/indian-express-malayalam/media/media_files/2025/11/22/weekly-horoscope-2025-11-22-09-52-27.jpg)
Weekly Horoscope, November 23-November 29
Astrology: ആദിത്യൻ വൃശ്ചികം രാശിയിൽ അനിഴം ഞാറ്റുവേലയിലാണ്. ചന്ദ്രൻ ശുക്ലപക്ഷത്തിലും. ചൊവ്വ മൗഢ്യത്തോടുകൂടി വൃശ്ചികം രാശിയിൽ തുടരുന്നു. ബുധൻ നവംബർ 23 ന് വക്രമൗഢ്യസ്ഥിതിയിൽ തുലാം രാശിയിൽ പ്രവേശിക്കുന്നു.
ശുക്രൻ നവംബർ 26 ന് വൃശ്ചികം രാശിയിലേക്ക് സംക്രമിക്കുകയാണ്. മീനം രാശിയിൽ ശനിയുടെ വക്രം തുടരുകയാണ്. വ്യാഴം വക്രഗതിയിൽ കർക്കടകത്തിലുണ്ട്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി ഒന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ പൂരം രണ്ടാം പാദത്തിലും സഞ്ചരിക്കുകയാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെ 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Read More: നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
അശ്വതി
അനുകൂല വാരമെന്ന് പറയാം. പ്രവൃത്തിയിൽ പൂർണ്ണമനസ്സോടെ മുഴുകാൻ കഴിയുന്നതാണ്. ഏർപ്പെട്ട കാര്യങ്ങളിൽ വിജയിക്കാനാവും. ആലസ്യത്തോട് വിട പറയും. ആത്മവിശ്വാസം കുറയില്ല. പുതിയ കാര്യങ്ങളിൽ എടുത്തുചാടുന്നത് കരുതലോടെയാവണം. ഉപയോഗിക്കുന്ന രേഖകളുടെ ആധികാരികത ഉറപ്പുവരുത്തേണ്ടതുണ്ട്. കൂട്ടുകെട്ടുകൾ മനസ്സന്തോഷത്തിന് കാരണമാകുന്നതാണ്. പ്രണയാനുഭവങ്ങൾ തടസ്സപ്പെടുകയില്ല. കരുതൽ ധനം നിക്ഷേപിക്കുന്നതിൽ ജാഗ്രത വേണം. വാരാദ്യ ദിവസങ്ങളിൽ ഏകാഗ്രത ശിഥിലമാവാനിടയുണ്ട്.
ഭരണി
കൃത്യനിഷ്ഠയും അർപ്പണവും മേലധികാരികളാൽ ശ്ളാഘിക്കപ്പെടുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം ഉറപ്പു വരുത്തും. സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടുന്നതാണ്. ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത അവസരങ്ങൾ സംജാതമായേക്കും. രാഷ്ട്രീയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നതാണ്. നിലപാടുകൾ അറിയിക്കാൻ മടിക്കില്ല. വിപണിയുടെ സ്പന്ദനം അറിഞ്ഞ് പ്രവർത്തിക്കുകയാൽ ബിസിനസ്സിൽ ലാഭം കൂടുന്നതാണ്. ദാമ്പത്യത്തിൽ സമാധാനമുണ്ടാവും. ഞായർ, തിങ്കൾ നവാരംഭങ്ങൾക്ക് ഉചിതമല്ല.
കാർത്തിക
വാരാദ്യദിവസങ്ങളിൽ അസംതൃപ്തിയും അശ്രദ്ധയാൽ അബദ്ധങ്ങളും വരാനിടയുണ്ട്. വാക്കുകളിലും പ്രവർത്തികളിലും ശ്രദ്ധിക്കണം. അനാരോഗ്യ പ്രവണതകൾ ഒഴിവാക്കേണ്ടതുണ്ട്. ബുധനാഴ്ച മുതൽ ഏകാഗ്രത പുലർത്താനാവും. ധനാഗമം തടസ്സപ്പെടുകയില്ല. തൊഴിലിടത്തിൽ സൗഹൃദാന്തരീക്ഷം നിറയുന്നതാണ്. പുതുകാര്യങ്ങൾ പഠിച്ചറിയാൻ ഔത്സുക്യം വന്നെത്തുന്നതായിരിക്കും. ആത്മപരിശോധന നടത്താനും തെറ്റുതിരുത്താനും സന്നദ്ധത കാട്ടും. കുടുംബകാരണവരെ സന്ദർശിക്കും. ക്ഷേത്രാടനത്തിന് അവസരം ലഭിക്കാം.
രോഹിണി
പലതരം വിയോജിപ്പുകളെ നേരിടേണ്ടി വരുന്നതാണ്. കരുതിയതുപോലെ കാര്യങ്ങൾ നിങ്ങാത്തതിൽ വ്യസനിക്കും. അനിഷ്ടങ്ങൾ പ്രകടിപ്പിക്കാൻ സാധിച്ചേക്കില്ല. വാരാദ്യ ദിവസങ്ങളിൽ ദേഹസൗഖ്യം കുറയാനുമിടയുണ്ട്. ക്രമേണ താളം വീണ്ടെടുക്കും. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാൻ മറക്കരുത്. കർമ്മപുരോഗതിക്കായി നടത്തുന്ന നീക്കങ്ങൾ ഫലവത്താകും. ബന്ധങ്ങൾ ദൃഢമാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നതാണ്.
കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കും.
മകയിരം
ഇടവക്കൂറുകാർക്ക് വാരാദ്യവും മിഥുനക്കൂറുകാർക്ക് വാര മധ്യവും ഗുണകരമാവില്ല. കർമ്മമേഖലയിൽ തടസ്സങ്ങൾ സംഭവിക്കാം. അനാവശ്യ ചെലവുകൾ അധികമാവുന്നതാണ്. പുതിയ കാര്യങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി കിട്ടണമെന്നില്ല. മറ്റുള്ള ദിവസങ്ങളിൽ കാര്യപ്രാപ്തി പ്രതീക്ഷിക്കാം. ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനാവും. മകൻ്റെ പഠനഫീസ് അടക്കാൻ സാധിച്ചേക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. സംഘടനകളിൽ വിശ്വാസ്യത ഉയരുന്നതായിരിക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണ കൂടുന്നതാണ്.
തിരുവാതിര
നക്ഷത്രാധിപനായ രാഹു നക്ഷത്രസന്ധിയിലാകയാൽ തീരുമാനങ്ങളിൽ നല്ല ശ്രദ്ധയുണ്ടാവണം. ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതിയുണ്ടാവത്തത് മാനസികമായ പിരിമുറുക്കം സൃഷ്ടിച്ചേക്കാം. ധനപരമായി കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത ആവശ്യമാണ്. ഉദ്യോഗസ്ഥർക്ക് സാമാന്യമായി ശോഭിക്കാനാവും. കലാമത്സരങ്ങളിൽ കഴിവ് പ്രദർശിപ്പിക്കുന്നതിന് അവസരം സംജാതമാകുന്നതാണ്. ബിസിനസ്സ് യാത്രകൾക്ക് ഇപ്പോൾ അനുകൂലത പറയാനാവില്ല. വയോധികരുടെ ആരോഗ്യകാര്യങ്ങളിൽ മറ്റുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്. ചൊവ്വയും ബുധനും നവാരംഭങ്ങൾക്ക് വർജ്യദിവസങ്ങൾ
പുണർതം
പല കാര്യങ്ങളിലും കുറെ അവ്യക്തതകൾ ഉണ്ടാവും. സന്ദിഗ്ദ്ധതയും ഭവിക്കുന്നതാണ്. സംശയം പരിഹരിക്കാൻ മടിക്കരുത്. എന്നാലും പ്രവർത്തികളിൽ മുഴുകേണ്ട സാഹചര്യം വരുന്നതാണ്. സമയോചിതമായ ഉപദേശം ലഭിക്കാം. കൂട്ടുകച്ചവടത്തിൽ പുതിയ ഓഹരി ദാതാക്കളെ ചേർത്തേക്കും. സാമ്പത്തിക കാര്യങ്ങളിൽ മെച്ചമുണ്ടാവും. ലോൺ അപേക്ഷ പരിഗണിക്കപ്പെടും. ഒപ്പമുള്ളവരുടെ സഹകരണം മോശമാവില്ല. കുടുംബത്തിൻ്റെ പിന്തുണ വേണ്ടത്രയുണ്ടാവും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മനോവാക്കർമ്മങ്ങളിൽ കരുതൽ വേണം.
പൂയം
കർമ്മരംഗത്തിന് ഗതിവേഗം കുറയുന്ന കാലമാണ്. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കും. മാർക്കറ്റിംഗ് രംഗത്ത് വെല്ലുവിളികളുണ്ടാവുന്നതാണ്. ഉറ്റവരുടെ വിശ്വാസമാർജ്ജിക്കുക വെല്ലുവിളിയായി തോന്നും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സാഹചര്യമല്ലെന്ന് ഓർമ്മിക്കണം. നിലവിലെ ബിസിനസ്സിൽ നിന്നും ചെറുലാഭം പ്രതീക്ഷിക്കാം. രോഗഗ്രസ്തർക്ക് ആശ്വാസ കാലമാണ്. കുടുംബ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിൽ പങ്കുകൊള്ളും. കലാപരിശീലനം തീവ്രമാവും.
ആയില്യം
അമിതമായ ചിന്തകൾ ആശയക്കുഴപ്പം ഉണ്ടാക്കാം. അവ്യക്തമായിരിക്കും പലതും. ബിസിനസ്സിൽ പുതിയ വിപണന തന്ത്രങ്ങൾ കൊണ്ടുവരാൻ വെമ്പും. എന്നാൽ ആലസ്യം പിടികൂടാം. സാങ്കേതിക വിഷയങ്ങൾ അറിയാൻ ശ്രമം തുടരുന്നതാണ്. ഉപദേശങ്ങൾ നൽകി ചിലപ്പോൾ കുടുംബത്തിലെ പുതുതലമുറയുടെ അനിഷ്ടത്തിന് പാത്രമാകും. ഭോഗസുഖം, വിനോദരസികത്വം, ആവശ്യത്തിന് വിശ്രമം ഇവയുണ്ടാവും. മിതവ്യയശീലത്തിൽ നിന്നും വ്യതിചലിക്കില്ല. വെള്ളി, ശനി ദിവസങ്ങളിൽ അഷ്ടമരാശിയാകയാൽ കരുതലുണ്ടാവണം.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
മകം
ആശയവിനിമയത്തിൽ അവ്യക്തതകൾ വരാനിടയുണ്ട്. മിഥ്യാധാരണകൾ ഉണ്ടാവാം. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടും. പുതിയ ദൗത്യങ്ങൾ ദുർഘടങ്ങളാവാം. മുൻധാരണകൾ ഒഴിവാക്കുക ഉചിതം. സ്ത്രീകളുടെ പിന്തുണ ലഭിക്കും. സഹോദരരുമായുള്ള പ്രശ്നങ്ങൾ തുടരപ്പെടുന്നതാണ്. ഗൃഹത്തിൽ വയറിംഗ്/ പെയിൻ്റിംഗ് ജോലികൾ നീളാൻ സാധ്യതയുണ്ട്. അഭിമുഖങ്ങളിൽ കഴിവ് പ്രദർശിപ്പിക്കാനാവും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലസ്യം അനുഭവപ്പെടും. ബുധനാഴ്ച തൊട്ട് കൂടുതൽ ക്രിയാശക്തി കൈവരുന്നതാണ്.
പൂരം
പുതിയ ചിന്തകൾ ഉള്ളിൽ നിറയും. എന്നാൽ പ്രായോഗികമാക്കാൻ തടസ്സങ്ങൾ അനുഭവപ്പെടും. തൊഴിലിടത്തിൽ പിരിമുറുക്കത്തിന് സാധ്യതയുണ്ട്. ചെറിയ കാര്യങ്ങളെ വലുതാക്കാൻ ശ്രമിക്കരുത്. എഴുതാപ്പുറം വായിക്കുന്നത് എപ്പോഴും നല്ലതാവണമെന്നില്ല. സ്വതന്ത്രമായി ജോലി ചെയ്യാൻ ആഗ്രഹിക്കുമെങ്കിലും അതിന് കഴിഞ്ഞേക്കില്ല. കച്ചവടത്തിൽ നിന്നും ലാഭമുണ്ടാവും. മകൻ്റെ ആവശ്യങ്ങൾ നീളുന്നതിൽ വിഷമിക്കുന്നതാണ്. മംഗളകാര്യങ്ങൾ/ തീർത്ഥാടനം ഇവയ്ക്കായി ദൂരയാത്രകൾക്ക് സാഹചര്യമൊരുങ്ങുന്നതായിരിക്കും.
ഉത്രം
ഉത്സാഹം ക്രിയാകുശലതയായി പരിണമിക്കുന്നതാണ്. പൊതുക്കാര്യങ്ങൾക്ക് സമയം കണ്ടെത്തും. സുഹൃൽ സമാഗമങ്ങളിൽ പങ്കുചേരുന്നതാണ്. സ്വാശ്രയ സ്ഥാപനത്തിൽ വികസനം കുറയുന്നതിൽ മനോവിഷമം ഭവിക്കാം. ലോൺ അപേക്ഷ പരിഗണിക്കപ്പെടും. സഹപ്രവർത്തകരുടെ ചുമതലകൾ ഏറ്റെടുക്കുന്നത് കരുതലോടെ വേണ്ടതുണ്ട്. ധനപരമായ കബളിപ്പിക്കലിന് സാധ്യത കാണുന്നു. അക്കാര്യത്തിൽ ജാഗ്രത അനിവാര്യം. കരാർ പണികൾ തുടർന്നും ലഭിക്കുന്നതാണ്. വിദ്യാർത്ഥികർക്ക് കലാമത്സരങ്ങളിൽ ഗ്രേഡ് നേടാനാവും.
അത്തം
ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് മുഴുകുന്നതാണ്. ആധികാരികമായ തീരുമാനങ്ങൾ കൈക്കൊള്ളും. സഹപ്രവർത്തകരെ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വിജയിക്കുന്നതാണ്. പുതുവാഹനം വാങ്ങുന്ന കാര്യം നീളാം. മകൻ്റെ ജോലിക്കാര്യത്തിൽ രാഷ്ട്രീയ ശുപാർശകൾ ഫലം കാണണമെന്നില്ല. എഴുത്തുകാർക്ക് നവരചനകൾ നടത്തുവാൻ സന്ദർഭമുണ്ടാകും. നിക്ഷേപങ്ങളിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. സഹോദരർക്കിടയിൽ ഐക്യം ദൃഢപ്പെടുന്നതാണ്. വ്യാഴം മുതൽ കൂടുതൽ അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം.
ചിത്തിര
വലിയ മാറ്റങ്ങളൊന്നും വരാനിടയില്ലാത്ത വാരമാണ്. അധികപ്രയത്നം കൊണ്ടുമാത്രമേ ലഘുകാര്യങ്ങൾ പോലും സാധിക്കാനാവൂ എന്ന സ്ഥിതി വിഷമിപ്പിക്കാം. കുടുംബകാര്യങ്ങളിൽ ഉദാസീനരായേക്കും. ബന്ധുക്കളുടെ സഹായം ഭാഗികമായി കിട്ടാം. വസ്തുവിൽ നിന്നും ആദായത്തിന് സാധ്യതയുണ്ട്. ക്രയവിക്രയങ്ങൾ നിയമപരമായിരിക്കാൻ കരുതലുണ്ടാവണം. പ്രണയികൾക്ക് ജീവിതത്തെക്കുറിച്ച് ധാരാളം സ്വപ്നം കാണാനാവും. പാരിതോഷികങ്ങൾ കൊടുക്കാനും / കിട്ടാനും ഇടയുണ്ട്. ഓൺലൈൻ ബിസിനസ് വിപുലീകരിക്കാൻ ശ്രമം തുടർന്നേക്കും.
ചോതി
നിസ്സാരകാര്യങ്ങൾ മനസ്സിനെ കലുഷമാക്കാം. എന്നാൽ പ്രധാന കാര്യങ്ങൾക്ക് ചിലപ്പോൾ വേഗത്തിൽ തീരുമാനമുണ്ടായെ ന്നും വന്നേക്കാം. സാമൂഹ്യ പ്രവർത്തനം മനസ്സംതൃപ്തി പകരുന്നതാണ്. സ്വാശ്രയത്വ വ്യാപാരം പുരോഗതിയുടെ പാതയിലെത്തും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നത് ചാരിതാർത്ഥ്യത്തിന് കാരണമാകും. കൂട്ടുകെട്ടുകളിൽ തൃപ്തി കുറയാം. വിദ്യാഭ്യാസ കാര്യത്തിൽ മകൾക്ക് ആലസ്യമുണ്ടാവും. മിതവ്യയശീലം പാലിക്കാൻ കഴിയാതെ വരും. മുടങ്ങിക്കിടന്ന സാധനകൾ പുനരാരംഭിക്കാനാവും.
വിശാഖം
വിശ്വസിച്ചേല്പിച്ച കാര്യങ്ങൾ പൂർത്തിയാക്കുകയാൽ മേലധികാരിയുടെ പ്രോൽസാഹനം ലഭിക്കുന്നതാണ്. സംഘടനാ പ്രവർത്തനങ്ങളോട് വിയോജിപ്പുണ്ടാവും. എന്നാലും അതിൽ നിന്നും വിട്ടുനിൽക്കാൻ കഴിഞ്ഞേക്കില്ല. ഗൃഹനിർമ്മാണത്തിനുള്ള ചർച്ച ഗാർഹികാന്തരീക്ഷത്തെ സജീവമാക്കാം. ബിസിനസ്സിൻ്റെ ഉയർച്ചക്ക് കൂടുതൽ അദ്ധ്വാനം ആവശ്യമാണ്. സ്ഥാപനത്തിന് ശാഖകൾ തുറക്കുന്നതിന് തീരുമാനിക്കും. വാഗ്വിലാസം ഗുണത്തിനും ശത്രുതയ്ക്കും ഇടവരുത്താം. ഉപാസനകൾ ഉദാസീനമാവാതിരിക്കാൻ കരുതലുണ്ടാവണം.
അനിഴം
ആലസ്യത്തിനും കർമ്മവൈമുഖ്യത്തിനുമിടയുണ്ട്. തീരുമാനിച്ച കാര്യങ്ങൾ മാറ്റിവെക്കാനുള്ള പ്രവണതയുണ്ടാവും. പരാശ്രയം ഇഷ്ടമല്ലെങ്കിലും മറ്റുള്ളവരെ കാര്യസാധ്യത്തിന് സമീപിക്കുന്നതാണ്. ഏജൻസി ബിസിനസ്സിൽ നിന്നും ലാഭം പ്രതീക്ഷിക്കാം. മത്സരാധിഷ്ഠിത കരാറുകളിൽ നിന്നും പിന്മാറിയേക്കും. സുഹൃത്തുക്കളുടെ വ്യാപാരത്തിൽ പങ്കുചേരാനിടയുണ്ട്. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം. കുടുംബ സമേതം ലഘു വിനോദയാത്രകൾക്ക് അവസരം സിദ്ധിച്ചേക്കാം. മനസ്സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കേണ്ടതുണ്ട്. കൈവായ്പ നേരനീക്കം വരുത്താതെ മടക്കിക്കൊടുക്കുവാനായേക്കും.
തൃക്കേട്ട
അപ്രസക്ത കാര്യങ്ങൾക്കായി ഊർജ്ജവും സമയവും ചെലവഴിക്കും. ഔദ്യോഗികമായി ചില പിരിമുറുക്കങ്ങൾ വരാനിടയുണ്ട്. വ്യായാമം, ദിനചര്യ ഇവയിൽ മുടക്കം/ നേരനീക്കം വന്നേക്കാം. വിദ്യാർത്ഥികളുടെ പഠനത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട സന്ദർഭമാണ്. പഴയ കാര്യങ്ങൾ ഓർമ്മിക്കേണ്ട സാഹചര്യം സംജാതമാകും. ആദർശത്തിൽ മുറുകെ പിടിക്കുന്നതിനാൽ വിരോധികളെ സമ്പാദിച്ചേക്കും. പ്രണയാനുഭവങ്ങൾ അഭംഗുരമാവും. കലോപാസകർക്ക് സ്വസൃഷ്ടികളിൽ പരിശീലനം സാധ്യമായേക്കാം.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ.
മൂലം
ജന്മനക്ഷത്രം മുതൽ ആരംഭിക്കുന്ന വാരമാണ്. പാരിതോഷികങ്ങൾ കിട്ടാം. മനസ്സന്തോഷം വർദ്ധിക്കും. ക്ഷേത്രദർശനം ആത്മീയ ഉണർവുണ്ടാക്കും. ബന്ധുസമാഗമം ഗതകാലസ്മരണകളിലേക്ക് നയിക്കുന്നതാണ്. ഈയാഴ്ച സഹായവാഗ്ദാനങ്ങൾ യാഥാർത്ഥ്യമാവും. പ്രവൃത്തിരംഗത്ത് ആലസ്യത്തിന് സാധ്യത കാണുന്നു. ചില ചുമതലകൾ വിശ്വസ്തരെ ഏൽപ്പിച്ചേക്കും. ചുറ്റുവട്ടത്തെ സ്പന്ദനങ്ങളോട് ശക്തമായി പ്രതികരിക്കുന്നതിനാൽ എതിർപ്പുകൾ തലപൊക്കാനിടയുണ്ട്. വീട്ടിൽ അത്യാവശ്യ അറ്റകുറ്റപ്പണികൾ വേണ്ടി വരാം.
പൂരാടം
ഗുണകരമായ യാത്രകളുണ്ടാവും. രോഗകാലം കഴിഞ്ഞ് ആരോഗ്യം പൂർവ്വസ്ഥിതിയിലാവുന്നതാണ്. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്ക് മുൻനിന്ന് പ്രവർത്തിക്കും. ഉദ്യോഗസ്ഥർക്ക് ഫയലുകൾ തീർപ്പാക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നതാണ്. മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കും. വ്യാപാരത്തിലെ നിരുന്മേഷത നീങ്ങിയേക്കും. വിപുലീകരണത്തിന് തയ്യാറാവും. അഭിമുഖത്തിന് തയ്യാറെടുക്കുന്ന മകന് ആത്മവിശ്വാസം പകർന്നു കൊടുക്കും. പൊതുപ്രവർത്തകർ നിലപാടുകൾ ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കുന്നതാണ്.
ഉത്രാടം
പഴയ കാര്യങ്ങളുടെ തുടർച്ച തന്നെയാവും, ഈ വാരവും. മങ്ങിയിരുന്ന ചില സൗഹൃദങ്ങൾ പുഷ്ടിപ്പെടുന്നതാണ്. തൊഴിലിടത്തിൽ സമ്മിശ്രമായ അനുഭവങ്ങൾ വന്നെത്തും. പുതുസംരംഭത്തിന് സർക്കാർ വകുപ്പുകളിൽ നിന്നും അനുമതി കിട്ടിയേക്കാം. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുവാൻ ശ്രമം തുടരുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയില്ല. കുടുംബകാര്യങ്ങൾക്ക് ധാരാളം സമയം നീക്കിവെക്കും. ആതിഥ്യമര്യാദ പ്രശംസിക്കപ്പെടുന്നതാണ്. വയോജനങ്ങളുടെ പരിചരണത്തിന് സമയം കണ്ടെത്താൻ വിഷമിച്ചേക്കും.
തിരുവോണം
വാരാദ്യം അലച്ചിലുണ്ടാവും. അനാവശ്യ കാര്യങ്ങളെച്ചൊല്ലി മനക്ലേശമേർപ്പെടുന്നതാണ്. മൗനം ഭജിക്കുക കരണീയം. ബുധനാഴ്ച മുതൽ സമ്മർദ്ദം കുറയും. ധനവരവിലെ തടസ്സം നീങ്ങുന്നതാണ്. യാത്രകൾ ഗുണകരമായേക്കും. ഉന്നതാധികാരികൾ അനുകൂല നിലപാട് കൈക്കൊള്ളും. തൊഴിലിടത്തിൽ പിരിമുറുക്കം കൂടാതെ ജോലിചെയ്യാനാവും. കർമ്മരംഗത്തെ പുഷ്ടിപ്പെടുത്താൻ പലതരം ചിന്തകൾ മനസ്സിൽ നിറയുന്നതാണ്. ആഢംബര വസ്തുക്കൾ വാങ്ങിയേക്കും. ചെറുപ്പക്കാരുടെ പ്രണയ കാര്യത്തിൽ വീട്ടുകാരുടെ മനസ്സ് അനുകൂലമാവും.
അവിട്ടം
നക്ഷത്രാധിപനായ ചൊവ്വയ്ക്ക് മൗഢ്യസ്ഥിതി തുടരുന്നതിനാൽ ഇപ്പോൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾ പിന്നീട് അബദ്ധമായിത്തീരാം. സ്വന്തം തൊഴിലിൽ അദ്ധ്വാനത്തിന് അനുസരിച്ചുള്ള ഫലം കിട്ടാതെ വന്നേക്കും. കടം വാങ്ങിയവർ മടക്കിത്തരാൻ മടിക്കുന്നതാണ്. രാഷ്ട്രീയത്തിൽ വിരോധികളുമായി വാക്പ്പോരു നടത്തും. ദാമ്പത്യത്തിൽ സുഖാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. സഹോദരന്മാരുടെ ജോലിക്കാര്യത്തിനായി ആവർത്തിത ശ്രമം ആവശ്യമാവും. കാര്യപ്രാപ്തി കുറയില്ലെങ്കിലും നന്നായി ചെയ്തുവോ എന്ന് സംശയം ഉയർന്നുകൊണ്ടിരിക്കും.
ചതയം
പത്താം ഭാവത്തിൽ ആദിത്യൻ തുടരുന്നതിനാൽ കർമ്മരംഗത്ത് പുഷ്ടിയുണ്ടാവുന്നതാണ്. മത്സരാധിഷ്ഠിതമായ കരാറുകളിൽ നേട്ടമുണ്ടാക്കും. ബിസിനസ്സുകാർക്ക് കിടമത്സരങ്ങളിൽ പിടിച്ചുനിൽക്കാനാവും. നീണ്ടകാലത്തെ രോഗാവസ്ഥക്ക് ശമനം കണ്ടുതുടങ്ങുന്നതാണ്. സ്വതസ്സിദ്ധമായ കഴിവുകൾ പെട്ടെന്ന് പ്രയോജനപ്പെടും. അകലങ്ങളിൽ കഴിയുന്നവർക്ക് ജന്മനാട്ടിൽ പോകാൻ സാഹചര്യം ഒരുങ്ങും. ചില മിഥ്യാധാരണകൾ നീങ്ങിക്കിട്ടുന്നതാണ്. ദാമ്പത്യത്തിലെ അലോസരങ്ങളെ കണ്ടില്ലെന്ന് നടിക്കും. വാക്കുകൾ പരുഷങ്ങളാവാതിരിക്കാൻ ജാഗ്രത വേണ്ടതുണ്ട്.
പൂരൂരുട്ടാതി
രാഹു, ശനി എന്നവർ ഈ നക്ഷത്രത്തിൽ തുടരുകയാൽ പൂരൂരുട്ടാതിക്കാർക്ക് പലവിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കും. കഴിവിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയാതെ വരുന്നതാണ്. വേണ്ടപ്പെട്ടവരുമായി പിണങ്ങേണ്ട സാഹചര്യം സംജാതമാകാം. വലിയ തോതിൽ മുതൽമുടക്കി കച്ചവടം ചെയ്യാൻ തത്കാലം മുതിരരുത്. ബന്ധങ്ങൾ ചെറിയ കാരണങ്ങളാൽ ഉലയാം. ഉപജാപങ്ങളെ തൃണവൽഗണിക്കണം. ആദ്ധ്യാത്മിക സാധനകൾ മനസ്സിന് സ്വാസ്ഥ്യമരുളുന്നതായിരിക്കും.
ഉത്രട്ടാതി
ജോലിയിൽ ശോഭിക്കാനാവും. ഊഹക്കച്ചവടത്തിൽ നിന്നും/ ചിട്ടി മുതലായവയിൽ നിന്നും ആദായം വരും. സർക്കാർ കാര്യങ്ങളിൽ തടസ്സമുണ്ടാവില്ല. ഭൗതിക പുരോഗതി ദൃശ്യമാകുന്നതാണ്. കല/ സാഹിത്യം/ സിനിമ മുതലായ രംഗങ്ങളിൽ അവസരങ്ങൾ തുറന്നു കിട്ടും. പ്രണയികൾക്ക് സന്തോഷിക്കാനാവും. പിണങ്ങിക്കഴിയുന്ന കൂട്ടുകാരെ ഇണക്കുന്നതിന് മുൻകൈയ്യെടുക്കും. നിലവിലെ സ്ഥിതി മാറുന്നതിനായി അർത്ഥവത്തായ പരിശ്രമം തുടരും. മതപരമായ വിഷയങ്ങളോട് ആഭിമുഖ്യമേറും. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിലുണ്ടാവും. സ്വൈരം കുറയുന്നതാണ്.
രേവതി
ആത്മവിശ്വാസവും ഉന്നമനേച്ഛയും ഉയരുന്നതാണ്. സ്വന്തമായി ചെയ്യുന്ന വ്യാപാര വ്യവസായങ്ങളിൽ വരുമാനം വർദ്ധിക്കും. ഉല്പന്നങ്ങൾക്ക് ധാരാളം ഓർഡർ ലഭിക്കുന്നതായിരിക്കും. അദ്ധ്വാനഭാരം കൂടിയാലും മനസ്സുഖമുണ്ടാവും. ബന്ധുഭവനം സന്ദർശിക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ആത്മാർത്ഥ ശ്രമം നടത്തുന്നതാണ്.. മേലധികാരികളുടെ വിശ്വാസമാർജ്ജിച്ചേക്കും. കുടുംബകാര്യങ്ങൾ ഒരുവിധം ഭംഗിയായി മുന്നോട്ടു നീങ്ങുന്നതായിരിക്കും. മകൻ്റെ ജോലിക്കാര്യത്തിൽ പ്രതീക്ഷയുണരും. വെള്ളി, ശനി ദിവസങ്ങളിൽ കാര്യതടസ്സമനുഭവപ്പെടും.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us