/indian-express-malayalam/media/media_files/2025/07/19/weekly-horoscope-july-20-july-26-fi-2025-07-19-19-25-42.jpg)
Weekly Horoscope, November 30-December 06
Astrology: ആദിത്യൻ വൃശ്ചികം രാശിയിൽ അനിഴം, തൃക്കേട്ട ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. പൗർണമിയും ദീപോത്സവമായ തൃക്കാർത്തികയും ഈയാഴ്ചയാണ്. ഡിസംബർ 5 ന് വൈകുന്നേരം വ്യാഴം വക്രഗതിയായി മിഥുനത്തിൽ പ്രവേശിക്കുന്നു. ശനി ഡിസംബർ 2 മുതൽ മീനം രാശിയിൽ നേർഗതിയിൽ യാത്ര തുടരും.
രാഹു ഡിസംബർ 1 ന് കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ നിന്നും ചതയം നക്ഷത്രത്തിൽ പ്രവേശിക്കുന്നു. കേതു അപ്പോൾ മുതൽ ചിങ്ങം രാശിയിൽ പൂരം മൂന്നാം പാദത്തിൽ സഞ്ചാരം ആരംഭിക്കും. കുജൻ അഥവാ ചൊവ്വ വൃശ്ചിക രാശിയിൽ കേട്ട നക്ഷത്രത്തിൽ തുടരുന്നു. ചൊവ്വ മൗഢ്യത്തിലാണ്. ബുധൻ തുലാം രാശിയിൽ വിശാഖം നക്ഷത്രത്തിൽ തുടരുന്നു. ശുക്രൻ വൃശ്ചികം രാശിയിൽ അനിഴം നക്ഷത്രത്തിലാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വ്യക്തമാക്കുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
അശ്വതി
കാഴ്ചപ്പാടുകൾക്ക് പരുക്കുണ്ടാവാതെ തന്നെ കാര്യനിർവഹണം സാധ്യമാവും. സ്വതന്ത്രമായ പ്രവർത്തനശൈലിയുമായി മുന്നോട്ടുപോകുന്നതാണ്. ആരംഭിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ആലോചിച്ചുറപ്പിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശനിചന്ദ്രയോഗം പന്ത്രണ്ടിൽ വരികയാൽ മനക്ലേശത്തിന് സാധ്യത കാണുന്നു. അലച്ചിൽ, അധികച്ചെലവ് ഇവയും വരാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദേഹസുഖമുണ്ടാവും. കാര്യലാഭം പ്രതീക്ഷിക്കാം. നിർവഹണം കൃത്യമായിരിക്കുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ധനലാഭം ഭവിക്കും. ശനിയാഴ്ച സഹായഹസ്തങ്ങൾ കൈവരും. സംതൃപ്തി തോന്നുന്നതാണ്.
ഭരണി
സമചിത്തതയും അക്ഷോഭ്യതയും ആവശ്യമാണ്. തൊഴിലിടത്തിലെ ഏകോപനം പിരിമുറുക്കത്തിന് കാരണമായേക്കും. പ്രധാന കാര്യങ്ങൾ നിർവഹിക്കേണ്ടി വരുന്നതാണ്. അധികാരികളുടെ അനിഷ്ടത്തിന് പാത്രമാകാനിടയുണ്ട്. രോഗികൾക്ക് ആശ്വാസമുണ്ടാവും. എന്നാൽ തുടർ ചികിൽസകളിൽ അലംഭാവമരുത്. പൊതുപ്രവർത്തനത്തോട് വിരക്തി തോന്നാനിടയുണ്ട്. പ്രതീക്ഷിച്ച ധനാഗമത്താൽ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. വാരാദ്യ ദിവസങ്ങളിൽ അലച്ചിലുണ്ടാവും. ഭക്ഷണം കഴിക്കാൻ നേരനീക്കം വരുന്നതാണ്.
കാർത്തിക
സഫലയത്നങ്ങൾ മനസ്സന്തോഷമേകും. പുതുകാര്യങ്ങളെക്കുറിച്ച് വർണ്ണസ്വപ്നങ്ങൾ മെനയുന്നതാണ്. തൊഴിൽ തേടുന്നവർ നിരാശപ്പെടില്ല. കരാറുകളിൽ ഉറപ്പ് ലഭിക്കുന്നതാണ്. സാങ്കേതികമായ അറിവുകൾ വേണ്ടത്ര നേടാൻ കഴിയാത്തത് പരിമിതിയായി അനുഭവപ്പെടുന്നതാണ്. നിലപാടുകൾ മയപ്പെടുത്താത്തത് ശത്രുക്കളെ സൃഷ്ടിച്ചേക്കാം. ദാമ്പത്യത്തിലെ അലോസരങ്ങൾ മനക്ലേശമുണ്ടാക്കും. സാമ്പത്തിക പാരതന്ത്ര്യം കുറയുന്നത് ആശ്വാസമേകും. ഞായർ, തിങ്കൾ, വ്യാഴം കൂടുതൽ നല്ല ദിവസങ്ങൾ.
രോഹിണി
ആത്മവിശ്വാസം വാക്കിലും പ്രവർത്തിയിലും നിറയും. കർമ്മരംഗത്ത് മുന്നേറുന്നതാണ്. തടസ്സങ്ങളിൽ തളരുകയില്ല. വേണ്ടപ്പെട്ടവരുടെയും അല്ലാത്തവരുടെയും പിന്തുണ കൈവരും. സ്വാശ്രയ സ്ഥാപനം വിപുലീകരിക്കുവാനുള്ള ശ്രമങ്ങളിൽ മുഴുകുന്നതാണ്. സാമ്പത്തിക ഇടപാടുകൾ വിജയിക്കും. കലാരംഗത്തു നിന്നും വരുമാനം അധികരിക്കുന്നതാണ്. പ്രണയിക്കുന്നവ ർക്കിടയിൽ പിണക്കം ഉണ്ടാവാം. കടബാധ്യതയിൽ കുറച്ചൊക്കെ വീട്ടാനാവും. കുടുംബത്തിനൊപ്പം ദീർഘയാത്രകൾ ആസൂത്രണം ചെയ്യുന്നതാണ്.
മകയിരം
മർക്കടമുഷ്ടി കൊണ്ട് ലഘുനേട്ടങ്ങൾ ഉണ്ടാക്കിയേക്കുമെങ്കിലും പിന്നീട് പശ്ചാത്തപിക്കുന്നതായിരിക്കും. അവ്യക്തമാവും പലപ്പോഴും ധാരണകൾ. അവ പരിഹരിക്കാൻ തയ്യാറാവുകയുമില്ല. രോഗം വലയ്ക്കുന്നവർക്ക് ആശ്വസിക്കാറാവും. കൂടുകച്ചവടത്തിൽ നിന്നും ആദ്യമായി ലാഭം കിട്ടിത്തുടങ്ങുന്നതാണ്, തൻ്റെ ഭൗതിക പുരോഗതിക്ക് വേഗം കൂടിയെങ്കിൽ എന്നാശിച്ചേക്കും. സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ഇളക്കം വരില്ല. ഭൂമിയിടപാടുകളിൽ കരുതലുണ്ടാവണം. ധനപരമായ പിരിമുറുക്കത്തിന് അയവുണ്ടാവുന്നതായിരിക്കും.
തിരുവാതിര
സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നതായിരിക്കും. ആദർശം പ്രായോഗികമാക്കുന്നതിലും വിജയിക്കുന്നതാണ്. എതിർപ്പുകളെ സാരമാക്കുകയില്ല. സുഹൃത്തുക്കൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകും. ബിസിനസ്സിൽ നിന്നും സാമ്പത്തിക ലാഭമുണ്ടാവും. വസ്തുക്കച്ചവടത്തിലെ തടസ്സങ്ങളും നിയമപ്രശ്നങ്ങളും മാറിക്കിട്ടും. ദമ്പതികൾക്കിടയിൽ ഒത്തിണക്കം അധികമാവും. കലാകാരന്മാർക്ക് അവസരങ്ങൾ കുറയില്ല. കൃഷികാര്യങ്ങളിൽ വീണ്ടും താത്പര്യം ജനിക്കുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ അലച്ചിലും ആലസ്യവും ഉണ്ടാവാം.
പുണർതം
പുതിയ കാലഘട്ടത്തിൻ്റെ തൊഴിൽ സംസ്കാരവുമായി എളുപ്പം പൊരുത്തപ്പെടും. മൗലികമായ കഴിവുകൾ ആദരിക്കപ്പെടുന്നതാണ്. വിപണിയുടെ സാധ്യതകൾ ആരായുന്നതിന് മുതിരും. സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടും. വ്യാഴം ജന്മനക്ഷത്രത്തിൽ വക്രഗതിയിൽ തുടരുകയാൽ ആത്മീയ സാധനകൾ തടസ്സപ്പെടുന്നതിന് സാധ്യതയുണ്ട്. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് സ്വാതന്ത്ര്യം കുറയാം. വാരാദ്യ ദിവസങ്ങളിൽ ഊഷ്മളതയേറും. പ്രണയിക്കുന്നവർക്ക് ആഹ്ളാദിക്കാൻ അവസരം വരുന്നതാണ്.
പൂയം
നക്ഷത്രാധിപനായ ശനിക്ക് വക്രഗതി നീങ്ങുന്നത് തൊഴിൽപരമായ ഉന്മേഷത്തിന് കാരണമാകും. ആവിഷ്കരിച്ച ആശയങ്ങൾ സഹപ്രവർത്തകരുടെ പിന്തുണയോടെ പ്രാവർത്തികമാക്കാൻ കഴിയുന്നതാണ്. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അംഗീകാരം കൈവരും. കുടുംബപരമായി സമ്മിശ്ര ഫലങ്ങളാണുള്ളത്. മകൻ്റെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ധനപരമായി മെച്ചപ്പെടുന്നതാണ്. എന്നാൽ മംഗളകർമ്മങ്ങൾ, ദൈവകാര്യങ്ങൾ ഇവയ്ക്കായി ചെലവുണ്ടാവും.
ആയില്യം
സാധാരണ കർമ്മങ്ങൾക്ക് മാറ്റം വരില്ല. നയപരമായ തീരുമാനങ്ങൾ പ്രാവർത്തികമാക്കുന്നതാണ്. സംഘടനകളിൽ സ്ഥാനലാഭത്തിന് സാധ്യതയുണ്ട്. ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും. ഭൂമിയിൽ നിന്നും കരുതിയത്ര വരവൊന്നുമുണ്ടാവില്ല. യാത്രകൾ സുഗമമാവും. തൊഴിലിടത്തിൽ സൗഹൃദാന്തരീക്ഷം പുലരുന്നതാണ്. ചിലരിലുള്ള അമിത വിശ്വാസം ഒഴിവാക്കുക കരണീയം. ഗവേഷണ വിഷയത്തിൽ അഭിനന്ദിക്കപ്പെടാം. ഗാർഹികമായി സംതൃപ്തി നൽകുന്ന വാരമായിരിക്കും.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
മകം
പുതിയ കാര്യങ്ങൾ ഇപ്പോൾ തുടങ്ങരുത്. എന്നാൽ സ്ഥിതി അനുകൂലമായി വരുന്നുണ്ടെന്നത് ആശ്വാസമത്രെ. മാറ്റങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ പഴമയെ തള്ളിപ്പറയില്ല. ആദർശം ഉയർത്തിപ്പിടിക്കേണ്ട സന്ദർഭങ്ങൾ വന്നെത്താം. ഒപ്പമുള്ളവരെ പ്രോൽസാഹിപ്പിക്കുന്നതിന് മടിക്കില്ല. മനക്ലേശത്തിന് കാരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. വാരാദ്യം അഷ്ടമരാശിക്കൂറ് വരികയാൽ ഇടപാടുകളിൽ കരുതലുണ്ടാവണം. ബുധൻ തൊട്ട് അനുകൂല ഫലങ്ങളാണ്. അംഗീകാരവും പ്രശംസയും തേടിവരുന്നതായിരിക്കും.
പൂരം
സ്വതസ്സിദ്ധമായ പ്രവർത്തന ശൈലി പിന്തുടരുന്നതാണ്. മാറ്റത്തിന് മനസ്സ് തയ്യാറായേക്കില്ല. കർമ്മമേഖലയിൽ ഗുണം കണ്ടുതുടങ്ങും. കരാറുകളിൽ ഒപ്പിടുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കാൻ മറന്നുപോകരുത്. പ്രണയികൾക്ക് കുടുംബത്തിൻ്റെ എതിർപ്പുകൾ കുറഞ്ഞുവരുന്നത് സന്തോഷമേകും. ഉത്സവത്തിനായി ജന്മനാട്ടിലേക്ക് യാത്രയുണ്ടാവും. ഞായർ, തിങ്കൾ, ചൊവ്വ ദിനങ്ങൾക്ക് ശുഭത്വം കുറയുന്നതാണ്. നവാരംഭങ്ങൾ ഒഴിവാക്കുക കരണീയം. മറ്റു ദിവസങ്ങളിൽ കാര്യങ്ങൾ ഒരുവിധം വരുതിയിൽ വരുന്നതായിരിക്കും.
ഉത്രം
ഊഹിച്ചതുപോലെയാവും മിക്ക കാര്യങ്ങളും. കൂടുതൽ ഊർജ്ജം ചെലവഴിക്കാതെ തന്നെ ചില നേട്ടങ്ങൾ കൈവരുന്നതാണ്. ചെയ്തുപോരുന്ന തൊഴിലിൽ മാറ്റം വരുത്താനാഗ്രഹിക്കും. എന്നാൽ കൂടുതൽ മുതൽമുടക്കാൻ മടിയുണ്ടാവും. ഒഴിഞ്ഞുകിടന്ന കടമുറിക്ക് പുതിയ വാടകക്കാരെ കിട്ടിയേക്കാം. പൊതുപ്രവർത്തനം അവിശ്രമമായ ദൗത്യമായിത്തുടരുന്നതാണ്. മകൻ്റെ ജോലിക്കാര്യത്തിലെ അനിശ്ചിതത്വം നീങ്ങും. അവധിക്കാലത്ത് സുഹൃത്തുക്കളുമൊത്ത് തീർത്ഥാടനത്തിന് ആസൂത്രണം ചെയ്യും. കുടുംബ പ്രശ്നങ്ങളുടെ ഉത്തരം ദുരൂഹമായി തുടരുന്നതാണ്.
അത്തം
അത്മവിശ്വാസത്തോടെ പുതിയ കാര്യങ്ങളിൽ മുഴുകാനായേക്കും. ഒപ്പമുള്ളവരിൽ നിന്നും പ്രതീക്ഷിച്ച സഹകരണം ലഭിക്കുന്നതാണ്. സ്വന്തം കർമ്മരംഗത്തെക്കു റിച്ച് കൂടുതലായി പഠിക്കാൻ യത്നിക്കും. ഭോഗസുഖമുണ്ടാവുന്നതാണ്. പുതുതലമുറയുടെ ശാഠ്യശീലങ്ങൾ അല്പം വിഷമിപ്പിക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കരുതലുണ്ടാവണം. ഉന്നതരുമായി പരിചയപ്പെടാനാവും. കഴിവുകൾ കൂടുതലായി ഉപയോഗപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്. ഔഷധ സേവയാൽ ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം കിട്ടുന്നതായിരിക്കും.
ചിത്തിര
നിക്ഷിപ്തമായ ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നതാണ്. പദവിയിൽ കയറ്റം പ്രതീക്ഷിക്കുമെങ്കിലും അതുണ്ടാവില്ല. അനൗദ്യോഗിക കാര്യങ്ങളിലും വ്യാപരിക്കുന്നതിന് നേരം കണ്ടെത്തുന്നതാണ്. കച്ചവടത്തിൽ മുതലിറക്കിയത് ഭാഗികമായി തിരിച്ചുകിട്ടിത്തുടങ്ങും. ഏജൻസികൾ നടത്തുന്നവർ അധികം സാധനങ്ങൾ വാങ്ങിക്കൂട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കാൻ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകും. ഗതാഗത നിയമങ്ങൾ തെറ്റിക്കാതിരിക്കാൻ ജാഗ്രത വേണം. വാരമദ്ധ്യത്തിൽ സുഖക്കുറവുണ്ടാവും.
ചോതി
വ്യാപാരം, വിപണനം മുതലായ മേഖലകളിൽ പതിപ്പിച്ച വ്യക്തിമുദ്ര തുടരപ്പെടും. കരുതിയ വളർച്ച വന്നെത്തുന്നതാണ്. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടായേക്കും. കൂടുതൽ ചുമതലകൾ നിർവഹിക്കുന്നത് വെല്ലുവിളിയാവും. വിദ്യാർത്ഥികൾക്ക് കലാമത്സരത്തിൽ നല്ലവിജയം കരസ്ഥമാക്കാനാവുന്നതാണ്. സുഹൃത്തുകൾക്ക് ഉപദേശ നിർദ്ദേശങ്ങൾ നൽകും. കുടുംബാഭിവൃദ്ധിക്കായി പൂജകൾ ഏർപ്പാടാക്കും. മക്കളുടെ കാര്യത്തിൽ അനാവശ്യമായ ആധി ഒഴിവാക്കണം. ആഢംബരച്ചെലവുകൾ ഉണ്ടാവും.
വിശാഖം
അധികാരമുള്ള പദവികളിൽ ശോഭിക്കുന്നതാണ്. പൊതുപ്രവർത്തകർ ചോദ്യശരങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതായിരിക്കും. പ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കും മുന്നേ ഒപ്പമുള്ളവരുടെ അഭിപ്രായമാരായുന്നത് ഉചിതം. വരുമാനമാർഗമില്ലാതെ വിഷമിക്കുന്നവർക്ക് ചെറിയ തോതിലുള്ള അവസരങ്ങളെങ്കിലും ലഭിക്കാനിടയുണ്ട്. ഭൂമി കച്ചവടത്തിൽ ചില തടസ്സങ്ങൾ ഏർപ്പെടാനിടയുണ്ട്. കുടുംബകാര്യങ്ങൾക്ക് സമയം നീക്കിവെക്കാത്തത് അലോസരങ്ങൾക്ക് കാരണമാകാം. രോഗീപരിചരണത്തിൽ അലംഭാവമരുത്. എത്ര ശ്രമിച്ചാലും ആർഭാടങ്ങൾ ഒഴിവാക്കാൻ കഴിയാതെ വരാം.
അനിഴം
നക്ഷത്രാധിപനായ ശനിക്ക് വക്രഗതി അവസാനിക്കുകയാൽ പ്രവർത്തനങ്ങളിൽ ലക്ഷ്യബോധമുണ്ടാവുന്നതാണ്. മുടങ്ങിയ കാര്യങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കാനാവും. വിരമിച്ചവർക്ക് കഴിവിനൊത്ത ജോലി ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥലത്തിൽ സമ്മർദ്ദം കുറയും. മേലധികാരി മാറാനോ പുതിയ ലാവണം ലഭിക്കാനോ സാധ്യതയുണ്ട്. സമൂഹ പുരോഗതിക്കായി പ്രവർത്തിക്കാനും തയ്യാറാകും. നിക്ഷേപങ്ങളിൽ സുരക്ഷിതത്ത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. വാരാന്ത്യ ദിവസങ്ങളിൽ സാഹസകർമ്മങ്ങൾ ഒഴിവാക്കപ്പെടണം. പ്രണയിക്കുന്നവർക്ക് ഉറച്ച ഭാവി തീരുമാനം കൈക്കൊള്ളാനുള്ള ആത്മവിശ്വാസം വന്നെത്തും.
തൃക്കേട്ട
ഏറ്റെടുത്ത ദൗത്യത്തിൽ കരുതിയതിലും നല്ല റിസൾട്ട് ഉണ്ടാക്കാനാവും. മേലധികാരികൾ പ്രശംസിക്കുന്നതാണ്. ബിസിനസ്സ് യാത്രകൾ വിജയിക്കും. വിൽപ്പനോദ്ദേശത്തോടുകൂടി ഭൂമി വാങ്ങുവാൻ തീരുമാനിച്ചേക്കും. എന്നാൽ നിയമ വശങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. സ്വന്തം കാര്യങ്ങൾ അവഗണിച്ച് പൊതുരംഗത്ത് പ്രവർത്തിക്കുന്നത് ഗൃഹച്ഛിദ്രം ഉണ്ടാക്കാം. വിദ്യാർത്ഥികൾ കലാമത്സരങ്ങളിൽ നേട്ടമുണ്ടാക്കും. ജന്മനക്ഷത്രത്തിൽ ഇപ്പോൾ ചൊവ്വ സഞ്ചരിക്കുന്നു. അതിനാൽ ക്ഷോഭം കൂടുവാനിടയുണ്ട്. അതിനെ നിയന്ത്രിക്കേണ്ടതുണ്ട്.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
മൂലം
അധികാര സ്ഥാനങ്ങളിൽ ശോഭിക്കും. കൃത്യമായ ആസൂത്രണം, ഏകോപനം എന്നിവ നടത്തുന്നതാണ്. ഭിന്നപക്ഷങ്ങളെ യോജിപ്പിക്കുന്നതിൽ ചാതുര്യം പുലർത്തും. വിപണിയുടെ സ്പന്ദനം ഉൾക്കൊള്ളുന്നതായിരിക്കും. മാറ്റം കൊണ്ടുവരുവാനാഗ്രഹിക്കും. നാലാമെടത്ത് ചന്ദ്രശനി യോഗം വരികയാൽ വാരാദ്യം ഗൃഹത്തിൽ മനസ്സുഖക്കുറവ് അനുഭവപ്പെടും. ചൊവ്വയും ബുധനും സന്താന വിഷയത്താൽ ഉത്ക്കണ്ഠ വരാം. മറ്റു ദിവസങ്ങളിൽ ഭോഗസുഖം, സുഹൃൽ സമാഗമം, വിനോദങ്ങൾക്ക് അവസരം, ലഘു യാത്രകൾ ഇവ ഭവിക്കുന്നതാണ്.
പൂരാടം
കർമ്മമേഖല പുഷ്ടിപ്പെടും. വ്യാപാരം, സംരംഭം തുടങ്ങിയവയിൽ നിന്നും ധനാഗമം ഉയരുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വെല്ലുവിളികൾ നിറഞ്ഞ ചുമതലകൾ ലഭിക്കാം. അഭിപ്രായ നിർദ്ദേശങ്ങൾക്ക് സ്വീകാര്യതയുണ്ടായിരിക്കും. സംഘടനകളുമായി പ്രവർത്തിക്കുന്നവർക്ക് സക്രിയരാവേണ്ടി വരുന്നതായിരിക്കും. ആരോഗ്യകാര്യങ്ങളിൽ ഭേദപ്പെട്ട സ്ഥിതി സംജാതമാകുന്നതാണ്. ശനിചന്ദ്രയോഗം വരികയാൽ വാരാദ്യം ദേഹമനക്ലേശങ്ങൾ വന്നുചേരാം. തുടർ ദിവസങ്ങളിൽ മക്കളെച്ചൊല്ലി അഭിമാനം, ആവശ്യത്തിന് വിശ്രമം, ദാമ്പത്യസൗഖ്യം ഇവ ഉണ്ടാവുന്നതാണ്.
ഉത്രാടം
ഗാർഹികവും കർമ്മപരവും ആയ സമ്മർദ്ദങ്ങൾ എരിപൊരികൊള്ളിക്കും. എന്താണ് ചെയ്യാനുള്ളതെന്ന് ആശയക്കുഴപ്പമുണ്ടാവും. എന്നാൽ അപ്പോഴും ചില വഴിവിളക്കുകളും നിഴലും തണലും ഒക്കെ ആശ്വാസത്തിനുണ്ടാവുന്നതാണ്. ഒറ്റപ്പെടൽ ഒഴിവാക്കാൻ സ്വയം ശ്രമിക്കേണ്ടതുണ്ട്. അപ്രസക്ത കാര്യങ്ങൾ തിരിച്ചറിഞ്ഞ് ഒഴിവാക്കുകയും വേണം. ധനപരമായി ആശ്വസിക്കാനാവും. പുതിയ തലമുറയ്ക്ക് മാർഗനിർദ്ദേശങ്ങൾ അരുളും. കുടുംബ ബന്ധങ്ങളെ ദൃഢമാക്കാനുള്ള വിവേകമുണ്ടാവും. കിടപ്പുരോഗികൾക്ക് ചികിൽസാമാറ്റം ഗുണകരമാവുന്നതായിരിക്കും.
തിരുവോണം
പ്രയത്നങ്ങൾക്ക് നല്ലഫലം കിട്ടും. ന്യായമായ ആഗ്രഹങ്ങൾ നേടാനായേക്കും. അവസരത്തിനൊത്ത് ഉയരാൻ കഴിയുന്നതാണ്. ചിട്ടി, നറുക്കെടുപ്പ് മുതലായവയിലൂടെ ധനലാഭമുണ്ടാവും. ബന്ധു കലഹങ്ങളിൽ ഇടപെടാതിരിക്കുക അഭികാമ്യം. മകൻ്റെ കലാപ്രവർത്തനത്തിന് വേണ്ട അവസരമൊരുക്കും. രാഷ്ട്രീയ നിലപാടുകൾക്ക് വിയോജിപ്പുകൾ ഏറ്റുവാങ്ങേണ്ടി വരാം. ഉപാസനാദികൾക്ക് മുടക്കമുണ്ടാവില്ല. ആഴ്ചയുടെ തുടക്കവും ഒടുക്കവും കൂടുതൽ സമാധാനപ്രദമാണ്. വാരമധ്യത്തിൽ മനക്ലേശങ്ങൾ അനുഭവപ്പെട്ടേക്കാം.
അവിട്ടം
സമർപ്പിച്ച പ്രോജക്ടുകൾക്ക് തിരുത്തലുകളോടെ അംഗീകാരം കൈവരുന്നതാണ്. വായ്പകൾക്ക് അപേക്ഷ നൽകും. ഇടക്കിടെ അനുഭവപ്പെടുന്ന ആലസ്യത്തെ സ്വയം ശാസിക്കേണ്ട സന്ദർഭമാണ്. സുഹൃത്തുക്കൾക്ക് മാനസിക പിന്തുണ നൽകും. ഉല്പന്നത്തിന് ഗുണനിലവാരം ഉയർത്താൻ കൂടുതൽ സാങ്കേതിക വഴികൾ/ വിദഗ്ദ്ധോപദേശം തേടുന്നതായിരിക്കും. യാത്രകൾ കൊണ്ട് ഗുണമുണ്ടാവും. ദൈവിക സമർപ്പണങ്ങൾക്ക് മുടക്കം വരില്ല. അനുരാഗികൾക്ക് വിഘ്നങ്ങളുണ്ടാവാം. സഹോദരരുടെ പിന്തുണ എല്ലാക്കാര്യത്തിലും പ്രതീക്ഷിക്കാം.
ചതയം
പതറി നിന്നവർക്ക് പതർച്ച അകലുകയും വീണ്ടും ആത്മവിശ്വാസം ഭവിക്കുകയും ചെയ്യും. മത്സരങ്ങളിൽ വിജയപ്രതീക്ഷയേറുന്നതാണ്. വിയോജിപ്പുകൾ പറഞ്ഞുതീർക്കും. ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതാണ്. അയൽ തർക്കങ്ങളിൽ രമ്യമായിട്ടുള്ള പോംവഴി കിട്ടുന്നതായിരിക്കും. സംരംഭത്തിന് സർക്കാരിൽ നിന്നുമുള്ള അനുമതിക്ക് തടസ്സങ്ങളകലും. ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തി മേലധികാരികൾ തിരിച്ചറിയുന്നതാണ്. ജീവിത പങ്കാളിയുടെ അവസരോചിത സമീപനങ്ങൾ കുടുംബകാര്യങ്ങളിൽ വലിയൊരു ആശ്വാസമാവും.
പൂരൂരുട്ടാതി
ജന്മനക്ഷത്രത്തിൽ നിന്നും രാഹു മാറുന്നത് ആശ്വാസമാണ്. ആഴ്ചയുടെ ആരംഭത്തിൽ ശനിചന്ദ്രയോഗം വരുന്നത് മനശ്ശക്തിയെ ദുർബലമാക്കാം. നുണ പറയേണ്ട സാഹചര്യം ഉദയം ചെയ്യുന്നതാണ്. ധനം കൈവശമെത്താൻ വൈകുന്ന സ്ഥിതി വരാം. മറ്റു ദിവസങ്ങളിൽ ഏകാഗ്രതയോടെ കർമ്മരംഗത്ത് മുഴുകുന്നതാണ്. കാര്യാലോചനകളിൽ സജീവമായി ഇടപെടും. ഭാവനാശക്തി ഉണരുന്നതിനാൽ കലാസാഹിത്യാദികളിൽ മികവ് തെളിയിക്കുന്നതാണ്. തടസ്സപ്പെട്ടു കിടന്നിരുന്നവ ക്ലേശിച്ചാണെങ്കിലും പൂർത്തീകരിച്ചേക്കും.
ഉത്രട്ടാതി
പഴയകാര്യങ്ങളുമായി പുതിയ കാര്യങ്ങളെ ഉപമിക്കുന്നതിൽ താത്പര്യമേറുന്നതിനാൽ ഒപ്പമുള്ളവരുടെ പരിഹാസത്തിന് പാത്രമാകാം. വാരാദ്യം ദേഹസൗഖ്യം കുറയാനിടയുണ്ട്. ക്ഷേത്രദർശനം, സമർപ്പണം എന്നിവ ശ്രമിക്കുന്നപക്ഷം നടന്നുകിട്ടുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കർമ്മരംഗത്ത് തിരക്കേറും. ദിനചര്യകളുടെ സമയക്രമം തെറ്റാം. വിവാദങ്ങളിൽ നിന്നും ഒഴിയുന്നതാവും ബുദ്ധി. മറ്റുദിവസങ്ങളിൽ ന്യായമായ കാര്യങ്ങൾ സംഭവിക്കുന്നതാണ്. അർഹത ആദരിക്കപ്പെടും. ഗൃഹത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും.
രേവതി
മാനസിക പിരിമുറുക്കം കൂടുമെങ്കിലും ഭാവിസംബന്ധിച്ച പ്രധാന ചില കാര്യങ്ങൾ തീരുമാനിച്ചേക്കും. കുടുംബാംഗങ്ങളുടെ അഭിപ്രായം ചെവിക്കൊള്ളുവാൻ തയ്യാറാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടാനാണ് സാധ്യത. സമയക്രമം കൂടുകയും ചെയ്യും. സ്വന്തം സംരംഭങ്ങൾ നടത്തുന്നവർക്ക് വിപണിയിൽ വ്യക്തമായ സാന്നിദ്ധ്യം അറിയിക്കാനാവും. രോഗികൾക്ക് തുടർ ചികിൽസ അനിവാര്യമാവും. കൈവായ്പകൾ മടക്കിക്കൊടുക്കും. വാഗ്ദാനലംഘനം നടത്തുന്നവരോട് മുഷിയും. വിദ്യാർത്ഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളിലും ശോഭിക്കാനവസരം കൈവരുന്നതാണ്.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us