/indian-express-malayalam/media/media_files/2024/11/28/december-29-to-january-4-weekly-horoscope-astrological-predictions-makam-to-thriketta.jpg)
Weekly Horoscope, November 16-November 22
Astrology: 2025 നവംബർ 16 ഞായർ മുതൽ 22 ശനി (1201 തുലാം 30 മുതൽ വൃശ്ചികം 6) വരെയുള്ള ഒരാഴ്ച്ക്കാലത്തെ സമ്പൂർണ്ണ വാരഫലം. ആദിത്യൻ നവംബർ 16 ഞായറാഴ്ച പകൽ 1:37 ന് തുലാം രാശിയിൽ നിന്നും വൃശ്ചികം രാശിയിലേക്ക് സംക്രമിക്കുന്നു. വിശാഖം, അനിഴം ഞാറ്റുവേലകളാണ് ഈയാഴ്ച തുടരുന്നത്.
നവംബർ 19, 20 തീയതികളിലായി അമാവാസി വരുന്നു. നവംബർ 21 ന് വെളുത്തപക്ഷവും ഹേമന്ത ഋതുവും മാർഗശീർഷമാസവും ആരംഭിക്കുന്നു. വ്യാഴം കർക്കടകത്തിൽ വക്രഗതിയിലാണ്. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും തുടരുകയാണ്. ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിൽ വക്രഗതിൽ സഞ്ചരിക്കുന്നു.
ബുധനും ചൊവ്വയും വൃശ്ചികത്തിലും ശുക്രൻ തുലാത്തിലും സഞ്ചരിക്കുന്നു. കുജബുധന്മാർക്ക് മൗഢ്യവുമുണ്ട്. ഈ ഗ്രഹനിലയെ ആധാരമാക്കി മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
Read More: നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
മകം
ഒട്ടും പ്രയോജനമില്ലാത്ത കാര്യങ്ങൾക്ക് ധനവ്യയവും സമയനഷ്ടവുമുണ്ടാവും. ചിന്തയും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടാതെ വരാം. ധനവിനിയോഗത്തിൽ നിയന്ത്രണമുണ്ടാവണം. കച്ചവടത്തിൽ പങ്കാളികളെ ചേർക്കുന്നത് കരുതലോടെ വേണ്ടതുണ്ട്. വിജയത്തിന് തിളക്കം കുറയാം. ജന്മനാട്ടിലെ ഉത്സവത്തിന് പങ്കെടുക്കാൻ സാധിച്ചേക്കും. മുതിർന്നവരുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കില്ല. നാലാം ഭാവത്തിലെ പാപഗ്രഹങ്ങൾ മനോസുഖം കുറയ്ക്കും. വാഹനത്തിന് അറ്റകുറ്റം വരാം. ഞായർ, വെള്ളി, ശനി ദിവസങ്ങൾക്ക് മാറ്റുകുറയുന്നതാണ്.
പൂരം
സാമ്പത്തിക അഭിവൃദ്ധിയുണ്ടാവും. കർമ്മരംഗത്ത് തടസ്സങ്ങളുണ്ടായാലും അവയെ വേഗം മറികടക്കാനാവും. ഉദ്യോഗ സംബന്ധമായ യാത്രകൾ നേട്ടത്തിന് കാരണമാകുന്നതാണ്. സഹോദരങ്ങളാൽ ഗുണാനുഭവം വരും. ഗൃഹത്തിൽ പൂജാദികാര്യങ്ങൾ നടന്നേക്കും. അകലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥലം മാറ്റം വീട്ടിനടുത്തേക്കാവുന്നത് ഗുണകരമാവും. മകൻ്റെ പുതിയ സംരംഭത്തിന് കഴിയുംവിധം സഹായമേകും. വീട്ടിൽ ഇലക്ട്രിക് ഉപകരണങ്ങൾ നവീകരിക്കേണ്ടി വരുന്നതാണ്. മനസ്സമാധാനം തെല്ല് കുറയുന്ന കാലമാണ്.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഉത്രം
തൊഴിൽ രംഗത്തെ മാന്ദ്യത്തിന് അവസാനമാകും. ഉപഭോക്താക്കളുടെ പ്രീതി നേടുന്ന തരത്തിൽ വളർച്ചയുണ്ടാവും. വായ്പക്കുള്ള അപേക്ഷ പരിഗണിക്കപ്പെടുന്നതാണ്. ഉദ്യോഗസ്ഥർക്ക് അമിത ജോലിഭാരമുണ്ടാവില്ല. കഴിവുകൾ മേലധികാരികൾ തിരിച്ചറിയുന്നതാണ്. പാഴ്ച്ചെലവുകൾ നിയന്ത്രിക്കാനാവും. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാൻ ക്ഷമകാണിക്കും. സ്ത്രീകളുടെ സഹായവും പിന്തുണയും ലഭിക്കുന്നതാണ്. കുടുംബാന്തരീക്ഷം സ്വൈരമുള്ളതാവും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സുഖം കുറയുന്നതാണ്.
Also Read: വൃശ്ചിക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അത്തം
സ്വാശ്രയമായ കാര്യങ്ങൾ പുരോഗതിയിലാവുകയാൽ സന്തോഷിക്കും. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ വൈമുഖ്യം ഉണ്ടാവില്ല. കുടുംബകാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. ഉന്നതോദ്യോഗസ്ഥർ പ്രോൽസാഹിപ്പിക്കുന്നതാണ്. നക്ഷത്രാധിപനായ ചന്ദ്രന് ബലഹാനി വരികയാൽ വാരാദ്യം നവീനമായ തുടക്കങ്ങൾക്ക് ഉചിതമല്ലെന്ന് ഓർമ്മിക്കണം. പ്രണയികൾക്കിടയിൽ ഐക്യം കുറയാം. തിരിച്ചടവുകൾക്ക് ധനം കണ്ടെത്താൻ ക്ലേശിച്ചേക്കും. വെള്ളി, ശനി ദിവസങ്ങളിൽ ഭാഗ്യപുഷ്ടിയുണ്ടാവും.
ചിത്തിര
ഉന്നമനേച്ഛ മനസ്സിലുണ്ടാവും. എന്നാൽ പ്രവർത്തനത്തിൽ ആലസ്യം നിറയുന്നതാണ്. ആകർഷിച്ച പുതിയ കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചുകൊണ്ടിരിക്കും. സാമ്പത്തിക ബാധ്യതകൾ മനസ്സിനെ അലട്ടാനിടയുണ്ട്. പോംവഴികളൊന്നും തെളിയുകയുമില്ല. മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുവാൻ സന്നദ്ധരാവുന്നതാണ്. ബന്ധുക്കളുടെ തർക്കങ്ങളിൽ നിശബ്ദത പാലിക്കുകയാവും ഉചിതം. പ്രണയികൾക്ക് സന്തോഷിക്കാൻ സന്ദർഭം വരും. വാരമധ്യദിവസങ്ങൾ മേന്മ കുറഞ്ഞതായേക്കും.
ചോതി
സ്വന്തം തൊഴിലിൻ്റെ വളർച്ചയ്ക്ക് അത്യദ്ധ്വാനം ആവശ്യമായി വരും. മുതൽ മുടക്കിയ തുക അല്പാല്പമായി വന്നുതുടങ്ങും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതാണ്. പുതുതലമുറയുമായി ഭിന്നത വരുന്നത് കുടുംബാന്തരീക്ഷത്തെ ബാധിച്ചേക്കാം. വാഹനത്തിന് അറ്റകുറ്റപ്പണി വരാനിടയുണ്ട്. വാക്സ്ഥാനത്ത് പാപഗ്രഹങ്ങൾ ഉള്ളതിനാൽ സംഭാഷണത്തിൽ പാരുഷ്യം വന്നേക്കാം. പ്രണയാനുഭവങ്ങൾ പുഷ്കലമാവും. കരാറുകൾ പുതുക്കിക്കിട്ടാൻ സാധ്യത കാണുന്നു. വ്യായാമാദി കാര്യങ്ങൾക്ക് മുടക്കം വരാം.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
വിശാഖം
വിശാലമായ മേച്ചിൽപ്പുറങ്ങളേയും ഹരിതാഭമായ ശാദ്വലികളേയും സ്വപ്നം കാണുന്നതാണ്. പക്ഷേ ജീവിതത്തിന് തത്കാലം അത്രയൊന്നും ഉയർന്ന് പറക്കാനായേക്കില്ല. 'ആരംഭശൂരത്വം' വേണ്ടുവോളം ഉണ്ടാവും. അടുക്കും ചിട്ടയും പുലർത്തും. കൂട്ടുകെട്ടുകൾ നിയന്ത്രിക്കാൻ കഴിയാതെ വിഷമിക്കും. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയനാവാനും സാധ്യതയുണ്ട്. ബിസിനസ്സിൽ ലാഭം കൂടും. എന്നാൽ വലിയ കുതിപ്പിനും വഴി കാണുന്നില്ല. പാപഗ്രഹങ്ങൾ ജന്മനക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നതിനാൽ ക്ഷോഭശീലം കൂടാം.
അനിഴം
ആസൂത്രണമികവ് കർമ്മരംഗത്ത് പ്രതിഫലിക്കും. ലക്ഷ്യത്തിലെത്താൻ സഹപ്രവർത്തകർ പിന്തുണയ്ക്കും. അശുഭചിന്തകൾ ഉപേക്ഷിക്കേണ്ടതുണ്ട്. മേലധികാരിയുടെ പ്രോൽസാഹനം പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ കിട്ടുന്നതാണ്. ബിസിനസ്സ് ചർച്ചകൾ പ്രയോജനപ്രദമാവും. ആത്മീയ സാധനകൾ മുടങ്ങില്ല. മകളുടെ ഉപരി വിദ്യാഭ്യാസത്തിൽ വ്യക്തത വരുന്നതാണ്. ദേഹക്ലേശം ഉണ്ടായേക്കും. ചിലപ്പോൾ വൈദ്യസഹായം വേണ്ടിവരുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അലച്ചിലുണ്ടാവാം.
തൃക്കേട്ട
നക്ഷത്രാധിപനായ ബുധന് വക്രവും മൗഢവും വരികയാൽ തടസ്സമുണ്ടാവും, ചില കാര്യങ്ങളിൽ. സാധാരണ ചെയ്യുന്നവ മുടങ്ങില്ല. കാര്യാലോചനകളിൽ ശോഭിക്കുന്നതാണ്. സ്വയം തിരുത്താൻ ശ്രമിച്ചേക്കും. സഹോദരന് സഹായം നൽകും. പിണങ്ങിക്കഴിഞ്ഞവർക്ക് കൂടിച്ചേരാൻ അവസരം സംജാതമാകും. സാമ്പത്തിക കാര്യങ്ങൾക്ക് രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശാരീരികാദ്ധ്വാനം കൂടുന്നതാണ്. ചെലവിനങ്ങൾ വർദ്ധിക്കാനുമിടയുണ്ട്. സുഹൃൽ സംരംഭങ്ങൾക്ക് പിന്തുണ നൽകും.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us