/indian-express-malayalam/media/media_files/2025/10/25/weekly-horoscope-2025-10-25-14-59-35.jpg)
Weekly Horoscope, October 26-November 01
Weekly Horoscope: ആദിത്യൻ നീചക്ഷേത്രമായ തുലാം രാശിയിൽ ചോതി ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്ത പഞ്ചമി മുതൽ ഏകാദശി വരെ തിഥികളിൽ സഞ്ചരിക്കുന്നു. വ്യാഴം ഉച്ചക്ഷേത്രമായ കർക്കടകത്തിലാണ്. ശനി മീനം രാശിയിൽ വക്രസഞ്ചാരം തുടരുന്നു. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലുമാണ്. ബുധൻ വൃശ്ചികം രാശിയിലാണ്. ചൊവ്വ ഒക്ടോബർ 27ന് വൃശ്ചികം രാശിയിൽ പ്രവേശിക്കും.
ശുക്രൻ നീചക്ഷേത്രമായ കന്നിരാശിയിൽ തുടരുന്നു. തൃക്കേട്ടയിൽ തുടങ്ങി ചതയം വരെ നക്ഷത്രമണ്ഡലങ്ങളിലൂടെയാണ് ഈയാഴ്ചത്തെ ചന്ദ്രസഞ്ചാരം. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ഒക്ടോബർ 26 മുതൽ നവംബർ 1 വരെയുളള വാരഫലം ഇവിടെ വിശദീകരിക്കുന്നു.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
അശ്വതി
സഫലമായ ഒരു വാരമാണ് മുന്നിൽ. കേസരിയോഗം ഉണ്ട്, ചന്ദ്രനും വ്യാഴത്തിനും ബലം ഭവിക്കുന്നു. അതിനാൽ മനശ്ചാഞ്ചല്യം ഒഴിവാക്കി കർമ്മനിരതരാവേണ്ട സന്ദർഭമാണ്. തൊഴിലിടത്തിൽ വ്യക്തമായ ആസൂത്രണം, കൃത്യനിർവഹണം എന്നിവ കൂടിയേ കഴിയൂ! പുതിയ ഉത്തരവാദിത്വങ്ങൾ വന്നെത്തും. സഹപ്രവർത്തകരെ കർമ്മോത്സുകരാക്കേണ്ട ദൗത്യത്തിൽ മുഴുകണം. ആദിത്യൻ അനിഷ്ടനാകയാൽ ലക്ഷ്യബോധം കുറയാം. ഉന്നതരുടെ പിന്തുണ വാക്കിലൊതുങ്ങും. ഗാർഹികമായ സ്വൈരം പ്രതീക്ഷിക്കാം. പഴയ കടബാധ്യത തീർക്കാൻ ചില വഴികൾ തെളിയുന്നതാണ്.
ഭരണി
നക്ഷത്രാധിപനായ ശുക്രന് നീചം തുടരുകയാൽ അവഗണനയുണ്ടാവും. ന്യായമായി കിട്ടേണ്ട പരിഗണന ഒരിടത്തുനിന്നും ലഭിക്കുകയുമില്ല. ഔദ്യോഗിക ജോലികൾ കൂടുന്നതിനാണ് സാധ്യത കാണുന്നത്. പകരക്കാർ ചീത്തപ്പേരുണ്ടാക്കും. വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതിരിക്കുക കരണീയം. പേരക്കുട്ടികളോടുള്ള സ്നേഹം ഹൃദയത്തിൽ പന്തലിക്കും. വാക്കുകളിൽ കരുതലുണ്ടാവണം. ലഭിച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തത് വിഷമിപ്പിക്കും. രാശ്യധിപനായ ചൊവ്വ അഷ്ടമത്തിലേക്ക് നീങ്ങുകയാൽ ദേഹമനക്ലേശങ്ങൾ ഭവിക്കാനിടയുണ്ട്.
കാർത്തിക
ചില കാത്തിരിപ്പുകൾക്ക് അവസാനമാവും. സൂത്രപ്പണികൾ വിജയിക്കും. ന്യായമായ ആവശ്യങ്ങൾക്ക് ധനം വന്നെത്തും. പുതിയ കാര്യങ്ങളുടെ നിർവഹണത്തിൽ കൂടുതൽ മനസ്സർപ്പിക്കേണ്ട സ്ഥിതിയുണ്ടാവും. വേണ്ടപ്പെട്ടവരുടെ പിണക്കങ്ങളെ അനുരഞ്ജിപ്പിക്കാൻ തയ്യാറാവും. ഗവേഷകർക്ക് പ്രബന്ധാവതരണത്തിനുള്ള സമയപരിധി അടുക്കും. കടബാധ്യതകൾ പരിഹരിക്കാൻ കൂടുതൽ കടം വാങ്ങുന്നതിന് ഉൾപ്രേരണയുണ്ടാവും. അതിന് വിധേയമാകരുത്. മകളുടെ കുടുംബത്തിനൊപ്പം പോയി കുറച്ചുനാൾ താമസിക്കേണ്ടി വന്നേക്കാം. ചികിൽസാമാറ്റം ജാഗ്രതയോടെയാവണം.
രോഹിണി
കാര്യനിർവഹണം നേട്ടങ്ങൾക്ക് കാരണമാകാം. അപ്രതീക്ഷിത സഹായം/ സഹകരണം ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് ഏകോപനം സുസാധ്യമാവും. കച്ചവടത്തിൽ നിന്നും ആദായമുയരും. പ്രണയികൾക്കിടയിൽ തർക്കങ്ങൾ മുറുകും. മകൻ്റെ പ്രവർത്തനങ്ങളെച്ചൊല്ലി ചില അലോസരങ്ങൾ ഉയരാം. മുൻനിശ്ചയിച്ച യാത്രകൾ മാറ്റിവെക്കേണ്ടി വന്നേക്കാം. മത്സരങ്ങളിൽ/ അഭിമുഖങ്ങളിൽ വിജയിക്കാനാവും. അതിഥികൾക്കായി കുറച്ചധികം സമയം മാറ്റിവെക്കാനിടയുണ്ട്. ഞായർ മുതൽ ചൊവ്വ വരെ അഷ്ടമരാശിക്കൂറ് ആകയാൽ കരുതൽ വേണം.
മകയിരം
വാരാദ്യ ദിവസങ്ങളിലെ ക്ലേശങ്ങളും അലച്ചിലും പണച്ചെലവും ഒഴിച്ചാൽ ഗുണാനുഭവങ്ങൾ കുറയില്ല. നേതൃത്വം പദവികൾ തന്ന് പരിഗണിക്കുന്നതിൽ സന്തോഷിക്കും. ആത്മവിശ്വാസം ഉയരുന്നതാണ്. വിദ്യാർത്ഥികൾക്ക് കലാകായിക മത്സരങ്ങളിൽ വിജയമുണ്ടാവും. രോഗഗ്രസ്തർക്ക് ശ്വാസമുണ്ടാവുന്നതായിരിക്കും. പഴയ ചിന്താഗതി ഉപേക്ഷിക്കുവാനും കാലത്തിനൊപ്പം സഞ്ചരിക്കുവാനും സന്നദ്ധത വരാം. ഗ്രഹപ്പിഴകളുടെ കത്തിവേഷങ്ങൾ അരങ്ങൊഴിയുന്നതിൽ സന്തോഷിക്കുന്നതാണ്. ഉപരിപഠന കാര്യത്തിൽ തീരുമാനമുണ്ടാവും.
തിരുവാതിര
സ്വാനുഭവങ്ങൾ നൽകിയ കരുത്തുണ്ടാകും, ജീവിതമാർഗം തെളിച്ചുകാട്ടാൻ. വാക്കുകളുടെ വശ്യകാന്തി അനുയായികളെ സൃഷ്ടിക്കാനിടയുണ്ട്. പഴമയെ ഇഷ്ടപ്പെടുമ്പോഴും പുതുമയെ അവഗണിക്കാനാവില്ല. കുടുംബത്തിൻ്റെ പിന്തുണ എപ്പോഴും ഉണ്ടാവും. ധനം ചെലവു ചെയ്യാൻ മടിക്കില്ല. പക്ഷേ ദുർവ്യയം ഒഴിവാക്കണം. കൃത്യാന്തരങ്ങൾ ദേഹക്ലേശം സൃഷ്ടിക്കാം. ആരോഗ്യപരിപാലനത്തിൽ ഉപേക്ഷ വിചാരിക്കരുത്. വ്യാഴം, വെള്ളി മേന്മ കുറയാം. അതിഥികളെ സൽക്കരിക്കാനും അവരുടെ നല്ലവാക്കുകൾ കേൾക്കാനുമാവും.
പുണർതം
നക്ഷത്രാധിപൻ ഉച്ചത്തിൽ സഞ്ചരിക്കുന്നത് ഗുണകരമാണ്. ദിശാബോധത്തോടെ പ്രവർത്തിക്കാനാവും. തടസ്സങ്ങളെ മറികടന്ന് മുന്നേറും. കാര്യസാധ്യത്തിന് ഉന്നതരുടെ പിന്തുണ കിട്ടും. ലഘുവിഷയങ്ങളിൽ നിന്നും മനസ്സ് ഉയരുന്നതാണ്. ആധ്യാത്മിക സാധനകൾ സഫലമാവും. ഗുരുജനങ്ങളെ കാണാനവസരം കൈവരുന്നതാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മകൻ്റെ മേൽപഠനത്തിന് തുക കണ്ടെത്തും. ഭാവിസംബന്ധിച്ച ഗൗരവമുള്ള ആലോചനകളിൽ ഏർപ്പെടുന്നതാണ്. അറിവുനേടാനുള്ള വ്യഗ്രത തുടരും. ബിസിനസ്സിൽ ഉയർച്ചയുണ്ടാവും. നിയമപ്രശ്നങ്ങളിൽ വിദഗ്ദ്ധോപദേശം സ്വീകരിക്കുന്നതാണ്.
പൂയം
ജന്മരാശിയിൽ വ്യാഴം സഞ്ചരിക്കുന്നത് പ്രതിസന്ധികൾക്ക് കാരണമായേക്കാം. അയത്നസുലഭങ്ങൾ സുദുർലഭങ്ങളായേക്കും. സ്വസ്ഥത കുറയാനിടയുണ്ട്. വ്യാമോഹങ്ങളുടെ കൈയ്യിലെ കളിപ്പാവ എന്ന സ്ഥിതിയും ഉണ്ടാവും. ഈയാഴ്ചയിൽ ഗുണദോഷാനുഭവങ്ങൾ കലരുന്നതാണ്. നക്ഷത്രാധിപനായ ശനിയുടെ വക്രഗതിയുള്ളതിനാൽ മുൻവെച്ച കാൽ പിന്നോട്ടെടുക്കാൻ സാധ്യതയുണ്ട്. രാശിനാഥനായ ചന്ദ്രൻ 6, 7 ഭാവങ്ങളിൽ കൂടി ഏകാന്തസഞ്ചാരം നടത്തുന്നതിനാൽ ഏകാകിത്വത്തിൽ അഭിരമിച്ചേക്കാം. ഒപ്പം തന്നെ ഭോഗാനുഭവങ്ങളും ഭവിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങൾ നവാരംഭങ്ങൾക്ക് ഉചിതമായേക്കില്ല.
ആയില്യം
ബുധന് കുജയോഗം തുടരുകയാൽ പിരിമുറുക്കം കുറയില്ല. പല കാര്യങ്ങളിലും അനാവശ്യമാം വിധം ഉത്കണ്ഠ ഉയരുന്നതാണ്. ന്യായത്തിൻ്റെ ഭാഗം കേൾക്കാൻ തയ്യാറായേക്കില്ല. ഗൃഹ നിർമ്മാണത്തിൻ്റെ ചെലവുകൾ കൂടും. പണം കണ്ടെത്തുക ദുഷ്കരമായേക്കാം. കുടുംബത്തിൻ്റെ പിൻബലം കരുത്തുപകരുന്നതാണ്. മകൻ്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാവും. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നിർബന്ധശീലം പുലർത്തും. ചെറുപ്പക്കാരുടെ പ്രണയബന്ധം പുഷ്കലമാവും. വിശ്രമം കുറയുന്നതാണ്. വാരാന്ത്യദിനങ്ങളിൽ അലച്ചിലുണ്ടാവും.
Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മകം
കൂടുതൽ അധ്വാനിക്കേണ്ടിവരും. ഔദ്യോഗികമായ പലകാര്യങ്ങളുടെയും ഉള്ളുകള്ളികൾ മനസ്സിലാക്കും. സംഘടനാ ചുമതലകളോട് വിരക്തി അനുഭവപ്പെടുന്നതാണ്. സ്വയം ഒഴിയാനുള്ള ശ്രമങ്ങൾ വിജയിച്ചേക്കില്ല. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിൽ നിൽക്കും. സാമ്പത്തിക ഇടപാടുകളിൽ കരുതലുണ്ടാവണം. കുടുംബത്തിനൊപ്പം ലഘുയാത്രകൾ, വിനോദം, പുറമേ നിന്നുള്ള ഭക്ഷണം ഇത്യാദികൾക്ക് സന്ദർഭം സൃഷ്ടിക്കുന്നതാണ്. ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവും. തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് ഗുണം കുറയാം.
പൂരം
ജനോപകാരപ്രദമായ കാര്യങ്ങളിൽ താല്പര്യമേറും. ഏകാഗ്രത പുലർത്തും. ദീർഘവീക്ഷണം മേലധികാരികളാൽ അഭിനന്ദിക്കപ്പെടും. വശ്യവചസ്സുകൾ ഉതിർക്കുന്നതാണ്. കവിതയിലും രചനയിലും സ്വന്തം കഴിവ് പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചേക്കും. പഠിച്ച വിഷയം സംബന്ധിച്ച സംശയം തീർക്കാനവസരം കൈവരുന്നതാണ്. കുടുംബാംഗങ്ങളുടെ തെറ്റിദ്ധാരണ തീർക്കാനായേക്കും. സാമ്പത്തികമായി അല്പം പിരിമുറുക്കം ഏർപ്പെട്ടാലും പരിഹരിക്കാൻ കഴിയുന്നതാണ്. തീർത്ഥാടനത്തിനുള്ള ഗ്രൂപ്പിൽ അംഗമാകും. വാരാദ്യ ദിവസങ്ങളിൽ മുഷിച്ചിലും സ്വയം നിന്ദയും അനുഭവപ്പെടാം.
ഉത്രം
അനാവശ്യമായ ഉദ്വേഗങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങിയാൽ വിജയിക്കാൻ അത്യദ്ധ്വാനം ആവശ്യമാവും. വിമർശനങ്ങളെ തുണവൽഗണിക്കും. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ നേട്ടങ്ങൾ വരാം. ബിസിനസ്സിൻ്റെ നവീകരണത്തിന് വായ്പ വാങ്ങിയ തുക തിരിച്ചടയ്ക്കാനാവും. ഗൃഹകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ വാക്കിന് ചെവികൊടുക്കും. മകൻ്റെ ജോലിക്കാര്യത്തിൽ ശുപാർശ ഫലം കാണും. ബന്ധുക്കളുടെ കുടുംബ പ്രശ്നം പരിഹരിക്കാൻ ശ്രമം നടത്തും. ആദ്ധ്യാത്മിക കാര്യങ്ങളിൽ മുൻപത്തെക്കാൾ താല്പര്യമേറും.
അത്തം
ദേഹക്ലേശം വിഷമിപ്പിച്ചേക്കും. പുതിയ ചികിൽസ പരീക്ഷിക്കാൻ ഒരുങ്ങും. സ്വതന്ത്രനിലപാടുകൾ പിൻവലിക്കാൻ സംഘടനയുടെ ഉള്ളിൽ നിന്നും സമ്മർദ്ദമുണ്ടാവുന്നതാണ്. വാഹനം വാങ്ങാൻ സാധ്യത കാണുന്നു. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സഹോദരരുടെ സഹായം ലഭിക്കുന്നതാണ്. സർക്കാർ കാര്യങ്ങളിൽ പുനർ ശ്രമങ്ങൾ ആവശ്യമാവും. ഗൗരവമുള്ള പഠനം, ശാസ്ത്രീയാന്വേഷണം എന്നിവയ്ക്ക് സമയം കണ്ടെത്തും. ഭോഗസുഖമുണ്ടാവും. പ്രണയികൾക്ക് അടുപ്പം കൂടും. വാരാന്ത്യദിവസങ്ങൾക്ക് മെച്ചമേറാം.
ചിത്തിര
മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടുന്നതാണ്. യാത്രാവേളകളിൽ കളവ് പോകാതിരിക്കാൻ ശ്രദ്ധയുണ്ടാവണം. സാമ്പത്തിക ഇടപാടുകൾക്ക് ജാമ്യം നിൽക്കുമ്പോൾ കരുതൽ വേണ്ടതുണ്ട്. വാക്കുകൾ പരുഷങ്ങളായേക്കും. വിവാദങ്ങളിൽ നിന്നും അകന്നുനിൽക്കണം. അയൽ പ്രശ്നങ്ങളിൽ മൗനം ഭൂഷണമായിരിക്കും. ആദർശവും പ്രായോഗികതയും നിത്യജീവിതത്താൽ സമന്വയിക്കാൻ പരമാവധി ശ്രമിക്കുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലിഭാരം കൂടിയേക്കും.
ചോതി
ജന്മനക്ഷത്രത്തിൽ ആദിത്യൻ സഞ്ചരിക്കുന്നതിനാൽ അലച്ചിലുണ്ടാവും. തൊഴിലിൽ പ്രതികൂല സാഹചര്യം വരാനിടയുള്ളതിനാൽ കരുതൽ വേണം. ഉദ്യോഗസ്ഥർക്ക് മേലധികാരിയുടെ ശാസന കേൾക്കേണ്ടി വരാം. പഴയകാല സുഹൃത്തുക്കളെ കാണുന്നതാണ്. അന്യരുടെ കാര്യങ്ങൾക്ക് സമയവും ഊർജ്ജവും ചെലവഴിക്കും. ഉപജാപങ്ങൾക്ക് ചെവികൊടുക്കരുത്. ക്ഷേത്രവുമായി ബന്ധപ്പെട്ട കർമ്മങ്ങൾ ഏറ്റെടുക്കുന്നതാണ്. കുടുംബത്തിൽ നിന്നും മാറിത്താമസിക്കും. വിദേശത്ത് പോകാനുള്ള ശ്രമം ഫലവത്താകും. പകരക്കാരെ തൊഴിൽ ചുമതലകൾ ഏല്പിക്കുന്നത് കരുതലോടെയാവണം.
വിശാഖം
പ്രതികൂലതകൾ ഉണ്ടാവുമെങ്കിലും അവയെ തരണം ചെയ്ത് മുന്നേറാനാവും. നക്ഷത്രാധിപനായ വ്യാഴം ഉച്ചസ്ഥിതിയിൽ തുടരുന്നത് കർമ്മഗുണത്തിന് കാരണമാകുന്നതാണ്. വിഷയങ്ങളുടെ മർമ്മം മനസ്സിലാക്കി സംസാരിക്കും. കുടുംബ ജീവിതത്തിൽ സംതൃപ്തിയുണ്ടാവും. കടം കൊടുത്ത തുക തിരിച്ചുകിട്ടാനിടയുണ്ട്. വിദ്യാർത്ഥികൾ കായിക മത്സരങ്ങളിൽ വിജയിക്കും. മുൻപ് തുടങ്ങിയ പ്രോജക്ട് പൂർത്തിയാക്കുന്നതാണ്. അനാവശ്യമായ ആധി ഒഴിവാക്കണം. കരാറുകളിലെ നിബന്ധനകൾ മനസ്സിലാക്കി വേണം ഏറ്റെടുക്കാൻ. സാമൂഹികമായ ആദരവ് കൈവരും.
അനിഴം
നക്ഷത്രാധിപനായ ശനിക്ക് വക്രഗതി തുടരുന്നതിനാൽ വ്യക്തിപരമായ പല കാര്യങ്ങളും ആലോചിച്ച ശേഷം വേണ്ടെന്നുവെക്കും. ആലസ്യം ബാധിക്കാം. ഒമ്പതിലെ ഉച്ചവ്യാഴം ഗുണാനുഭവങ്ങൾ സമ്മാനിക്കുന്നതാണ്. പ്രവർത്തന മേഖലയിൽ ശത്രുക്കളൊഴിയും. പ്രബന്ധാവതരണം മികച്ചതാക്കും. സാമ്പത്തിക കാര്യങ്ങളിൽ മെച്ചം വന്നെത്തുന്നതാണ്. ജന്മരാശിയിൽ ചൊവ്വയുള്ളതിനാൽ ക്ഷോഭം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. മറ്റുള്ളവരുടെ ബഹുമാനം നേടും. രോഗഗ്രസ്തർക്ക് ഫലപ്രദമായ ചികിൽസ കിട്ടുന്നതാണ്. ഭൂമി ക്രയവിക്രയം ചെയ്യുക എളുപ്പപ്പണിയായേക്കില്ല.
തൃക്കേട്ട
ഭാവിയെ സംബന്ധിച്ച ഉറപ്പുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. വ്യക്തിസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ ജാഗ്രത കാട്ടും. നഷ്ടപ്പെട്ടുവെന്ന് കരുതിയ രേഖകൾ മടക്കിക്കിട്ടാം. അതിവൈകാരികത ഒഴിവാക്കേണ്ടതുണ്ട്. വായ്പകൾക്കുള്ള അപേക്ഷ പരിഗണിക്കപ്പെടും. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദസാഹചര്യം സംജാതമാകും. ഗാർഹികാന്തരീക്ഷം മെച്ചപ്പെടുന്നതാണ്. ആഗ്രഹിച്ച ദിക്കിലേക്ക് സ്ഥലംമാറ്റം ലഭിക്കാം. ജീവിത നിലവാരം ഉയരുന്നതാണ്. അഞ്ചാം ഭാവത്തിലെ ശനി ഉദാസീനത സൃഷ്ടിക്കാം. ആത്മീയ സാഹചര്യങ്ങളോട് മനസ്സിണക്കം ഉണ്ടാവും.
Also Read: വ്യാഴം ഉച്ചരാശിയിലേക്ക്; അശ്വതി മുതൽ രേവതിവരെ
മൂലം
അവ്യക്തതകളും ആശയക്കുഴപ്പങ്ങളും ഉണ്ടാവുന്നതാണ്. എന്നാലും നിരുന്മേഷത ഉണ്ടാവില്ല. പ്രവർത്തനങ്ങളിൽ മുഴുകുന്നതാണ്. ആദിത്യൻ പതിനൊന്നിലാകയാൽ അച്ഛനിൽ നിന്നും സഹായം പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കും. ഏഴാം നക്ഷത്രത്തിൽ രാഹുവും ശനിയും സഞ്ചരിക്കുകയാൽ സാഹസകർമ്മങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. കുടുംബകാര്യങ്ങൾ ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾക്ക് വിട്ടുകൊടുക്കും. ബിസിനസ്സിൻ്റെ സുഗമമായ നടത്തിപ്പിനായി ബന്ധുക്കളുടെ പങ്കാളിത്തം ക്ഷണിക്കുന്നതാണ്.
പൂരാടം
നല്ല കാര്യങ്ങൾക്കായി യാത്രകളുണ്ടാവും. തിടുക്കത്തിൽ പല കാര്യങ്ങളും ചെയ്യേണ്ടിവരുകയാൽ അമളി പിണയാതിരിക്കാൻ ശ്രദ്ധിക്കണം. മനക്ലേശത്തിന് അയവുണ്ടാവും. ശുഭവാർത്തകൾ കേൾക്കും. പരാശ്രയം കൂടാതെ കാര്യനിർവ്വഹണം സാധ്യമായേക്കും. സംഘടനകളിൽ അനിഷേധ്യത ഉറപ്പിക്കാനാവും. ശുക്രൻ്റെ നീചസ്ഥിതി തുടരുകയാൽ ഭൗതിക നേട്ടങ്ങളിലും ചെറിയ അതൃപ്തിയെങ്കിലും വരുന്നതായിരിക്കും. ഭൂമിയിൽ നിന്നും കരുതിയ വരുമാനം കിട്ടിയേക്കില്ല. ബന്ധുക്കളെ സന്ദർശിക്കാനവും. ചിലർക്ക് ആത്മാർത്ഥമായ സമാശ്വാസം പകരും.
ഉത്രാടം
ഉന്നമനേച്ഛയും ഉൽകൃഷ്ട ചിന്താഗതിയും എപ്പോഴുമുണ്ടാവും. എന്നാൽ പ്രവർത്തനങ്ങളിൽ പൂർണ്ണമായി മുഴുകാൻ എന്തുകൊണ്ടോ കഴിയാതെ വരുന്നതാണ്. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസരാവാനിടയുണ്ട്. കരാർ പണികൾ തുടർന്നും ലഭിക്കുന്നതാണ്. ബിസിനസ്സിൽ ലാഭം കുറയില്ല. വാടകയിനത്തിൽ വരുമാനം കൂടാൻ സാധ്യതയുണ്ട്. എതിർപക്ഷത്തെ നിശബ്ദരാക്കുന്ന തന്ത്രങ്ങൾ പയറ്റുന്നതിൽ വിജയിക്കുന്നതാണ്. ഉപാസനാദികൾക്ക് നേരനീക്കം വരാം. വായ്പകളുടെ തിരിച്ചടവ് മുടങ്ങില്ല. കാമുകീകാമുകന്മാർക്ക് പ്രണയാനുഭവം നിർവിഘ്നമാവും.
തിരുവോണം
നല്ല കാലമാരംഭിച്ചതു പോലെയുള്ള അനുഭവങ്ങൾ ഉണ്ടാവുന്നതായിരിക്കും. മനസ്സ് സമാശ്വാസത്തിൻ്റെ പാതയിലാവും. കൂട്ടുകച്ചവടം മെച്ചപ്പെടുന്നതാണ്. നല്ല കാര്യങ്ങൾക്കായി യാത്രകളുണ്ടാവും. ഉദ്യോഗത്തിൽ സ്ഥിരത ഭവിക്കും. മേലധികാരികളിൽ നിന്നും പ്രോൽസാഹനം പ്രതീക്ഷിക്കാം. വീട് വാങ്ങാനുള്ള ആഗ്രഹത്തിന് കൂടുതൽ കുതിപ്പുണ്ടാവും. ഗവേഷകർക്ക് പ്രബന്ധ സമർപ്പണം സാധ്യമാകുന്നതാണ്. കുടുംബകാര്യങ്ങളിൽ ഐക്യം പുലരും. ഭിന്നതകൾ അനുരഞ്ജനത്തിന് വഴിമാറിയേക്കും. ക്ഷീണശുക്രൻ ഭാഗ്യത്തിൽ തുടരുകയാൽ വയോജനങ്ങളുടെ കാര്യത്തിൽ കരുതലുണ്ടാവണം.
അവിട്ടം
ഒട്ടേറെ കാര്യങ്ങൾ ചുരുങ്ങിയ സമയ പരിധിക്കുള്ളിൽ ചെയ്തുതീർക്കേണ്ട ഉത്തരവാദിത്വമുണ്ടാവും. മക്കളുടെന്നില്ലാ ടുകളോട് പൊരുത്തപ്പെടാൻ നിർബന്ധിതരായേക്കും. പറയുന്ന വാക്കുകൾ പാലിക്കുന്നതിൽ നിഷ്ഠകാണിക്കും. വ്യാപാരികൾ വിതരണ സമ്പ്രദായത്തിലെ തടസ്സങ്ങൾ നീക്കാൻ കിണഞ്ഞ് പരിശ്രമിക്കും. നിക്ഷേപങ്ങളിൽ നിന്നും ആദായമുണ്ടാവും. അസുഖങ്ങളുണ്ടോ എന്ന ഭീതി അലട്ടും. സ്ത്രീകളിൽ നിന്നും പിന്തുണയുണ്ടാവും. ഉദ്യോഗമാറ്റത്തിന് ശ്രമിച്ചാലോ എന്ന ചിന്ത ദൃഢമാകുന്നതാണ്. മുടങ്ങിക്കിടക്കുന്ന വഴിപാടുകൾ പൂർത്തിയാക്കാൻ നേരം കണ്ടെത്തും.
ചതയം
അനാവശ്യമായ അശുഭചിന്തകൾ ഒഴിവാക്കണം. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാവും. ജോലിമാറ്റം ഇപ്പോൾ സുഗമമല്ല. ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കുന്നത് ദോഷമായേക്കും. പണമെടപാടുകളിൽ ശ്രദ്ധയുണ്ടാവണം. ഉന്നതരുടെ ശുപാർശ കൊണ്ട് ചില കാര്യങ്ങൾ നേടാനായേക്കും. സ്വന്തം പ്രവർത്തന ശൈലിക്ക് ധാരാളം ശത്രുക്കളുണ്ടെന്ന് തിരിച്ചറിയും. രണ്ടാം നക്ഷത്രത്തിൽ രാഹുവും ശനിയും ഉള്ളതിനാൽ കള്ളം പറയേണ്ടി വന്നേക്കും. ആലസ്യം പിടികൂടാനിടയുണ്ട്. പഠിച്ച വിഷയത്തിൽ കൂടുതൽ അവഗാഹം നേടാൻ ശ്രമിക്കും. പ്രണയം തടസ്സപ്പെടുന്നതാണ്.
പൂരൂരുട്ടാതി
പാപഗ്രഹങ്ങൾ ജന്മനക്ഷത്രത്തിൽ വിപരീഗതിയിൽ സഞ്ചരിക്കുകയാൽ ആശയക്കുഴപ്പമേറുന്നതാണ്. ഇതികർത്തവ്യതാമൂഢരാവും. പാരുഷ്യം സ്വഭാവത്തിലധികരിക്കും. അക്ഷരങ്ങളിൽ തെറ്റ് കടന്നുകൂടും. കൃത്യനിഷ്ഠയിൽ പാളിച്ച വരാനുമിടയുള്ളതിനാൽ നല്ലകരുതൽ ആവശ്യമാണ്. ഉദ്യോഗസ്ഥർ പലതും പിന്നീടത്തേക്ക് നീട്ടിവെക്കും. ബിസിനസ്സിൽ ഉദാസീനത വരാം. അല്പലാഭങ്ങളും ചെറിയ മനസ്സന്തോഷങ്ങളും ജീവിതത്തെ സന്തുലിതമാക്കുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ തണലേകും. സമാഗമങ്ങളും സൗഹൃദങ്ങളും സന്തോഷത്തിന് ഇടവരുത്തും.
ഉത്രട്ടാതി
പ്രവർത്തനമേഖലയിൽ നേട്ടങ്ങൾ കുറയില്ല. സാമ്പത്തിക പ്രയോജനം ഉണ്ടാകുന്ന വാരമാണ്. സഹപ്രവർത്തകരുടെ സഹകരണം കുറയില്ല. ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകും. കൂട്ടുകെട്ടുകൾ കുറയ്ക്കുന്നതാണ്. നിഷ്ക്രിയത ചിലപ്പോൾ പിടികൂടാം. സഹോദരരുമായി രമ്യബന്ധം ഉണ്ടാകും. ദിനചര്യ ക്രമപ്പെടുത്തുന്നതാണ്. തിടുക്കത്തിൽ എല്ലാം ചെയ്യും മുൻപ് കൃത്യമായ ആസൂത്രണം വേണ്ടതുണ്ട്. കഴിവുള്ള വ്യക്തികളെ വ്യാപാരസ്ഥാപനത്തിൽ നിയമിക്കും. ദാമ്പത്യത്തിൽ സമാധാനം സമ്മിശ്രമാവും
രേവതി
ആർഭാടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്. ദേഹസൗഖ്യം കുറയും. ആത്മവിമർശനം നടത്തുന്നതിനുള്ള ആർജ്ജവം നേടും. പരാശ്രയത്വം കുറയ്ക്കാൻ ശ്രമിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താത്പര്യം ചുരുങ്ങുന്നത് മാതാപിതാക്കളിൽ ആശങ്കയുണർക്കും. അനുഭവജ്ഞാനമുള്ളവരുടെ ഉപദേശം കൈക്കൊള്ളും. സുഹൃദ്ബന്ധത്തിൽ വിള്ളലുകൾ വീഴാം. പൊതുപ്രവർത്തകർക്ക് എതിർപ്പുകളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. മകൻ്റെ നിർബന്ധശീലത്തിന് വഴങ്ങും. പ്രണയിക്കുന്നവർ വിഘ്നങ്ങളെ നേരിട്ടേക്കും. ഞായറും തിങ്കളും ഒഴികെയുള്ള ദിവസങ്ങൾക്ക് മേന്മയേറുന്നതാണ്.
Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us