/indian-express-malayalam/media/media_files/2024/11/02/aU3Kp0JiJ1ZLTD2L1UG8.jpg)
Weekly Horoscope, November 23-November 29
Astrology: ആദിത്യൻ വൃശ്ചികം രാശിയിൽ അനിഴം ഞാറ്റുവേലയിലാണ്. ചന്ദ്രൻ ശുക്ലപക്ഷത്തിലും. ചൊവ്വ മൗഢ്യത്തോടുകൂടി വൃശ്ചികം രാശിയിൽ തുടരുന്നു. ബുധൻ നവംബർ 23 ന് വക്രമൗഢ്യസ്ഥിതിയിൽ തുലാം രാശിയിൽ പ്രവേശിക്കുന്നു.
ശുക്രൻ നവംബർ 26 ന് വൃശ്ചികം രാശിയിലേക്ക് സംക്രമിക്കുകയാണ്. മീനം രാശിയിൽ ശനിയുടെ വക്രം തുടരുകയാണ്. വ്യാഴം വക്രഗതിയിൽ കർക്കടകത്തിലുണ്ട്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി ഒന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം രണ്ടാം പാദത്തിലും സഞ്ചരിക്കുകയാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെ ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Read More: നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
മകം
ആശയവിനിമയത്തിൽ അവ്യക്തതകൾ വരാനിടയുണ്ട്. മിഥ്യാധാരണകൾ ഉണ്ടാവാം. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടും. പുതിയ ദൗത്യങ്ങൾ ദുർഘടങ്ങളാവാം. മുൻധാരണകൾ ഒഴിവാക്കുക ഉചിതം. സ്ത്രീകളുടെ പിന്തുണ ലഭിക്കും. സഹോദരരുമായുള്ള പ്രശ്നങ്ങൾ തുടരപ്പെടുന്നതാണ്. ഗൃഹത്തിൽ വയറിംഗ്/ പെയിൻ്റിംഗ് ജോലികൾ നീളാൻ സാധ്യതയുണ്ട്. അഭിമുഖങ്ങളിൽ കഴിവ് പ്രദർശിപ്പിക്കാനാവും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലസ്യം അനുഭവപ്പെടും. ബുധനാഴ്ച തൊട്ട് കൂടുതൽ ക്രിയാശക്തി കൈവരുന്നതാണ്.
പൂരം
പുതിയ ചിന്തകൾ ഉള്ളിൽ നിറയും. എന്നാൽ പ്രായോഗികമാക്കാൻ തടസ്സങ്ങൾ അനുഭവപ്പെടും. തൊഴിലിടത്തിൽ പിരിമുറുക്കത്തിന് സാധ്യതയുണ്ട്. ചെറിയ കാര്യങ്ങളെ വലുതാക്കാൻ ശ്രമിക്കരുത്. എഴുതാപ്പുറം വായിക്കുന്നത് എപ്പോഴും നല്ലതാവണമെന്നില്ല. സ്വതന്ത്രമായി ജോലി ചെയ്യാൻ ആഗ്രഹിക്കുമെങ്കിലും അതിന് കഴിഞ്ഞേക്കില്ല. കച്ചവടത്തിൽ നിന്നും ലാഭമുണ്ടാവും. മകൻ്റെ ആവശ്യങ്ങൾ നീളുന്നതിൽ വിഷമിക്കുന്നതാണ്. മംഗളകാര്യങ്ങൾ/ തീർത്ഥാടനം ഇവയ്ക്കായി ദൂരയാത്രകൾക്ക്സാ ഹചര്യമൊരുങ്ങുന്നതായിരിക്കും.
ഉത്രം
ഉത്സാഹം ക്രിയാകുശലതയായി പരിണമിക്കുന്നതാണ്. പൊതുക്കാര്യങ്ങൾക്ക് സമയം കണ്ടെത്തും. സുഹൃൽ സമാഗമങ്ങളിൽ പങ്കുചേരുന്നതാണ്. സ്വാശ്രയ സ്ഥാപനത്തിൽ വികസനം കുറയുന്നതിൽ മനോവിഷമം ഭവിക്കാം. ലോൺ അപേക്ഷ പരിഗണിക്കപ്പെടും. സഹപ്രവർത്തകരുടെ ചുമതലകൾ ഏറ്റെടുക്കുന്നത് കരുതലോടെ വേണ്ടതുണ്ട്. ധനപരമായ കബളിപ്പിക്കലിന് സാധ്യത കാണുന്നു. അക്കാര്യത്തിൽ ജാഗ്രത അനിവാര്യം. കരാർ പണികൾ തുടർന്നും ലഭിക്കുന്നതാണ്. വിദ്യാർത്ഥികർക്ക് കലാമത്സരങ്ങളിൽ ഗ്രേഡ് നേടാനാവും.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
അത്തം
ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് മുഴുകുന്നതാണ്. ആധികാരികമായ തീരുമാനങ്ങൾ കൈക്കൊള്ളും. സഹപ്രവർത്തകരെ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വിജയിക്കുന്നതാണ്. പുതുവാഹനം വാങ്ങുന്ന കാര്യം നീളാം. മകൻ്റെ ജോലിക്കാര്യത്തിൽ രാഷ്ട്രീയ ശുപാർശകൾ ഫലം കാണണമെന്നില്ല. എഴുത്തുകാർക്ക് നവരചനകൾ നടത്തുവാൻ സന്ദർഭമുണ്ടാകും. നിക്ഷേപങ്ങളിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. സഹോദരർക്കിടയിൽ ഐക്യം ദൃഢപ്പെടുന്നതാണ്. വ്യാഴം മുതൽ കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.
ചിത്തിര
വലിയ മാറ്റങ്ങളൊന്നും വരാനിടയില്ലാത്ത വാരമാണ്. അധികപ്രയത്നം കൊണ്ടുമാത്രമേ ലഘുകാര്യങ്ങൾ പോലും സാധിക്കാനാവൂ എന്ന സ്ഥിതി വിഷമിപ്പിക്കാം. കുടുംബകാര്യങ്ങളിൽ ഉദാസീനരായേക്കും. ബന്ധുക്കളുടെ സഹായം ഭാഗികമായി കിട്ടാം. വസ്തുവിൽ നിന്നും ആദായത്തിന് സാധ്യതയുണ്ട്. ക്രയവിക്രയങ്ങൾ നിയമപരമായിരിക്കാൻ കരുതലുണ്ടാവണം. പ്രണയികൾക്ക് ജീവിതത്തെക്കുറിച്ച് ധാരാളം സ്വപ്നം കാണാനാവും. പാരിതോഷികങ്ങൾ കൊടുക്കാനും / കിട്ടാനും ഇടയുണ്ട്. ഓൺലൈൻ ബിസിനസ് വിപുലീകരിക്കാൻ ശ്രമം തുടർന്നേക്കും.
ചോതി
നിസ്സാരകാര്യങ്ങൾ മനസ്സിനെ കലുഷമാക്കാം. എന്നാൽ പ്രധാന കാര്യങ്ങൾക്ക് ചിലപ്പോൾ വേഗത്തിൽ തീരുമാനമുണ്ടായെ ന്നും വന്നേക്കാം. സാമൂഹ്യ പ്രവർത്തനം മനസ്സംതൃപ്തി പകരുന്നതാണ്. സ്വാശ്രയത്വ വ്യാപാരം പുരോഗതിയുടെ പാതയിലെത്തും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നത് ചാരിതാർത്ഥ്യത്തിന് കാരണമാകും. കൂട്ടുകെട്ടുകളിൽ തൃപ്തി കുറയാം. വിദ്യാഭ്യാസ കാര്യത്തിൽ മകൾക്ക് ആലസ്യമുണ്ടാവും. മിതവ്യയശീലം പാലിക്കാൻ കഴിയാതെ വരും. മുടങ്ങിക്കിടന്ന സാധനകൾ പുനരാരംഭിക്കാനാവും.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
വിശാഖം
വിശ്വസിച്ചേല്പിച്ച കാര്യങ്ങൾ പൂർത്തിയാക്കുകയാൽ മേലധികാരിയുടെ പ്രോൽസാഹനം ലഭിക്കുന്നതാണ്. സംഘടനാ പ്രവർത്തനങ്ങളോട് വിയോജിപ്പുണ്ടാവും. എന്നാലും അതിൽ നിന്നും വിട്ടുനിൽക്കാൻ കഴിഞ്ഞേക്കില്ല. ഗൃഹനിർമ്മാണത്തിനുള്ള ചർച്ച ഗാർഹികാന്തരീക്ഷത്തെ സജീവമാക്കാം. ബിസിനസ്സിൻ്റെ ഉയർച്ചക്ക് കൂടുതൽ അദ്ധ്വാനം ആവശ്യമാണ്. സ്ഥാപനത്തിന് ശാഖകൾ തുറക്കുന്നതിന് തീരുമാനിക്കും. വാഗ്വിലാസം ഗുണത്തിനും ശത്രുതയ്ക്കും ഇടവരുത്താം. ഉപാസനകൾ ഉദാസീനമാവാതിരിക്കാൻ കരുതലുണ്ടാവണം.
അനിഴം
ആലസ്യത്തിനും കർമ്മവൈമുഖ്യത്തിനുമിടയുണ്ട്. തീരുമാനിച്ച കാര്യങ്ങൾ മാറ്റിവെക്കാനുള്ള പ്രവണതയുണ്ടാവും. പരാശ്രയം ഇഷ്ടമല്ലെങ്കിലും മറ്റുള്ളവരെ കാര്യസാധ്യത്തിന് സമീപിക്കുന്നതാണ്. ഏജൻസി ബിസിനസ്സിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. മത്സരാധിഷ്ഠിത കരാറുകളിൽ നിന്നും പിന്മാറിയേക്കും. സുഹൃത്തുക്കളുടെ വ്യാപാരത്തിൽ പങ്കുചേരാനിടയുണ്ട്. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം. കുടുംബ സമേതം ലഘു വിനോദയാത്രകൾക്ക് അവസരം സിദ്ധിച്ചേക്കാം. മനസ്സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കേണ്ടതുണ്ട്. കൈവായ്പ നേരനീക്കം വരുത്താതെ മടക്കിക്കൊടുക്കുവാനായേക്കും.
തൃക്കേട്ട
അപ്രസക്ത കാര്യങ്ങൾക്കായി ഊർജ്ജവും സമയവും ചെലവഴിക്കും. ഔദ്യോഗികമായി ചില പിരിമുറുക്കങ്ങൾ വരാനിടയുണ്ട്. വ്യായാമം, ദിനചര്യ ഇവയിൽ മുടക്കം/ നേരനീക്കം വന്നേക്കാം. വിദ്യാർത്ഥികളുടെ പഠനത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട സന്ദർഭമാണ്. പഴയ കാര്യങ്ങൾ ഓർമ്മിക്കേണ്ട സാഹചര്യം സംജാതമാകും. ആദർശത്തിൽ മുറുകെ പിടിക്കുന്നതിനാൽ വിരോധികളെ സമ്പാദിച്ചേക്കും. പ്രണയാനുഭവങ്ങൾ അഭംഗുരമാവും. കലോപാസകർക്ക് സ്വസൃഷ്ടികളിൽ പരിശീലനം സാധ്യമായേക്കാം.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us