/indian-express-malayalam/media/media_files/2025/05/10/NyONM1JUDW9SP3dCQFBt.jpg)
Weekly Horoscope, November 09-November 15
Astrology: ആദിത്യൻ നീചക്ഷേത്രമായ തുലാം രാശിയിൽ, വിശാഖം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ, തിരുവാതിര മുതൽ ഉത്രം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു. ചൊവ്വ സ്വക്ഷേത്രമായ വൃശ്ചികം രാശിയിൽ മൗഢ്യാവസ്ഥയിലാണ്. ബുധനും വൃശ്ചികം രാശിയിലാണ്. വാരാന്ത്യത്തിൽ ബുധന് മൗഢ്യം ആരംഭിക്കും. ശുക്രൻ സ്വക്ഷേത്രമായ തുലാം രാശിയിൽ സഞ്ചരിക്കുന്നു.
ശനി കുംഭം രാശിയിൽ വക്രഗതിയിലാണ്. വ്യാഴം അതിചാരത്തിൽ ഉച്ചക്ഷേത്രമായ കർക്കടകം രാശിയിലുണ്ട്. നവംബർ 14 ന് ശേഷം വ്യാഴം വക്രഗതിയിലാവും. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിൽ തുടരുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ
അശ്വതി
മേലധികാരികളുടെ ഇടപെടലുകൾ കൂടാതെ സ്വതന്ത്രമായി പ്രവർത്തിക്കാനാവും. ഒപ്പമുള്ളവരുടെ സഹകരണം പ്രതീക്ഷിക്കാം. പുതിയ കാര്യങ്ങൾക്കായി തലപുകഞ്ഞാലോചിച്ചേക്കും. ബിസിനസ്സിൽ കൂടുതൽ പങ്കാളികളെ ചേർക്കാൻ തീരുമാനിക്കുന്നതാണ്. മാനസികമായ അവ്യക്തതകൾക്കും സമ്മർദങ്ങൾക്കും അയവുണ്ടാവും. കുടുംബകാര്യങ്ങളിൽ സുഗമത പ്രതീക്ഷിക്കാം. സുഹൃദ്ബന്ധം ശക്തമാകുന്നതാണ്. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കിടയിൽ സമന്വയം രൂപപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയാം.
ഭരണി
പഴമയേയും പുതുമയേയും സ്വാംശീകരിക്കാൻ ശ്രമിക്കുന്നതാണ്. ജോലിസ്ഥലത്ത് സമാധാനമുണ്ടാവും. ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. കരാർ പണികൾ തുടർന്നും ലഭിക്കുന്നതായിരിക്കും. കലാരംഗത്ത് ഉണർവ്വുണ്ടാവും. സുതാര്യമായ പെരുമാറ്റം തെറ്റിദ്ധരിപ്പിക്കാം. അധികച്ചെലവുകളിൽ നിയന്ത്രണമുണ്ടാവുന്നത് നന്ന്. മാനസിക വികാസത്തിന് സാഹചര്യങ്ങൾ ഉണ്ടാവും. ഗാർഹികമായി സ്വൈരം പ്രതീക്ഷിക്കാം. ഗൃഹനവീകരണം പൂർത്തിയാവും. വാഗ്ദാനങ്ങൾ ലംഘിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. ഔദ്യോഗിക യാത്രകളുണ്ടാവും.
കാർത്തിക
കാര്യതടസ്സങ്ങൾ ഉണ്ടാവാം. മുൻതീരുമാനങ്ങൾ മാറ്റേണ്ടിവരുന്നതാണ്. പരാശ്രയത്വമുണ്ടാവുന്നതിൽ വിഷമിച്ചേക്കും. കടം കൊടുത്ത തുക പലവട്ടം ആവശ്യപ്പെടുകയാൽ മടക്കിക്കിട്ടും. ബന്ധുക്കളുമായുള്ള തർക്കം പരിഹരിക്കാനാവും. ഏജൻസി/ കമ്മീഷൻ വ്യാപാരം പുഷ്ടിപ്പെടുന്നതാണ്. ന്യായമായ ആവശ്യങ്ങൾ മുടങ്ങില്ല. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. കുടുംബ ക്ഷേത്രം സന്ദർശിക്കുവാനും സമർപ്പണങ്ങൾ നടത്താനും അവസരം ലഭിക്കാം. പഴയ കാര്യങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിറയുന്നതാണ്. കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം.
രോഹിണി
അമിതമായ ആത്മവിശ്വാസം ഒഴിവാക്കുന്നത് നന്നായിരിക്കും. മിഥ്യാധാരണകൾ ഒഴിവാക്കേണ്ടതായി വന്നേക്കും. സാമ്പത്തികമായി ചെറിയ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതി ഭവിക്കാം. പണമെടപാടുകളിൽ ജാമ്യം നിൽക്കുന്നത് കരുതലോടെയാവണം. പ്രണയത്തിൽ കയ്പുരസം കലരാം. കുടുംബ ജീവിതത്തിൽ തൃപ്തി കുറയുന്നതാണ്. സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടും. സഹോദരരുടെ അനുകൂല നിലപാടിൽ സന്തോഷിക്കും. സാഹിത്യ പ്രവർത്തനത്തിന് നേരം കണ്ടെത്തും. കഫജന്യരോഗങ്ങൾ ഉപദ്രവിക്കാം.
മകയിരം
നക്ഷത്രാധിപനായ കുജന് മൗഢ്യാവസ്ഥ വന്നിട്ടുള്ളതിനാൽ വാക്കിലും കർമ്മങ്ങളിലും ശ്രദ്ധയുണ്ടാവണം. സാഹസകർമ്മങ്ങൾക്ക് മുതിരാതിരിക്കുന്നത് അഭികാമ്യം. സ്വന്തം തൊഴിലിൽ നിന്നും തരക്കേടില്ലാത്ത ആദായം പ്രതീക്ഷിക്കാം. സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ ഇടപെടുന്നത് കരുതലോടെ വേണം. ഭൂമിയിൽ നിന്നും പ്രതീക്ഷിച്ച ആദായം കിട്ടിയേക്കില്ല. വിദ്യാർത്ഥികൾ അലസരാവാൻ സാധ്യതയുണ്ട്. സംഘടനകളിൽ നേതൃപദവി ലഭിക്കാം. മകളുടെ വിവാഹ കാര്യത്തിൽ വ്യക്തത വന്നേക്കും. വാരാദ്യ ദിവസങ്ങൾക്ക് മേന്മ കുറയും.
തിരുവാതിര
പ്രവർത്തനങ്ങളിൽ പൂർണ്ണതൃപ്തി ഉണ്ടാവില്ല. ചെറിയ കാര്യങ്ങൾ പൂർത്തിയാക്കാൻ പതിവിലും സമയം വേണ്ടിവരുന്നതാണ്. ആത്മവിശ്വാസം കുറയാനിടയുണ്ട്. അദ്ധ്വാനത്തിനിണങ്ങിയ പ്രതിഫലം ലഭിച്ചേക്കില്ല. എന്നാൽ എതിർസ്വരങ്ങളെ പ്രതിരോധിക്കുന്നതിൽ ജാഗ്രത കാട്ടും. ഒട്ടൊക്കെ വിജയിക്കുന്നതുമാണ്. വിവാദങ്ങളുടെ ഭാഗമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഉപരിപഠനത്തിനാവശ്യമായ തയ്യാറെടുപ്പുകൾ തുടങ്ങിയേക്കും. ബന്ധുവിൻ്റെ രോഗചികിൽസക്ക് സഹായധനം നൽകുന്നതാണ്. വാരാദ്യം ശുഭഫലങ്ങൾ കൂടുതൽ പ്രതീക്ഷിക്കാം.
പുണർതം
പലകാലമായി കാത്തിരുന്ന സൽകാര്യങ്ങൾ ഭവിക്കുന്നതാണ്. ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുവാനാവും. ആദർശം ഉപേക്ഷിക്കാതെ തന്നെ പ്രായോഗികത പുലർത്തുന്നതാണ്. അധികാര സ്ഥാനത്തുള്ളവരുടെ പ്രോൽസാഹനം ലഭിച്ചേക്കും. ആസൂത്രണമികവും ഏകോപന ചാതുരിയും പുറത്തെടുക്കേണ്ടി വരുന്നതാണ്. വാക് വൈഭവമുണ്ടാവും. ബിസിനസ്സ് യാത്രകൾ നേട്ടത്തിന് കാരണമാകും.
കുടുംബകാര്യങ്ങളിൽ ചുമതലാബോധം കുറയുന്നതായി ആക്ഷേപിക്കപ്പെടാം. പുതിയതായി നിർമ്മിച്ച കടമുറിക്ക് വാടകക്കാരെ കിട്ടാം.
പൂയം
പ്രധാനകാര്യങ്ങൾ തീരുമാനിക്കുന്നതിന് മുന്നേ എല്ലാവശങ്ങളും ചിന്തിക്കേണ്ടതുണ്ട്. എന്നാൽ ഔദ്യോഗിക ദൗത്യങ്ങൾ ഏറ്റെടുക്കാൻ ബാധ്യസ്ഥരാവും. നാലാംഭാവത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ ഗാർഹികമായി സമാധാനം പ്രതീക്ഷിക്കാം. മനസ്സുഖമുണ്ടാവും. സാമൂഹികമായ സ്വീകാര്യത കൈവരുന്നതാണ്. സൃഷ്ടിപരമായ ആശയങ്ങൾ വിപുലമായി ചർച്ചചെയ്യപ്പെടും. മത്സരാർത്ഥികൾ അഭിമുഖങ്ങൾക്ക് തയ്യാറെടുപ്പ് നടത്തുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവുന്ന വാരമാണ്. വാരാദ്യ ദിവസങ്ങളിൽ അലച്ചിലുണ്ടാവും.
ആയില്യം
വാരാദ്യ ദിവസങ്ങളിലെ കാര്യതടസ്സം വിഷമിപ്പിക്കും. ദുർവ്യയം ഉണ്ടാവുന്നതാണ്. പരാശ്രയത്വം വിഷമിപ്പിക്കും. ബുധനാഴ്ച മുതൽ ഒരുവിധം ഫലപ്രാപ്തി കൈവരുന്നതാണ്. ഉദ്യോഗസ്ഥർക്ക് ഒപ്പമുള്ളവരുടെ സഹകരണം പ്രതീക്ഷിക്കാം. ഭൗതികകാര്യങ്ങളിൽ തൃപ്തിയുണ്ടാവും. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും. ഗൃഹനിർമ്മാണം പൂർത്തീകരണ ഘട്ടത്തിലേക്ക് കടക്കുന്നതാണ്. കുടുംബസമേതം ക്ഷേത്രദർശനത്തിന് അവസരം കൈവരും. കലാപ്രവർത്തനത്തിന് ഏകാഗ്രത വരുന്നതായിരിക്കും.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
മകം
വാരാദ്യം പ്രസന്നമായ അനുഭവങ്ങളുണ്ടാവുന്നതാണ്. കഴിവുകൾ പ്രശംസിക്കപ്പെടും. ഇഷ്ടപ്പെട്ടവരുമായി സമാഗമമുണ്ടാവും. ധനവരവും പ്രതീക്ഷിക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദേഹക്ഷീണമനുഭവപ്പെടുന്നതാണ്. വേണ്ടപ്പെട്ടവരോട് കലഹിക്കും. ഗൃഹത്തിൽ സമാധാനക്കുറവുണ്ടാവും. നല്ലകാര്യങ്ങൾക്കായി ചെലവേറുന്നതാണ്. മറ്റുദിവസങ്ങളിൽ പ്രായേണ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. പ്രവൃത്തിയിൽ തടസ്സങ്ങളുണ്ടാവില്ല. കൃത്യനിഷ്ഠയോടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനാവും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നതാണ്.
പൂരം
ഞായറും തിങ്കളും മനസ്സുഖമുണ്ടാവും. സുഹൃത്തുക്കളെ കാണും. തീരുമാനങ്ങൾ സന്ദിഗ്ദ്ധങ്ങളാവും. പ്രിയപ്പെട്ടവർക്കായി ആദർശം തിരുത്താൻ സന്നദ്ധരാവുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചെലവേറിയേക്കും. കാര്യസാധ്യത്തിന് അലച്ചിലുണ്ടാവും. ദേഹക്ഷീണമോ മടുപ്പോ അനുഭവപ്പെടുന്നതാണ്. പുതുകാര്യങ്ങൾ തുടങ്ങാൻ നന്നല്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സുഖകരമായ സാഹചര്യങ്ങൾ സംജാതമാകും. നല്ല ഭക്ഷണം, ഉറക്കം ഇവ പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ സമാധാനം വന്നെത്തും. അപ്രതീക്ഷിത സഹായം ലഭിക്കുന്നതാണ്.
ഉത്രം
അലട്ടിയിരുന്ന അസ്വസ്ഥതകളും രോഗാരിഷ്ടകളും കുറയുന്നതാണ്. നവോന്മേഷം കൈവരും. പുതിയ കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളുന്നതാണ്. ബിസിനസ്സുകാർക്ക് ലാഭമുണ്ടാവും. നവസംരംഭങ്ങൾ ആലോചനയിൽ വരും. ബന്ധുക്കളുമായുള്ള തർക്കങ്ങൾ പരിഹൃതമായേക്കും. വായ്പയുടെ തിരിച്ചടവ് സാധ്യമാവും. വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധം വളരും. കലാപ്രവർത്തനം പുഷ്ടിപ്പെടുന്നതാണ്. സംഘടനയിൽ നിലപാടുകൾ എതിർക്കപ്പെട്ടാലും സ്വാധീനം കുറയില്ല. സമൂഹമാധ്യമങ്ങളിലെ പങ്കിടലുകൾ സമ്മിശ്രമായ അഭിപ്രായം സൃഷ്ടിച്ചേക്കും. വെള്ളി, ശനി മേന്മ കുറയുന്നതാണ്.
അത്തം
ആത്മവിശ്വാസത്തോടെ കാര്യങ്ങൾ നിർവഹിക്കും. സുഹൃദ്ബന്ധം വിപുലമാവുന്നതിന് സാഹചര്യമുണ്ടാവും. പുതുതുടക്കങ്ങൾ സാധ്യമാകുന്നതാണ്. മംഗളകർമ്മങ്ങൾ, ക്ഷേത്രാടനം ഇവയ്ക്ക് സാഹചര്യം അനുകൂലമാവും. സാമൂഹിക കാര്യങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ സാധ്യമായേക്കും. കിട്ടാനുള്ള ധനം കൈവശമെത്തിച്ചേരും. പ്രണയാനുഭവങ്ങൾ പുഷ്കലമാവും. മകനുവേണ്ടി വിലകൂടിയ ഇലക്ട്രോണിക് ഉല്പന്നം വാങ്ങിക്കും. സർക്കാർ കാര്യങ്ങളിൽ അല്പം തടസ്സം വരാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചെലവേറുന്നതാണ്.
ചിത്തിര
സ്വാശ്രയ തൊഴിലിൽ വരവുണ്ടാവും. എന്നാൽ അതുപോലെ ചെലവുമധികരിക്കുന്ന വാരമാണ്. ന്യായമായ ആവശ്യങ്ങൾ നടത്താനാവും. സ്ഥാപനത്തിന് പുതുശാഖ തുടങ്ങുന്ന കാര്യം ആലോചനയിലുണ്ടാവും. സഹപ്രവർത്തകർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്. കുടുംബകാര്യങ്ങളിൽ ഔൽസുക്യം പുലർത്തും. മകളുടെ ജോലിക്കാര്യത്തിനായി ഉന്നതരുടെ ശുപാർശ പ്രയോജനപ്പെടു ത്തും. സഹോദരരുടെ പിന്തുണ കരുത്തേകും. ജീവകാരുണ്യത്തിന് നേരം കണ്ടെത്തുന്നതാണ്.
ചോതി
യാത്രയിലൂടെ കൈവന്ന വിവിധ അനുഭവങ്ങൾ ഒപ്പമുള്ളവരിലേക്ക് പകരുന്നതാണ്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ ക്ഷമാപൂർവം കേൾക്കാനാവും. കഴിയുന്ന പോംവഴികൾ നിർദ്ദേശിച്ചേക്കും. സാമ്പത്തികമായി മെച്ചപ്പെടാൻ സാഹചര്യം അനുകൂലമാണ്. ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ ഭോഗസുഖം ഭവിക്കും. പാരിതോഷികങ്ങൾ ലഭിക്കുവാനിടയുണ്ട്. വാടകവീടിന് പുതിയ താമസക്കാരെ കിട്ടും. ഉദ്യോഗാർത്ഥികൾ പുതിയ വിഷയങ്ങൾ പഠിക്കാനായി ചേരാം. അനുരാഗികൾക്ക് ആഹ്ളാദിക്കാനാവും. അയൽതർക്കങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നതാണ്.
വിശാഖം
അപ്രസക്ത കാര്യങ്ങൾക്കായി സമയവും ഊർജ്ജം ചെലവഴിക്കും. പുതിയ സംരംഭങ്ങൾക്ക് വിദഗ്ദ്ധോപദേശം തേടുന്നതാണ്. സാമ്പത്തികമായി അമളി പിണയാനിടയുണ്ട്. വരവു-ചെലവുകൾ ക്രമപ്പെടുത്തി സൂക്ഷിക്കുന്നത് നന്നായിരിക്കും. തൊഴിൽ തേടുന്നവർ അർഹതക്കൊത്ത അവസരം ലഭിക്കാൻ അല്പം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്. സാമൂഹിക വിമർശനം ശത്രുക്കളെ സൃഷ്ടിച്ചേക്കും. കലാപ്രവർത്തകർക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നതാണ്. കുടുംബകാര്യങ്ങൾ സുഗമമായേക്കും.
അനിഴം
നക്ഷത്രാധിപനായ ശനിയുടെ വക്രഗതിയാൽ കർമ്മരംഗത്ത് ആലസ്യമനുഭവപ്പെടുന്നതാണ്. ആരംഭിച്ച കാര്യങ്ങൾ മുന്നോട്ട് പോവുക ദുഷ്കരമായിത്തീരും. അധികാരികളുടെ അപ്രീതി നേടും. കടബാധ്യതകൾ വലയ്ക്കാം. വാരാദ്യം അഷ്ടമരാശിക്കൂറാകയാൽ മനോ വാക്കർമ്മങ്ങളിൽ കരുതലുണ്ടാവണം. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. ഗവേഷകർക്ക് ആശയക്കുഴപ്പം ഏർപ്പെടാം. പ്രണയികൾക്ക് ആഹ്ളാദിക്കാനവസരം സംജാതമാകും. ബന്ധുക്കളുടെ പ്രശംസ പിടിച്ചുപറ്റുന്നതാണ്.
തൃക്കേട്ട
നക്ഷത്രാധിപനായ ബുധനും രാശ്യധിപനായ ചൊവ്വയ്ക്കും മൗഢ്യം വരുന്നതിനാൽ കരുതലുണ്ടാവണം. സാഹസങ്ങൾ ഒഴിവാക്കണം. ചീത്തകൂട്ടുകെട്ടുകളിൽ നിന്നും പിൻവാങ്ങേണ്ടതുണ്ട്. പരാശ്രയം പലകാര്യങ്ങളിലും വേണ്ടി വരാം. ധനവിനിയോഗത്തിൽ മിതത്വം പുലർത്തണം. ഓൺലൈൻ ബിസിനസ്സിൽ ലാഭം ഉണ്ടാവുന്നതാണ്. പിതാവിന് ഉദ്യോഗത്തിൽ വളർച്ച വന്നെത്തും. ഗൃഹനിർമ്മാണം തടപ്പപ്പെടാതിരിക്കാൻ കടം വാങ്ങിയേക്കും. മേലധികാരികളോട് മാത്സര്യം പുലർത്തരുത്. പുതുമയുള്ള കാര്യങ്ങളിൽ താത്പര്യമേറും. മുതിർന്നവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് നന്നായിരിക്കും.
Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മൂലം
ദേഹാരോഗ്യം പൂർണ്ണമായും തൃപ്തികരമാവില്ല. ശരിയാംവണ്ണം വിശ്രമിക്കാൻ കഴിയാതെ വരും. കുട്ടികളുടെ കാര്യത്തിൽ ഉൽക്കണ്ഠയുണ്ടാവുന്നതാണ്. സർക്കാരിൽ സമർപ്പിച്ച പദ്ധതി അനുവദിക്കപ്പെടും. ബാങ്കിൽ നിന്നുമുള്ള ലോൺ ലഭിച്ചേക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാര്യതടസ്സം വരാം. മുതിർന്നവരുടെ വിരോധം സമ്പാദിച്ചേക്കും. മറ്റു ദിവസങ്ങളിൽ ദാമ്പത്യസൗഖ്യം, സുഖഭക്ഷണയോഗം എന്നിവയുണ്ടാവും. നവീനമായ ഗാർഹികോപകരണങ്ങൾ വാങ്ങിയേക്കും. ചീത്തക്കൂട്ടുകെട്ടുകളിൽ നിന്നും പിൻവലിയേണ്ടതുണ്ട്.
പൂരാടം
യാത്ര പൂർത്തിയാക്കി നാട്ടിലെത്തും. നല്ല അനുഭവങ്ങൾ മനസ്സിൽ സൂക്ഷിക്കും. ചിട്ടയോടെ പ്രവർത്തനങ്ങളിൽ മുഴുകുന്നതാണ്. മംഗളകർമ്മങ്ങളിൽ സംബന്ധിക്കുവാനാവും. ഏജൻസി വ്യാപാരത്തിൽ ആദായം വന്നെത്തും. പുരയിടം/ വസ്തു എന്നിവയുടെ പരിപാലനത്തിന് ചെലവധികരിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് അലസത വരും. രാഷ്ട്രീയ നിലപാടുകൾ ശത്രുക്കളെ സമ്മാനിച്ചേക്കും. ജോലിക്കാര്യത്തിന് ശുപാർശ ഫലം കാണുന്നതാണ്. പ്രണയത്തിന് പുഷ്ടിയുണ്ടാവും. പാരിതോഷികങ്ങൾ ലഭിക്കാം.
ഉത്രാടം
കാര്യമായ വെല്ലുവിളികളില്ലാതെ തന്നെ കാര്യസാധ്യം ഭവിക്കുന്നതാണ്. സഹായ വാഗ്ദാനങ്ങൾ പാഴാവും. പുതിയ സംരംഭങ്ങളുടെ കടലാസ്സു ജോലികൾ പുരോഗമിച്ചേക്കും. എതിർപ്പുകളെ ഗൗരവബുദ്ധ്യാ പരിഗണിക്കില്ല. മകളുടെ ഗൃഹനിർമ്മാണത്തിന് നല്ലൊരു തുക നൽകുന്നതാണ്. കുറഞ്ഞ ചെലവിൽ നടത്തപ്പെടുന്ന 'ഒരുനാൾ വിനോദയാത്രയിൽ' പങ്കെടുക്കും. പാരമ്പര്യ കലകളുടെ ആസ്വാദനത്തിന് നേരം കണ്ടെത്തുന്നതാണ്. ജീവിതശൈലീ രോഗങ്ങളുള്ളവർ കൃത്യമായ പരിശോധനകൾ നടത്തേണ്ടതുണ്ട്.
തിരുവോണം
സുഗമമായി എല്ലാക്കാര്യങ്ങളും നിർവഹണത്തിലെത്തിക്കാനാവും. ദൗത്യങ്ങളുടെ പൂർത്തീകരണം മൂലം നല്ലസന്തോഷം തോന്നും. ഗാർഹികമായി സ്വസ്ഥതയുണ്ടാവുന്ന കാലമാണ്. ജീവിതപങ്കാളിയുടെ രോഗം കുറയുകയാൻ ആശ്വാസമുണ്ടാവും. പരീക്ഷകളിൽ/ അഭിമുഖങ്ങളിൽ ശോഭിക്കുന്നതാണ്. ഭൂമി/ കെട്ടിടം ഇവയിൽ നിന്നും ആദായം വന്നെത്തും. ജന്മനാട്ടിലെ ക്ഷേത്രോത്സവങ്ങളിൽ പങ്കെടുക്കുന്നതാണ്. കൂട്ടുകച്ചവടത്തിൽ വിപണനതന്ത്രങ്ങൾ ആവിഷ്കരിക്കും. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് ശുഭത്വം കുറയുന്നതാണ്.
അവിട്ടം
പൂർവികസ്വത്തിൽ നിന്നും വരുമാനമുണ്ടാവും. വീടിൻ്റെ അറ്റകുറ്റപ്പണി വേഗതയിൽ ചെയ്തുതീർക്കും. ഡെപ്യൂട്ടേഷനിൽ നിന്നും സ്വന്തം ലാവണത്തിലേക്ക് മടങ്ങിയെത്തും. അമിതാവേശം ഒഴിവാക്കണം. കാര്യങ്ങൾ പഠിച്ച് അഭിപ്രായം പറയാൻ തയ്യാറാവണം. സ്ഥാനചലനമുണ്ടാകുമോ എന്ന ഭയം ഇടയ്ക്കിടെ അലട്ടാം. കരാറുകൾ പുതുക്കാൻ രാഷ്ട്രീയമായ ശുപാർശ വേണ്ടിവന്നേക്കും. മകൻ്റെ നിർബന്ധശീലം വിഷമിപ്പിക്കാം. ചില വിപണന തന്ത്രങ്ങൾക്ക് ഫലം കണ്ടില്ലെന്ന് വരും. പ്രണയികൾക്ക് സന്തോഷമുണ്ടാവും.
ചതയം
വരുമാനത്തിനനുസരിച്ചാവില്ല ചെലവുകൾ. പരീക്ഷാദികൾക്ക് ഭംഗിയായി മുന്നൊരുക്കം നടത്താനാവും. ബന്ധുവിൻ്റെ വിവാഹത്തിന് ആദ്യാവസാനക്കാരനാവും. ശുഭവാർത്തകൾ കേൾക്കുന്നതാണ്. ജോലിയിൽ അസംതൃപ്തിയുണ്ടായാലും ഉപേക്ഷിക്കാതിരിക്കുന്നത് അഭികാമ്യം. സംഘടനയിലെ പദവികൾ വേണ്ടെന്ന് വെച്ചേക്കും. പണമെടപാടുകളിൽ ചതയിൽ പെടാതിരിക്കുക ഉത്തമം. സന്താനങ്ങളാൽ ചില മനപ്രയാസങ്ങൾ ഏർപ്പെടാം. വ്യവഹാരം കൊണ്ട് അല്പലാഭം കൈവന്നേക്കും.
പൂരൂരുട്ടാതി
ബിസിനസ്സിൻ്റെ പുരോഗതിക്കായി പുതിയ ജോലിക്കാരെ നിയമിക്കും. ഉന്നത പദവിയിലുള്ളവർ സഹായിക്കാനിടയുണ്ട്. ദേഹാലസ്യം കാര്യതടസ്സമുണ്ടാക്കുന്നതാണ്. സാഹിത്യകാരന്മാർക്ക് ഗ്രന്ഥരചനയിൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞേക്കും. വീട്ടുകൃഷിയിൽ നിന്നും അല്പമായ ലാഭം വരും. മറ്റുള്ളവരെ സംബന്ധിച്ച രഹസ്യങ്ങൾ മനസ്സിലാക്കാൻ അമിത വ്യഗ്രത പുലർത്തുന്നതാണ്. സഹോദരരെ സഹായിക്കും. പകർച്ചവ്യാധികൾ പിടിപെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രകൾ കൊണ്ട് നേട്ടങ്ങൾ വരാം. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
ഉത്രട്ടാതി
കുടുംബ ജീവിതത്തിൽ സംതൃപ്തിയുണ്ടാവും. മുഖ്യ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുന്നേ മറ്റംഗങ്ങളുടെ അഭിപ്രായം തേടേണ്ടതുണ്ട്. വാഹനത്തിൻ്റെ അറ്റകുറ്റത്തിന് കൂടുതൽ പണം ചെലവായേക്കും. പൊതു പ്രവർത്തകർ ദുരാരോപണങ്ങളെ നേരിടുന്നതാണ്. പിതാവിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമായേക്കില്ല. ബന്ധുസമാഗമം സന്തോഷമേകും. കൂട്ടുകെട്ടുകൾ കൊണ്ട് ദോഷം വരുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതാണ്. ഭാവനാത്മകതയും സൃഷ്ടിപരതയും ഉയരും. ഞായർ, തിങ്കൾ ദിവസങ്ങളിൽ പിരിമുറുക്കം ഉയരാം.
രേവതി
കർമ്മരംഗത്തെ പരീക്ഷണങ്ങൾ വിജയിക്കണമെന്നില്ല. ബിസിനസ്സ് യാത്രകൾ ഫലപ്രദമാവും. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാൻ നേരം മാറ്റിവെക്കുന്നതാണ്. ഊഹക്കച്ചവടത്തിൽ നിന്നും ലഘുവായ ലാഭം പ്രതീക്ഷിച്ചാൽ മതി. ഒമ്പതാമെടത്തി ലെ ബുധകുജയോഗം മൂലം ബന്ധുക്കൾ വിരോധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പാഠ്യേതര കാര്യങ്ങളിൽ ശ്രദ്ധയേറും. പിതാവിന് ജോലിയിൽ അർഹതപ്പെട്ട പദവി ലഭിക്കാത്തത് വിഷമിപ്പിക്കാം. പേരക്കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതാണ്. സാഹസങ്ങൾ ഒഴിവാക്കുന്നത് കരണീയം. ആഴ്ചമധ്യം കൂടുതൽ ശോഭനമാവും.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us