/indian-express-malayalam/media/media_files/2024/11/02/fI9kBb9EOD0DVHpnZXms.jpg)
Weekly Horoscope, November 23-November 29
Astrology: ആദിത്യൻ വൃശ്ചികം രാശിയിൽ അനിഴം ഞാറ്റുവേലയിലാണ്. ചന്ദ്രൻ ശുക്ലപക്ഷത്തിലും. ചൊവ്വ മൗഢ്യത്തോടുകൂടി വൃശ്ചികം രാശിയിൽ തുടരുന്നു. ബുധൻ നവംബർ 23 ന് വക്രമൗഢ്യസ്ഥിതിയിൽ തുലാം രാശിയിൽ പ്രവേശിക്കുന്നു.
ശുക്രൻ നവംബർ 26 ന് വൃശ്ചികം രാശിയിലേക്ക് സംക്രമിക്കുകയാണ്. മീനം രാശിയിൽ ശനിയുടെ വക്രം തുടരുകയാണ്. വ്യാഴം വക്രഗതിയിൽ കർക്കടകത്തിലുണ്ട്.
രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി ഒന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം രണ്ടാം പാദത്തിലും സഞ്ചരിക്കുകയാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Read More: നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
അശ്വതി
അനുകൂല വാരമെന്ന് പറയാം. പ്രവൃത്തിയിൽ പൂർണ്ണമനസ്സോടെ മുഴുകാൻ കഴിയുന്നതാണ്. ഏർപ്പെട്ട കാര്യങ്ങളിൽ വിജയിക്കാനാവും. ആലസ്യത്തോട് വിട പറയും. ആത്മവിശ്വാസം കുറയില്ല. പുതിയ കാര്യങ്ങളിൽ എടുത്തുചാടുന്നത് കരുതലോടെയാവണം. ഉപയോഗിക്കുന്ന രേഖകളുടെ ആധികാരികത ഉറപ്പുവരുത്തേണ്ടതുണ്ട്. കൂട്ടുകെട്ടുകൾ മനസ്സന്തോഷത്തിന് കാരണമാകുന്നതാണ്. പ്രണയാനുഭവങ്ങൾ തടസ്സപ്പെടുകയില്ല. കരുതൽ ധനം നിക്ഷേപിക്കുന്നതിൽ ജാഗ്രത വേണം. വാരാദ്യ ദിവസങ്ങളിൽ ഏകാഗ്രത ശിഥിലമാവാനിടയുണ്ട്.
ഭരണി
കൃത്യനിഷ്ഠയും അർപ്പണവും മേലധികാരികളാൽ ശ്ളാഘിക്കപ്പെടുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം ഉറപ്പു വരുത്തും. സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടുന്നതാണ്. ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത അവസരങ്ങൾ സംജാതമായേക്കും. രാഷ്ട്രീയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നതാണ്. നിലപാടുകൾ അറിയിക്കാൻ മടിക്കില്ല. വിപണിയുടെ സ്പന്ദനം അറിഞ്ഞ് പ്രവർത്തിക്കുകയാൽ ബിസിനസ്സിൽ ലാഭം കൂടുന്നതാണ്. ദാമ്പത്യത്തിൽ സമാധാനമുണ്ടാവും. ഞായർ, തിങ്കൾ നവാരംഭങ്ങൾക്ക് ഉചിതമല്ല.
കാർത്തിക
വാരാദ്യദിവസങ്ങളിൽ അസംതൃപ്തിയും അശ്രദ്ധയാൽ അബദ്ധങ്ങളും വരാനിടയുണ്ട്. വാക്കുകളിലും പ്രവർത്തികളിലും ശ്രദ്ധിക്കണം. അനാരോഗ്യ പ്രവണതകൾ ഒഴിവാക്കേണ്ടതുണ്ട്. ബുധനാഴ്ച മുതൽ ഏകാഗ്രത പുലർത്താനാവും. ധനാഗമം തടസ്സപ്പെടുകയില്ല. തൊഴിലിടത്തിൽ സൗഹൃദാന്തരീക്ഷം നിറയുന്നതാണ്. പുതുകാര്യങ്ങൾ പഠിച്ചറിയാൻ ഔത്സുക്യം വന്നെത്തുന്നതായിരിക്കും. ആത്മപരിശോധന നടത്താനും തെറ്റുതിരുത്താനും സന്നദ്ധത കാട്ടും. കുടുംബകാരണവരെ സന്ദർശിക്കും. ക്ഷേത്രാടനത്തിന് അവസരം ലഭിക്കാം.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
രോഹിണി
പലതരം വിയോജിപ്പുകളെ നേരിടേണ്ടി വരുന്നതാണ്. കരുതിയതുപോലെ കാര്യങ്ങൾ നിങ്ങാത്തതിൽ വ്യസനിക്കും. അനിഷ്ടങ്ങൾ പ്രകടിപ്പിക്കാൻ സാധിച്ചേക്കില്ല. വാരാദ്യ ദിവസങ്ങളിൽ ദേഹസൗഖ്യം കുറയാനുമിടയുണ്ട്. ക്രമേണ താളം വീണ്ടെടുക്കും. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാൻ മറക്കരുത്. കർമ്മപുരോഗതിക്കായി നടത്തുന്ന നീക്കങ്ങൾ ഫലവത്താകും. ബന്ധങ്ങൾ ദൃഢമാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നതാണ്.
കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കും.
മകയിരം
ഇടവക്കൂറുകാർക്ക് വാരാദ്യവും മിഥുനക്കൂറുകാർക്ക് വാര മധ്യവും ഗുണകരമാവില്ല. കർമ്മമേഖലയിൽ തടസ്സങ്ങൾ സംഭവിക്കാം. അനാവശ്യ ചെലവുകൾ അധികമാവുന്നതാണ്. പുതിയ കാര്യങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി കിട്ടണമെന്നില്ല. മറ്റുള്ള ദിവസങ്ങളിൽ കാര്യപ്രാപ്തി പ്രതീക്ഷിക്കാം. ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനാവും. മകൻ്റെ പഠനഫീസ് അടക്കാൻ സാധിച്ചേക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. സംഘടനകളിൽ വിശ്വാസ്യത ഉയരുന്നതായിരിക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണ കൂടുന്നതാണ്.
തിരുവാതിര
നക്ഷത്രാധിപനായ രാഹു നക്ഷത്രസന്ധിയിലാകയാൽ തീരുമാനങ്ങളിൽ നല്ല ശ്രദ്ധയുണ്ടാവണം. ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതിയുണ്ടാവത്തത് മാനസികമായ പിരിമുറുക്കം സൃഷ്ടിച്ചേക്കാം. ധനപരമായി കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത ആവശ്യമാണ്. ഉദ്യോഗസ്ഥർക്ക് സാമാന്യമായി ശോഭിക്കാനാവും. കലാമത്സരങ്ങളിൽ കഴിവ് പ്രദർശിപ്പിക്കുന്നതിന് അവസരം സംജാതമാകുന്നതാണ്. ബിസിനസ്സ് യാത്രകൾക്ക് ഇപ്പോൾ അനുകൂലത പറയാനാവില്ല. വയോധികരുടെ ആരോഗ്യകാര്യങ്ങളിൽ മറ്റുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്. ചൊവ്വയും ബുധനും നവാരംഭങ്ങൾക്ക് വർജ്യദിവസങ്ങൾ.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
പുണർതം
പല കാര്യങ്ങളിലും കുറെ അവ്യക്തതകൾ ഉണ്ടാവും. സന്ദിഗ്ദ്ധതയും ഭവിക്കുന്നതാണ്. സംശയം പരിഹരിക്കാൻ മടിക്കരുത്. എന്നാലും പ്രവർത്തികളിൽ മുഴുകേണ്ട സാഹചര്യം വരുന്നതാണ്. സമയോചിതമായ ഉപദേശം ലഭിക്കാം. കൂട്ടുകച്ചവടത്തിൽ പുതിയ ഓഹരി ദാതാക്കളെ ചേർത്തേക്കും. സാമ്പത്തിക കാര്യങ്ങളിൽ മെച്ചമുണ്ടാവും. ലോൺ അപേക്ഷ പരിഗണിക്കപ്പെടും. ഒപ്പമുള്ളവരുടെ സഹകരണം മോശമാവില്ല. കുടുംബത്തിൻ്റെ പിന്തുണ വേണ്ടത്രയുണ്ടാവും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മനോവാക്കർമ്മങ്ങളിൽ കരുതൽ വേണം.
പൂയം
കർമ്മരംഗത്തിന് ഗതിവേഗം കുറയുന്ന കാലമാണ്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കും. മാർക്കറ്റിംഗ് രംഗത്ത് വെല്ലുവിളികളുണ്ടാവുന്നതാണ്. ഉറ്റവരുടെ വിശ്വാസമാർജ്ജിക്കുക വെല്ലുവിളിയായി തോന്നും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സാഹചര്യമല്ലെന്ന് ഓർമ്മിക്കണം. നിലവിലെ ബിസിനസ്സിൽ നിന്നും ചെറുലാഭം പ്രതീക്ഷിക്കാം. രോഗഗ്രസ്തർക്ക് ആശ്വാസ കാലമാണ്. കുടുംബ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിൽ പങ്കുകൊള്ളും. കലാപരിശീലനം തീവ്രമാവും.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ആയില്യം
അമിതമായ ചിന്തകൾ ആശയക്കുഴപ്പം ഉണ്ടാക്കാം. അവ്യക്തമായിരിക്കും പലതും. ബിസിനസ്സിൽ പുതിയ വിപണന തന്ത്രങ്ങൾ കൊണ്ടുവരാൻ വെമ്പും. എന്നാൽ ആലസ്യം പിടികൂടാം. സാങ്കേതിക വിഷയങ്ങൾ അറിയാൻ ശ്രമം തുടരുന്നതാണ്. ഉപദേശങ്ങൾ നൽകി ചിലപ്പോൾ കുടുംബത്തിലെ പുതുതലമുറയുടെ അനിഷ്ടത്തിന് പാത്രമാകും. ഭോഗസുഖം, വിനോദരസികത്വം, ആവശ്യത്തിന് വിശ്രമം ഇവയുണ്ടാവും. മിതവ്യയശീലത്തിൽ നിന്നും വ്യതിചലിക്കില്ല. വെള്ളി, ശനി ദിവസങ്ങളിൽ അഷ്ടമരാശിയാകയാൽ കരുതലുണ്ടാവണം.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us