/indian-express-malayalam/media/media_files/2025/09/13/weekly-horoscope-2025-09-13-14-14-42.jpg)
Weekly Rashi Phalam in Malayalam
Weekly Horoscope: ആദിത്യൻ ധനുരാശിയിലാണ്. ജനുവരി 14 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണി 8 മിനിട്ടിന് ആദിത്യൻ മകരം രാശിയിൽ പ്രവേശിക്കും. ഉത്തരായനകാലം അതുമുതൽ ആരംഭിക്കും. 11ന് ഉത്രാടം ഞാറ്റുവേല തുടങ്ങും.
മകര വാവ് ജനുവരി 18 നാണ്. ചന്ദ്രൻ ചിത്തിര മുതൽ പൂരാടം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നു. ചൊവ്വ ജനുവരി 15 ന് ഉച്ചരാശിയായ മകരത്തിൽ പ്രവേശിക്കും. ചൊവ്വയുടെ മൗഢ്യം തുടരുന്നു. ബുധൻ 17 ന് വരെ ധനുവിൽ സഞ്ചരിക്കുന്നു. ശുക്രൻ 12 ന് മകരത്തിൽ പ്രവേശിക്കും.
ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം വക്രഗതിയിൽ മിഥുനം രാശിയിൽ പുണർതത്തിലുമുണ്ട്. രാഹു കുംഭം രാശിയിൽ, കേതു ചിങ്ങം രാശിയിൽ. തൽസ്ഥിതിക്ക് മാറ്റമില്ല. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
അശ്വതി
സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന വാരമാണ്. കർമ്മമേഖലയിൽ സംതൃപ്തിയുണ്ടാവും. ഒപ്പമുള്ളവരുടെ പിന്തുണ കുറയില്ല. ആലോചിച്ചെടുത്ത തീരുമാനങ്ങൾ പ്രാവർത്തികമാക്കും. സാധാരണ കാര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നതായിരിക്കും. വ്യാപാരാവശ്യത്തിനായി ലോണിന് അപേക്ഷ നൽകും. ദാമ്പത്യത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ഊർജ്ജം പകരുന്നതാണ്. വ്യാഴം, വെള്ളി അഷ്ടമരാശിക്കൂറ് ആകയാൽ വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. വാഹനം ഉപയോഗിക്കുന്നവർ ഗതാഗത ലംഘനം നടത്താതിരിക്കാൻ ജാഗ്രത പുലർത്തണം.
ഭരണി
ശുക്രൻ്റെ മൗഢ്യം തുടരുകയാൽ പ്രവൃത്തികളിൽ സംതൃപ്തി കുറയും. ചുമതലകൾ ഏറ്റെടുക്കാൻ മടിയുണ്ടായേക്കും. സുഖഭോഗങ്ങളിൽ അതൃപ്തി വരും. നിലവിലെ ജോലിയിൽ തുടരുകയാണ് അഭികാമ്യം. മേലധികാരികളോട് നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടുന്നത് വിപരീതഫലങ്ങൾക്ക്കാരണമാകും. കരുതൽ ധനം ചെലവാക്കാൻ ശ്രമിക്കരുത്. മകൻ്റെ കലാപ്രവർത്തനത്തിൽ സന്തോഷിക്കും. വീടുമാറ്റത്തിനുള്ള ശ്രമം തുടരുന്നതാണ്. ഗതാഗതലംഘനത്തിന് പിഴ ചുമത്തപ്പെടാം. വാരാദ്യ-അന്ത്യ ദിവസങ്ങളിൽ ദേഹക്ലേശം അനുഭവപ്പെടും.
കാർത്തിക
കാര്യസാധ്യത്തിന് കുറുക്കുവഴികൾ പ്രയോജനപ്പെടുത്തേണ്ടെന്ന് തീരുമാനിക്കും. വ്യവഹാരങ്ങളിൽ അനുകൂലവിധി വരുന്നതാണ്. കുടുംബകാര്യങ്ങൾക്ക് നേരം കണ്ടെത്തും. മകളുടെ ഉപരിപഠനകാര്യത്തിൽ വ്യക്തത കൈവരും. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. ക്ഷേത്രാടനം സാധ്യമാവും. ഇവയ്ക്ക് ഗൃഹനിർമ്മാണത്തിനുള്ള അപേക്ഷ സർക്കാരിൽ സമർപ്പിച്ചേക്കും. ചെലവുകളിൽ നിയന്ത്രണം സാധ്യമായേക്കില്ല. സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാവും.
രോഹിണി
മനസ്സന്തോഷമുണ്ടാക്കുന്ന അനുഭവങ്ങൾ വന്നെത്തും. തൊഴിലിടത്തിൽ സമ്മർദ്ദങ്ങൾ കുറയുന്നതാണ്. ആലോചനാ യോഗങ്ങളിൽ വാക്കുകൾക്ക് സ്വീകാര്യത പ്രതീക്ഷിക്കാം. പൊതപ്രവർത്തകരുടെ സുതാര്യമായ പ്രവർത്തനങ്ങൾക്ക് പിന്തുണ കിട്ടും. കുടുംബകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ അഭിപ്രായം കൂടി പരിഗണിക്കുന്നതാണ്. ബിസിനസ്സ് വിപുലീകരണത്തിന് തുടക്കം കുറിക്കാനാവും. വരുമാനം തടസ്സപ്പെടില്ല. അഭിമുഖങ്ങളിൽ തിളങ്ങുന്നതാണ്. തിങ്കൾ മുതൽ വെള്ളി വരെ ഉത്സാഹം നിലനിർത്താനാവും.
മകയിരം
മൗനത്തിലൂടെയും തിരസ്കാരങ്ങളിലൂടെയും പലർക്കും മറുപടി നൽകും. ഔദ്യോഗികമായി ജോലിഭാരം കൂടുന്നതാണ്. ഭാവികാര്യങ്ങളിൽ തിടുക്കത്തിൽ തീരുമാനമെടുക്കരുത്. ആഴ്ചമധ്യത്തിൽ നക്ഷത്രാധിപനായ ചൊവ്വയ്ക്ക് ഉച്ചസ്ഥിതി വരുന്നതിനാൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. സംഘടനകളിൽ പദവികൾ ഉയരുന്നതാണ്. ജോലിസ്ഥലത്ത് അനിഷേധ്യതയുണ്ടാവും. ബിസിനസ്സിൽ കിടമത്സരം കുറയുന്നതിന് സദർഭം ഉരുത്തിരിയും. രോഗക്ലേശിതർക്ക് പുതുചികിൽസ പ്രയോജനപ്പെടും.
തിരുവാതിര
ഗ്രഹങ്ങളുടെ ബലാബലത്താൽ ഫലങ്ങളും സമ്മിശ്രമാവും. ചുമതലകൾ പകരക്കാരെ ഏൽപ്പിക്കുന്നത് ദോഷമുണ്ടാക്കാം. കമ്മിറ്റികളിൽ വെട്ടിത്തുറന്ന് പറയുന്ന ശീലം ശത്രുക്കളെ വളർത്തും. സ്വന്തംധനമുപയോഗിച്ചു കൊണ്ടുള്ള വ്യാപാരത്തിന് പുഷ്ടി കുറയുന്നതാണ് അതിൻ്റെ കാരണം. ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. ശുപാർശകൾക്ക് മുതിരുന്നത് കരുതലോടെ വേണ്ടതുണ്ട്. പേരക്കുട്ടികൾക്കൊപ്പം കുറച്ചു ദിവസം താമസിക്കാനാഗ്രഹിക്കും. ആഴ്ചയുടെ മധ്യഭാഗം മുതൽ പ്രയത്നഫലം കൈകളിൽ വന്നെത്തും.
പുണർതം
കാര്യപ്രാപ്തി സ്വയം പരിശോധിക്കപ്പെടും. ആത്മവിശ്വാസത്തിന് കുറവ് വരാം. നീതിബോധം കൈവിടാതെ കർമ്മരംഗത്ത് മുഴുകുന്നതാണ്. സഹപ്രവർത്തകർക്ക് പിന്തുണ നൽകും. ആരംഭിച്ച സംരംഭങ്ങൾ ബാലാരിഷ്ടകളെ മറികടക്കുന്നതാണ്. കുടുംബത്തിനൊപ്പം ധാരാളം സമയം ചെലവഴിക്കുന്നതിന് മുതിരും. മകൻ്റെ പ്രശ്നങ്ങൾ ചോദിച്ചറിയും. ബന്ധം ദൃഢമാകാൻ ആത്മാർത്ഥമായ ശ്രമം തുടരുന്നതായിരിക്കും. സാമ്പത്തിക സ്രോതസ്സുകൾ നിയമവിധേയമാക്കും. ഭാവിയാത്രകൾ ആസൂത്രണം ചെയ്യും. ബുധൻ മുതൽ ശനി വരെ കൂടുതൽ ഗുണകരം.
പൂയം
സ്വന്തം തീരുമാനങ്ങളിൽ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. ആദ്യം ശരിയെന്ന് തോന്നിയത് പിന്നീട് തെറ്റെന്ന് തോന്നുന്നതാണ്. ഉദ്യോഗസ്ഥർക്ക് പ്രവൃത്തികളിൽ ചുമതലയേറും. ധനകാര്യങ്ങളിൽ അല്പം സമ്മർദ്ദം വന്നുചേരുന്ന വാരമാണ്. പഠനത്തിൽ ഏകാഗ്രത കുറയുമെന്നതിനാൽ വിദ്യാർത്ഥികളുടെ കാര്യത്തിൽ ശ്രദ്ധയുണ്ടാവണം. അനായാസ വിജയങ്ങൾ പഴങ്കഥയാണോ എന്നുതോന്നും. അനുരാഗികൾക്ക് സന്തോഷമുണ്ടാവും. കുടുംബ ജീവിതത്തിൽ അനുരഞ്ജനമാർഗം സമാധാനമേകും.
ആയില്യം
സാഹചര്യങ്ങളോട് പിണങ്ങിയും ഇണങ്ങിയും മുന്നേറും. കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. അനുഭവപാഠങ്ങൾ കരുത്തേകും. സംഘടനകളിൽ നേതൃപദവിയിൽ തുടരും. ഉദ്യോഗാർത്ഥികൾ മത്സരപ്പരീക്ഷകൾക്ക് ശരിയാംവണ്ണം തയ്യാറെടുപ്പ് നടത്തും. ബിസിനസ്സ് സ്ഥാപനത്തിന് പുതിയ ശാഖ തുടങ്ങുന്ന കാര്യത്തിൽ തർക്കങ്ങൾ വരാം. ഭൂമിയിൽ നിന്നും ആദായം കുറയുന്നത് ആകുലപ്പെടുത്താം. സാഹിത്യം, കല ഇവയിലൂടെ പ്രശംസ നേടാനാവും. അപരിചിത സാഹചര്യങ്ങളിൽ ജാഗ്രത വേണ്ടതുണ്ട്.
മകം
സാധാരണ കാര്യങ്ങൾ മുടങ്ങില്ല. പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാൻ ആശയക്കുഴപ്പം അനുഭവപ്പെടും. ന്യായാന്യായതകൾ തിരിച്ചറിയാൻ വിഷമിക്കും. സാമൂഹിക കാര്യങ്ങളിൽ നിലപാടുകൾ മയപ്പെടുത്തേണ്ടി വരാം. പ്രൊഫഷണലുകൾ കിടമത്സരങ്ങളെ അഭിമുഖീകരിക്കും. ഗവേഷകർക്ക് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായി വന്നേക്കും. വ്യാപാരികൾക്കും വ്യവസായികൾക്കും മോശപ്പെട്ട വാരമല്ല. സഹോദരൻ്റെ സഹായം അവസരോചിതമായി അനുഭവപ്പെടും. തിങ്കൾ, ചൊവ്വ കൂടുതൽ ഗുണകരം.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
പൂരം
സാഹചര്യങ്ങൾ ഭാഗികമായി അനുകൂലമാണ്. അതിനാൽ കർമ്മരംഗത്ത് ജാഗ്രത അനിവാര്യമാണെന്നത് മറക്കരുത്. നിസ്സാരമെന്ന് ബാഹ്യമായി തോന്നുന്ന കാര്യങ്ങൾ ഉള്ളിലേക്ക് കടക്കുമ്പോൾ കീറാമുട്ടിയായി തോന്നും. കൂട്ടുകെട്ടുകളിൽ കരുതൽ വേണം. ബന്ധുക്കളുടെ വാഗ്ദാനങ്ങൾ ഫലവത്താകണമെന്നില്ല. കലാമത്സരങ്ങളിൽ നേട്ടം പ്രതീക്ഷിക്കാം. അല്പം കൂടി പരിശ്രമിച്ചിരുന്നുവെങ്കിൽ എന്ന തോന്നൽ പിന്നീടുണ്ടാവാനിടയുണ്ട്. ദാമ്പത്യത്തിൽ സ്വസ്ഥതയുണ്ടാവും. പ്രണയികൾക്ക് സമ്മർദ്ദങ്ങൾ കുറയില്ല.
ഉത്രം
ആശയവിനിമയം കൃത്യമാകാത്തതിനാൽ ചില പ്രശ്നങ്ങളുണ്ടാവും. അഭിമുഖങ്ങളിൽ കരുതിയത്ര ശോഭിക്കാൻ കഴിഞ്ഞേക്കില്ല. മകൻ്റെ ആവശ്യങ്ങൾ കൂടിക്കൂടി വരുന്നത് വിഷമിപ്പിക്കും. ചിലരുടെ ഉപദേശം ആത്മാർത്ഥതയില്ലാത്തതാണെന്ന് തിരിച്ചറിയും. കരാറുകാർക്ക് കുടിശിക തുക ലഭിക്കാം. ലഘുതീർത്ഥാടനത്തിന് അവസരം കൈവന്നേക്കും. നിക്ഷേപങ്ങളിൽ കരുതലുണ്ടാവണം. രോഗികൾക്ക് ചികിൽസാമാറ്റത്താൽ സമാശ്വാസം ലഭിക്കുന്നതാണ്. കഠിനപാതകൾ ഒഴിവാക്കാൻ തീരുമാനിക്കുമെങ്കിലും വെല്ലുവിളികൾ ഏറ്റെടുക്കുന്നതായിരിക്കും.
അത്തം
ചന്ദ്രസഞ്ചാരം മുഴുവനായും അനുകൂല ഭാവങ്ങളിലല്ലാത്തതിനാൽ മനക്ലേശത്തിനും ദേഹാസ്വാസ്ഥ്യത്തിനും സാധ്യത. ചില പ്രതിജ്ഞകൾ വേഗത്തിൽ തന്നെ ലംഘിക്കപ്പെടാം. സഹോദരരുടെ പിന്തുണ ലഭിക്കും. സാങ്കേതിക പഠനത്തിൽ ഏകാഗ്രത പുലർത്തും. യുവാക്കളുടെ ജോലിക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതാണ്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങാം. കടബാധ്യതകൾ പരിഹരിക്കാൻ ശ്രമം തുടരുന്നതാണ്. ഹ്രസ്വയാത്രകൾ വേണ്ടിവന്നേക്കും. കലാരംഗത്ത് ശോഭിക്കുന്നതാണ്.
ചിത്തിര
നക്ഷത്രാധിപനായ ചൊവ്വയ്ക്ക് ഉച്ചസ്ഥിതി വരികയാൽ തടസ്സങ്ങൾ നീങ്ങുന്നതാണ്. കർമ്മരംഗത്ത് നവോന്മേഷം സംജാതമാകുന്ന തായിരിക്കും.
ഭൂമി വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കും. മത്സരങ്ങളിൽ മുന്നേറുവാനാവും. വ്യാപാരത്തിലെ ആലസ്യമകലും. വിലപ്പെട്ട പാരിതോഷികങ്ങൾ ലഭിക്കാം. സംവാദങ്ങൾ, ചർച്ചകൾ എന്നിവയിൽ ശോഭിക്കുന്നതാണ്. സംഘടനകളിൽ അംഗമായവർക്ക് നേതൃപദവി കിട്ടാനിടയുണ്ട്. പരാശ്രയത്വം ഉണ്ടാവില്ല. സാമ്പത്തിക ഞെരുക്കത്തിന് മാറ്റം വരുന്നതാണ്.
ചോതി
പ്രയത്നത്തിനനുസരിച്ച് സാമ്പത്തികമായി മെച്ചം ഉണ്ടാവണമെന്നില്ല. കർമ്മരംഗത്ത് സമ്മിശ്രഫലങ്ങളുണ്ടാവും. മേലധികാരികളെ തിരുത്താൻ ശ്രമിച്ച് വിരോധം സമ്പാദിക്കാനിടയുണ്ട്. പൊതുക്കാര്യങ്ങളിൽ കൈക്കൊള്ളുന്ന നടപടികൾക്ക് അംഗീകാരം ലഭിക്കുന്നതാണ്. ക്ഷേത്രോത്സവാദികളുടെ ചുമതല ഏറ്റെടുക്കേണ്ടി വരാം. കലാകാരന്മാർക്ക് അവസരങ്ങൾ കൂടുന്നതാണ്. വായ്പയുടെ തിരിച്ചടവിനായി അല്പം ഞെരുക്കം ഉണ്ടാവാം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാൻ മറക്കരുത്.
വിശാഖം
ദൂരദേശത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് വന്നുപോകാൻ സാഹചര്യമുണ്ടാവും. പ്രധാന കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളും. ഭൗതിക നിലവാരം ഉയർന്നേക്കും. ഓഫീസിൽ സ്വാതന്ത്ര്യം കുറയുന്നതായി തോന്നാം. ധനപരമായി സൂക്ഷ്മത വേണ്ടതുണ്ട്. കുട്ടികൾ പഠനത്തിൽ അലസരാവാനിടയുണ്ട്. വ്യാപാരത്തിൽ ലാഭം കുറയില്ല. ദുർവ്യയം ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. പ്രണയികൾക്ക് ഭാവിപ്രതീക്ഷകൾ നിറം പിടിക്കും. വാരാദ്യ വാരാന്ത്യ ദിവസങ്ങളിൽ വല്ല മനപ്രയാസവും ഉണ്ടെയെന്നു വരാം.
അനിഴം
സാങ്കേതികജ്ഞാനം പ്രയോജനപ്പെടുന്നതാണ്. ഉന്നതോദ്യോഗസ്ഥരുടെ പിന്തുണ കിട്ടും. കൃത്യാന്തരങ്ങൾ കൂടുന്നതാണ്. മുൻകൂട്ടി തീരുമാനിച്ചവ വേഗം പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. സംരംഭങ്ങൾ നടത്തുന്നവർക്ക് ജോലിക്കാരെക്കൊണ്ട് ക്ലേശങ്ങൾ വരാനിടയുണ്ട്. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി കഴിയുകയാൽ വീണ്ടും സഞ്ചാരസുഗമത കൈവരും. പുതുതലമുറയെ മനസ്സിലാക്കാൻ ശ്രമിക്കാത്തതിനാൽ ഗാർഹികമായി സ്വൈരം കുറയുന്നതാണ്. കൂട്ടുകച്ചവടത്തിൽ ആദായം മോശമാവില്ല.
Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
തൃക്കേട്ട
ജ്ഞാനശക്തിയെ കർമ്മശക്തിയുമായി ഇണക്കാനാവും. നവീനമായ ആശയങ്ങൾ ആവിഷ്കരിക്കും. പ്രശംസ ചൊരിയുന്നവരോട് വിപ്രതിപത്തി തോന്നുന്നതാണ്. സാമ്പത്തിക സഹായം കൈവരാനിടയുണ്ട്. സഹപ്രവർത്തകരുടെ പ്രോൽസാഹനം സന്തോഷിപ്പിക്കും. ഗവേഷകർക്ക് പുതിയ നിഗമനങ്ങളിൽ ചെന്നെത്താനാവും. ലഘുയാത്രകളിലൂടെ മാനസിക സന്തോഷം കണ്ടെത്തുന്നതാണ്. അനുഷ്ഠാനങ്ങളോട് മടപ്പുതോന്നാം. കൃഷിയോടുള്ള ആഭിമുഖ്യത്തിന് സന്ദർഭം ഒരുങ്ങും. മങ്ങിയിരുന്ന ആത്മവിശ്വാസം തിളങ്ങുവാനാരംഭിക്കും.
മൂലം
കാര്യസിദ്ധി അനായാസമാവും. സാമൂഹികമായ അംഗീകാരം കൈവരുന്നതാണ്. പഠനത്തോടൊപ്പം കലാമത്സരങ്ങളിലും വിജയിക്കുവാനാവും. എതിരാളികളെ നിഷ്പ്രഭരാക്കാൻ കഴിഞ്ഞേക്കും. കിട്ടേണ്ട ധനം അക്കൗണ്ടിലെത്തിച്ചേരും. ഏജൻസി ഏർപ്പാടുകൾ ലാഭത്തിലേക്ക് നീങ്ങും. പുതിയ കൂട്ടുകെട്ടുകളിൽ കരുതൽ വേണ്ടതുണ്ട്. ബന്ധുവിൻ്റെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ടിറങ്ങും. വ്യാഴം, വെള്ളി ദിവസങ്ങളിൽ അലച്ചിലിനിടയുണ്ട്. ചെലവ് കൂടാം. തർക്കങ്ങളിൽ നിന്നൊഴിയണം. ശനിയാഴ്ച സ്വസ്ഥത പ്രതീക്ഷിക്കാം.
പൂരാടം
താരതമ്യേന ഗുണകരമായ വാരമായിരിക്കും. സാമ്പത്തിക ഞെരുക്കം ഒരു പരിധിവരെ പരിഹരിക്കപ്പെടും. അകന്നുപോയ ബന്ധങ്ങൾ പഴയസ്ഥിതിയിലാവുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ കിട്ടുവാൻ സാധ്യതയുണ്ട്. കൈവായ്പ തിരികെ കൊടുക്കാൻ സാധിക്കുന്നതാണ്. വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിക്കും. പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രതിഭ തെളിയിക്കാനാവും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കരുതൽ വേണം. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ തള്ളിക്കളയുന്നതായിരിക്കും.
ഉത്രാടം
മന്ദീഭവിച്ച സംരംഭം പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തനം തുടരും. സാങ്കേതികമായ അറിവുകൾ പ്രയോജനപ്പെടും. വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കപ്പെടാം. ഔദ്യോഗികമായി ചുമതലകൾ കൂടാം. തീർത്ഥയാത്ര പൂർത്തിയാക്കുകയാൽ മനസ്സന്തോഷം ഭവിക്കും. ഭൂമി സംബന്ധിച്ച വ്യവഹാരം നീളാനിടയുണ്ട്.
കിട്ടാക്കടം കുശ്ശൈ കിട്ടിയേക്കാം. ഗൃഹനവീകരണം തൃപ്തികരമാവും. കുടുംബകാര്യങ്ങളിൽ ഉത്സുകത കുറയും. ഉത്സവനടത്തിപ്പിൻ്റെ ഭാഗമാവുകയാൽ വിശ്രമവേളകൾ ചുരുങ്ങിയേക്കും.
തിരുവോണം
സഹജവാസനയാൽ ചിലതൊക്കെ മുൻകൂട്ടി മനസ്സിലാക്കും. പ്രവർത്തനരംഗത്തെ തടസ്സങ്ങൾ ഒഴിയുന്നതാണ്. മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കാം. ധനസ്രോതസ്സുകൾ തുറന്നുകിട്ടും. കുറുക്കുവഴികൾ ഉപേക്ഷിക്കും. രാഷ്ട്രീയത്തിൽ ശോഭിക്കുന്നതാണ്. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും തിളങ്ങാനും അവസരം സംജാതമാകും. ദാമ്പത്യം സുഖകരമാവും. നവസംരംഭങ്ങളുടെ ആലോചന വീണ്ടും മനസ്സിലിടം പിടിക്കുന്നതാണ്. യാത്രകളിൽ അഭിരമിക്കും. മാനസികോല്ലാസം പ്രതീക്ഷിക്കാം.
Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
അവിട്ടം
വാരം മുഴുവൻ കാമ്യഫലങ്ങളാവും. ഔദ്യോഗികമായി നേട്ടങ്ങൾ വരുന്നതാണ്. പുതുതലമുറയ്ക്ക് കൃത്യമായ മാർഗനിർദേശങ്ങൾ പകരുവാനാവും. പകരക്കാരെ ഒഴിവാക്കി ദൗത്യങ്ങൾ സ്വയം ഏറ്റെടുക്കുന്നതിന് മുന്നോട്ടുവരും. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാവും. ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിന് സമയം കണ്ടെത്തുന്നതാണ്. മുടങ്ങിക്കിടന്ന കെട്ടിട നിർമ്മാണം പുനരാരംഭിച്ചേക്കും. ജീവകാരുണ്യം/ സാമൂഹ്യ സേവനം എന്നിവയ്ക്ക് നേരം കണ്ടെത്തുന്നതാണ്. കുംഭക്കൂറുകാർക്ക് ഞായറും, മകരക്കൂറുകാക്ക് ശനിയും ഗുണകരമല്ല.
ചതയം
കർമ്മമേഖലയിൽ സമാധാനമുണ്ടാവും. തീരുമാനിച്ച കാര്യങ്ങൾ നടത്തിയെടുക്കും. സാമൂഹികമായി ആദരവുണ്ടാവും. ഉപജാപങ്ങളെ തള്ളിക്കളയുന്നതാണ്. മുഖസ്തുതിക്കാരെ തിരിച്ചറിയും. വിദ്യാർത്ഥികൾക്ക് കലാരംഗത്തും ശോഭിക്കാൻ കഴിയും. ഞായറും തിങ്കളും മനക്ലേശത്തിന് സാധ്യത. ചൊവ്വയും ബുധനും അലച്ചിലുണ്ടാവും. മറ്റു ദിവസങ്ങളിൽ സ്വൈരം കുറയില്ല. വിനോദത്തിനും വിശ്രമത്തിനും സന്ദർഭം ഭവിക്കും. സ്വകാര്യ സ്ഥാപനത്തിൽ പ്രൊമോഷൻ കിട്ടാം. പ്രണയാനുഭവങ്ങൾ മനസ്സിനെ പുഷ്കലമാക്കുന്നതാണ്.
പൂരൂരുട്ടാതി
ഉദ്യോഗസ്ഥർക്ക് സ്വന്തം പദവിയിൽ ഉന്മേഷമുണ്ടാവും. അധികാരം സമർത്ഥമായി വിനിയോഗിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാനാവും. ദൂരയാത്രകൾ വേണ്ടി വരാം. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയ്യെടുക്കും. മത്സരങ്ങളിൽ ശോഭിക്കുന്നതാണ്. കടം വാങ്ങിയ തുക ഭാഗികമായി കൊടുത്തുതീർക്കുന്നതിനാവും. സാമ്പത്തികമായി മെച്ചപ്പെടും. എന്നാൽ ആഢംബരച്ചെലവുകൾ കൂടുന്നതാണ്. പ്രണയികൾക്ക് എതിർപ്പുകളെ നേരിടേണ്ടി വന്നേക്കും.
ഉത്രട്ടാതി
സർക്കാരിൽ നിന്നും ഗുണം പ്രതീക്ഷിക്കാം. അപേക്ഷിച്ച ലൈസൻസ് ലഭിക്കും. ഉന്നതാധികാരികളുടെ പ്രോൽസാഹനം സാധ്യതയാണ്. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ പ്രിയം നേടാൻ കഴിയുന്നതാണ്. ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയാൻ മടിക്കാത്തതിനാൽ ശത്രുക്കളുടെ എണ്ണം കൂടും. കാര്യാലോചനകളിൽ അധൃഷ്യത കാട്ടും. ദാമ്പത്യത്തിൽ സമാധാനമുണ്ടാവും. മകൻ്റെ പിടിവാശി മനപ്രയാസം സൃഷ്ടിക്കാം.
തിങ്കളും ചൊവ്വയും പുതുകാര്യങ്ങൾ തുടങ്ങുവാൻ നന്നല്ല. സാഹസങ്ങൾ ഒഴിവാക്കണം.
രേവതി
നേരത്തെ ക്ലേശിച്ച കാര്യം ഇപ്പോൾ അനായാസം നേടും. വരുമാനമാർഗം പുഷ്ടിപ്പെടുന്നതാണ്. തിരക്കുകൂടും; ബഹുമാന്യത ഏറുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിൽ ശോഭിക്കും. കുടുംബബന്ധം കൂടുതൽ ഊഷ്മളമാവുന്നതാണ്. യാത്രകൾ മൂലം നേട്ടങ്ങളുണ്ടാക്കും. ഗൃഹത്തിൻ്റെ അറ്റകുറ്റം പൂർത്തിയാവും. പുതുതലമുറയെ മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ്. വിൽക്കാതെ കിടക്കുന്ന ഭൂമിക്ക് അഡ്വാൻസ് ലഭിച്ചേക്കും. ഞായർ മുതൽ ചൊവ്വ വരെ ദിവസങ്ങളിൽ വാഹനം, യന്ത്രം, അഗ്നി എന്നിവയുടെ ഉപയോഗത്തിൽ ജാഗ്രത വേണ്ടതുണ്ട്.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us