scorecardresearch

Weekly Horoscope Nov 09-Nov 15: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

നവംബർ 09 ഞായർ മുതൽ നവംബർ 15 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

നവംബർ 09 ഞായർ മുതൽ നവംബർ 15 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope, November 09-November 15

Astrology: ആദിത്യൻ നീചക്ഷേത്രമായ തുലാം രാശിയിൽ, വിശാഖം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ, തിരുവാതിര മുതൽ ഉത്രം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു. 

Advertisment

ചൊവ്വ സ്വക്ഷേത്രമായ വൃശ്ചികം രാശിയിൽ മൗഢ്യാവസ്ഥയിലാണ്. ബുധനും വൃശ്ചികം രാശിയിലാണ്. വാരാന്ത്യത്തിൽ ബുധന് മൗഢ്യം ആരംഭിക്കും.
ശുക്രൻ സ്വക്ഷേത്രമായ തുലാം രാശിയിൽ സഞ്ചരിക്കുന്നു. 

ശനി കുംഭം രാശിയിൽ വക്രഗതിയിലാണ്. വ്യാഴം അതിചാരത്തിൽ ഉച്ചക്ഷേത്രമായ കർക്കടകം രാശിയിലുണ്ട്. നവംബർ 14 ന് ശേഷം വ്യാഴം വക്രഗതിയിലാവും. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിൽ തുടരുന്നു.

ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

Advertisment

Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ

അശ്വതി

മേലധികാരികളുടെ ഇടപെടലുകൾ കൂടാതെ സ്വതന്ത്രമായി പ്രവർത്തിക്കാനാവും.  ഒപ്പമുള്ളവരുടെ സഹകരണം പ്രതീക്ഷിക്കാം. പുതിയ കാര്യങ്ങൾക്കായി തലപുകഞ്ഞാലോചിച്ചേക്കും.  ബിസിനസ്സിൽ കൂടുതൽ പങ്കാളികളെ ചേർക്കാൻ തീരുമാനിക്കുന്നതാണ്. മാനസികമായ അവ്യക്തതകൾക്കും സമ്മർദങ്ങൾക്കും അയവുണ്ടാവും. കുടുംബകാര്യങ്ങളിൽ സുഗമത പ്രതീക്ഷിക്കാം. സുഹൃദ്ബന്ധം ശക്തമാകുന്നതാണ്. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കിടയിൽ സമന്വയം രൂപപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയാം.

ഭരണി

പഴമയേയും പുതുമയേയും സ്വാംശീകരിക്കാൻ ശ്രമിക്കുന്നതാണ്. ജോലിസ്ഥലത്ത് സമാധാനമുണ്ടാവും. ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. കരാർ പണികൾ തുടർന്നും ലഭിക്കുന്നതായിരിക്കും. കലാരംഗത്ത് ഉണർവ്വുണ്ടാവും. സുതാര്യമായ പെരുമാറ്റം തെറ്റിദ്ധരിപ്പിക്കാം. അധികച്ചെലവുകളിൽ നിയന്ത്രണമുണ്ടാവുന്നത് നന്ന്. മാനസിക വികാസത്തിന് സാഹചര്യങ്ങൾ ഉണ്ടാവും. ഗാർഹികമായി സ്വൈരം പ്രതീക്ഷിക്കാം. ഗൃഹനവീകരണം പൂർത്തിയാവും.  വാഗ്ദാനങ്ങൾ ലംഘിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. ഔദ്യോഗിക യാത്രകളുണ്ടാവും.

കാർത്തിക

കാര്യതടസ്സങ്ങൾ ഉണ്ടാവാം. മുൻതീരുമാനങ്ങൾ മാറ്റേണ്ടിവരുന്നതാണ്. പരാശ്രയത്വമുണ്ടാവുന്നതിൽ വിഷമിച്ചേക്കും.  കടം കൊടുത്ത തുക പലവട്ടം ആവശ്യപ്പെടുകയാൽ മടക്കിക്കിട്ടും. ബന്ധുക്കളുമായുള്ള തർക്കം പരിഹരിക്കാനാവും. ഏജൻസി/ കമ്മീഷൻ വ്യാപാരം പുഷ്ടിപ്പെടുന്നതാണ്. ന്യായമായ ആവശ്യങ്ങൾ മുടങ്ങില്ല. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. കുടുംബ ക്ഷേത്രം സന്ദർശിക്കുവാനും സമർപ്പണങ്ങൾ നടത്താനും അവസരം ലഭിക്കാം.  പഴയ കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിറയുന്നതാണ്. കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

രോഹിണി

അമിതമായ ആത്മവിശ്വാസം ഒഴിവാക്കുന്നത് നന്നായിരിക്കും. മിഥ്യാധാരണകൾ ഒഴിവാക്കേണ്ടതായി വന്നേക്കും. സാമ്പത്തികമായി ചെറിയ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതി ഭവിക്കാം. പണമെടപാടുകളിൽ ജാമ്യം നിൽക്കുന്നത് കരുതലോടെയാവണം. പ്രണയത്തിൽ കയ്പുരസം കലരാം. കുടുംബ ജീവിതത്തിൽ തൃപ്തി കുറയുന്നതാണ്. സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടും. സഹോദരരുടെ  അനുകൂല നിലപാടിൽ സന്തോഷിക്കും. സാഹിത്യ പ്രവർത്തനത്തിന് നേരം കണ്ടെത്തും. കഫജന്യരോഗങ്ങൾ ഉപദ്രവിക്കാം.

മകയിരം

നക്ഷത്രാധിപനായ കുജന് മൗഢ്യാവസ്ഥ വന്നിട്ടുള്ളതിനാൽ വാക്കിലും കർമ്മങ്ങളിലും ശ്രദ്ധയുണ്ടാവണം. സാഹസകർമ്മങ്ങൾക്ക് മുതിരാതിരിക്കുന്നത് അഭികാമ്യം. സ്വന്തം തൊഴിലിൽ നിന്നും തരക്കേടില്ലാത്ത ആദായം പ്രതീക്ഷിക്കാം. സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെടുന്നത് കരുതലോടെ വേണം. ഭൂമിയിൽ നിന്നും പ്രതീക്ഷിച്ച ആദായം കിട്ടിയേക്കില്ല. വിദ്യാർത്ഥികൾ അലസരാവാൻ സാധ്യതയുണ്ട്. സംഘടനകളിൽ നേതൃപദവി ലഭിക്കാം. മകളുടെ വിവാഹ കാര്യത്തിൽ വ്യക്തത വന്നേക്കും. വാരാദ്യ ദിവസങ്ങൾക്ക് മേന്മ കുറയും.

തിരുവാതിര

പ്രവർത്തനങ്ങളിൽ പൂർണ്ണതൃപ്തി ഉണ്ടാവില്ല. 
ചെറിയ കാര്യങ്ങൾ പൂർത്തിയാക്കാൻ പതിവിലും സമയം വേണ്ടിവരുന്നതാണ്. ആത്മവിശ്വാസം കുറയാനിടയുണ്ട്. അദ്ധ്വാനത്തിനിണങ്ങിയ പ്രതിഫലം ലഭിച്ചേക്കില്ല. എന്നാൽ എതിർസ്വരങ്ങളെ പ്രതിരോധിക്കുന്നതിൽ ജാഗ്രത കാട്ടും.  ഒട്ടൊക്കെ വിജയിക്കുന്നതുമാണ്. വിവാദങ്ങളുടെ ഭാഗമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഉപരിപഠനത്തിനാവശ്യമായ തയ്യാറെടുപ്പുകൾ തുടങ്ങിയേക്കും. ബന്ധുവിൻ്റെ രോഗചികിൽസക്ക് സഹായധനം നൽകുന്നതാണ്. വാരാദ്യം ശുഭഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം.

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

പുണർതം

പലകാലമായി കാത്തിരുന്ന സൽകാര്യങ്ങൾ ഭവിക്കുന്നതാണ്. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുവാനാവും.  ആദർശം ഉപേക്ഷിക്കാതെ തന്നെ പ്രായോഗികത പുലർത്തുന്നതാണ്. അധികാര സ്ഥാനത്തുള്ളവരുടെ പ്രോൽസാഹനം ലഭിച്ചേക്കും. ആസൂത്രണമികവും ഏകോപന ചാതുരിയും പുറത്തെടുക്കേണ്ടി വരുന്നതാണ്. വാക് വൈഭവമുണ്ടാവും. ബിസിനസ്സ് യാത്രകൾ നേട്ടത്തിന് കാരണമാകും. 
കുടുംബകാര്യങ്ങളിൽ ചുമതലാബോധം കുറയുന്നതായി ആക്ഷേപിക്കപ്പെടാം. പുതിയതായി നിർമ്മിച്ച കടമുറിക്ക് വാടകക്കാരെ കിട്ടാം.

പൂയം

പ്രധാനകാര്യങ്ങൾ തീരുമാനിക്കുന്നതിന് മുന്നേ എല്ലാവശങ്ങളും ചിന്തിക്കേണ്ടതുണ്ട്.  എന്നാൽ ഔദ്യോഗിക ദൗത്യങ്ങൾ ഏറ്റെടുക്കാൻ ബാധ്യസ്ഥരാവും. നാലാംഭാവത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ ഗാർഹികമായി സമാധാനം പ്രതീക്ഷിക്കാം. മനസ്സുഖമുണ്ടാവും. സാമൂഹികമായ സ്വീകാര്യത കൈവരുന്നതാണ്. സൃഷ്ടിപരമായ ആശയങ്ങൾ വിപുലമായി ചർച്ചചെയ്യപ്പെടും. മത്സരാർത്ഥികൾ അഭിമുഖങ്ങൾക്ക് തയ്യാറെടുപ്പ് നടത്തുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവുന്ന വാരമാണ്. വാരാദ്യ ദിവസങ്ങളിൽ അലച്ചിലുണ്ടാവും.

ആയില്യം

വാരാദ്യ ദിവസങ്ങളിലെ കാര്യതടസ്സം വിഷമിപ്പിക്കും. ദുർവ്യയം ഉണ്ടാവുന്നതാണ്. പരാശ്രയത്വം വിഷമിപ്പിക്കും. ബുധനാഴ്ച മുതൽ ഒരുവിധം ഫലപ്രാപ്തി കൈവരുന്നതാണ്. ഉദ്യോഗസ്ഥർക്ക് ഒപ്പമുള്ളവരുടെ സഹകരണം പ്രതീക്ഷിക്കാം.  ഭൗതികകാര്യങ്ങളിൽ തൃപ്തിയുണ്ടാവും. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും. ഗൃഹനിർമ്മാണം പൂർത്തീകരണ ഘട്ടത്തിലേക്ക് കടക്കുന്നതാണ്. കുടുംബസമേതം ക്ഷേത്രദർശനത്തിന് അവസരം കൈവരും. കലാപ്രവർത്തനത്തിന് ഏകാഗ്രത വരുന്നതായിരിക്കും.

Read More:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: