/indian-express-malayalam/media/media_files/2025/06/07/hpvZYvLqPepXBiMgi8HV.jpg)
Weekly Rashi Phalam in Malayalam
Weekly Horoscope: ആദിത്യൻ മകരം രാശിയിൽ ഉത്രാടം നക്ഷത്രത്തിലാണ്. വാരാദ്യ ദിവസമായ ഞായറാഴ്ചയാണ് മകരവാവ് (അമാവാസി). ജനുവരി 19 ന് തിങ്കളാഴ്ച ശിശിര ഋതുവും മാഘമാസവും ആരംഭിക്കുന്നു.
ചൊവ്വ മകരം രാശിയിൽ ഉച്ചസ്ഥനാണ്. ഉത്രാടം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധനും ശുക്രനും മകരം രാശിയിലുണ്ട്. നാല് ഗ്രഹങ്ങൾ മകരം രാശിയിലൂടെ കടന്നുപോവുകയാണ്. ചന്ദ്രനുമെത്തുമ്പോൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, ശുക്രൻ എന്നീ പഞ്ചഗ്രഹങ്ങൾ മകരം രാശിയിൽ സഞ്ചരിക്കും.
ശനി മീനം രാശിയിലാണ്. ജനുവരി 20 ന് ഉത്രട്ടാതിയിൽ പ്രവേശിക്കും. വ്യാഴം മിഥുനത്തിൽ വക്രഗതി തുടരും. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.
ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Also Read:സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
അശ്വതി
ചന്ദ്രസഞ്ചാരം അനുകൂല രാശികളിലൂടെയാണ്. കർമ്മമേഖലയിൽ തടസ്സങ്ങൾ അനുഭവപ്പെട്ടാലും അവയെ മറികടക്കും. പുതിയ ആശയങ്ങൾ സാക്ഷാല്കരിക്കാൻ സാധിക്കുന്നതാണ്. സഹപ്രവർത്തകരുടെ പിന്തുണ കരുത്തേകും. കൃത്യമായ നിരീക്ഷണങ്ങളിലൂടെ പോരായ്മകൾ തിരുത്തുവാൻ ആവശ്യമായ കാര്യങ്ങൾ കൈക്കൊള്ളും. സൗഹൃദം പുഷ്ടിപ്പെടും. മനസ്സിൽ വിലോലഭാവങ്ങൾ ചിറകടിക്കും. ധനാഗമമാർഗങ്ങൾ തുറന്നുകിട്ടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ യാത്രാക്ലേശം, ദേഹക്ഷീണം, വ്യയാധിക്യം ഇവ അനുഭവത്തിൽ വരാം.
ഭരണി
ജന്മരാശിയുടെ അധിപനായ ചൊവ്വ ഉച്ചത്തിലാവുകയാൽ മനസ്ഥൈര്യം വീണ്ടെടുക്കും. സ്വന്തം ഇഷ്ടങ്ങളിൽ ചിലതെങ്കിലും സാക്ഷാല്കരിക്കാനാവും. കർമ്മരംഗത്ത് തടസ്സങ്ങളുണ്ടാവില്ല. ഒപ്പമുള്ളവരുടെ നിർലോഭമായ സഹകരണം കൈവരുന്നതാണ്. സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടും. ഇടനാഴികളിലെ ഉപജാപങ്ങളെ നിരാകരിക്കുവാനാവും. പ്രണയികൾക്കിടയിൽ ഐക്യം ദൃഢമാവുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ സുഗമമാവും. ദാമ്പത്യത്തിൽ സംതൃപ്തി ഭവിക്കും. സന്താനങ്ങളുടെ ശ്രേയസ്സ് സന്തോഷത്തിന് കാരണമാകും. വെള്ളി, ശനി അലച്ചിലുണ്ടാവും. ചെലവേറാം.
കാർത്തിക
തൊഴിലിൻ്റെ വളർച്ചയ്ക്ക് ഒട്ടൊക്കെ അനുകൂലമായ സാഹചര്യമാണ്. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പിന്തുണ കിട്ടും. കുടുംബകാര്യങ്ങൾക്ക് കൂടുതലായി സമയം മാറ്റിവെക്കും. ക്ഷേത്രദർശനവും സമർപ്പണങ്ങളും സാധ്യമാകും. സർക്കാരിൽ നിന്നുമുള്ള അനുമതിരേഖ പ്രതീക്ഷിക്കാം. കൈവായ്പകൾ മടക്കിക്കിട്ടുന്നതാണ്. ഊഹക്കച്ചവടത്തിൽ നിന്നും മറ്റും ധനാഗമമുണ്ടാവും. കൂടിയാലോചനകളിൽ ശക്തമായ നിലപാടുകൾ കൈക്കൊള്ളും. മാതിപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കരുതൽ വേണം.
രോഹിണി
ഞായർ മുതൽ ചൊവ്വ വരെ ദിവസങ്ങളിൽ സമ്മർദ്ദങ്ങൾ പ്രവർത്തന മേഖലയിൽ നിഴലിക്കാം. ചിലരുടെ കുതന്ത്രങ്ങൾ താത്കാലികമായി ക്ലേശിപ്പിച്ചേക്കും.
തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധയുണ്ടാവണം. ബുധൻ മുതൽ ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. ആത്മവിശ്വാസം തിരികെ ലഭിക്കാം. ദൗത്യങ്ങളിൽ മുന്നേറുന്നതിന് കഴിയുന്നതാണ്. വിശ്രമിക്കാനും വിനോദിക്കാനും സന്ദർഭങ്ങൾ കുറയില്ല. അപ്രതീക്ഷിത ധനാഗമത്തിന് സാധ്യതയുണ്ട്.
മകയിരം
തുടക്കത്തിലെ പിരിമുറുക്കം ഒഴിച്ചാൽ ഗുണപ്രദമായ വാരമാണ്. കൃത്യമായ നിഗമനങ്ങളും ഊർജ്ജസ്വലമായ പ്രവർത്തനവും ലക്ഷ്യത്തിലെത്താൻ വഴിയൊരുക്കും. സുഹൃത്തുക്കളുടെ പിന്തുണ കരുത്തേകുന്നതാണ്. വീട് വാടകയ്ക്കെടുക്കാൻ ആളുണ്ടാവും. സംഘടനകളോട് വീണ്ടും ഇണങ്ങും. പദവികൾ വാഗ്ദാനം ചെയ്യപ്പെടും. കലാപ്രവർത്തനം അഭംഗുരമാവും. ബന്ധുക്കളെ ഒന്നിപ്പിക്കാനുള്ള ശ്രമം പൊളിയാം. ദുസ്സാഹസങ്ങൾക്ക് മുതിരരുത്. രോഗികൾക്ക് ആശ്വാസകാലമാണ്. വാഗ്ദാനം പാലിക്കാൻ ക്ലേശിക്കും.
തിരുവാതിര
ഉന്മേഷത്തോടെ പ്രവർത്തിക്കാനാവും. സാമൂഹിക പ്രതിബന്ധത ആദരിക്കപ്പെടും. നീതിപൂർവ്വകമായ സമീപനത്തിൽ മുറുകെപ്പിടിക്കും. സാമ്പത്തിക കാര്യങ്ങളുടെ കണക്ക് സൂക്ഷിക്കാൻ മറക്കരുത്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ലോണിന് സ് അപേക്ഷേക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കാൻ തിങ്കളും ചൊവ്വയും ഗുണകരമല്ല. ആരോഗ്യ ജാഗ്രത വേണ്ടതുണ്ട്.
പുണർതം
സ്വയം തീരുമാനിച്ച കാര്യങ്ങൾ അഭംഗുരമായി നിർവ്വഹണത്തിലെത്തിക്കും. പുതിയതിനോട് ഇഷ്ടം പുലർത്തുമ്പോഴും പഴമയെ തിരസ്കരിക്കുകയില്ല . തൊഴിലിടത്തിൽ സൗഹൃദാന്തരീക്ഷം നിലനിൽക്കും. കൂട്ടുബിസിനസ്സ് പുഷ്ടിപ്പെടുന്നതാണ്. മുടക്കിയ പണം മടക്കിക്കിട്ടിത്തുടങ്ങാം. നയതന്ത്രത്തിൽ വിജയം കാണും. കുടുംബകാര്യങ്ങൾക്ക് വേണ്ടത്ര സമയം കിട്ടിയില്ലെന്നുവരാം. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭസൂചന ലഭിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നവാരംഭങ്ങൾ ഒഴിവാക്കുക കരണീയം.
പൂയം
സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ചില തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും നിശ്ചയിച്ചതിൻവണ്ണം പ്രവർത്തിക്കാനാവും. അധികാരികളോട് തർക്കിക്കേണ്ടിവരുന്നതാണ്. യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാവണമെന്നില്ല. ബന്ധുക്കളുടെ പ്രശ്നങ്ങൾക്ക് പോംവഴി നിർദ്ദേശിക്കുന്നതാണ്. എന്നാൽ അതുസംബന്ധിച്ച ആരോപണങ്ങൾ നേരിട്ടേക്കാം. ധനവരവ് മോശമാവില്ലെങ്കിലും ചെലവ് നിയന്ത്രിക്കാൻ കഴിവില്ല. പ്രണയികൾക്കിടയിൽ തർക്കങ്ങൾ ഉയരാം. ബുധനും വ്യാഴനും അഷ്ടമരാശിയാകയാൽ ജാഗ്രത അനിവാര്യം.
ആയില്യം
ഏഴാം ഭാവത്തിൽ ഗ്രഹാധിക്യം ഉള്ളതിനാൽ സർവത്ര ആശയക്കുഴപ്പം അനുഭവപ്പെടും. ഇച്ഛയും ക്രിയയും സമന്വയിക്കപ്പെടണമെന്നില്ല. പുതിയ കാര്യങ്ങൾക്കായി അലച്ചിലുണ്ടാവും. സർക്കാരിൽ നിന്നും അനുമതി കിട്ടാൻ ശ്രമം തുടരും. കൂട്ടുകാരുടെ വാക്കുകളെ അമിതമായി വിശ്വസിക്കുന്നതായി വീട്ടുകാർ ആരോപിച്ചേക്കാം. ദാമ്പത്യത്തിൽ തൃപ്തി കുറയും. വാഗ്ദാനം പാലിക്കാനായേക്കും. പുതിയ തലമുറയോട് അനുരഞ്ജനത്തിന് മുതിരുന്നതാണ്. ആഴ്ചമധ്യത്തിലെ ദിവസങ്ങളിൽ ആലസ്യം അനുഭവപ്പെടും.
Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകം
പ്രയത്നത്തിന് ഉചിതമായ പ്രതിഫലം ലഭിക്കുന്നതാണ്. കഴിവുകളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതിനാൽ ദൗത്യങ്ങളിൽ വിവേകം പുലരും. സംരംഭകർ ബാലാരിഷ്ടകളെ മറികടക്കുന്നതാണ്. സാങ്കേതിക വിദഗ്ദ്ധരുടെ ഉപദേശം കൈക്കൊള്ളം. എതിർശബ്ദങ്ങളെ ഭയപ്പെടുകയില്ല. മത്സരങ്ങളിൽ ആരോഗ്യകരമായ നിലപാട് സ്വീകരിക്കുന്നതാണ്. ഭാവികാര്യങ്ങളിൽ മുൻകൂട്ടി തന്നെ വ്യക്തമായ തീരുമാനങ്ങളിലെത്തും. ധനപരമായി സമ്മർദ്ദങ്ങളുണ്ടാവില്ല. ഗാർഹികമായി ഒട്ടൊക്കെ സ്വൈരം ഭവിക്കുന്നതാണ്. ശനിയാഴ്ച കൂടുതൽ ജാഗ്രത വേണം.
പൂരം
ആത്മവിശ്വാസം വാക്കിലും കർമ്മത്തിലും നിറയും. പഴമയിൽ നിന്നും പഠിച്ച പാഠങ്ങൾ പുതുമയിൽ ഉൾപ്പെടുത്തും. സാഹചര്യങ്ങൾക്കനുസരിച്ച് നീന്തിമുന്നേറാൻ മനസ്സിന് പാകം ഉണ്ടാവുന്നതാണ്. പരീക്ഷകൾക്ക് മുന്നേകൂട്ടി തയ്യാറെടുപ്പ് തുടങ്ങും. ഔദ്യോഗിക കൃത്യനിർവഹണം സ്തുത്യർഹമാവും. നീതിബോധം കാറ്റിൽ പറത്തുന്നവരോട് കലഹിക്കും. തിരക്കുകൾക്കിടയിലും ജീവകാരുണ്യത്തിന് നേരം കണ്ടെത്തുന്നതാണ്. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. വാരാന്ത്യം ശുഭത്വം കുറയും.
ഉത്രം
പുതുകാര്യങ്ങൾ തുടങ്ങുന്നതിലേ തടസ്സങ്ങൾ നീങ്ങും. സർക്കാർ നിലപാടുകൾ ഗുണകരമായി പ്രയോജനപ്പെടുത്തും. മനസ്സിൽ ഉന്മേഷം നിറയുന്നതാണ്. ഔദ്യോഗിക രംഗത്ത് കൂടുതൽ സക്രിയരാവും. സർഗാത്മകത അംഗീകരിക്കപ്പെടും. കണ്ടെത്തലുകൾ ശരിയാണെന്ന് ബോധ്യമാവും. സാമ്പത്തിക നിർവഹണത്തിൽ കൂടുതൽ ശ്രദ്ധവേണ്ടതുണ്ട്. സുഹൃത്തിൻ്റെ പ്രശ്നത്തിന് ഉചിതമായ പോംവഴി നിർദ്ദേശിക്കാനാവും. ബിസിനസ്സ് യാത്രകൾ സാമാന്യമായി വിജയിക്കും. മകളുടെ ഉന്നത പഠനത്തിൽ ആലോചനകൾ തുടരും.
അത്തം
ചന്ദ്രസഞ്ചാരം ആശയക്കുഴപ്പത്തിനും അതുപോലെ ആഹ്ളാദത്തിനും കാരണമാകും. ആവശ്യവും അനാവശ്യവും ചിന്തിച്ചുകൂട്ടും. അവസാന നിമിഷം പലതും ചെയ്യേണ്ടതായി വന്നേക്കും. പുതുതലമുറയുമായി പൊരുത്തപ്പെടാനാവാതെ വിഷമിച്ചേക്കും. ഗൃഹാന്തരീക്ഷത്തിൽ സമാധാനം വന്നുംപോയുമിരിക്കും. പഠനത്തിൽ അലസതയ്ക്ക് സാധ്യത കാണുന്നു. സാമ്പത്തികമായി മോശം കാലമല്ല. രോഗികൾക്ക് കുറച്ചൊക്കെ ആശ്വാസം ഭവിക്കുന്നതാണ്. ഗതകാലസ്മരണകൾ അയവിറക്കുന്നതിൽ ആഹ്ളാദം അനുഭവിക്കും.
ചിത്തിര
ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതായി വരുമെങ്കിലും കൃത്യനിഷ്ഠയും ആത്മാർത്ഥതയും പ്രശംസിക്കപ്പെടും. ഔദ്യോഗിക കാര്യങ്ങളിൽ സംതൃപ്തിയുണ്ടാവും. പുതിയ സാഹചര്യങ്ങളോട് വേഗം പൊരുത്തപ്പെടും. മകൻ്റെ നിർബന്ധശീലം വിഷമിപ്പിക്കും. സാഹിത്യകാരന്മാർക്ക് ഭാവനാവിലാസം അഭംഗുരമാവും. വാഹനം വാങ്ങുന്നതിന് കാലതാമസം വരുന്നതാണ്. വായ്പയുടെ തിരിച്ചടവ് മുടങ്ങില്ല. വാരമധ്യത്തിലെ ദിവസങ്ങൾക്ക് മേന്മ കൂടുതലായിരിക്കും.
ചോതി
ആത്മവിശ്വാസത്തോടുകൂടി പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് വരാം. തീരുമാനിച്ച കാര്യങ്ങളിൽ പിന്നെയും ആലോചനയുണ്ടാവും. നാലാമെടത്തെ ഗ്രഹബാഹുല്യം മാനസിക ക്ലേശം ഉണ്ടാക്കും. ഉന്മേഷം നഷ്ടമാകുന്നതാണ്. ആഢംബരങ്ങളോട് ആകർഷണം തോന്നും. കോസ്മെറ്റിക് വസ്തുക്കൾ നിർലോഭം വാങ്ങും. ഗൃഹനവീകരണം തുടരുന്നതാണ്. കലാരംഗത്ത് അവസരങ്ങൾ കുറയില്ല. സൗഹൃദം പുഷ്ടിപ്പെടും. മേലധികാരികളോട് കലഹിക്കുന്നതാണ്. മിത്രത്തെയും ശത്രുവിനെയും തിരിച്ചറിയാൻ പറ്റാതെയാവും.
വിശാഖം
വിശ്വസിക്കുന്ന കാര്യങ്ങളിൽ ഇളക്കം തട്ടുവാനിടയുണ്ട്. ചിലപ്പോൾ കൂടുതൽ സംസാരിക്കും. ചിലപ്പോൾ തീർത്തും മൗനാവലംബികളാവും. സഹായ വാഗ്ദാനങ്ങൾ പാലിക്കാത്തവരോട് നീരസം കാട്ടും. ഔദ്യോഗികമായി സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ക്ലേശിക്കുന്നതാണ്. കുടുംബത്തിൻ്റെ ആവശ്യകതകൾ കൂടുന്നതാണ്. സ്ത്രീകളുടെ പിന്തുണയുണ്ടാവും. സാമ്പത്തിക നിക്ഷേപങ്ങളിൽ ജാഗ്രത അനിവാര്യമാണ്. ഉത്സവാദികൾക്ക് സക്രിയമായ നേതൃത്വം വഹിക്കുന്നതായിരിക്കും.
അനിഴം
മൂന്നാമെടത്ത് ഗ്രഹാധിക്യം തുടരുന്നതിനാൽ പലതരം സഹകരണ സഹായങ്ങൾ പ്രതീക്ഷിക്കാം. രാഷ്ട്രീയത്തിൽ ശോഭിക്കും. ജനകീയാടിത്തറ ഉയരുന്നതാണ്. സ്വന്തം ദൗർബല്യങ്ങൾ തിരിച്ചറിയാനും ചിലതൊക്കെ തിരുത്താനും ശ്രമിക്കും. വിദ്യാർത്ഥികൾ ആലസ്യം വിട്ടുണരും. അപ്രസക്ത കാര്യങ്ങൾ ഒഴിവാക്കാനും മുഖ്യത്വമുള്ള കാര്യങ്ങളിൽ മനസ്സുറപ്പിക്കാനുമാവും. കഴിവുകൾക്ക് പാരിതോഷിക ലഭിക്കുന്നതാണ്. ഉന്നതാധികാരികൾ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യും.
തൃക്കേട്ട
ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റാനാവും. അഭിമുഖങ്ങളിൽ ശോഭിക്കുന്നതാണ്. സാങ്കേതിക വകുപ്പിൽ ജോലി കിട്ടാനിടയുണ്ട്. കരാറുകൾ തുടരപ്പെടുന്നതാണ്. ബിസിനസ്സുകാർക്ക് വിപണിയുടെ സപ്ന്ദനം ഉൾക്കൊണ്ട് പ്രവർത്തിക്കാനാവും. ഭൂമിയിടപാടിൽ ലാഭം ഇരട്ടിയാവും. വിദ്യാർത്ഥികൾക്ക് ഏകാഗ്രതയുണ്ടാവും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭം വന്നെത്തുന്നതാണ്. ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനൊപ്പം ആത്മികമായുള്ള താത്പര്യങ്ങളും വർദ്ധിക്കും. തീർത്ഥാടനങ്ങൾ ആസൂത്രണം ചെയ്യും.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
മൂലം
വാക്കുകൾ ചിലപ്പോൾ ആജ്ഞാഭാവം നിറയുന്നതായേക്കാം. അധികാരമുളള വർക്ക് ശോഭിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാവും. പുതിയ കാര്യങ്ങൾ പഠിക്കാൻ തയ്യാറായേക്കും. അഭിമുഖങ്ങളിൽ നല്ല പ്രകടനം നടത്തും. സ്വന്തം സ്ഥാപനത്തിന് പുതിയ ശാഖകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശയവിനിമയങ്ങൾ നടക്കും. ബന്ധുഗൃഹത്തിലെ മംഗളകർമ്മങ്ങൾക്ക് മുൻകൈയെടുക്കുന്നതാണ്. സ്വയം മാറാൻ കൂട്ടാക്കില്ല; എന്നാൽ മറ്റുള്ളവരോട് അക്കാര്യം ഉപദേശിക്കും. വ്യവഹാരങ്ങൾ നീളാനിടയുണ്ട്.
പൂരാടം
ജീവിതസാഹചര്യങ്ങളിൽ ഗുണപരമായ മാറ്റം പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നതായിരിക്കും. അനുഭവപാഠങ്ങൾ പ്രയോജനപ്പെടുത്തുവാനാവും. കുടുംബകാര്യങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തുന്നതാണ്. വരുമാന മാർഗം പ്രത്യേക പരിശ്രമം കൂടാതെ തന്നെ ഉയരുന്നതായിരിക്കും. ജോലി തേടുന്നവർക്ക് അവസരങ്ങൾ തെളിയുമെങ്കിലും അർഹതയ്ക്കൊത്ത പദവി ലഭിക്കാൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാണ്. ഗവേഷണവിഷയവുമായി ബന്ധപ്പെട്ട യാത്രകൾ ഉണ്ടാവും. ജന്മനാട്ടിലെ ഉത്സവാദികളിൽ സംബന്ധിക്കും. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മകൂടും.
ഉത്രാടം
ഉത്സാഹവും ഉന്മേഷവും കുറയരുത് എന്നാഗ്രഹിക്കും. എന്നാൽ പ്രവർത്തികളിൽ ആലസ്യം അനുഭവപ്പെടും. പാപഗ്രഹങ്ങൾ ജന്മനക്ഷത്രത്തിൽ തുടരുകയാൽ വൈകാരിക ക്ഷോഭം ഉണ്ടാവും. നിയന്ത്രണം വേണ്ടതുണ്ട്. ബിസിനസ്സിൽ പകരക്കാരെ / പാർട്ണർമാരെ വെക്കുന്നത് കരുതലോടെ വേണം. സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. വിരുന്നുകളിലും ക്ഷേത്രചടങ്ങുകളിലും പങ്കെടുക്കുന്നതിന് സന്ദർഭം വന്നെത്തും. വാരമധ്യത്തിലെ ദിവസങ്ങൾക്ക് മെച്ചം മേറും.
തിരുവോണം
ജന്മരാശിയിൽ ചതുർ -പഞ്ചഗ്രഹ യോഗം വരികയാൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദങ്ങളെ നേരിടേണ്ടി വരുന്നതാണ്. ആലസ്യം അനുഭവപ്പെടും. എന്നാൽ അനാവശ്യമായ തിടുക്കവും ഒഴിവാക്കണം. സാമ്പത്തിക കാര്യങ്ങളിൽ കണിശത പുലർത്തണം. സാഹസകർമ്മങ്ങൾ ഒഴിവാക്കുന്നത് നന്ന്. ജോലിസ്ഥലത്ത് ചെറിയ നേട്ടങ്ങൾ വരും. കലാപ്രവർത്തനത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. സഹപ്രവർത്തകർ മടിച്ചുമടിച്ചാണെങ്കിലും കഴിവുകളെ അംഗീകരിക്കും. ഉപാസനാദികളിൽ അഭയം കണ്ടെത്തും.
അവിട്ടം
ഭാവികാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയാതെ വരും. സർവ്വത്ര ആശയക്കുഴപ്പം എന്ന സ്ഥിതിയുണ്ടായേക്കും. താത്കാലിക ജോലി ലഭിക്കാനിടയുണ്ട്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റക്കാര്യത്തിൽ ശുപാർശ ഫലിച്ചേക്കില്ല. വീടുവിട്ടുനിൽക്കേണ്ട സാഹചര്യം സംജാതമാകുന്നതാണ്. പഠിച്ചറിഞ്ഞ സാങ്കേതിക കാര്യങ്ങൾ പലതും ഓർമ്മയിൽ നിൽക്കില്ല. ഏജൻസി ഏർപ്പാടുകൾ ലാഭകരമായേക്കും. എന്നാൽ കൂടുതൽ പണം മുടക്കുന്നത് ഗുണമായേക്കില്ല. സുഹൃത്തുക്കളുടെ പിന്തുണ കരുത്തേകും. കുടുംബ ജീവിതത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും.
ചതയം
ജന്മനക്ഷത്രത്തിൽ രാഹു; പന്ത്രണ്ടാം ഭാവത്തിൽ നാല്/അഞ്ച് ഗ്രഹങ്ങളും. ചതയം നാളുകാർക്ക് മനസ്സമാധാനം കുറയുന്ന കാലമാണ്. ലഘുവായ നേട്ടങ്ങൾക്കു പോലും ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. സ്വന്തം ബിസിനസ്സിൽ നിന്നും ആദായം കുറയുവാനിടയുണ്ട്. വിപുലീകരണം, പുതിയ പാർട്ണേഴ്സിനെ ചേർക്കൽ, ശാഖ ആരംഭിക്കുന്നത് തുടങ്ങിയവയ്ക്ക് ഇപ്പോൾ ഗ്രഹാനുകൂല്യമില്ല. ചെറിയ/ വലിയ യാത്രകൾ വേണ്ടിവരുന്നതാണ്. വ്യയം അധികരിക്കും. അല്പലാഭം കൊണ്ട് തൃപ്തിപ്പെടേണ്ടതുണ്ട്.
പൂരൂരുട്ടാതി
സമയോചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിഞ്ഞേക്കില്ല. തൊഴിലിടത്തിൽ പിരിമുറുക്കമുണ്ടാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അധ്വാനഭാരം കൂടുന്നതാണ്. സാമ്പത്തികമായിട്ടുള്ള കബളിപ്പിക്കൽ പറ്റാതിരിക്കാൻ കരുതലുണ്ടാവണം. ചിലർക്ക് താത്കാലികമായി വീടുവിട്ടുനിൽക്കേണ്ടി വരുന്നതാണ്. പാദരോഗം, വാതം ഇവ ഉപദ്രവിക്കാം. കമ്മീഷൻ, ഏജൻസി എന്നിവയിലൂടെ ധനാഗമമുണ്ടാവും. കാര്യനിർവഹണത്തിൽ പരാശ്രയം ഭവിക്കുന്നതാണ്. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണം.
ഉത്രട്ടാതി
ജന്മനക്ഷത്രത്തിലേക്ക് ശനി പ്രവേശിക്കുകയാണ്. പതിനൊന്നിൽ ഗ്രഹസമൃദ്ധിയാണ്. ആലസ്യം അനുഭവപ്പെടും. എന്നാലും കാര്യങ്ങൾ ഭംഗിയായി നടന്നുകൂടും. സാമ്പത്തികമായി മെച്ചമുണ്ടാവുന്ന വാരമാണ്. കിട്ടേണ്ടതുക കൈവശമെത്തിച്ചേരുന്നതാണ്. ഇടനാഴികളിലെ ഉപജാപം തിരിച്ചറിയുവാനാവും. അധികാരികൾ പ്രോൽസാഹിപ്പിക്കും. വിദ്യാർത്ഥികൾ പരീക്ഷകൾക്കുള്ള കൃത്യമായ തയ്യാറെടുപ്പ് തുടങ്ങും. പ്രണയജീവിതത്തിൽ തടസ്സങ്ങൾ അകലുന്നതായി അനുഭവപ്പെടും.
രേവതി
ജന്മശനിക്കാലമാണെന്നത് മറക്കത്തക്ക ഗുണപുഷ്കലത വന്നെത്തും. കർമ്മമേഖലയിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഒപ്പമുള്ളവർക്ക് നിർദ്ദേശങ്ങൾ നൽകും. കടം വാങ്ങിയ തുക ഭാഗികമായി മടക്കിനൽകാനാവും. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധയുണ്ടാവും. കിടപ്പ് രോഗികൾക്ക് സമാശ്വാസം പ്രതീക്ഷിക്കാം. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതാണ്. കലാരംഗത്തുള്ളവർക്ക് പാരിതോഷികം/ അംഗീകാരം കിട്ടും. കുടുംബ ജീവിതത്തിൽ സ്വാസ്ഥ്യം പുലരുന്നതാണ്. ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ നിറയും.
Read More: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us