/indian-express-malayalam/media/media_files/2024/11/02/DOwRNXQnuZvqCHgZPsVI.jpg)
Weekly Horoscope, November 23-November 29
Astrology: ആദിത്യൻ വൃശ്ചികം രാശിയിൽ അനിഴം ഞാറ്റുവേലയിലാണ്. ചന്ദ്രൻ ശുക്ലപക്ഷത്തിലും. ചൊവ്വ മൗഢ്യത്തോടുകൂടി വൃശ്ചികം രാശിയിൽ തുടരുന്നു. ബുധൻ നവംബർ 23 ന് വക്രമൗഢ്യസ്ഥിതിയിൽ തുലാം രാശിയിൽ പ്രവേശിക്കുന്നു.
ശുക്രൻ നവംബർ 26 ന് വൃശ്ചികം രാശിയിലേക്ക് സംക്രമിക്കുകയാണ്. മീനം രാശിയിൽ ശനിയുടെ വക്രം തുടരുകയാണ്. വ്യാഴം വക്രഗതിയിൽ കർക്കടകത്തിലുണ്ട്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി ഒന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം രണ്ടാം പാദത്തിലും സഞ്ചരിക്കുകയാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെ ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Read More: നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
മൂലം
ജന്മനക്ഷത്രം മുതൽ ആരംഭിക്കുന്ന വാരമാണ്. പാരിതോഷികങ്ങൾ കിട്ടാം. മനസ്സന്തോഷം വർദ്ധിക്കും. ക്ഷേത്രദർശനം ആത്മീയ ഉണർവുണ്ടാക്കും. ബന്ധുസമാഗമം ഗതകാലസ്മരണകളിലേക്ക് നയിക്കുന്നതാണ്. ഈയാഴ്ച സഹായവാഗ്ദാനങ്ങൾ യാഥാർത്ഥ്യമാവും. പ്രവൃത്തിരംഗത്ത് ആലസ്യത്തിന് സാധ്യത കാണുന്നു. ചില ചുമതലകൾ വിശ്വസ്തരെ ഏൽപ്പിച്ചേക്കും. ചുറ്റുവട്ടത്തെ സ്പന്ദനങ്ങളോട് ശക്തമായി പ്രതികരിക്കുന്നതിനാൽ എതിർപ്പുകൾ തലപൊക്കാനിടയുണ്ട്. വീട്ടിൽ അത്യാവശ്യ അറ്റകുറ്റപ്പണികൾ വേണ്ടി വരാം.
പൂരാടം
ഗുണകരമായ യാത്രകളുണ്ടാവും. രോഗകാലം കഴിഞ്ഞ് ആരോഗ്യം പൂർവ്വസ്ഥിതിയിലാവുന്നതാണ്. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്ക് മുൻനിന്ന് പ്രവർത്തിക്കും. ഉദ്യോഗസ്ഥർക്ക് ഫയലുകൾ തീർപ്പാക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതാണ്. മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കും. വ്യാപാരത്തിലെ നിരുന്മേഷത നീങ്ങിയേക്കും. വിപുലീകരണത്തിന് തയ്യാറാവും. അഭിമുഖത്തിന് തയ്യാറെടുക്കുന്ന മകന് ആത്മവിശ്വാസം പകർന്നു കൊടുക്കും. പൊതുപ്രവർത്തകർ നിലപാടുകൾ ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കുന്നതാണ്.
ഉത്രാടം
പഴയ കാര്യങ്ങളുടെ തുടർച്ച തന്നെയാവും, ഈ വാരവും. മങ്ങിയിരുന്ന ചില സൗഹൃദങ്ങൾ പുഷ്ടിപ്പെടുന്നതാണ്. തൊഴിലിടത്തിൽ സമ്മിശ്രമായ അനുഭവങ്ങൾ വന്നെത്തും. പുതുസംരംഭത്തിന് സർക്കാർ വകുപ്പുകളിൽ നിന്നും അനുമതി കിട്ടിയേക്കാം. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുവാൻ ശ്രമം തുടരുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയില്ല. കുടുംബകാര്യങ്ങൾക്ക് ധാരാളം സമയം നീക്കിവെക്കും. ആതിഥ്യമര്യാദ പ്രശംസിക്കപ്പെടുന്നതാണ്. വയോജനങ്ങളുടെ പരിചരണത്തിന് സമയം കണ്ടെത്താൻ വിഷമിച്ചേക്കും.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
തിരുവോണം
വാരാദ്യം അലച്ചിലുണ്ടാവും. അനാവശ്യ കാര്യങ്ങളെച്ചൊല്ലി മനക്ലേശമേർപ്പെടുന്നതാണ്. മൗനം ഭജിക്കുക കരണീയം. ബുധനാഴ്ച മുതൽ സമ്മർദ്ദം കുറയും. ധനവരവിലെ തടസ്സം നീങ്ങുന്നതാണ്. യാത്രകൾ ഗുണകരമായേക്കും. ഉന്നതാധികാരികൾ അനുകൂല നിലപാട് കൈക്കൊള്ളും. തൊഴിലിടത്തിൽ പിരിമുറുക്കം കൂടാതെ ജോലിചെയ്യാനാവും. കർമ്മരംഗത്തെ പുഷ്ടിപ്പെടുത്താൻ പലതരം ചിന്തകൾ മനസ്സിൽ നിറയുന്നതാണ്. ആഢംബര വസ്തുക്കൾ വാങ്ങിയേക്കും. ചെറുപ്പക്കാരുടെ പ്രണയ കാര്യത്തിൽ വീട്ടുകാരുടെ മനസ്സ് അനുകൂലമാവും.
അവിട്ടം
നക്ഷത്രാധിപനായ ചൊവ്വയ്ക്ക് മൗഢ്യസ്ഥിതി തുടരുന്നതിനാൽ ഇപ്പോൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾ പിന്നീട് അബദ്ധമായിത്തീരാം. സ്വന്തം തൊഴിലിൽ അദ്ധ്വാനത്തിന് അനുസരിച്ചുള്ള ഫലം കിട്ടാതെ വന്നേക്കും. കടം വാങ്ങിയവർ മടക്കിത്തരാൻ മടിക്കുന്നതാണ്. രാഷ്ട്രീയത്തിൽ വിരോധികളുമായി വാക്പ്പോരു നടത്തും. ദാമ്പത്യത്തിൽ സുഖാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. സഹോദരന്മാരുടെ ജോലിക്കാര്യത്തിനായി ആവർത്തിത ശ്രമം ആവശ്യമാവും. കാര്യപ്രാപ്തി കുറയില്ലെങ്കിലും നന്നായി ചെയ്തുവോ എന്ന് സംശയം ഉയർന്നുകൊണ്ടിരിക്കും.
ചതയം
പത്താം ഭാവത്തിൽ ആദിത്യൻ തുടരുന്നതിനാൽ കർമ്മരംഗത്ത് പുഷ്ടിയുണ്ടാവുന്നതാണ്. മത്സരാധിഷ്ഠിതമായ കരാറുകളിൽ നേട്ടമുണ്ടാക്കും. ബിസിനസ്സുകാർക്ക് കിടമത്സരങ്ങളിൽ പിടിച്ചുനിൽക്കാനാവും. നീണ്ടകാലത്തെ രോഗാവസ്ഥക്ക് ശമനം കണ്ടുതുടങ്ങുന്നതാണ്. സ്വതസ്സിദ്ധമായ കഴിവുകൾ പെട്ടെന്ന് പ്രയോജനപ്പെടും. അകലങ്ങളിൽ കഴിയുന്നവർക്ക് ജന്മനാട്ടിൽ പോകാൻ സാഹചര്യം ഒരുങ്ങും. ചില മിഥ്യാധാരണകൾ നീങ്ങിക്കിട്ടുന്നതാണ്. ദാമ്പത്യത്തിലെ അലോസരങ്ങളെ കണ്ടില്ലെന്ന് നടിക്കും. വാക്കുകൾ പരുഷങ്ങളാവാതിരിക്കാൻ ജാഗ്രത വേണ്ടതുണ്ട്
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ.
പൂരൂരുട്ടാതി
രാഹു, ശനി എന്നവർ ഈ നക്ഷത്രത്തിൽ തുടരുകയാൽ പൂരൂരുട്ടാതിക്കാർക്ക് പലവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കും. കഴിവിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയാതെ വരുന്നതാണ്. വേണ്ടപ്പെട്ടവരുമായി പിണങ്ങേണ്ട സാഹചര്യം സംജാതമാകാം. വലിയ തോതിൽ മുതൽമുടക്കി കച്ചവടം ചെയ്യാൻ തത്കാലം മുതിരരുത്. ബന്ധങ്ങൾ ചെറിയ കാരണങ്ങളാൽ ഉലയാം. ഉപജാപങ്ങളെ തൃണവൽഗണിക്കണം. ആദ്ധ്യാത്മിക സാധനകൾ മനസ്സിന് സ്വാസ്ഥ്യമരുളുന്നതായിരിക്കും.
ഉത്രട്ടാതി
ജോലിയിൽ ശോഭിക്കാനാവും. ഊഹക്കച്ചവടത്തിൽ നിന്നും/ ചിട്ടി മുതലായവയിൽ നിന്നും ആദായം വരും. സർക്കാർ കാര്യങ്ങളിൽ തടസ്സമുണ്ടാവില്ല. ഭൗതിക പുരോഗതി ദൃശ്യമാകുന്നതാണ്. കല/ സാഹിത്യം/ സിനിമ മുതലായ രംഗങ്ങളിൽ അവസരങ്ങൾ തുറന്നു കിട്ടും. പ്രണയികൾക്ക് സന്തോഷിക്കാനാവും. പിണങ്ങിക്കഴിയുന്ന കൂട്ടുകാരെ ഇണക്കുന്നതിന് മുൻകൈയ്യെടുക്കും. നിലവിലെ സ്ഥിതി മാറുന്നതിനായി അർത്ഥവത്തായ പരിശ്രമം തുടരും. മതപരമായ വിഷയങ്ങളോട് ആഭിമുഖ്യമേറും. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിലുണ്ടാവും. സ്വൈരം കുറയുന്നതാണ്.
രേവതി
ആത്മവിശ്വാസവും ഉന്നമനേച്ഛയും ഉയരുന്നതാണ്. സ്വന്തമായി ചെയ്യുന്ന വ്യാപാര വ്യവസായങ്ങളിൽ വരുമാനം വർദ്ധിക്കും. ഉല്പന്നങ്ങൾക്ക് ധാരാളം ഓർഡർ ലഭിക്കുന്നതായിരിക്കും. അദ്ധ്വാനഭാരം കൂടിയാലും മനസ്സുഖമുണ്ടാവും. ബന്ധുഭവനം സന്ദർശിക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ആത്മാർത്ഥ ശ്രമം നടത്തുന്നതാണ്.. മേലധികാരികളുടെ വിശ്വാസമാർജ്ജിച്ചേക്കും. കുടുംബകാര്യങ്ങൾ ഒരുവിധം ഭംഗിയായി മുന്നോട്ടു നീങ്ങുന്നതായിരിക്കും. മകൻ്റെ ജോലിക്കാര്യത്തിൽ പ്രതീക്ഷയുണരും. വെള്ളി, ശനി ദിവസങ്ങളിൽ കാര്യതടസ്സമനുഭവപ്പെടും
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us