scorecardresearch

Weekly Rashi Phalam: വാരഫലം, മകം മുതൽ തൃക്കേട്ടവരെ

Weekly Horoscope in Malayalam From January 11 January 17: ജനുവരി 11 ഞായർ മുതൽ ജനുവരി 17 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From January 11 January 17: ജനുവരി 11 ഞായർ മുതൽ ജനുവരി 17 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Rashi Phalam in Malayalam

ആദിത്യൻ ധനുരാശിയിലാണ്. ജനുവരി 14 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണി 8 മിനിട്ടിന് ആദിത്യൻ മകരം രാശിയിൽ പ്രവേശിക്കും. ഉത്തരായനകാലം അതുമുതൽ ആരംഭിക്കും. 11ന് ഉത്രാടം ഞാറ്റുവേല തുടങ്ങും.

Advertisment

മകര വാവ് ജനുവരി 18 നാണ്. ചന്ദ്രൻ ചിത്തിര  മുതൽ പൂരാടം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നു. ചൊവ്വ ജനുവരി 15 ന് ഉച്ചരാശിയായ മകരത്തിൽ പ്രവേശിക്കും. ചൊവ്വയുടെ മൗഢ്യം തുടരുന്നു. ബുധൻ 17 ന് വരെ ധനുവിൽ സഞ്ചരിക്കുന്നു. ശുക്രൻ 12 ന് മകരത്തിൽ പ്രവേശിക്കും.

ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം വക്രഗതിയിൽ മിഥുനം രാശിയിൽ പുണർതത്തിലുമുണ്ട്. രാഹു കുംഭം രാശിയിൽ, കേതു ചിങ്ങം രാശിയിൽ. തൽസ്ഥിതിക്ക് മാറ്റമില്ല. ഈ ഗ്രഹനിലയെ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

മകം

സാധാരണ കാര്യങ്ങൾ മുടങ്ങില്ല. പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാൻ ആശയക്കുഴപ്പം അനുഭവപ്പെടും. ന്യായാന്യായതകൾ തിരിച്ചറിയാൻ വിഷമിക്കും. സാമൂഹിക കാര്യങ്ങളിൽ നിലപാടുകൾ മയപ്പെടുത്തേണ്ടി വരാം. പ്രൊഫഷണലുകൾ കിടമത്സരങ്ങളെ അഭിമുഖീകരിക്കും. ഗവേഷകർക്ക്  കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായി വന്നേക്കും. വ്യാപാരികൾക്കും വ്യവസായികൾക്കും മോശപ്പെട്ട വാരമല്ല. സഹോദരൻ്റെ സഹായം അവസരോചിതമായി അനുഭവപ്പെടും. തിങ്കൾ, ചൊവ്വ കൂടുതൽ ഗുണകരം.

പൂരം

സാഹചര്യങ്ങൾ ഭാഗികമായി അനുകൂലമാണ്. അതിനാൽ കർമ്മരംഗത്ത് ജാഗ്രത അനിവാര്യമാണെന്നത് മറക്കരുത്. നിസ്സാരമെന്ന് ബാഹ്യമായി തോന്നുന്ന കാര്യങ്ങൾ ഉള്ളിലേക്ക് കടക്കുമ്പോൾ കീറാമുട്ടിയായി തോന്നും. കൂട്ടുകെട്ടുകളിൽ കരുതൽ വേണം. ബന്ധുക്കളുടെ വാഗ്ദാനങ്ങൾ ഫലവത്താകണമെന്നില്ല. കലാമത്സരങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. അല്പം കൂടി പരിശ്രമിച്ചിരുന്നുവെങ്കിൽ എന്ന തോന്നൽ പിന്നീടുണ്ടാവാനിടയുണ്ട്. ദാമ്പത്യത്തിൽ സ്വസ്ഥതയുണ്ടാവും. പ്രണയികൾക്ക് സമ്മർദ്ദങ്ങൾ കുറയില്ല.

ഉത്രം

ആശയവിനിമയം കൃത്യമാകാത്തതിനാൽ ചില പ്രശ്നങ്ങളുണ്ടാവും. അഭിമുഖങ്ങളിൽ കരുതിയത്ര ശോഭിക്കാൻ കഴിഞ്ഞേക്കില്ല.  മകൻ്റെ ആവശ്യങ്ങൾ കൂടിക്കൂടി വരുന്നത് വിഷമിപ്പിക്കും. ചിലരുടെ ഉപദേശം ആത്മാർത്ഥതയില്ലാത്തതാണെന്ന് തിരിച്ചറിയും. കരാറുകാർക്ക് കുടിശിക തുക ലഭിക്കാം. ലഘുതീർത്ഥാടനത്തിന് അവസരം കൈവന്നേക്കും. നിക്ഷേപങ്ങളിൽ കരുതലുണ്ടാവണം. രോഗികൾക്ക് ചികിൽസാമാറ്റത്താൽ സമാശ്വാസം ലഭിക്കുന്നതാണ്. കഠിനപാതകൾ ഒഴിവാക്കാൻ തീരുമാനിക്കുമെങ്കിലും വെല്ലുവിളികൾ ഏറ്റെടുക്കുന്നതായിരിക്കും.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

അത്തം

ചന്ദ്രസഞ്ചാരം മുഴുവനായും അനുകൂല ഭാവങ്ങളിലല്ലാത്തതിനാൽ മനക്ലേശത്തിനും ദേഹാസ്വാസ്ഥ്യത്തിനും സാധ്യത. ചില പ്രതിജ്ഞകൾ വേഗത്തിൽ തന്നെ ലംഘിക്കപ്പെടാം. സഹോദരരുടെ പിന്തുണ ലഭിക്കും. സാങ്കേതിക പഠനത്തിൽ ഏകാഗ്രത പുലർത്തും. യുവാക്കളുടെ ജോലിക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതാണ്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങാം. കടബാധ്യതകൾ പരിഹരിക്കാൻ ശ്രമം തുടരുന്നതാണ്. ഹ്രസ്വയാത്രകൾ വേണ്ടിവന്നേക്കും. കലാരംഗത്ത് ശോഭിക്കുന്നതാണ്.

ചിത്തിര 

നക്ഷത്രാധിപനായ ചൊവ്വയ്ക്ക്  ഉച്ചസ്ഥിതി വരികയാൽ തടസ്സങ്ങൾ നീങ്ങുന്നതാണ്. കർമ്മരംഗത്ത് നവോന്മേഷം സംജാതമാകുന്ന തായിരിക്കും. 
ഭൂമി വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കും. മത്സരങ്ങളിൽ മുന്നേറുവാനാവും. വ്യാപാരത്തിലെ ആലസ്യമകലും. വിലപ്പെട്ട പാരിതോഷികങ്ങൾ ലഭിക്കാം. സംവാദങ്ങൾ, ചർച്ചകൾ എന്നിവയിൽ ശോഭിക്കുന്നതാണ്. സംഘടനകളിൽ അംഗമായവർക്ക് നേതൃപദവി കിട്ടാനിടയുണ്ട്. പരാശ്രയത്വം ഉണ്ടാവില്ല. സാമ്പത്തിക ഞെരുക്കത്തിന് മാറ്റം വരുന്നതാണ്.

ചോതി 

പ്രയത്നത്തിനനുസരിച്ച്  സാമ്പത്തികമായി മെച്ചം ഉണ്ടാവണമെന്നില്ല. കർമ്മരംഗത്ത് സമ്മിശ്രഫലങ്ങളുണ്ടാവും. മേലധികാരികളെ തിരുത്താൻ ശ്രമിച്ച് വിരോധം സമ്പാദിക്കാനിടയുണ്ട്. പൊതുക്കാര്യങ്ങളിൽ കൈക്കൊള്ളുന്ന നടപടികൾക്ക് അംഗീകാരം ലഭിക്കുന്നതാണ്. ക്ഷേത്രോത്സവാദികളുടെ ചുമതല ഏറ്റെടുക്കേണ്ടി വരാം. കലാകാരന്മാർക്ക് അവസരങ്ങൾ കൂടുന്നതാണ്. വായ്പയുടെ തിരിച്ചടവിനായി അല്പം ഞെരുക്കം ഉണ്ടാവാം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാൻ മറക്കരുത്.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

വിശാഖം 

ദൂരദേശത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് വന്നുപോകാൻ സാഹചര്യമുണ്ടാവും. പ്രധാന കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളും. ഭൗതിക നിലവാരം ഉയർന്നേക്കും. ഓഫീസിൽ സ്വാതന്ത്ര്യം കുറയുന്നതായി തോന്നാം. ധനപരമായി സൂക്ഷ്മത വേണ്ടതുണ്ട്. കുട്ടികൾ പഠനത്തിൽ അലസരാവാനിടയുണ്ട്. വ്യാപാരത്തിൽ ലാഭം കുറയില്ല. ദുർവ്യയം ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. പ്രണയികൾക്ക് ഭാവിപ്രതീക്ഷകൾ നിറം പിടിക്കും. വാരാദ്യ വാരാന്ത്യ ദിവസങ്ങളിൽ വല്ല മനപ്രയാസവും ഉണ്ടെയെന്നു വരാം.

അനിഴം

സാങ്കേതികജ്ഞാനം പ്രയോജനപ്പെടുന്നതാണ്. ഉന്നതോദ്യോഗസ്ഥരുടെ പിന്തുണ കിട്ടും. കൃത്യാന്തരങ്ങൾ കൂടുന്നതാണ്. മുൻകൂട്ടി തീരുമാനിച്ചവ വേഗം പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. സംരംഭങ്ങൾ നടത്തുന്നവർക്ക് ജോലിക്കാരെക്കൊണ്ട് ക്ലേശങ്ങൾ വരാനിടയുണ്ട്. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി കഴിയുകയാൽ വീണ്ടും സഞ്ചാരസുഗമത കൈവരും. പുതുതലമുറയെ മനസ്സിലാക്കാൻ ശ്രമിക്കാത്തതിനാൽ ഗാർഹികമായി സ്വൈരം കുറയുന്നതാണ്. കൂട്ടുകച്ചവടത്തിൽ ആദായം മോശമാവില്ല.

തൃക്കേട്ട

ജ്ഞാനശക്തിയെ കർമ്മശക്തിയുമായി ഇണക്കാനാവും. നവീനമായ ആശയങ്ങൾ ആവിഷ്കരിക്കും. പ്രശംസ ചൊരിയുന്നവരോട് വിപ്രതിപത്തി തോന്നുന്നതാണ്. സാമ്പത്തിക സഹായം കൈവരാനിടയുണ്ട്. സഹപ്രവർത്തകരുടെ പ്രോൽസാഹനം സന്തോഷിപ്പിക്കും. ഗവേഷകർക്ക് പുതിയ നിഗമനങ്ങളിൽ ചെന്നെത്താനാവും.  ലഘുയാത്രകളിലൂടെ മാനസിക സന്തോഷം കണ്ടെത്തുന്നതാണ്.  അനുഷ്ഠാനങ്ങളോട് മടപ്പുതോന്നാം. കൃഷിയോടുള്ള ആഭിമുഖ്യത്തിന് സന്ദർഭം ഒരുങ്ങും.  മങ്ങിയിരുന്ന ആത്മവിശ്വാസം തിളങ്ങുവാനാരംഭിക്കും.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: