/indian-express-malayalam/media/media_files/2025/01/01/january19-to-25-weekly-horoscope-astrological-predictions-moolam-to-revathi.jpg)
Weekly Rashi Phalam in Malayalam
Weekly Horoscope: ആദിത്യൻ മകരം രാശിയിൽ ഉത്രാടം നക്ഷത്രത്തിലാണ്. വാരാദ്യ ദിവസമായ ഞായറാഴ്ചയാണ് മകരവാവ് (അമാവാസി). ജനുവരി 19 ന് തിങ്കളാഴ്ച ശിശിര ഋതുവും മാഘമാസവും ആരംഭിക്കുന്നു.
ചൊവ്വ മകരം രാശിയിൽ ഉച്ചസ്ഥനാണ്. ഉത്രാടം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധനും ശുക്രനും മകരം രാശിയിലുണ്ട്. നാല് ഗ്രഹങ്ങൾ മകരം രാശിയിലൂടെ കടന്നുപോവുകയാണ്. ചന്ദ്രനുമെത്തുമ്പോൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, ശുക്രൻ എന്നീ പഞ്ചഗ്രഹങ്ങൾ മകരം രാശിയിൽ സഞ്ചരിക്കും.
ശനി മീനം രാശിയിലാണ്. ജനുവരി 20 ന് ഉത്രട്ടാതിയിൽ പ്രവേശിക്കും. വ്യാഴം മിഥുനത്തിൽ വക്രഗതി തുടരും. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.
ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Also Read:സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
മൂലം
വാക്കുകൾ ചിലപ്പോൾ ആജ്ഞാഭാവം നിറയുന്നതായേക്കാം. അധികാരമുളള വർക്ക് ശോഭിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാവും. പുതിയ കാര്യങ്ങൾ പഠിക്കാൻ തയ്യാറായേക്കും. അഭിമുഖങ്ങളിൽ നല്ല പ്രകടനം നടത്തും. സ്വന്തം സ്ഥാപനത്തിന് പുതിയ ശാഖകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശയവിനിമയങ്ങൾ നടക്കും. ബന്ധുഗൃഹത്തിലെ മംഗളകർമ്മങ്ങൾക്ക് മുൻകൈയെടുക്കുന്നതാണ്. സ്വയം മാറാൻ കൂട്ടാക്കില്ല; എന്നാൽ മറ്റുള്ളവരോട് അക്കാര്യം ഉപദേശിക്കും. വ്യവഹാരങ്ങൾ നീളാനിടയുണ്ട്.
പൂരാടം
ജീവിതസാഹചര്യങ്ങളിൽ ഗുണപരമായ മാറ്റം പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നതായിരിക്കും. അനുഭവപാഠങ്ങൾ പ്രയോജനപ്പെടുത്തുവാനാവും. കുടുംബകാര്യങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തുന്നതാണ്. വരുമാന മാർഗം പ്രത്യേക പരിശ്രമം കൂടാതെ തന്നെ ഉയരുന്നതായിരിക്കും. ജോലി തേടുന്നവർക്ക് അവസരങ്ങൾ തെളിയുമെങ്കിലും അർഹതയ്ക്കൊത്ത പദവി ലഭിക്കാൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാണ്. ഗവേഷണവിഷയവുമായി ബന്ധപ്പെട്ട യാത്രകൾ ഉണ്ടാവും. ജന്മനാട്ടിലെ ഉത്സവാദികളിൽ സംബന്ധിക്കും. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മകൂടും.
ഉത്രാടം
ഉത്സാഹവും ഉന്മേഷവും കുറയരുത് എന്നാഗ്രഹിക്കും. എന്നാൽ പ്രവർത്തികളിൽ ആലസ്യം അനുഭവപ്പെടും. പാപഗ്രഹങ്ങൾ ജന്മനക്ഷത്രത്തിൽ തുടരുകയാൽ വൈകാരിക ക്ഷോഭം ഉണ്ടാവും. നിയന്ത്രണം വേണ്ടതുണ്ട്. ബിസിനസ്സിൽ പകരക്കാരെ / പാർട്ണർമാരെ വെക്കുന്നത് കരുതലോടെ വേണം. സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. വിരുന്നുകളിലും ക്ഷേത്രചടങ്ങുകളിലും പങ്കെടുക്കുന്നതിന് സന്ദർഭം വന്നെത്തും. വാരമധ്യത്തിലെ ദിവസങ്ങൾക്ക് മെച്ചം മേറും.
Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
തിരുവോണം
ജന്മരാശിയിൽ ചതുർ -പഞ്ചഗ്രഹ യോഗം വരികയാൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദങ്ങളെ നേരിടേണ്ടി വരുന്നതാണ്. ആലസ്യം അനുഭവപ്പെടും. എന്നാൽ അനാവശ്യമായ തിടുക്കവും ഒഴിവാക്കണം. സാമ്പത്തിക കാര്യങ്ങളിൽ കണിശത പുലർത്തണം. സാഹസകർമ്മങ്ങൾ ഒഴിവാക്കുന്നത് നന്ന്. ജോലിസ്ഥലത്ത് ചെറിയ നേട്ടങ്ങൾ വരും. കലാപ്രവർത്തനത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. സഹപ്രവർത്തകർ മടിച്ചുമടിച്ചാണെങ്കിലും കഴിവുകളെ അംഗീകരിക്കും. ഉപാസനാദികളിൽ അഭയം കണ്ടെത്തും.
അവിട്ടം
ഭാവികാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയാതെ വരും. സർവ്വത്ര ആശയക്കുഴപ്പം എന്ന സ്ഥിതിയുണ്ടായേക്കും. താത്കാലിക ജോലി ലഭിക്കാനിടയുണ്ട്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റക്കാര്യത്തിൽ ശുപാർശ ഫലിച്ചേക്കില്ല. വീടുവിട്ടുനിൽക്കേണ്ട സാഹചര്യം സംജാതമാകുന്നതാണ്. പഠിച്ചറിഞ്ഞ സാങ്കേതിക കാര്യങ്ങൾ പലതും ഓർമ്മയിൽ നിൽക്കില്ല. ഏജൻസി ഏർപ്പാടുകൾ ലാഭകരമായേക്കും. എന്നാൽ കൂടുതൽ പണം മുടക്കുന്നത് ഗുണമായേക്കില്ല. സുഹൃത്തുക്കളുടെ പിന്തുണ കരുത്തേകും. കുടുംബ ജീവിതത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും.
ചതയം
ജന്മനക്ഷത്രത്തിൽ രാഹു; പന്ത്രണ്ടാം ഭാവത്തിൽ നാല്/അഞ്ച് ഗ്രഹങ്ങളും. ചതയം നാളുകാർക്ക് മനസ്സമാധാനം കുറയുന്ന കാലമാണ്. ലഘുവായ നേട്ടങ്ങൾക്കു പോലും ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. സ്വന്തം ബിസിനസ്സിൽ നിന്നും ആദായം കുറയുവാനിടയുണ്ട്. വിപുലീകരണം, പുതിയ പാർട്ണേഴ്സിനെ ചേർക്കൽ, ശാഖ ആരംഭിക്കുന്നത് തുടങ്ങിയവയ്ക്ക് ഇപ്പോൾ ഗ്രഹാനുകൂല്യമില്ല. ചെറിയ/ വലിയ യാത്രകൾ വേണ്ടിവരുന്നതാണ്. വ്യയം അധികരിക്കും. അല്പലാഭം കൊണ്ട് തൃപ്തിപ്പെടേണ്ടതുണ്ട്.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
പൂരൂരുട്ടാതി
സമയോചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിഞ്ഞേക്കില്ല. തൊഴിലിടത്തിൽ പിരിമുറുക്കമുണ്ടാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അധ്വാനഭാരം കൂടുന്നതാണ്. സാമ്പത്തികമായിട്ടുള്ള കബളിപ്പിക്കൽ പറ്റാതിരിക്കാൻ കരുതലുണ്ടാവണം. ചിലർക്ക് താത്കാലികമായി വീടുവിട്ടുനിൽക്കേണ്ടി വരുന്നതാണ്. പാദരോഗം, വാതം ഇവ ഉപദ്രവിക്കാം. കമ്മീഷൻ, ഏജൻസി എന്നിവയിലൂടെ ധനാഗമമുണ്ടാവും. കാര്യനിർവഹണത്തിൽ പരാശ്രയം ഭവിക്കുന്നതാണ്. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണം.
ഉത്രട്ടാതി
ജന്മനക്ഷത്രത്തിലേക്ക് ശനി പ്രവേശിക്കുകയാണ്. പതിനൊന്നിൽ ഗ്രഹസമൃദ്ധിയാണ്. ആലസ്യം അനുഭവപ്പെടും. എന്നാലും കാര്യങ്ങൾ ഭംഗിയായി നടന്നുകൂടും. സാമ്പത്തികമായി മെച്ചമുണ്ടാവുന്ന വാരമാണ്. കിട്ടേണ്ടതുക കൈവശമെത്തിച്ചേരുന്നതാണ്. ഇടനാഴികളിലെ ഉപജാപം തിരിച്ചറിയുവാനാവും. അധികാരികൾ പ്രോൽസാഹിപ്പിക്കും. വിദ്യാർത്ഥികൾ പരീക്ഷകൾക്കുള്ള കൃത്യമായ തയ്യാറെടുപ്പ് തുടങ്ങും. പ്രണയജീവിതത്തിൽ തടസ്സങ്ങൾ അകലുന്നതായി അനുഭവപ്പെടും.
രേവതി
ജന്മശനിക്കാലമാണെന്നത് മറക്കത്തക്ക ഗുണപുഷ്കലത വന്നെത്തും. കർമ്മമേഖലയിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഒപ്പമുള്ളവർക്ക് നിർദ്ദേശങ്ങൾ നൽകും. കടം വാങ്ങിയ തുക ഭാഗികമായി മടക്കിനൽകാനാവും. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധയുണ്ടാവും. കിടപ്പ് രോഗികൾക്ക് സമാശ്വാസം പ്രതീക്ഷിക്കാം. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതാണ്. കലാരംഗത്തുള്ളവർക്ക് പാരിതോഷികം/ അംഗീകാരം കിട്ടും. കുടുംബ ജീവിതത്തിൽ സ്വാസ്ഥ്യം പുലരുന്നതാണ്. ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ നിറയും.
Read More: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us