പെടേണ്ടതാണ്. മക്കളുടെ വിവാഹാലോചനകൾക്ക് ചില താല്കാലിക തടസം വന്നേക്കാം. ഊഹക്കച്ചവടത്തിലെ നേട്ടം ശരാശരി മാത്രമായിരിക്കും. തിരിച്ചടവുകൾ ഭാഗികമാവും.

മകം: ‘വീണേടം വിഷ്ണുലോകം’ എന്ന മട്ടിൽ സാഹചര്യങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കും. ചിലരുടെ കുതന്ത്രങ്ങളെ മുളയിലേ നുള്ളും. വാരത്തിന്റെ ആദ്യദിനങ്ങളിൽ കയ്പേറുന്നതായി തോന്നുന്നതാണ്. ബുധൻ തൊട്ട് ശനി വരെ ദിവസങ്ങളിൽ കാര്യങ്ങൾ വരുതിയിലാകും. വിജയം അനിഷേധ്യമായിരിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. ദാമ്പത്യജീവിതത്തിൽ സംതൃപ്തി നിറയും.

പൂരം: വാക്സ്ഥാനാധിപനായ ബുധന് മൗഢ്യം തുടരുന്നതിനാൽ സംഭാഷണം ശത്രുക്കളെ സൃഷ്ടിക്കാം. വിദ്യാർത്ഥികളുടെ എഴുത്തിൽ അക്ഷരത്തെറ്റ് നിറയാം. ധനപരമായും ശ്രദ്ധ വേണം. ഫയലുകൾ തീർപ്പാക്കാൻ ശുഷ്കാന്തി കുറയുകയാൽ ഉദ്യോഗസ്ഥർ അധികാരികളുടെ ശാസന കേൾക്കും. വാരമധ്യം മുതൽ കൂടുതൽ നല്ല ഫലങ്ങൾ വന്നുചേരുന്നതാണ്.

ഉത്രം: കാലം കുറച്ചൊക്കെ അനുകൂലമാണ്. ദുഷ്കരം എന്ന് തോന്നിയിരുന്നവ സുകരമാണെന്ന് വരും. പ്രമുഖരുടെ വിശ്വാസമാർജ്ജിക്കും. സംഘടനാ പ്രവർത്തനങ്ങളിൽ വിജയിക്കാനാവും. വൈപരീത്യങ്ങളെ സുഘടിതമാക്കും. കുടുംബഭദ്രതയിൽ ആഹ്ളാദിക്കാനാവും. ചിങ്ങച്ചൊവ്വ ക്ഷോഭങ്ങൾക്ക് വഴിതുറക്കാം. ആത്മനിയന്ത്രണം അനിവാര്യമാണ്. ചെലവുകളിലും മിതത്വം ശീലിക്കേണ്ടതുണ്ട്.

അത്തം: അദ്ധ്വാനഭാരം കൂടുന്നതാണ്. പല കാര്യങ്ങളിൽ ഏകകാലത്ത് പ്രവർത്തിക്കേണ്ടുന്ന സാഹചര്യം മാനസിക സമ്മർദ്ദം സൃഷ്ടിക്കാം. സുഹൃത്തുക്കളുടെ പിന്തുണ നേടുന്നതാണ്. എന്നാൽ ബന്ധുക്കളുമായി അകലേണ്ടി വരാം. ചെറുയാത്രകൾ നിരന്തരമാവും. വരുമാനം മോശമാവില്ല. കടബാധ്യതകൾ ചിലപ്പോൾ വിഷാദം സൃഷ്ടിക്കാം. യുവാക്കളുടെ വിവാഹകാര്യത്തിൽ പുരോഗതിയുണ്ടാവാം.

ചിത്തിര: കേതു ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യപരമായി സുഖഹാനി ഭവിക്കാം. സ്വന്തം തീരുമാനങ്ങൾ സ്വയം തിരുത്തേണ്ടുന്ന സ്ഥിതി വരാം. മറ്റു ചില ഗ്രഹങ്ങളുടെ ആനുകൂല്യം ഉള്ളതിനാൽ നേട്ടങ്ങൾക്ക് തന്നെയാവും മുൻതൂക്കം. ഉന്നതരുടെ പിന്തുണ ലഭിച്ചേക്കാം. വ്യവഹാരത്തിൽ അനുരഞ്ജനം സാധ്യമാകുന്നതാണ്. മത്സരങ്ങളിൽ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയും. കുടുംബ പ്രശ്നങ്ങൾക്ക് വേഗത്തിൽ തീരുമാനം കണ്ടെത്തും. ഭൂമിയിൽ നിന്നും ആദായം വന്നുതുടങ്ങും.

ചോതി: പ്രണയികൾക്ക് നല്ല ദിവസങ്ങളാണ്. ദമ്പതികൾക്ക് പരസ്പരൈക്യം വർദ്ധിക്കും. ആഴ്ചയുടെ തുടക്കത്തിൽ ശുഭവാർത്തകൾ കേൾക്കും. പുതിയ സംരംഭങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുന്ന ആശങ്കകൾ നീങ്ങാം. വ്യാപാര വിപുലീകരണത്തിന് കാലം അനുകൂലമാണ്. വായ്പ- ചിട്ടി ഇവ ധനസമാഹരണം സാധ്യമാക്കും. ജീവിതശൈലീ രോഗങ്ങൾക്ക് വൈദ്യസഹായം വേണ്ടിവന്നേക്കും.

വിശാഖം: തൊഴിലിൽ സക്രിയമാവാൻ സാധിച്ചെന്ന് വരില്ല. പുതുകാര്യങ്ങൾ ആവിഷ്കരിക്കാൻ ശ്രമിക്കും. എന്നാൽ പത്താം ഭാവത്തിൽ ചൊവ്വയും അവിടേക്ക് ശനി ദൃഷ്ടിയും ഭവിക്കുകയാൽ എതിർപ്പുകളും ചില നഷ്ടങ്ങളും കൂടി സംഭവിക്കാം. വലിയ മുതൽ മുടക്കുകൾക്ക് തുനിയരുത്. വ്യക്തിപരമായി കാലം അനുകൂലമാണ്. ദാമ്പത്യം തൃപ്തികരമാവും. വിദ്യാഭ്യാസകാര്യത്തിൽ അന്യദേശവാസം ഒരു സാധ്യതയാണ്.

അനിഴം: നിലപാടുകളിൽ നിന്നും പിറകോട്ട് പോയേക്കാം. ആത്മവിചാരം അധികം ആയേക്കും. വീട്ടിലെ അറ്റകുറ്റപ്പണിക്ക് പണം കണ്ടെത്തും. കടം വാങ്ങാൻ പ്രേരണ വരാം. കലാമത്സരങ്ങൾക്ക് തയ്യാറെടുപ്പാരംഭിക്കും. ശരീരമനസ്സുകളെ ആലസ്യം ബാധിച്ചേക്കാനിടയുണ്ട്. കുടുംബാംഗങ്ങളുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളെ ശാസിക്കും. മിത്രങ്ങളുടെ ഉപദേശം, വിശേഷിച്ചും സാമ്പത്തിക കാര്യങ്ങളിൽ ചെവിക്കൊള്ളാൻ തയ്യാറാവില്ല.

തൃക്കേട്ട: നക്ഷത്രാധിപനായ ബുധന് മൗഢ്യം തുടരുന്നതിനാൽ സ്വന്തം കഴിവുകൾ പുറത്തെടുക്കാൻ പറ്റാത്ത സാഹചര്യം വന്നുചേരാം. അനാവശ്യ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയാവും ഉചിതം. തൊഴിൽപരമായ നേട്ടങ്ങൾക്ക് പരിമിതിയുണ്ടാവും. ചില ദിവസങ്ങൾ ഉന്മേഷരഹിതമായേക്കാം. സാമ്പത്തിക സ്ഥിതി മോശമാവില്ല. എന്നാൽ ഊഹക്കച്ചവടത്തിനും ഭൂമിയിടപാടിനും അത്ര നല്ല കാലമല്ല. കുടുംബബന്ധങ്ങൾ സാധാരണനിലയിൽ തുടർന്നേക്കാം.

മൂലം: സാഹചര്യങ്ങൾ തികച്ചും അനുകൂലമാണെന്ന് പറയാനാവില്ല. മുഖ്യമായും വസ്തുസംബന്ധിച്ച കാര്യങ്ങളിൽ കുറച്ചൊക്കെ അനുകൂല ഫലം പ്രതീക്ഷിക്കാം. കുടുംബപ്രശ്നങ്ങളിൽ നല്ല തീരുമാനം കൈക്കൊള്ളും. വ്യാപാരകാര്യത്തിനായി അലച്ചിലുണ്ടാവും. ചില ഉന്നതരുടെ സഹായം പ്രതീക്ഷിക്കുമെങ്കിലും അനുഭവത്തിലെത്താൻ വൈകുന്നതാണ്. തുടർപഠനത്തിൽ തീരുമാനമുണ്ടാകും. ഞായർ, തിങ്കൾ , ചൊവ്വ ദിവസങ്ങൾ മികച്ചതാവും

പൂരാടം: അനുകൂല ഫലങ്ങൾക്കാണ് ഈയാഴ്ച പൊതുവേ മുൻതൂക്കം. വ്യക്തിപരമായ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ കുടുംബാംഗങ്ങളുടെ പക്ഷം കൂടി കേൾക്കുന്നത് നന്നായിരിക്കും. ബിസിനസ്സുകാർക്ക് ലാഭം കൂടുന്നതാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്ന വിപണനതന്ത്രം ഉപയുക്തമാക്കും. സംഘടനാപ്രവർത്തനം സ്വൈരം കെടുത്തുന്ന വിധത്തിലാവുന്നുണ്ടോ എന്ന് പര്യാലോചിക്കും. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം സൽകാര്യങ്ങൾക്ക് ഉപയോഗിക്കും.

ഉത്രാടം: വിജയിക്കാനുള്ള തന്ത്രങ്ങൾ സ്വയം മെനയുന്നതാണ്. എന്നാൽ ആവനാഴിയിലെ എല്ലാ അമ്പും ഉപയോഗിക്കണം എന്നില്ല. തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാവും ശ്രമിക്കുക. കടുത്ത മത്സരങ്ങളെ അഭിമുഖീകരിക്കേണ്ടി വരില്ല. വ്യക്തിബന്ധങ്ങളുടെ ഹൃദ്യത ചിലപ്പോൾ മനസ്സിലായില്ലെന്ന് വരാം. വായ്പാ തിരിച്ചടവ് സുഗമമാവും. ആഴ്ചയുടെ മധ്യഭാഗം വരെ ഗുണാധിക്യം പ്രതീക്ഷിക്കാം. രോഗക്ലേശം ഒരു സാധ്യത.

തിരുവോണം: നിയമപ്പോരാട്ടങ്ങളിൽ ചിലപ്പോൾ അനുരഞ്ജനം വേണ്ടി വന്നേക്കും. മൂഢസ്വർഗത്തിലാണ് എന്ന ആരോപണം കേൾക്കാനിടയുണ്ട്. കരുതിയതിൽ ചിലതൊക്കെ ചെയ്യാനാവും. ആഴ്ചയുടെ ആരംഭത്തിൽ നേട്ടങ്ങൾക്കായിരിക്കും, മുൻതൂക്കം. നീതിയുക്തമായ കാര്യനിർവഹണം സഹപ്രവർത്തകരുടെ പ്രശംസക്ക് കാരണമാകുന്നതാണ്. ആരോഗ്യപരമായി കാലം സമ്മിശ്രമാണെന്നത് ഓർമ്മയിലുണ്ടാവണം. പണവരവ് മോശമാകില്ല.

അവിട്ടം: ഒപ്പമുള്ളവരെ വിഷമിപ്പിച്ചേക്കാം എന്നുകരുതി ചില കാര്യങ്ങൾ വേണ്ടെന്നുവെച്ചേക്കും. നക്ഷത്രനാഥനായ ചൊവ്വയുടെ സുസ്ഥിതി ആത്മശക്തിക്ക് കാരണമാകും. മത്സരങ്ങളിൽ മെച്ചപ്പെട്ട നിലയുണ്ടാവും. മിഥുനസൂര്യൻ സർക്കാർ ഇടപാടുകളിൽ നേട്ടം കൊണ്ടുവരാം.
കരാർ പണിക്കാർക്ക് അവരുടെ ബില്ലുകൾ മാറിക്കിട്ടുന്നതാണ്. ഭൂമി സംബന്ധിച്ച ഇടപാടുകളിൽ ഉണ്ടായിരുന്ന തടസ്സം നീങ്ങുന്നതാണ്.

ചതയം: ചൊവ്വ ഏഴിലേക്ക് വരുകയാൽ ദാമ്പത്യ ജീവിതത്തിൽ മലരുകൾക്കൊപ്പം മുള്ളും കലരാം. പ്രണയികൾക്ക് അത്ര അനുകൂലമല്ല, ഏഴിലെ കുജസ്ഥിതി. കർമ്മഗുണം കുറയില്ല. നിശ്ചയിച്ച കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കും. സഹോദരരുടെ പിന്തുണ നാമമാത്രമായിരിക്കും. സ്വന്തം കഴിവുകൾ തിരിച്ചറിയാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. വരുമാനം മോശമാകില്ല. ആറിലെ ശുക്രനാൽ എതിർപ്പുകളുടെ അന്തരീക്ഷവും തുറക്കപ്പെടാം. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം.

പൂരുട്ടാതി: ചില ധർമ്മസങ്കടങ്ങൾ അകലാം. ദിശാബോധം കൈവരുന്നതാണ്. വിജയപ്രതീക്ഷ ഉയരും. കുംഭക്കൂറുകാർക്ക് ചൊവ്വ ഏഴിൽ വരികയാൽ കുടുംബസുഖം കുറഞ്ഞേക്കും. മീനക്കൂറുകാർക്ക് ശത്രുക്കളുടെ പ്രവർത്തനം നന്നായി പ്രതിരോധിക്കാൻ സാധിക്കും. "ക്രിയാ കേവലമുത്തരം" എന്ന മട്ടിൽ പെട്ടെന്ന് തീരുമാനങ്ങളെടുക്കും; നടപ്പിലാക്കും. വരുമാനം ഉയരുന്നതാണ്.

ഉത്രട്ടാതി: ഉന്നമനേച്ഛയുണ്ടാവും. അതിന്നായി പ്രവൃത്തിക്കാനും തുനിയും. എന്നാൽ നാലിലെ സൂര്യസ്ഥിതി ആലസ്യത്തിന് കാരണമാകാം. അധികാരികളുടെ ഇടപെടൽ വിഷമിപ്പിക്കാനിടയുണ്ട്. ഉപരിപഠനതടസ്സങ്ങൾ നീങ്ങുന്നതാണ്. രോഗക്ലിഷ്ടതക്ക് ശമനം വരാം. വ്യവഹാരങ്ങളിൽ നല്ലതീർപ്പുണ്ടായേക്കാം. കുടുംബജീവിതത്തിലെ കീറാമുട്ടികൾക്ക് പരിഹാരം കണ്ടെത്തുന്നതാണ്.

രേവതി: വ്യവഹാരത്തിലെ പൊറുതികേടുകൾക്കും പൊല്ലാപ്പുകൾക്കും ന്യായമായ തീർപ്പുണ്ടാവാം. ദുഷ്ടലാക്കോടെയുള്ള ചിലരുടെ നീക്കങ്ങളെ മുൻകൂട്ടി കണ്ടറിയും. ഉൾക്കരുത്തുള്ള പ്രതിരോധം ഒരുക്കും. ഉദ്യോഗസ്ഥർക്ക് പദവിക്കയറ്റം വരാവുന്നതാണ്. വ്യാപാരികൾക്ക് വികസനം സാധ്യമാകും. തിരിച്ചടവുകൾ മുടങ്ങില്ല. സന്താനങ്ങളുടെ ഉൽകർഷം ആഹ്ളാദം നിറയ്ക്കും. സാമ്പത്തികമായി സുസ്ഥിതിയുണ്ടായില്ലെങ്കിലും ദുസ്ഥിതി ഉണ്ടാവില്ല. വാതസംബന്ധിയായ രോഗങ്ങൾക്ക് ചികിൽസ അനിവാര്യമായേക്കും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: