scorecardresearch

Weekly Horoscope Nov 02-Nov 08: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

നവംബർ 02 ഞായർ മുതൽ നവംബർ 08 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

നവംബർ 02 ഞായർ മുതൽ നവംബർ 08 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
weekly horoscope

Weekly Horoscope, November 02 -November 08

Astrology: ആദിത്യൻ തുലാം രാശിയിൽ ചോതി- വിശാഖം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ് വാരാദ്യം. 
ബുധനാഴ്ച പൗർണമി ഭവിക്കുന്നു. 

Advertisment

വ്യാഴാഴ്ച മുതൽ കറുത്തപക്ഷം ആരംഭിക്കുകയാണ്. ചൊവ്വയും ബുധനും വൃശ്ചികം രാശിയിൽ തുടരുന്നു. നവംബർ 5 മുതൽ ചൊവ്വയ്ക്ക് മൗഢ്യം സംഭവിക്കുകയാണ്. നവംബർ 2 ന് ഞായറാഴ്ച നീചം കഴിഞ്ഞ് ശുക്രൻ സ്വക്ഷേത്രമായ തുലാം രാശിയിലേക്ക് സംക്രമിക്കുകയാണ്. 

ശനിയുടെ മീനം രാശിയിലെ വക്രഗതി തുടരുന്നു. വ്യാഴം കർക്കടകം രാശിയിൽ അതിചാരത്തിലാണ്. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിൽ തുടരുന്നു. ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെ 27 നാളുകളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

അശ്വതി

ഗുണാനുഭവങ്ങൾ ഉണ്ടാവുമെങ്കിലും അവ തടസ്സപ്പെടാനിടയുണ്ട്. കൂടിയാലോചനകളിൽ സ്വന്തം പ്രവർത്തനങ്ങൾ ന്യായീകരിക്കാൻ വിഷമിച്ചേക്കും. മിഥ്യാധാരണകൾ ഉണ്ടാവാം. സഹപ്രവർത്തകരുടെ 'മെല്ലപ്പോക്ക്' ഖേദിപ്പിക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയുന്നതാണ്.  ബിസിനസ്സിൽ കൂടുതൽ മുതൽമുടക്കേണ്ട സാഹചര്യം വന്നുചേരും. സ്ഥിര ജോലിക്കാർക്ക് ശമ്പളം മുതലായവയാൽ സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടും. ഗൃഹസമാധാനം പ്രതീക്ഷിക്കാം. വാരാദ്യം അലച്ചിലിനും ചെലവിനും സാധ്യതയുണ്ട്.

Advertisment

ഭരണി

സ്വന്തം തീരുമാനത്തിലുറച്ച് നിൽക്കും. ജോലിഭാരം കൂടുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് പ്രതീക്ഷിച്ച സ്ഥാനോന്നതി ലഭക്കുന്നതാണ്. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. കലാപരമായ കഴിവുകൾ വളർത്തുന്നതിനാവശ്യമായ പഠനം ആരംഭിക്കാനാവും. ബന്ധുക്കളെ  സന്ദർശിക്കുന്നതാണ്. പ്രണയം പുഷ്കലമാവും. ചെറുയാത്രകൾ പ്രയോജനപ്പെടും. പാരിതോഷികങ്ങൾ ലഭിക്കുന്നതാണ്. അനാവശ്യമായ ആഢംബരങ്ങൾ ഒഴിവാക്കാൻ തയ്യാറാകും.

കാർത്തിക

സ്വാതന്ത്ര്യം പണയം വെക്കാൻ തയ്യാറാവില്ല. ജോലിസ്ഥലത്ത് ഒറ്റപ്പെടാം. രഹസ്യമായ കരുനീക്കങ്ങളിലൂടെ എതിരാളിയെ നിശബ്ദരാക്കും. ഇഷ്ടപ്പെട്ടവരുടെ പിന്തുണ എല്ലാ പ്രവർത്തനങ്ങൾക്കും തുണയാവും. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിക്കുന്നതാണ്. ജോലി തേടുന്നവർക്ക് കാത്തിരിപ്പ് തുടരേണ്ടി വരുന്നതാണ്. ഭൂമിയിടപാടുകൾ സുതാര്യമായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കൂട്ടുകെട്ടുകൾ എത്ര കണ്ട് മാനസിക വളർച്ചക്ക് സഹായകമാവുന്നുണ്ടെന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. കച്ചവടത്തിൽ നിന്നും ധനലാഭം മോശമാവില്ല.

രോഹിണി

പിടിവാശികൊണ്ട് ശത്രുക്കളെ നേടും. നിസ്സാരകാര്യങ്ങൾ നേടാൻ ഏറെ വിയർക്കുന്നതാണ്. ആലസ്യമുണ്ടാവും. ഏല്പിച്ച ദൗത്യം പൂർത്തിയാക്കാൻ അധികാരിയോട് കൂടുതൽ സമയം ചോദിക്കുന്നതാണ്. അന്യരുടെ കാര്യങ്ങൾക്ക് അധിക സമയം ചെലവഴിക്കുന്നതിനാൽ ഗൃഹസൗഖ്യം കുറയും. വാരാദ്യം ഉന്മേഷമുണ്ടാവും. സ്വന്തബന്ധുക്കൾക്കൊപ്പം നല്ലനേരം ചെലവഴിക്കാൻ കഴിയുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ അലച്ചിൽ, ദേഹക്ഷീണം ഇവ ഏർപ്പെടും. മറ്റു ദിവസങ്ങളിൽ സാമാന്യമായ കാര്യവിജയവും സ്വസ്ഥതയുമുണ്ടാവും.  അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കാം.

മകയിരം

നിലവിലെ ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് പിന്നീട് ഗുണകരമാവാം. ഇപ്പോൾ അബദ്ധമാവും. യുക്തിപൂർവ്വമായ സംസാരം ശ്രദ്ധിക്കപ്പെടും. കിട്ടേണ്ട ധനം ചോദിക്കാതെ തന്നെ കൈവരും. സഹപ്രവർത്തകരുടെ പിന്തുണ ഔദ്യോഗിക ജീവിതത്തിൽ തുണയേകും. ഉപരിപഠനത്തിന് ആവശ്യമായ പ്രാരംഭ കോഴ്സുകളിൽ ചേർന്നേക്കും. കരാർ ജോലികളിൽ കൃത്യനിഷ്ഠ  പുലർത്തും. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യമാവും. വാരാദ്യം ധനപ്രാപ്തിക്ക് യോഗമുണ്ട്.  ആരോഗ്യകാര്യത്താൽ അല്പം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

തിരുവാതിര

കഴിവിൻ്റെ പരമാവധി പ്രയത്നിക്കുന്നതിനാൽ പല നേട്ടങ്ങൾ കൈവരിക്കുന്നതാണ്. ആത്മസംതൃപ്തി തോന്നും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചേക്കാം. വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ പ്രീതി നേടാനാവും. രാഷ്ട്രീയ പ്രവർത്തകർക്ക് ജനപിന്തുണ മനസ്സിലാക്കാൻ സന്ദർഭം വരുന്നതാണ്. പുതുസംരംഭങ്ങൾക്ക് സർക്കാർ അനുമതി കിട്ടും. കുടുംബാംഗങ്ങളുമായി പുറം യാത്രകൾ, പുറമേ നിന്നും ഭക്ഷണം, വിനോദം ഇവയുണ്ടാവും. ഗവേഷണത്തിനായി പ്രധാനപ്പെട്ട കൂടിക്കാഴ്ചകൾ നടന്നേക്കും. വ്യത്യസ്ത അഭിപ്രായങ്ങളെ വിലമതിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ ശുഭകാര്യങ്ങൾ ഒഴിവാക്കണം.

പുണർതം

പ്രായാധിക്യമുള്ളവരുടെ വാക്കുകൾ ചെവിക്കൊള്ളും. അവർക്കായി സമയം ചെലവഴിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാനാവും. യാത്ര കൊണ്ട് ലക്ഷ്യമാക്കിയ കാര്യങ്ങൾ നേടുന്നതാണ്. ഔദ്യോഗിക കൃത്യനിർവഹണം പ്രശംസിക്കപ്പെടും. പുതിയ സംരംഭങ്ങളുടെ സൂക്ഷ്മാംശങ്ങൾ  ഓർത്തുവെച്ച് ഒന്നൊന്നായി നടപ്പിലാക്കുന്നതാണ്.  പരീക്ഷകൾക്ക് കൃത്യമായ തയ്യാറെടുപ്പുകൾ നടത്തും. ദൈവിക സമർപ്പണങ്ങൾക്ക് സന്ദർഭം വന്നുചേരും. യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ അപഗ്രഥിക്കുന്നതാണ്. മകൻ്റെ ശ്രേയസ്സ് സന്തോഷത്തിന് കാരണമാകും. വാരാന്ത്യ ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.

പൂയം

നവാരംഭങ്ങൾക്കും വലിയ മുതൽമുടക്കിനും ഗ്രഹാനുകൂല്യമില്ലാത്ത കാലമാണ്. മേലധികാരികൾ അസംതൃപ്തി ഭാവിച്ചേക്കും. നിലപാടുകളിൽ ചാഞ്ചല്യം സംഭവിക്കുന്നത് ആക്ഷേപം ക്ഷണിച്ചുവരുത്താം. വാരാദ്യം അഷ്ടമരാശിക്കൂറ് വരുകയാൽ ഞായർ മുതൽ ചൊവ്വ വരെ പാരതന്ത്ര്യം അനുഭവപ്പെടും. തുടർ ദിവസങ്ങളിൽ കിട്ടാക്കടം ഭാഗികമായി കിട്ടാനിടയുണ്ട്. ഗുരുജനങ്ങളെ സന്ദർശിക്കാനവസരം ലഭിക്കും. ഭൂമി വ്യാപാരത്തിൽ ചില ശുഭസൂചനകൾ കിട്ടും. വാഹനം/ വീട് മോടിപിടിപ്പിക്കും. കലാകാരന്മാർക്ക് അവസരങ്ങൾ തേടി വരാം.  പ്രണയാനുഭവങ്ങൾ മനസ്സിനെ തരളിതമാക്കും.

ആയില്യം

വാരാദ്യദിവസങ്ങളിൽ അകാരണമായ വിഷാദം പിടികൂടാം. പുതിയ കർമ്മപദ്ധതികളിൽ മുൻപുണ്ടായിരുന്ന താത്പര്യം കുറയുന്നതാണ്. പെട്ടെന്ന് ക്ഷോഭിച്ചേക്കും. ക്രമേണ കാര്യങ്ങൾ വരുതിയിലാവും. പഠനകാര്യങ്ങളിൽ പുത്തനുണർവ്വ് വരും. സ്വതസ്സിദ്ധമായ ശൈലിയോടെ ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കാനാവും. ഗാർഹിക ജീവിതത്തിൽ സംതൃപ്തി ഭവിക്കും. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനത്തിന് സാധ്യത കാണുന്നു. സാങ്കേതിക വിഷയങ്ങൾ പഠിക്കാൻ നേരം മാറ്റിവെക്കും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്നതാണ്. സാഹസ പ്രവർത്തനങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ട്.

Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ

മകം

പ്രതീക്ഷിച്ച ചിലതൊക്കെ നടക്കാതെ പോവുന്നത് വ്യസനിപ്പിക്കും. കാര്യസാധ്യത്തിന് വളഞ്ഞവഴി സ്വീകരിക്കാൻ കഴിയുകയുമില്ല. ഉന്നത വ്യക്തികളുടെ പ്രീതി നേടുന്നതാണ്. കുടുംബകാര്യങ്ങളിൽ മുന്നത്തേതിലും ഔൽസുക്യമേറും. നവസംരംഭങ്ങൾ ബാലാരിഷ്ട പിന്നിടുന്നതാണ്. പൂജകൾക്കും ദൈവിക സമർപ്പണങ്ങൾക്കും നേരം കണ്ടെത്തും. ബുധനാഴ്ച മുതൽ കാര്യസിദ്ധി തടസ്സം കൂടാതെ കൈവരുന്നതാണ്. പ്രണയികൾക്കിടയിൽ ഹൃദയൈക്യം ദൃഢമാകും. വിലകൂടിയ വസ്തുക്കൾ വാങ്ങുന്നതാണ്. വായ്പ നേടാൻ ശ്രമം തുടർന്നേക്കും.

പൂരം

കാര്യങ്ങൾ അനുകൂലമാവുന്ന വാരമാണ്. ലഘുപ്രയത്നം നേട്ടമുണ്ടാക്കും. അഭിപ്രായങ്ങൾക്ക് സ്വീകാര്യത കൈവരുന്നതാണ്. സ്ത്രീകളുടെ പിന്തുണയുണ്ടാവും. സങ്കല്പ ലോകത്തിൽ നിന്നിറങ്ങി യാഥാർത്ഥ്യ ബോധത്തോടെ പെരുമാറും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി/ലൈസൻസ് കിട്ടുന്നതാണ്. കൂട്ടുകച്ചവടത്തിൽ കരുതലുണ്ടാവണം. കരാറുകളുടെ വ്യവസ്ഥകൾ വായിച്ചറിയേണ്ടതുണ്ട്. പാഴ്ചെലവുകൾ ഉണ്ടാവുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ഞായർ മുതൽ ചൊവ്വ വരെ വാക്കിലും കർമ്മത്തിലും കരുതലുണ്ടാവണം.

ഉത്രം

ഉന്നതരുമായുള്ള ബന്ധത്തിലൂടെ ഔദ്യോഗിക നേട്ടങ്ങൾ കൈവരിക്കുന്നതാണ്. തൊഴിലിടത്തിൽ സ്വാതന്ത്ര്യവും സമാധാനവുമുണ്ടാവും. വിപണിയുടെ സ്പന്ദനമറിഞ്ഞ് പ്രവർത്തിക്കും. വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കപ്പെടാം. ചിങ്ങക്കൂറുകാർക്ക് ഗൃഹത്തിൽ സ്വൈരം കുറയാം. വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണ്. കന്നിക്കൂറുകാർക്ക് സഹോദരൻ മൂലം നേട്ടങ്ങൾ വന്നെത്തും. വാഗ്ദാനങ്ങൾ പാലിക്കാനാവും. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാനവസരം കിട്ടും. ചിട്ടി, നറുക്കെടുപ്പ് ഇവകളിലൂടെ ധനാഗമം പ്രതീക്ഷിക്കാം. വാരാന്ത്യദിവസങ്ങളിൽ ദേഹക്ലേശമനുഭവപ്പെടുന്നതാണ്.

അത്തം

ആത്മവിശ്വാസത്തോടെ പ്രവർത്തനങ്ങളിൽ മുഴുകാനാവും. പുതിയ കാര്യങ്ങളുടെ പ്രയോഗികത ചിന്തിച്ചുറപ്പിക്കും. വ്യാപാരത്തിൽ നിന്നും ധനാഗമം മോശമാവില്ല.  വാഗ്ദാനങ്ങൾ പാലിക്കാനാവും. പ്രണയാനുഭവങ്ങൾ തീക്ഷ്ണമാകുന്നതാണ്. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകളെ നേരിടേണ്ടിവന്നാലും നേതൃത്വത്തിൽ തുടരാനാവും. ക്രിയാപരത എഴുത്ത്, ചിത്രകല, അഭിനയം എന്നിവയ്ക്ക് മികവുണ്ടാക്കും. ബന്ധുസമാഗമം സന്തോഷ സന്ദർഭങ്ങൾ സൃഷ്ടിക്കുന്നതാണ്. ഭാവികാര്യങ്ങൾ ഉദ്ദേശിച്ച് ലഘുനിക്ഷേപങ്ങൾ നടത്താനായേക്കും. വാരാദ്യ ദിവസങ്ങൾക്ക് മേന്മയേറും.

ചിത്തിര

നക്ഷത്രാധിപനായ ചൊവ്വയ്ക്ക് മൗഢ്യം വരുന്നതിനാൽ ആത്മശക്തി ചോരാം. തീരുമാനങ്ങളെടുക്കാൻ വിഷമിക്കും. നടപ്പാക്കുന്നതിലും ചഞ്ചലത്വം ഏർപ്പെടുന്നതാണ്. പഠനത്തിൽ ഏകാഗ്രത കുറയാനിടയുണ്ട്. സ്വാശ്രയ വ്യാപാരത്തിൽ പങ്കാളികളെ ചേർക്കുന്നത് കരുതലോടെയാവണം. ഭൂമിവ്യാപാരത്തിൽ നിയമക്കുരുക്ക് ഏർപ്പെടാം. മാറ്റത്തിന് ശ്രമിക്കാതെ നിലവിലെ സ്ഥിതി മുൻനടത്താൻ ശ്രമിക്കുന്നതാവും കരണീയം. ആരോഗ്യപരമായി ശ്രദ്ധയുണ്ടാവണം. കുടുംബത്തിൻ്റെ മാനസി പിന്തുണ കരുത്തുപകരുന്നതാണ്.

ചോതി

ജന്മത്തിൽ ആദിത്യൻ സഞ്ചരിക്കുകയാൽ ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് അവ്യക്തതയുണ്ടാവും. ദേഹ ക്ഷീണമനുഭവപ്പെടും. പ്രയത്നശീലം ഭാഗികമായ വിജയം സമ്മാനിക്കുന്നതാണ്. നീണ്ട അവധിക്കുശേഷം ജോലിയിൽ പ്രവേശിക്കാനാവും. പുതിയ സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടും. കാര്യാലോചനകളിൽ പ്രായോഗികമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. അലങ്കാര വസ്തുക്കൾ വാങ്ങുന്നതാണ്. ചെലവിനെക്കുറിച്ച് ഉൽക്കണ്‌ഠയുണ്ടാവില്ല. വാക്കുകളിൽ പാരുഷ്യം വരാതെ നോക്കണം. സുഖഭോഗം, ഭക്ഷണ സംതൃപ്തി ഇവ പ്രതീക്ഷിക്കാം. 

വിശാഖം

അദ്ധ്വാനം കൂടുന്നതാണ്. എന്നാൽ അത് തിരിച്ചറിയപ്പെടണമെന്നില്ല. അധികാരികൾ പ്രയത്നം കണ്ടില്ലെന്ന് നടിച്ചേക്കാം. പുതിയ പ്രോജക്ടുകൾ പെൻഡിംഗിൽ വെക്കുകയാവും ഉചിതം. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വലിയ ഉത്തരവാദിത്വങ്ങളുടെ ചുമതല ലഭിക്കുന്നതാണ്. ദാമ്പത്യത്തിൽ സുഖവും സംതൃപ്തിയും വന്നെത്തും. കുടുംബത്തിൻ്റെ പിൻബലം സന്തോഷമേകും. മകളുടെ വിദേശ ഉപരിപഠനത്തിന് ധനം കണ്ടെത്തുവാൻ ശ്രമം തുടരും. ഭാഗ്യാനുഭവങ്ങൾ വന്നുകൂടായ്കയില്ല. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. വാരാന്ത്യം കരുതൽ വേണ്ടതുണ്ട്.

അനിഴം

എവിടെയും ന്യായമായ പരിഗണന ലഭിക്കുന്നതാണ്. സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകും. വിഷമപ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങുന്നതാണ്.  ജന്മകുജൻ മാനസിക പിരിമുറുക്കം സൃഷ്ടിച്ചേക്കും. വസ്തുതർക്കങ്ങൾ പരിഹരിക്കാൻ ക്ലേശിക്കുന്നതാണ്. ധനവരവ് തടസ്സപ്പെടില്ല. പിതാവിന് നേട്ടങ്ങൾ ഉണ്ടാവും. സ്ഥാനോന്നതി കൈവരിക്കും. ഭാഗ്യസ്ഥാനത്തിരിക്കുന്ന ഉച്ചവ്യാഴം സ്ഥിതിഗതികൾ അനുകൂലമാക്കുന്നതാണ്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.  ആത്മീയ കാര്യങ്ങളിൽ താത്പര്യം വളരുന്നതാണ്.

തൃക്കേട്ട

വാരാദ്യം ചില ആശയക്കുഴപ്പങ്ങൾ രൂപപ്പെടാം. കർമ്മമേഖലയിൽ ആലസ്യത്തിനിടയുണ്ട്. തുടർ ദിവസങ്ങളിൽ സ്ഥിതി അനുകൂലമാവും. ഭാവികാര്യങ്ങൾ മനസ്സിൽക്കണ്ട് ചില  പ്രവർത്തനങ്ങളിൽ മുഴുകുന്നതാണ്. തൊഴിൽ രംഗത്ത് സമാധാനമുണ്ടായിരിക്കും. വ്യാപാരത്തിൽ നിന്നുമുള്ള ആദായം മോശമാവില്ല.  വിവാദങ്ങളോട് പുറം തിരിഞ്ഞുനിൽക്കു ന്നതാവും അഭികാമ്യം. സഹോദരന് സാമ്പത്തിക സഹായം നൽകുന്നതാണ്. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. പൊതുപ്രവർത്തകർ വിമർശിക്കപ്പെടാം. മറ്റുള്ളവരുടെ വാക്കുകൾ ശ്രവിക്കാൻ സന്നദ്ധതയുണ്ടാവണം.

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മൂലം

പതിനൊന്നിലാദിത്യൻ സഞ്ചരിക്കുകയാൽ പിതാവിൻ്റെ വാത്സല്യം അനുഭവിക്കും. ധനസഹായം പ്രതീക്ഷിക്കാം. ആസൂത്രണം ചെയ്ത പദ്ധതികൾ നടപ്പിലാക്കുന്നതിന് ഉത്സാഹിക്കും. പൊതുപ്രവർത്തനത്തിൽ ജനകീയ പിന്തുണ നേടുന്നതാണ്. പന്ത്രണ്ടിൽ കുജബുധന്മാരുള്ളതിനാൽ അശുഭചിന്ത ഇടയ്ക്കിടെ തലപൊക്കും. അറ്റകുറ്റപ്പണികൾക്കായി ചെലവേറുന്നതാണ്. ദേഷ്യം നിയന്ത്രിക്കേണ്ടതുണ്ട്. കലാപ്രവർത്തനത്തിൽ നേട്ടങ്ങളുണ്ടാവും. അനുരാഗികൾക്ക് പ്രണയം വീട്ടിലറിയിക്കാൻ ധൈര്യമുണ്ടായേക്കും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾ അസഹിഷ്ണുതയ്ക്ക് കാരണമാകാം.

പൂരാടം

നക്ഷത്രാധിപൻ്റെയും ആദിത്യൻ്റെയും അനുകൂലസ്ഥിതിയാൽ ഔദ്യോഗിക രംഗം ഉന്മേഷപ്രദമാവും. കാര്യവിഘ്നങ്ങളെ എളുപ്പം മറികടക്കും. ഉന്നതരുടെ ഒത്താശ കരുത്തുപകരും. വിദ്യാർത്ഥികൾക്ക് ആലസ്യമുണ്ടാവാം. ഉദ്യോഗസ്ഥർ സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാൻ ശ്രമം തുടരുന്നതായിരിക്കും. മത്സരങ്ങൾക്ക് മാനസികമായ തയ്യാറെടുപ്പ് തുടങ്ങുന്നതാണ്. യാത്രകൾ ബന്ധങ്ങൾ പുതുക്കാൻ കാരണമായിത്തീരും. പെട്ടെന്ന് തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന പ്രവണത ശത്രുക്കളെ സൃഷ്ടിക്കും. വാടക വീട്ടിന് താമസക്കാരെ ലഭിച്ചേക്കില്ല.

ഉത്രാടം

നഷ്ടസാധ്യതകൾ വിലയിരുത്തി ചില മേഖലകളിൽ നിന്നും പിൻവാങ്ങും. അദ്ധ്വാനത്തിന് അംഗീകാരം കിട്ടുന്നതായിരിക്കും. സാമ്പത്തിക ലാഭം കുറയില്ല. പാർട്ണർഷിപ്പ് സംരംഭത്തിൽ കൂടുതൽ ആളുകളെ ചേർക്കുന്നതാണ്. മക്കളുടെ പിന്തുണയിൽ ആശ്വസിക്കും. ചിലരുടെ കുതന്ത്രങ്ങൾ ആദ്യം വിഷമിപ്പിക്കുമെങ്കിലും മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുന്നതാണ്. നവീനഗൃഹം നിർമ്മിക്കുന്നതിന് ആസൂത്രണം ആരംഭിക്കുവാനാവും.  സഹോദരരുടെ സഹായം സന്തോഷമേകും. ബന്ധുക്കളുടെ പ്രശ്നത്തിൽ ഇടപെടുന്നത് കരുതലോടെ വേണം.

തിരുവോണം

ഔദ്യോഗിക മേഖലയിൽ ശോഭിക്കാനാവും. കർമ്മതടസ്സങ്ങൾ നീങ്ങിയേക്കും. അശ്രാന്ത പരിശ്രമം ചെയ്തതിൻ്റെ ഫലം അനുഭവിക്കാറാകും.  വസ്തുവകകളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സംഘടനയുടെ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതാണ്. ദൈവികകാര്യങ്ങൾക്ക് മടികൂടാതെ ധനം ചെലവ് ചെയ്യും. വ്യവഹാരത്തിൽ അനുകൂല വിധിയുണ്ടാവും. പാരമ്പര്യ തൊഴിൽ നവീകരിക്കാൻ വായ്പ ലഭിക്കുന്നതാണ്. ഗാർഹികമായി സംതൃപ്തിയുണ്ടാവും. പുതു-പഴയ തലമുറകൾക്കിടയിൽ ആശയവൈഭിന്യം ഉടലെടുക്കാം. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ നേടും.

അവിട്ടം

ചന്ദ്രസഞ്ചാരം അധികം അനുകൂലമല്ലാത്ത രാശികളിലാകയാൽ സമ്മർദ്ദം ഉണ്ടാവും. വാക്കുകളിൽ കണിശത പുലർത്തണം. സാമ്പത്തിക ഇടപാടുകൾ കൃത്യമായിരിക്കാനും അവയുടെ രേഖകൾ സൂക്ഷിച്ചുവെക്കാനും ശ്രദ്ധിക്കണം. പഴയ കാര്യങ്ങൾ ഓർമ്മിക്കും. ചില സൗഹൃദങ്ങൾ നഷ്ടമായതിൽ ഖേദിക്കും. ഏജൻസി പ്രവർത്തനം ലാഭകരമാവും. പ്രണയികൾക്ക് തടസ്സങ്ങളുണ്ടാവും. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖ പരീക്ഷയ്ക്ക് ഭംഗിയായി തയ്യാറെടുക്കാൻ കഴിയുന്നതാണ്. പഴയ കൈവായ്പകൾ മടക്കിക്കിട്ടാനിടയുണ്ട്. ദൈവികാര്യങ്ങൾക്ക് നേരം കണ്ടെത്തും.

ചതയം

വ്യവസായം തുടങ്ങുന്നതിന് തടസ്സങ്ങൾ വരാം. പരിശ്രമം തുടരേണ്ടതുണ്ട്. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ക്ലേശിക്കും. തക്കം പാർത്തിരിക്കുന്ന തല്പരകക്ഷികൾ  ദുരാരോപണങ്ങൾ  ഉയർത്തുന്നതാണ്. പെൻഷൻ ആനുകൂല്യങ്ങൾ ഭാഗികമായി അക്കൗണ്ടിലെത്താം. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കൂടുതൽ ഏകാഗ്രത പുലർത്തേണ്ടതുണ്ട്. വിശ്വാസപ്രമാണങ്ങൾ ഉയർത്തിപ്പിടിക്കും. ഈശ്വര കാര്യങ്ങൾക്ക് തടസ്സം വരുന്നതാണ്. കമ്മീഷൻ വ്യാപാരം ലാഭകരമായേക്കും. കുടുംബകാര്യങ്ങളിൽ പൂർണ്ണമായി മുഴുകാനായേക്കില്ല. ആരോഗ്യജാഗ്രത അനിവാര്യമാണെന്ന് ഓർക്കേണ്ടതുണ്ട്.

പൂരൂരുട്ടാതി

ജന്മനക്ഷത്രം / പക്കപ്പിറന്നാൾ മുതൽ തുടങ്ങുന്ന ഈ വാരത്തിൽ സമൂഹമധ്യത്തിൽ ബഹുമാനിക്കപ്പെടും. കഴിവുകൾ മാറ്റുരച്ച് പരിശോധിക്കപ്പെടുന്നതാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മനക്ലേശമേർപ്പെടാം. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുന്ന താണ്. ആലസ്യത്തിനിടയുണ്ട്. സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനം വിമർശനമേറ്റുവാ ങ്ങുന്നതാണ്. മറ്റു ദിവസങ്ങളിൽ കാര്യനിർവ്വഹണം സുഗമമായിത്തീരും. മുതിർന്നവരുടെ ഉപദേശം വഴികാട്ടും. ധനകാര്യത്തിൽ സമ്മർദ്ദമുണ്ടാവില്ല. പ്രതികാര ചിന്ത ഒഴിവാക്കേണ്ടതാണ്. പൂജാദി മഹോത്സവങ്ങളിൽ സക്രിയരാവും. അശുഭചിന്തകൾ ഒഴിവാക്കണം.

ഉത്രട്ടാതി

പ്രയത്നശീലം അകർമ്മണ്യതയ്ക്ക് വഴിമാറാം. അല്പലാഭങ്ങളിൽ സന്തോഷിക്കേണ്ടി വന്നേക്കും. ദീർഘകാല പ്രോജക്ടുകളോട് വൈമുഖ്യം തോന്നുവാനിടയുണ്ട്. ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും നിസ്സഹകരണം ഉണ്ടായേക്കും. സാമ്പത്തിക ബാധ്യതകൾ വിഷമിപ്പിക്കാം. വാടക വീട്ടിൽ താമസിക്കുന്നതിന് എഗ്രിമെൻ്റ് പുതുക്കപ്പെടും. കലാപരിശീലനത്തിന് സമയം കണ്ടെത്താൻ വിഷമിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും.  വാരാദ്യ ദിവസങ്ങളിലെ പിരിമുറുക്കം ക്രമേണ കുറഞ്ഞുവരുന്നതായിരിക്കും.

രേവതി

നിസ്സാരകാര്യങ്ങൾ നേടിയെടുക്കാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. സഹജമായ കഴിവുകൾ മങ്ങുന്നതായി തോന്നിയേക്കും. സാമ്പത്തികമായി ശ്രദ്ധ കാട്ടേണ്ട സന്ദർഭമാണ്. ചിലവ് ക്രമാതീതമാകാം. കുടുംബ പ്രശ്നങ്ങൾ ഒരുവിധം ഭംഗിയായി പരിഹരിക്കും. നാട്ടിലെ പ്രധാനപ്പെട്ട വ്യക്തികളുടെ ഉപദേശം സ്വീകരിക്കും. സ്വന്തം തൊഴിലിൽ വരുമാനം കൂടുന്നതാണ്. പാരമ്പര്യമായ അറിവുകൾ പ്രയോജനപ്പെടുത്തും.   ഗ്രന്ഥകാരന്മാർക്ക് എഴുതി വരുന്ന കൃതി പൂർത്തീകരിക്കാൻ സന്ദർഭമുണ്ടാവാം. രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്നത് ഒപ്പമുള്ളവരെ ശത്രുക്കളാക്കാനിടയുണ്ട്. ക്രിയാത്മകത പ്രശംസിക്കപ്പെടും.

Read More:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: