/indian-express-malayalam/media/media_files/2025/06/21/weekly-fi-07-2025-06-21-14-13-25.jpg)
Weekly Rashi Phalam in Malayalam
ആദിത്യൻ ധനുരാശിയിൽ പൂരാടം ഞാറ്റുവേലയിൽ; ചന്ദ്രൻ കൃഷ്ണപക്ഷത്തിലും. ചൊവ്വ ധനുരാശിയിൽ പൂരാടത്തിലും, ബുധൻ ധനുരാശിയിൽ മൂലം -പൂരാടം നക്ഷത്രങ്ങളിലും ശുക്രൻ ധനുരാശിയിൽ പൂരാടം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം വക്രഗതിയായി മിഥുനം രാശിയിൽ പുണർതത്തിലും സഞ്ചരിക്കുന്നു.
രാഹു കുംഭത്തിൽ ചതയത്തിലാണ്. കേതു ചിങ്ങത്തിൽ പൂരത്തിലും. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
അശ്വതി
ആത്മവിശ്വാസം കുറയില്ല. ഭാഗ്യം ഉണ്ടെന്നും ഇല്ലെന്നും തോന്നുമാറ് അനുഭവങ്ങൾ വന്നുചേരുന്നതാണ്. അമിതാദ്ധ്വാനത്തിന് സാധ്യതയുണ്ട്. എന്നാൽ അലസരാവാനും വഴികാണുന്നു. പുതിയ ആശയങ്ങൾ ഒപ്പമുള്ളവരെ ബോധ്യപ്പെടുത്തുക എളുപ്പമാവില്ല. ചിലരുടെ കൂട്ടുകെട്ട് മതിയാക്കാൻ തീരുമാനിക്കുമെങ്കിലും പ്രാവർത്തികമാക്കുക ദുഷ്കരമാവും. ചെലവുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. അലക്ഷ്യമായ വാക്കോ കർമ്മമോ ശത്രുക്കളെ സൃഷ്ടിക്കാം. കാരണവന്മാരെ സന്ദർശിച്ചേക്കും. അവരുടെ ആരോഗ്യാദികളിൽ ജാഗ്രത വേണം.
ഭരണി
നക്ഷത്രാധിപനായ ശുക്രന് മൗഢ്യം തുടരുകയാൽ ദുഷ്പ്രേരണകൾക്കും തെറ്റായ തീരുമാനങ്ങൾക്കും സാധ്യതയുണ്ട്. വാഗ്ദാനലംഘനം വിഷമിപ്പിക്കാം. സ്ത്രീകൾ/എതിർ ലിംഗത്തിൽപെട്ടവർ വിരോധിച്ചേക്കും. വീട്ടിൽ റിപ്പയറിംഗ് വേണ്ടിവരുന്നതാണ്. പ്രണയികൾ നിസ്സാരകാര്യങ്ങൾക്ക് കലഹിക്കാം. കുടുംബത്തിലെ വയോജനങ്ങളുടെ ക്ഷേമമന്വേഷിക്കും. വേണ്ട സഹായം ചെയ്യാൻ സന്നദ്ധത കാട്ടും. സ്വന്തം ആരോഗ്യപ്രശ്നങ്ങളിൽ കരുതലുണ്ടാവണം. കലാപരിശീലനത്തിന് സമയം കണ്ടെത്തും. ഭാര്യയുടെ പൈതൃകസ്വത്തിൽ തർക്കങ്ങൾ ഉണ്ടാവുന്നതാണ്.
കാർത്തിക
വിശാലചിന്താഗതി തെറ്റിദ്ധരിക്കപ്പെടാം. പുതിയ കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചറിയാൻ വലിപ്പച്ചെറുപ്പം ബാധകമാവില്ല. തൊഴിൽ മാറാൻ ഉചിതവേളയല്ല, ഇപ്പോളെന്നത് മറക്കരുത്. കാര്യതടസ്സവും പരിശ്രമങ്ങൾക്ക് പ്രോത്സാഹനം ലഭിക്കാത്തതും ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ ക്ഷമാപൂർവ്വം കേൾക്കുന്നതാണ്.പോംവഴി നിർദ്ദേശിക്കും. പഠനയാത്രകൾക്ക് നേരം കണ്ടെത്തും. പുതിയ വാടകവീട് ലഭിച്ചേക്കും. ചുറ്റുപാടുകളുടെ സ്പന്ദനങ്ങൾ തിരിച്ചറിയുവാൻ കഴിയുന്നതാണ്.
രോഹിണി
പഴയ ഓർമ്മകൾ വിഷാദവും പ്രസാദവും നിറയ്ക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്താത്തതിൽ കുണ്ഠിതം തോന്നാം. എന്നാൽ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുമാവും. വിവാദങ്ങളോട് അകലം പാലിക്കുന്നതാവും ഉചിതം. ഉപജാപങ്ങളെ തിരിച്ചറിയും. കുടുംബത്തിൻ്റെ പിന്തുണയിൽ സന്തോഷിക്കും. നിക്ഷേപങ്ങളിൽ നിന്നും തൃപ്തികരമായ ആദായം പ്രതീക്ഷിക്കാം. നവീനമായ ഇലക്ട്രോണിക് ഉല്പന്നങ്ങൾ മകന് വാങ്ങിനൽകും. ഞായർ, വ്യാഴം ദിവസങ്ങൾക്ക് ഗുണം കുറയാം.
മകയിരം
പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടില്ല. എങ്കിലും ചിലപ്പോഴൊക്കെ ആത്മധൈര്യം ചോരുന്നതായി തോന്നും. കുടുംബാംഗങ്ങളെ സന്ദർശിക്കാൻ നേരം കണ്ടെത്തുന്നതാണ്. വിദേശത്തുള്ളവർക്ക് ജോലിക്കാര്യത്തിലെ സമ്മർദ്ദത്തിന് അയവ് വരുന്നതായിരിക്കും. സാമ്പത്തിക കാര്യത്തിൽ സമാശ്വസം അനുഭവപ്പെടും. വസ്തുവാങ്ങിക്കുന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം രൂപപ്പെടുന്നതാണ്. സ്വാശ്രയ ബിസിനസ്സിൽ പുരോഗതി പ്രതീക്ഷിക്കാം. ആദ്ധ്യാത്മികസാധനകളോട് ഇഷ്ടം രൂപപ്പെടുന്നതാണ്.
തിരുവാതിര
തീർത്ഥാടനം, കുടുംബ സംഗമം, വിരുന്നുകൾ ഇവ സന്തോഷമേകും. പുതിയ കാര്യങ്ങൾ പഠിക്കാനവസരം തുറന്നു കിട്ടാം. വിദ്യാഭ്യാസത്തിൽ ശ്രദ്ധ കുറയും. പാഠ്യേതര പ്രവർത്തനങ്ങളിൽ ഉത്സാഹമേറുന്നതാണ്. കടം വാങ്ങിയ തുക കൃത്യഅവധിക്ക് കൊടുക്കാൻ കഴിഞ്ഞേക്കില്ല. വാഗ്ദാനലംഘനം മനപ്രയാസത്തിന് കാരണമാകും. ആഢംബരച്ചെലവുകൾ ഉയരുന്നതാണ്. വ്യാപാരത്തിലെ പരീക്ഷണങ്ങളിൽ ഭാഗികമായി വിജയിക്കാനാവും. സഹായിക്കാൻ കുടുംബാംഗങ്ങൾ മുന്നോട്ടുവരും. സ്നേഹബന്ധം ചഞ്ചലമാവും.
പുണർതം
നവസംരംഭങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. ഊർജ്ജസ്വലതയേറുന്നതാണ്. ന്യായമായ കാര്യങ്ങൾക്ക് തടസ്സം വരില്ല. പ്രധാന ചുമതലകൾ പകരക്കാരെ ഏൽപ്പിക്കരുത്. ഭൂമിയിൽ നിന്നും ആദായം കുറയുന്നതാണ്. പിണങ്ങിയ ബന്ധുക്കളുമായി അടുപ്പം പുലർത്തും. ഗാർഹികമായി സ്വൈരമുണ്ടാവും. വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം. മകൻ്റെ ജോലിക്കാര്യത്തിനായി നടത്തിയ ശുപാർശ ഫലിക്കുന്നതാണ്. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ പുതുകാര്യങ്ങൾ ആരംഭിക്കാതിരിക്കുക കരണീയം.
പൂയം
ചില ദിവസങ്ങളിൽ ഉന്മേഷവും ചില ദിവസങ്ങളിൽ ഉന്മേഷരാഹിത്യവും അനുഭവിക്കുവാനിടയുണ്ട്. മേലധികാരികളെ ഉപദേശിക്കാൻ തുനിഞ്ഞ് അബദ്ധത്തിലാവും. സാമ്പത്തിക സ്ഥിതി മോശമാവില്ല. നടപ്പിലാക്കിയ കാര്യങ്ങളുടെ കണക്ക് രേഖപ്പെടുത്തും. കാര്യസാധ്യത്തിന് അലച്ചിലുണ്ടായേക്കാം. കലാരംഗത്ത് കൂടുതൽ പരിശീലനം ആവശ്യമാണെന്നറിയും. സ്ഥാനമാനങ്ങളെച്ചൊല്ലി സഹപ്രവർത്തകരുമായി കലഹിച്ചേക്കും. ധന ഇടപാടുകളിൽ ജാമ്യം നിൽക്കുന്നത് കരുതലോടെയാവണം. വാഹനം വാങ്ങാനുള്ള ആലോചന സാക്ഷാത്തായേക്കും.
ആയില്യം
ഭൗതികമായ പുരോഗതി സന്തോഷിപ്പിക്കും. അല്പലാഭങ്ങൾ അനുസ്യൂതമാവും. പ്രതീക്ഷകളിൽ ചിലതൊക്കെ പൂവണിയാം. കർമ്മരംഗത്ത് കൂടുതൽ സമയം ചെലവഴിക്കുന്നതാണ്. പങ്കാളിത്ത ബിസിനസ്സ് പുഷ്ടിപ്പെടുത്താം. സുഖഭക്ഷണ യോഗം, വിനോദം ഇവയുണ്ടാവും. സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനാൽ ശത്രുക്കൾ ഉണ്ടായേക്കാം. പ്രണയബന്ധത്തിൽ ആഹ്ളാദിക്കും. ഊഹക്കച്ചവടത്തിൽ ആദായം കൈവരുന്നതാണ്. ജന്മനാട്ടിലേക്ക് ഹ്രസ്വസന്ദർശനം നടത്തും. ഞായർ, ബുധൻ, വ്യാഴം മേന്മ കുറയും.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
മകം
നവം നവമായിട്ടുള്ള കാര്യങ്ങളിൽ മനസ്സ് മുഴുകുമ്പോഴും പാരമ്പര്യത്തെയും പഴമയേയും തള്ളിപ്പറയില്ല. വ്യാപാരികൾക്കും വ്യവസായികൾക്കും സമ്മർദ്ദം കുറയുന്നതാണ്. സമയബന്ധിതമായി പ്രവർത്തിക്കാനാവും. കടബാധ്യത കുറയ്ക്കാനായതിൻ്റെ ആശ്വാസമനുഭവപ്പെടുന്നതാണ്. മുൻപത്തെക്കാൾ കൂടുതൽ സഹകരണം ഔദ്യോഗികമായി ലഭിക്കാം. കുടുംബത്തിനൊപ്പം ഷോപ്പിംഗ്, പുറമേ നിന്നും ഭക്ഷണം, വിനോദം എന്നിവയ്ക്ക് സന്ദർഭം കണ്ടെത്തും. തിങ്കൾ, ചൊവ്വ ദിവസം ക്രയവിക്രയങ്ങളിൽ കരുതലുണ്ടാവണം.
പൂരം
കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനാവും. വ്യക്തിപരമായി ചില തീരുമാനങ്ങൾ കൈക്കൊള്ളും. അവനവൻ്റെ കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകൾക്ക് അവസരം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ ശോഭിക്കാനാവും. സകുടുംബം അവധിക്കാല യാത്രകൾക്ക് പദ്ധതിയിടും. നവീനമായ ഗാർഹികോപകരണങ്ങൾ വാങ്ങും. വാഗ്ദാനലംഘനം നടത്തിയവരോട് കയർക്കുന്നതാണ്. മകൻ്റെ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരും. ഞായർ, ബുധൻ, വ്യാഴം മികച്ച ദിവസങ്ങൾ.
ഉത്രം
കഴിവുകൾ സ്വയം തിരിച്ചറിയും. മറ്റുള്ളവരും മനസ്സിലാക്കിത്തുടങ്ങും. അവഗണന പരിഗണനയായി മാറാം. കർമ്മമേഖലയിൽ തിരക്കുണ്ടാവും. പ്രോജക്ടുകൾക്ക് അധികാരികൾ 'ഗ്രീൻ സിഗ്നൽ' നൽകും. ഗവേഷണത്തിന് കൂടുതൽ നേരം മാറ്റിവെക്കാൻ സാധ്യതയുണ്ട്. ധനാഗമ മാർഗങ്ങൾ തുറക്കപ്പെടുന്നതാണ്. ജന്മനാട്ടിലേക്ക് ഹ്രസ്വസന്ദർശനം നടത്തുന്നതാണ്. കൂടിച്ചേരലുകൾ ഗതകാലസ്മരണകൾ ഉണർത്തും. ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്. വാരമദ്ധ്യത്തിലെ ദിവസങ്ങളിൽ ദേഹക്ലേശം ഉണ്ടായേക്കാം.
അത്തം
ചന്ദ്രഗതി, ഞായർ മുതൽ ചൊവ്വ വരെ 10,11 ഭാവങ്ങളിലാകയാൽ ആ ദിവസങ്ങളിൽ അഭീഷ്ടസിദ്ധി, സുഖഭോഗം, ധനലാഭം എന്നിവയുണ്ടാവും. കാര്യവിജയം പ്രതീക്ഷിക്കാം. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ കൈവരുന്നതാണ്. മനസ്സിന് സ്വാസ്ഥ്യം ഭവിക്കുന്നതായിരിക്കും. ബുധനും വ്യാഴവും ചന്ദ്രഗതി പന്ത്രണ്ടിലാകയാൽ ചെലവേർപ്പെടും. അലച്ചിലിനും സാധ്യതയുണ്ട്. സമയനിഷ്ഠ പാലിക്കാനാവില്ല. വെള്ളി, ശനി ദിവസങ്ങളിൽ ജന്മരാശിയിലൂടെ കടന്നുപോവുകയാൽ നല്ലഭക്ഷണം, ദേഹസുഖം, കീർത്തി എന്നിവ ഭവിക്കുന്നതാണ്.
ചിത്തിര
സാങ്കേതിക ജോലികൾ ചെയ്യുന്നവർക്ക് അവസരങ്ങൾ കൂടും. വീടു പുതുക്കിപ്പണിയാൻ ശ്രമം തുടരുന്നതാണ്. ഉദ്യോഗത്തിൽ നിന്നും വിരമിച്ചവർക്ക് പുതിയ കരാർജോലികൾ തരപ്പെടുന്നതാണ്. ഇലക്ട്രിക്/ ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങും. കൂട്ടുകച്ചവടത്തിൽ ലാഭം കുറയുന്നതാണ്. ആരോഗ്യപരമായി ക്ലേശങ്ങളുണ്ടാവും. മകൻ്റെ വിവാഹകാര്യത്തിൽ ശുഭതീരുമാനങ്ങളുണ്ടാവും. ഔഷധവ്യാപാരത്തിൽ പുരോഗതി ദൃശ്യമാകുന്നതാണ്. മംഗളകർമ്മങ്ങളിൽ സകുടുംബം സംബന്ധിക്കുന്നതിന് സാധിക്കും.
ചോതി
ചെയ്യുന്ന ജോലിയിൽ വിജയിക്കും. എന്നാൽ അദ്ധ്വാനം കുറയില്ല. കുറുക്കുവഴികൾ അറിയാത്തതിനാൽ ചിലരുടെ ഉപജാപങ്ങളെ വിശ്വസിച്ചു പോകും. അതിനാൽ കരുതലുണ്ടാവണം. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് പോകാൻ അവധി ലഭിക്കുന്നതാണ്. ഉന്നത വ്യക്തികളുടെ പരിചയം സമ്പാദിക്കും. ഗൃഹനവീകരണത്തിന് പ്ളാൻ തയ്യാറാക്കുന്നതാണ്. കൂടുകെട്ടുകളിൽ കരുതലുണ്ടാവണം. ആത്മവിശ്വാസം അതിരുകടക്കരുത്. വെള്ളി, ശനി ഒഴികെ ആഴ്ച മുഴുവനും കാര്യവിജയവും നേട്ടവും കൈവരാൻ സാധ്യത കാണുന്നു.
വിശാഖം
കർമ്മരംഗത്ത് തളർച്ചയുണ്ടാവില്ല. എന്നാൽ കുതിച്ചുചാട്ടവും പ്രതീക്ഷിക്കേണ്ടതില്ല. ശുപാർശകൾക്ക് ഫലം കിട്ടും. കുടുംബ ബിസിനസ്സ് വിപുലീകരിക്കുവാൻ ശ്രമം തുടരുന്നതാണ്. സംഘടനാ ചുമതലകൾ ഒഴിയാൻ തീരുമാനിക്കുമെങ്കിലും പ്രാവർത്തികമായേക്കില്ല. അഭിമുഖങ്ങൾക്ക് തയ്യാറെടുക്കും. സന്താനങ്ങളെക്കൊണ്ട് മനസ്സന്തോഷം പ്രതീക്ഷിക്കാം. വിരമിച്ചവർ പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാൻ വിഷമിക്കുന്നതാണ്. മകളുടെ വിവാഹകാര്യത്തിൽ കൂടുതൽ ശുഷ്കാന്തി കാട്ടും. നിസ്സാര കാര്യങ്ങൾ ദുസ്സാധ്യമാവും. വിഷമം പിടിച്ചവ എളുപ്പം നേടാനും കഴിഞ്ഞേക്കും.
അനിഴം
അഭ്യൂഹങ്ങളെ അവഗണിക്കേണ്ടതുണ്ട്. സാഹചര്യങ്ങളോട് വേഗം ഇണങ്ങും. പുതിയ തലമുറയോട് മാനസികമായി പൊരുത്തപ്പെട്ടേക്കില്ല. കുടുംബ ബഡ്ജറ്റ് ഉയരുന്നതാണ്. അധികച്ചെലവുകൾ നിയന്ത്രിക്കാൻ വീട്ടുകാരോട് ആവശ്യപ്പെടുന്നത് ചെറിയ തർക്കത്തിന് വഴിവെക്കാം. പഠനകാര്യങ്ങളിൽ ഏകാഗ്രതയുണ്ടാവില്ല. വാരാദ്യം അലച്ചിലിനിടയുണ്ട്. സാമൂഹിക കാര്യങ്ങളിൽ അഭിപ്രായപ്രകടനം കരുതലോടെ വേണ്ടതുണ്ട്. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാവും. പ്രണയികൾക്ക് ആഹ്ളാദ സാഹചര്യങ്ങൾ സംജാതമാകും.
തൃക്കേട്ട
വചോവിലാസം ശ്രദ്ധേയമാകും. ആശയവിനിമയശേഷി അഭംഗുരമായി തുടരുന്നതാണ്. ഉദ്യോഗസ്ഥർക്ക് ചുമതലകൾ അധികരിക്കും. തീരുമാനങ്ങൾ ഏകപക്ഷീയമാവാതിരിക്കാൻ കരുതലുണ്ടാവണം. അവഗണിച്ചവർ പരിഗണിക്കുന്ന സാഹചര്യം ഭവിക്കാം. ന്യായമായ ആവശ്യങ്ങൾക്ക് തടസ്സമുണ്ടാവില്ല. രോഗഗ്രസ്തർക്ക് പാരമ്പര്യ ചികിൽസാരീതി ഫലവത്തായേക്കും. തൊഴിൽ തേടുന്നവർക്ക് ഗുണവത്തായ ചില സൂചനകൾ കിട്ടാം. സാമ്പത്തികമായി സമാശ്വാസമുണ്ടാവുന്ന കാലഘട്ടമാവും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മൂലം
ജന്മരാശിയിൽ നാലുഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ സമ്മർദ്ദം ഒഴിയുകയില്ല. പലപ്പോഴും ചിന്താപരവശതയിൽ മുഴുകും. ആത്മവിശ്വാസത്തിന് കുറവ് വരുന്നതാണ്. കുടുംബകാര്യങ്ങളിൽ സഹിഷ്ണുത വേണ്ടതുണ്ട്. പരിശ്രമങ്ങൾ വിജയിക്കാൻ ഏകാഗ്രത കൂടിയേ കഴിയൂ! നവസംരംഭങ്ങൾ തുടങ്ങുന്നതിന് ഗ്രഹാനുകൂല്യം ഇല്ലാത്ത കാലമാണ്. ചെറിയ കാര്യങ്ങൾ നടന്നുകിട്ടും. അപ്രതീക്ഷിത സഹായങ്ങൾ വന്നുചേരും. ബിസിനസ്സിലൂടെയുള്ള വരുമാനത്തിലും കുറവുണ്ടാവും. വ്യയത്തിൽ കരുതലുണ്ടാവണം. സ്ത്രീസൗഹൃദം സന്തോഷമേകും.
പൂരാടം
ജന്മനക്ഷത്രത്തിലൂടെ ഗ്രഹങ്ങൾ കടന്നുപോവുകയാൽ മാനസിക പിരിമുറുക്കത്തിന് സാധ്യതയുണ്ട്. പരീക്ഷണങ്ങൾക്ക് മുതിരരുത്. നിലവിലെ ജോലിയിൽ തൃപ്തി കുറയാം. അഭിമുഖങ്ങളിൽ ശോഭിക്കാനായേക്കില്ല. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. പ്രധാനകാര്യങ്ങൾ ഇരുവട്ടം ആലോചിച്ചുവേണം പ്രാവർത്തികമാക്കാൻ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദീർഘയാത്രകളും സാഹസകർമ്മളും ഒഴിവാക്കുക നന്ന്. ലഘുവായ സന്തോഷങ്ങൾ, കുടുംബ സുഖം, പ്രിയപ്പെട്ടവരുടെ പിന്തുണ, പ്രാർത്ഥന എന്നിവ മനക്ളേശങ്ങൾ അകലാൻ കാരണമാകും.
ഉത്രാടം
പ്രവർത്തന മേഖലയിൽ സ്വാതന്ത്ര്യം കുറയാം. അസംതൃപ്തി പരസ്യമാക്കും. പൊതുവേ ചെലവേറുന്ന കാലമാണ്. മിതവ്യയം ജീവിതശൈലിയാക്കണം. സംഘടനകളിൽ വിമർശിക്കപ്പെടാം. ധനാഗമ മാർഗങ്ങൾ വിപുലീകരിക്കാൻ ശ്രമം തുടരേണ്ടതുണ്ട്. സ്വന്തം സംരംഭങ്ങളെക്കുറിച്ച് കാര്യമായി ആലോചിക്കാവുന്ന സന്ദർഭമാണ്. ഉപരിപഠനത്തിൽ തീരുമാനമുണ്ടാവും. കലാപരിശീലനം തീവ്രമാക്കേണ്ടതുണ്ട്. സുഹൃത്തുക്കളുടെ വാക്കുകളുടെ ശരിതെറ്റുകൾ സ്വന്തം വിവേകത്തിന് വിധേയമാക്കേണ്ടതാണ്. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കും.
തിരുവോണം
പന്ത്രണ്ടാം രാശിയിൽ ഗ്രഹാധിക്യം ഭവിച്ചിരിക്കുകയാൽ ചെലവേറുന്നതാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ യാത്രാക്ലേശമുണ്ടാവും. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. ആശയവിനിമയത്തിൽ അബദ്ധം വരാതെ നോക്കണം. ഭൂമിയുടെ വില്പന തടസ്സപ്പെടും. ബന്ധുക്കളുമായി പിണങ്ങിയേക്കാം. അല്പസന്തോഷങ്ങൾ, ചെറിയ ആശ്വാസങ്ങൾ, സമാഗമങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. പ്രോജക്ടുകൾ നിരസിക്കപ്പെട്ടതിനാൽ മാറ്റി എഴുതേണ്ടി വരുന്നതാണ്. ഉപാസനാദികൾക്ക് സമയം കണ്ടെത്തും. പ്രണയികൾക്ക് ഇച്ഛാഭംഗത്തിന് സാധ്യത കാണുന്നു.
അവിട്ടം
മത്സരരംഗത്ത് മുന്നേറും. യുക്തിവിചാര കൗശലമേറും. മകരക്കൂറുകാർക്ക് പ്രതീക്ഷിക്കാത്ത ചെലവുകൾ വന്നെത്താം. ആകസ്മിക യാത്രകൾ വേണ്ടിവരുന്നതാണ്. കർമ്മരംഗത്തെ സൗഹൃദാന്തരീക്ഷം നഷ്ടമായേക്കാം. കുംഭക്കൂറുകാർക്ക് പല രംഗങ്ങളിലും അനായാസ വിജയം പ്രതീക്ഷിക്കാം. വരവ് അധികരിക്കുന്നതാണ്. സാമൂഹികമായ അംഗീകാരമുണ്ടാവും. പദവികളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടും. പൊതുവേ ഗാർഹികാന്തരീക്ഷത്തിൽ സമാധാനം നിറയും. അനുരാഗം അഭംഗുരമാവും.
ചതയം
അനുകൂല സാഹചര്യങ്ങളുണ്ട്. അലസതമൂലം മുഴുവൻ ഗുണവും ലഭിച്ചെന്നു വരില്ല. സമയബന്ധിതമായി ചുമതലകൾ നിർവഹിക്കുന്നതിൽ മടി കാട്ടും. പുതിയ കാര്യങ്ങളിൽ കുറ്റം കണ്ടെത്തി ഒഴിവാക്കാൻ നോക്കിയേക്കും. സാമ്പത്തിക പ്രയോജനം വന്നെത്തും. ഭൂമി വിൽപ്പനയിലൂടെ ലാഭമുണ്ടാക്കുന്നതാണ്. ന്യായമല്ലാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി ശത്രുക്കളെ സമ്പാദിച്ചേക്കും. ദാമ്പത്യത്തിൽ അനുരഞ്ജനം ഗുണകരമാവും. ഉപാസനാദികൾ മുടങ്ങില്ല. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മയുണ്ടാവില്ല.
പൂരൂരുട്ടാതി
വാരാദ്യം ആലോചനകളിൽ മുഴുകും. വ്യക്തമായ തീരുമാനമുണ്ടായേക്കില്ല. ചൊവ്വ മുതൽ പ്രവൃത്തികളിൽ ശ്രദ്ധയുണ്ടാവും. നിന്നുപോയ സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കും. സാമ്പത്തിക പിന്തുണയ്ക്ക് വഴിതേടുന്നതാണ്. കൂട്ടുകെട്ടുകളെക്കുറിച്ച് മാതാപിതാക്കൾ വ്യാകുലപ്പെടാം. ഉന്നതോദ്യോഗസ്ഥരിൽ സ്വാധീനമുണ്ടാവും. കരാർ പണികളുടെ കുടിശിക തുക ലഭിക്കുന്നതാണ്. ചികിൽസാമാറ്റത്താൽ രോഗികൾക്ക് ആശ്വാസമുണ്ടാവും. ബന്ധുക്കളെ സന്ദർശിക്കും. ശനിയാഴ്ച സാഹസകർമ്മങ്ങൾ ഒഴിവാക്കണം.
ഉത്രട്ടാതി
ഗാർഹികമായി സ്വസ്ഥത കിട്ടുന്ന വാരമാണ്. വീടിൻ്റെ അറ്റകുറ്റപ്പണി കഴിയും. മകൻ്റെ പഠനപുരോഗതി അഭിമാനിക്കത്തക്കതാവും. ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ചിലതൊക്കെ നേടാനായേക്കും. പ്രണയികൾ നിർബാധമായി മധുരസ്വപ്നങ്ങളിൽ മുഴുകുന്നതാണ്. കുടുംബകാര്യങ്ങൾക്കായി വിദേശ യാത്രക്ക് ഒരുക്കം തുടങ്ങേണ്ടതായി വരും. കൂടുകച്ചവടം കൊണ്ട് ലാഭം കിട്ടാറാകും. നിക്ഷേപങ്ങൾ പുതുക്കാൻ സമയമാവും. വായ്പകളുടെ അടവ് തടസ്സപ്പെടില്ല. തീർത്ഥാടന യോഗമുണ്ട്.
രേവതി
സ്വന്തം കാര്യങ്ങൾ പരാശ്രയത്വം കൂടാതെ നടന്നുകിട്ടും. ഗാർഹികസൗഖ്യം പ്രതീക്ഷിക്കാം. അന്യദിക്കിൽ കഴിയുന്ന ചിലർക്ക് നാട്ടിലേക്ക് വരാനാവും. മകൻ്റെ കാര്യത്തിൽ അല്പം മനക്ലേശത്തിന് സാധ്യതയുണ്ട്. വിദ്യാർത്ഥികൾ അലസതയിലേക്ക് നീങ്ങാം ഉത്സവത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചുമതലകൾ വരാം. സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധയരുത്. ഉദ്യോഗസ്ഥരുടെ വാക്കുകൾ മേലധികാരികൾ ഗൗരവത്തിലെടുക്കുന്നതാണ്. വാഗ്ദാനങ്ങൾ പാലിക്കാനാവും. സുഹൃത്തുക്കളുമൊത്ത് വിനോദിക്കാൻ നേരം കണ്ടെത്തും.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us