scorecardresearch

Weekly Horoscope Nov 16-Nov 22: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

നവംബർ 16 ഞായർ മുതൽ നവംബർ 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം,അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

നവംബർ 16 ഞായർ മുതൽ നവംബർ 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം,അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
weekly

Weekly Horoscope, November 16-November 22

Astrology: ആദിത്യൻ നവംബർ 16 ഞായറാഴ്ച പകൽ 1:37 ന് തുലാം രാശിയിൽ നിന്നും വൃശ്ചികം രാശിയിലേക്ക് സംക്രമിക്കുന്നു. വിശാഖം, അനിഴം ഞാറ്റുവേലകളാണ് ഈയാഴ്ച തുടരുന്നത്. നവംബർ 19, 20 തീയതികളിലായി അമാവാസി വരുന്നു. നവംബർ 21 ന് വെളുത്തപക്ഷവും ഹേമന്ത ഋതുവും മാർഗശീർഷമാസവും ആരംഭിക്കുന്നു. 

Advertisment

വ്യാഴം കർക്കടകത്തിൽ വക്രഗതിയിലാണ്. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും തുടരുകയാണ്. ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിൽ വക്രഗതിൽ സഞ്ചരിക്കുന്നു. ബുധനും ചൊവ്വയും വൃശ്ചികത്തിലും ശുക്രൻ തുലാത്തിലും സഞ്ചരിക്കുന്നു. കുജബുധന്മാർക്ക് മൗഢ്യവുമുണ്ട്.

ഈ ഗ്രഹനിലയെ ആധാരമാക്കി അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Read More: നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

അശ്വതി

പല കാര്യങ്ങളിലും വ്യക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാനാവും. ശരിയായ ദിശയിൽ തന്നെയാവും മുന്നേറ്റം. ഔദ്യോഗിക കാര്യങ്ങളിൽ അമാന്തമുണ്ടാവില്ല. എല്ലാവരേയും ഒപ്പം നിർത്താനാവും. സമയനിഷ്ഠ പ്രശംസിക്കപ്പെടുന്നതാണ്. മാനസിക സൗഖ്യം കുറയാനിടയില്ല. സ്വകാര്യ ജീവിതത്തിൽ സന്തുഷ്ടിയുണ്ടാവുന്നതാണ്. ഇഷ്ടജന സല്ലാപസമാഗമാദികൾക്ക് അവസരം വരും. പറയുന്നതിൽ കാര്യമുണ്ടെന്ന് ശ്രോതാവിന് വിശ്വാസം ഭവിക്കും. വെള്ളി, ശനി ദിവസങ്ങളിൽ എല്ലാക്കാര്യങ്ങളിലും ജാഗ്രത അനിവാര്യം.

Advertisment

ഭരണി

പുതിയ കാര്യങ്ങൾ ആരംഭിക്കാനാവും. തുടങ്ങിക്കഴിഞ്ഞവ കൂടുതൽ കരുത്തുനേടി മുന്നോട്ടുപോവുകയും ചെയ്യും. സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് അയവുണ്ടാവും. പ്രണയകാര്യത്തിൽ വീട്ടുകാരുടെ എതിർപ്പ് തുടർന്നേക്കും. ചെറിയ കാര്യങ്ങൾ നേടാൻ ക്ലേശിക്കുന്നതാണ്. എന്നാൽ ചില വലിയ നേട്ടങ്ങൾ അനായാസം സാധിക്കാനാവും. നിയമ പ്രശ്നങ്ങളിൽ വിദഗ്ദ്ധോപദേശം കിട്ടിയേക്കും. ശാസ്ത്രവിഷയങ്ങളിൽ പ്രവർത്തനം നടത്തുന്നവർക്ക് പുരസ്കാരങ്ങൾക്ക് സാധ്യതയുണ്ട്. വാരാന്ത്യത്തിൽ മനക്ലേശമുണ്ടാവും. കരുതൽ വേണം

കാർത്തിക

അദ്ധ്വാനത്തിന്  തക്ക പ്രതിഫലം ലഭിക്കുന്നതാണ്.  ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനത്തിൽ താത്കാലിക നിയമനം കിട്ടാം. സന്ധിസംഭാഷണങ്ങൾ ഫലം കാണുന്നതായിരിക്കും. പിതൃബന്ധുക്കളുമായുണ്ടായ പിണക്കം അവസാനിച്ചേക്കും. മുന്തിയ വസ്ത്രാഭരണങ്ങൾ വാങ്ങുന്നതാണ്. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ സമയം നീക്കിവെക്കും. വാരാദ്യം ചില അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കും. മനസ്സിനെ വൈക്ലബ്യം ബാധിക്കാനിടയുണ്ട്. ഉറക്കം കുറയാം. കുടുംബ ജീവിതത്തിൽ സംതൃപ്തിയുണ്ടാവും.

രോഹിണി

നക്ഷത്രാധിപനായ ചന്ദ്രന് പൂർണബലഹാനി വരികയാൽ ബുധനാഴ്ച വരെ പുതുകാര്യങ്ങൾ തുടങ്ങരുത്. മാനസിക സൗഖ്യം കുറയാം. ഭാവികാര്യങ്ങളിൽ അവ്യക്തത വരും. ക്രമേണ ഗുണസ്ഥിതി ഭവിക്കുന്നതാണ്. ബിസിനസ്സിൽ നടപ്പിലാക്കിയ കാര്യങ്ങൾ ഫലം കണ്ടുതുടങ്ങും. സർക്കാരിൽ സമർപ്പിച്ച പ്രോജക്ടുകൾക്ക് ഉപാധികളോടെ അനുമതി ലഭിക്കുന്നതാണ്. മേലധികാരിയുടെ പ്രത്യേക ദൗത്യസംഘത്തിൽ ഉൾപ്പെടും. ജീവിത പങ്കാളിയുടെ പിന്തുണ നേടും. രാഷ്ട്രീയ പ്രവർത്തനത്തിന് നവോന്മേഷം കൈവരുന്നതായിരിക്കും.

മകയിരം

മുൻപ് ശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങൾ ഇപ്പോൾ വിജയിപ്പിക്കാനാവും. കൂട്ടുകാരുടെ സഹായം പ്രയോജനപ്പെടും. സാങ്കേതിക പ്രശ്നങ്ങൾക്ക് പോംവഴി കിട്ടുന്നതായിരിക്കും. കർമ്മരംഗത്ത് എതിർപ്പുകളുണ്ടാവുന്നതാണ്. അമിതമായ ഉൽക്കണ്ഠ ഒഴിവാക്കണം. വാടകവീടിന് താമസക്കാരെത്താം. കുടുംബ ചുമതലകൾ ഭംഗിയായി നിർവഹിക്കും. പ്രബന്ധാവതരണം അഭിനന്ദനത്തിന് കാരണമാകും. വയോജനങ്ങൾ ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുക്കളാവണം. ക്ഷേത്രോത്സവത്തിൻ്റെ ചുമതല വരും.

തിരുവാതിര

ജീവിതപ്രശ്നങ്ങളെ സധൈര്യം അഭിമുഖീകരിക്കും. ആത്മപരിശോധനയ്ക്ക് തയ്യാറാവാനുള്ള മനസ്സുണ്ടാവും. ആദർശവാനാണെന്ന് വിചാരിച്ചേക്കും. പക്ഷേ പ്രായോഗികതക്കാവും മുൻതൂക്കം കൊടുക്കുക.  സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. വിദ്യാർത്ഥികൾ കലാപരിശീലനത്തിന് സമയം കണ്ടെത്തും. ഭാവന വിലാസമുണ്ടാവും. മകന് പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങി നൽകും. മകളുടെ ജോലിക്കാര്യത്തിൽ ചില ശുഭസൂചനകൾ ലഭിക്കാം. പ്രണയികൾക്കിടയിൽ ego മൂലം തർക്കം ഏർപ്പെടുന്നതാണ്.

പുണർതം

കണക്കുകൂട്ടിയതുപോലെയാവും മിക്കകാര്യങ്ങളും. ഒപ്പമുള്ളവരുടെ സഹകരണം ഉറപ്പിക്കുന്നതിൽ വിജയിക്കും. വിവാദങ്ങളിൽ നിന്നും ശ്രദ്ധാപൂർവ്വം ഒഴിയും. മുന്നോട്ടുവെച്ച പദ്ധതികൾ വേഗം നടപ്പിലാക്കാൻ സാധിക്കുന്നതാണ്. പുതിയ വാഹനം ഉപയോഗപ്രദമായി അനുഭവപ്പെടുന്നതാണ്. ബിസിനസ്സിൽ ഉയരാൻ കഴിയും. മനക്ലേശങ്ങളെ സഹജമായ പ്രസാദാത്മകതയാൽ മറികടക്കും. ഗവൺമെൻ്റിൽ നിന്നും ലഭിക്കേണ്ട അനുമതികൾ തടസ്സപ്പെടില്ല. വെള്ളി, ശനി ദിവസങ്ങൾക്ക് കൂടുതൽ മേന്മയുണ്ടാവും.

പൂയം

സ്വന്തം ബിസിനസ്സിൻ്റെ വളർച്ചക്കായി കൂടുതൽ അദ്ധ്വാനിക്കേണ്ടി വരും. വിപണതന്ത്രങ്ങൾ ഫലം കാണുന്നതാണ്. പ്രധാനപ്പെട്ട വിഷയങ്ങൾ കുടുംബത്തോടു കൂടിയാലോചിക്കുന്നത് നന്നായിരിക്കും. മകൻ്റെ വിദേശ ഉപരിപഠനത്തിന് തയ്യാറെടുക്കും. ഗൃഹത്തിൻ്റെ ജീർണ്ണോദ്ധാരണത്തിന് പ്രതീക്ഷിച്ചതിലും ചെലവേർപ്പെടും. സഹോദരരുടെ ഉദാരമായ സഹായം പ്രതീക്ഷിക്കാം. മാതാപിതാക്കൾക്കൊപ്പം ക്ഷേത്രസന്ദർശനം നടത്തുന്നതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ വലുതായ സമ്മർദ്ദം ഉയരും. ജനങ്ങളുടെ സ്വീകാര്യതയിൽ സ്വയം സംശയിച്ചേക്കും.

ആയില്യം

നക്ഷത്രാധിപനായ ബുധന് മൗഢ്യം തുടരുന്നതിനാൽ ആരംഭിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ ക്ലേശിക്കും. പഠനത്തിൽ അലസരായേക്കും. ആശയവിനിമയത്തിൽ തടസ്സങ്ങളുണ്ടാവുന്നതാണ്. ബന്ധുക്കളുടെ വിയോജിപ്പ് പല കാര്യങ്ങളിലും ഉണ്ടാവും. വ്യാപാരത്തിൽ പുരോഗതി കുറയുന്നതാണ്. അദ്ധ്വാനത്തിനനുസരിച്ച ഫലം കിട്ടണമെന്നില്ല.  വിഷമം പിടിച്ച ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. അംഗീകാരം അനർഹർക്കാവുന്നതിൽ വിഷമം തോന്നും. കുടുംബത്തിൻ്റെ പിന്തുണ കരുത്തേകും.

Also Read: വൃശ്ചിക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മകം

ഒട്ടും പ്രയോജനമില്ലാത്ത കാര്യങ്ങൾക്ക് ധനവ്യയവും സമയനഷ്ടവുമുണ്ടാവും. ചിന്തയും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടാതെ വരാം. ധനവിനിയോഗത്തിൽ നിയന്ത്രണമുണ്ടാവണം. കച്ചവടത്തിൽ പങ്കാളികളെ ചേർക്കുന്നത് കരുതലോടെ വേണ്ടതുണ്ട്. വിജയത്തിന് തിളക്കം കുറയാം.  ജന്മനാട്ടിലെ ഉത്സവത്തിന് പങ്കെടുക്കാൻ  സാധിച്ചേക്കും. മുതിർന്നവരുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കില്ല. നാലാം ഭാവത്തിലെ പാപഗ്രഹങ്ങൾ മനോസുഖം കുറയ്ക്കും. വാഹനത്തിന് അറ്റകുറ്റം വരാം. ഞായർ, വെള്ളി, ശനി ദിവസങ്ങൾക്ക് മാറ്റുകുറയുന്നതാണ്.

പൂരം

സാമ്പത്തിക അഭിവൃദ്ധിയുണ്ടാവും.  കർമ്മരംഗത്ത് തടസ്സങ്ങളുണ്ടായാലും അവയെ വേഗം മറികടക്കാനാവും. ഉദ്യോഗ സംബന്ധമായ യാത്രകൾ നേട്ടത്തിന് കാരണമാകുന്നതാണ്. സഹോദരങ്ങളാൽ ഗുണാനുഭവം വരും. ഗൃഹത്തിൽ പൂജാദികാര്യങ്ങൾ നടന്നേക്കും.  അകലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥലം മാറ്റം വീട്ടിനടുത്തേക്കാവുന്നത് ഗുണകരമാവും. മകൻ്റെ പുതിയ സംരംഭത്തിന് കഴിയുംവിധം സഹായമേകും. വീട്ടിൽ ഇലക്ട്രിക് ഉപകരണങ്ങൾ നവീകരിക്കേണ്ടി വരുന്നതാണ്. മനസ്സമാധാനം തെല്ല് കുറയുന്ന കാലമാണ്.

ഉത്രം

തൊഴിൽ രംഗത്തെ മാന്ദ്യത്തിന് അവസാനമാകും. ഉപഭോക്താക്കളുടെ പ്രീതി നേടുന്ന തരത്തിൽ വളർച്ചയുണ്ടാവും. വായ്പക്കുള്ള അപേക്ഷ പരിഗണിക്കപ്പെടുന്നതാണ്. ഉദ്യോഗസ്ഥർക്ക് അമിത ജോലിഭാരമുണ്ടാവില്ല. കഴിവുകൾ മേലധികാരികൾ തിരിച്ചറിയുന്നതാണ്. പാഴ്ച്ചെലവുകൾ നിയന്ത്രിക്കാനാവും. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാൻ ക്ഷമകാണിക്കും. സ്ത്രീകളുടെ സഹായവും പിന്തുണയും ലഭിക്കുന്നതാണ്. കുടുംബാന്തരീക്ഷം സ്വൈരമുള്ളതാവും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സുഖം കുറയുന്നതാണ്.

അത്തം

സ്വാശ്രയമായ കാര്യങ്ങൾ  പുരോഗതിയിലാവുകയാൽ സന്തോഷിക്കും. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ വൈമുഖ്യം ഉണ്ടാവില്ല. കുടുംബകാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. ഉന്നതോദ്യോഗസ്ഥർ പ്രോൽസാഹിപ്പിക്കുന്നതാണ്. നക്ഷത്രാധിപനായ ചന്ദ്രന് ബലഹാനി വരികയാൽ വാരാദ്യം നവീനമായ തുടക്കങ്ങൾക്ക് ഉചിതമല്ലെന്ന് ഓർമ്മിക്കണം. പ്രണയികൾക്കിടയിൽ ഐക്യം കുറയാം. തിരിച്ചടവുകൾക്ക് ധനം കണ്ടെത്താൻ ക്ലേശിച്ചേക്കും. വെള്ളി, ശനി ദിവസങ്ങളിൽ ഭാഗ്യപുഷ്ടിയുണ്ടാവും.

ചിത്തിര

ഉന്നമനേച്ഛ മനസ്സിലുണ്ടാവും. എന്നാൽ പ്രവർത്തനത്തിൽ ആലസ്യം നിറയുന്നതാണ്.  ആകർഷിച്ച പുതിയ കാര്യങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചുകൊണ്ടിരിക്കും. സാമ്പത്തിക ബാധ്യതകൾ മനസ്സിനെ അലട്ടാനിടയുണ്ട്. പോംവഴികളൊന്നും തെളിയുകയുമില്ല. മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കുവാൻ സന്നദ്ധരാവുന്നതാണ്. ബന്ധുക്കളുടെ തർക്കങ്ങളിൽ നിശബ്ദത പാലിക്കുകയാവും ഉചിതം. പ്രണയികൾക്ക് സന്തോഷിക്കാൻ സന്ദർഭം വരും. വാരമധ്യദിവസങ്ങൾ മേന്മ കുറഞ്ഞതായേക്കും.

ചോതി

സ്വന്തം തൊഴിലിൻ്റെ വളർച്ചയ്ക്ക് അത്യദ്ധ്വാനം ആവശ്യമായി വരും. മുതൽ മുടക്കിയ തുക അല്പാല്പമായി വന്നുതുടങ്ങും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതാണ്. പുതുതലമുറയുമായി ഭിന്നത വരുന്നത് കുടുംബാന്തരീക്ഷത്തെ ബാധിച്ചേക്കാം. വാഹനത്തിന് അറ്റകുറ്റപ്പണി വരാനിടയുണ്ട്. വാക്സ്ഥാനത്ത് പാപഗ്രഹങ്ങൾ ഉള്ളതിനാൽ സംഭാഷണത്തിൽ പാരുഷ്യം വന്നേക്കാം. പ്രണയാനുഭവങ്ങൾ പുഷ്കലമാവും.  കരാറുകൾ പുതുക്കിക്കിട്ടാൻ സാധ്യത കാണുന്നു. വ്യായാമാദി കാര്യങ്ങൾക്ക് മുടക്കം വരാം.

വിശാഖം

വിശാലമായ മേച്ചിൽപ്പുറങ്ങളേയും ഹരിതാഭമായ ശാദ്വലികളേയും സ്വപ്നം കാണുന്നതാണ്. പക്ഷേ ജീവിതത്തിന് തത്കാലം അത്രയൊന്നും ഉയർന്ന് പറക്കാനായേക്കില്ല. 'ആരംഭശൂരത്വം' വേണ്ടുവോളം ഉണ്ടാവും. അടുക്കും ചിട്ടയും പുലർത്തും. കൂട്ടുകെട്ടുകൾ നിയന്ത്രിക്കാൻ കഴിയാതെ വിഷമിക്കും. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയനാവാനും സാധ്യതയുണ്ട്. ബിസിനസ്സിൽ ലാഭം കൂടും. എന്നാൽ വലിയ കുതിപ്പിനും വഴി കാണുന്നില്ല. പാപഗ്രഹങ്ങൾ ജന്മനക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നതിനാൽ ക്ഷോഭശീലം കൂടാം.

അനിഴം

ആസൂത്രണമികവ് കർമ്മരംഗത്ത് പ്രതിഫലിക്കും. ലക്ഷ്യത്തിലെത്താൻ സഹപ്രവർത്തകർ പിന്തുണയ്ക്കും. അശുഭചിന്തകൾ ഉപേക്ഷിക്കേണ്ടതുണ്ട്. മേലധികാരിയുടെ പ്രോൽസാഹനം പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ കിട്ടുന്നതാണ്. ബിസിനസ്സ് ചർച്ചകൾ പ്രയോജനപ്രദമാവും. ആത്മീയ സാധനകൾ മുടങ്ങില്ല. മകളുടെ ഉപരി വിദ്യാഭ്യാസത്തിൽ വ്യക്തത വരുന്നതാണ്.  ദേഹക്ലേശം ഉണ്ടായേക്കും. ചിലപ്പോൾ വൈദ്യസഹായം വേണ്ടിവരുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അലച്ചിലുണ്ടാവാം.

തൃക്കേട്ട

നക്ഷത്രാധിപനായ ബുധന് വക്രവും മൗഢവും വരികയാൽ തടസ്സമുണ്ടാവും, ചില കാര്യങ്ങളിൽ. സാധാരണ ചെയ്യുന്നവ മുടങ്ങില്ല. കാര്യാലോചനകളിൽ ശോഭിക്കുന്നതാണ്. സ്വയം തിരുത്താൻ ശ്രമിച്ചേക്കും. സഹോദരന് സഹായം നൽകും. പിണങ്ങിക്കഴിഞ്ഞവർക്ക് കൂടിച്ചേരാൻ അവസരം സംജാതമാകും. സാമ്പത്തിക കാര്യങ്ങൾക്ക് രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ശാരീരികാദ്ധ്വാനം കൂടുന്നതാണ്. ചെലവിനങ്ങൾ വർദ്ധിക്കാനുമിടയുണ്ട്. സുഹൃൽ സംരംഭങ്ങൾക്ക് പിന്തുണ നൽകും.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

മൂലം

ജോലിയിൽ നൈപുണ്യം പ്രകടിപ്പിക്കും. ജനസമ്മതി കൂടുന്നതാണ്. ഭക്ഷണകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. അപവാദങ്ങളെ  ശക്തമായ ഭാഷയിൽ അപലപിക്കും. കുടുംബകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സഹപ്രവർത്തകരുമായി തർക്കത്തിലേർപ്പെടാം. പുരയിടത്തിന് വേലികെട്ടുക, വളമിടുക തുടങ്ങിയ ചിലവുകൾ വരാം. തിടുക്കത്തിൽ ചില ശുഭകാര്യങ്ങൾ തീരുമാനിക്കേണ്ടി വന്നേക്കും. വിവരശേഖരണാർത്ഥം സഞ്ചാരമുണ്ടാവും. ബന്ധുക്കളുടെ കാര്യത്തിൽ ഭിന്നചേരിയിൽ നിൽക്കാൻ സാധ്യതയുണ്ട്.

പൂരാടം

കഠിനാധ്വാനമില്ലാതെ തന്നെ നേട്ടങ്ങൾ കൈവരും. രോഗാവസ്ഥ മാറി പൂർവ്വോന്മേഷത്തിലാവുന്നതാണ്. മനസ്സമാധാനം കുറയില്ല. ശ്രദ്ധയോടെ മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ ശ്രമിക്കും. ഭിന്നപക്ഷങ്ങളോടും സഹിഷ്ണുത പുലർത്തുന്നതാണ്.  വിശ്വസ്തരായ സുഹൃത്തുക്കൾക്കൊപ്പം ചെറുയാത്രകൾ / നവസംരംഭങ്ങൾ എന്നിവയുണ്ടാവും. വിലകൂടിയ ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. വെള്ളി, ശനി ദിവസങ്ങൾക്ക് മെച്ചം കുറയുന്നതാണ്.

ഉത്രാടം

യുക്തിസഹമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. തൊഴിലിൽ പുതിയ സംവിധാനങ്ങളും സാങ്കേതികതകളും പ്രാവർത്തികമാക്കും. സഹപ്രവർത്തകരുടെ സഹകരണം മുതൽക്കൂട്ടാവും.  വിദേശധനം ലഭിക്കാനിടയുണ്ട്. കുടുംബ ബന്ധം സന്തുഷ്ടിയേകും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലമായ അവസരങ്ങളുണ്ടാവുന്നതാണ്. ആലോചനാ യോഗങ്ങളിൽ സന്തുലിതവീക്ഷണം പുലർത്തും. യാത്രാക്ലേശത്തിനും ദേഹസൗഖ്യക്കുറവിനും സാഹചര്യം ഉണ്ടായേക്കും. പ്രണയത്തിൽ തടസ്സങ്ങളുണ്ടാവാം. തെറ്റിദ്ധാരണകൾ ഉയരുന്നതാണ്.

തിരുവോണം

ഒമ്പതാമെടം മുതൽ പതിനൊന്നാമെടം വരെ ചന്ദ്രസഞ്ചാരം വരികയാൽ നേട്ടങ്ങൾക്കാവും മുൻഗണന. സമൂഹത്തിൽ സ്വാധീനമുയരും. കക്ഷിരാഷ്ട്രീയത്തിൽ പ്രബലരാവും.  ധനാഗമ മാർഗങ്ങൾ തുറന്നുകിട്ടുന്നതായിരിക്കും. പുതിയ പരിഷ്കാരങ്ങൾ വ്യക്തികാര്യങ്ങളിലും പകർത്താനാഗ്രഹിക്കുന്നതാണ്. എഴുത്ത്, വായന, കലാപ്രവർത്തനം എന്നിവ അഭംഗുരമാവും. ജീവിത നിലവാരം ഉയരുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രത വളരും. പൂർവ്വികസ്വത്ത് സംബന്ധിച്ച രേഖകൾ കൈവശമെത്തും. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം.

അവിട്ടം

നല്ലഫലങ്ങൾക്ക് മുൻതൂക്കമുണ്ടാവുന്ന വാരമാണ്. അദ്ധ്വാനശക്തി പാഴാവുകയല്ല. പുതിയ കാര്യങ്ങളും പഴയവയും സമന്വയിപ്പിക്കുന്നതിൽ വിജയിക്കുന്നതാണ്. ഉന്നമനേച്ഛയോടെ കർമ്മരംഗത്ത് മുഴുകുവാൻ കഴിയും. ബിസിനസ്സിനുള്ള ലോൺ അപേക്ഷ പരിഗണിക്കപ്പെടാം. കൈവായ്പകൾ മടക്കിക്കിട്ടുന്നതാണ്. മകൻ്റെ വിദ്യാഭ്യാസത്തിൽ അതൃപ്തി അനുഭവപ്പെടാനിടയുണ്ട്.   കൂട്ടുകാരുമൊത്ത് ഗതകാല സ്മരണകളിൽ മുഴുകുന്നതാണ്. കിടപ്പുരോഗികൾക്ക് ചികിൽസാ മാറ്റം ഗുണകരമാവും. ഗൃഹത്തിൽ ചില അറ്റകുറ്റപ്പണികൾ വേണ്ടിവരുന്നതാണ്.

ചതയം

ഞായറും തിങ്കളും അഷ്ടമരാശിക്കൂറ് വരികയാൽ കാര്യതടസ്സങ്ങളേർപ്പെടാം. ചിലതൊക്കെ പകുതി പൂർത്തിയാക്കാനേ കഴിഞ്ഞുള്ളുവെന്ന് വരും. ചൊവ്വയും ബുധനും ഭാഗികമായി ഗുണമുള്ള ദിവസങ്ങളാവും. അധ്വാനത്തിലൂടെ നേട്ടങ്ങൾ കൈവരുന്നതാണ്. മേലധികാരിയുടെ വിശ്വാസമാർജ്ജിക്കും. യാത്രകൾ വേണ്ടിവരുന്നതാണ്. സമയനിഷ്ഠ ഭംഗപ്പെടാം. മറ്റുള്ള ദിവസങ്ങളിൽ സ്വസ്ഥതയുണ്ടാവും. തിടുക്കമില്ലാതെ നിർവഹണത്തിൽ ഏർപ്പെടും. ഛിദ്രവാസനകളെ തിരിച്ചറിയാനും നിയന്ത്രിക്കാനുമാവും.

പൂരൂരുട്ടാതി

സമ്മിശ്രാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. ഔദ്യോഗികമായി ശ്രമകരമായിട്ടുള്ള പുതിയ ദൗത്യം ഏറ്റെടുക്കേണ്ടി വന്നേക്കും. ആത്മവിശ്വാസത്തിന് ഉലച്ചിൽ വരുന്നതായി തോന്നുന്നതാണ്. ഉപജാപങ്ങൾക്ക് ചെവികൊടുക്കാതിരിക്കാൻ കരുതലുണ്ടാവണം. കടബാധ്യതകൾ ഇടക്കിടെ വ്യാകുലത സൃഷ്ടിക്കാം. വാരമധ്യം മുതൽ ഗുണാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. നിലപാടുകൾക്ക് സ്വീകാര്യത കൈവരുന്നതായിരിക്കും. വാഗ്ദാനങ്ങൾ പാലിക്കും. നവീന ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. ജീവിത പങ്കാളിയുടെ ഓൺലൈൻ ബിസിനസ്സിൽ വളർച്ചക്കായി ശ്രമം നടത്തും.

ഉത്രട്ടാതി

ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിക്കും. പുതിയ കാര്യങ്ങൾ തുടങ്ങാൻ സാഹചര്യം അനുകൂലമായിത്തീരും. ആത്മശക്തിയിൽ വിശ്വാസമേറുന്നതാണ്. നക്ഷത്രാധിപനായ ശനി വക്രഗതി തുടരുകയാൽ ചിലപ്പോൾ ആലസ്യം പിടികൂടാം. ധനകാര്യത്തിൽ ജാഗ്രത വേണം. ഇടപാടുകൾക്ക് രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അഷ്ടമരാശി വരികയാൽ നവാരംഭങ്ങൾ ഒഴിവാക്കുക നന്ന്. ബന്ധുവിന് വ്യക്തമായ മാർഗനിർദ്ദേശം നൽകും. പ്രണയിക്കുന്നവർക്കിടയിൽ ഐക്യം ദൃഢമാകുന്നതാണ്.

രേവതി

നക്ഷത്രാധിപനായ ബുധന് വക്രമൗഢ്യം വരുന്നത് ആശാസ്യമാവില്ല. മുൻപെടുത്ത തീരുമാനങ്ങൾ പുനപ്പരിശോധിച്ചേക്കും. തൊഴിലിടത്തിൽ പുതിയ ചില ക്രമീകരണങ്ങൾ ഉണ്ടാവുന്നതാണ്. തന്മൂലം പ്രയാസങ്ങൾ വരാനിടയുണ്ട്. ഭോഗസുഖമുണ്ടാവും.  വീട്ടുകാർക്കൊപ്പം പുറമേ നിന്നും ഇഷ്ടഭക്ഷണം കഴിക്കാനാവും. തർക്കങ്ങളും ആരോപണങ്ങളും വ്യക്തിപരമാവാതിരാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗക്ലേശിതർ ആരോഗ്യപരിശോധനയിൽ അലംഭാവമരുത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മനോവാക്കർമ്മങ്ങളിൽ ജാഗ്രത വേണം.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: