scorecardresearch

Weekly Rashi Phalam: വാരഫലം, അശ്വതി മുതൽ ആയില്യംവരെ

Weekly Horoscope in Malayalam From February 08 February 14: ഫെബ്രുവരി 08 ഞായർ മുതൽ ഫെബ്രുവരി 14 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യംവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From February 08 February 14: ഫെബ്രുവരി 08 ഞായർ മുതൽ ഫെബ്രുവരി 14 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യംവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Rashi Phalam in Malayalam

ആദിത്യൻ മകരം കുംഭം രാശികളിൽ അവിട്ടം ഞാറ്റുവേലയിലാണ്.ചന്ദ്രൻ കൃഷ്ണപക്ഷത്തിലും. ചൊവ്വ മകരത്തിൽ തുടരുന്നു. ചൊവ്വയുടെ മൗഢ്യസ്ഥിതിക്ക് മാറ്റമില്ല. ബുധനും ശുക്രനും കുംഭത്തിലാണ്. ശനി മീനം രാശിയിലും രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും സഞ്ചരിക്കുന്നു. വ്യാഴം മിഥുനത്തിൽ വക്രഗതിയിൽ തുടരുകയാണ്. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ വാരഫലം അവതരിപ്പിക്കുന്നു.

Advertisment

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

അശ്വതി

കർമ്മരംഗത്ത് അല്പം പതിഞ്ഞ മട്ടും മെല്ലെപ്പോക്കും അനുഭവപ്പെടുന്നതാണ്. കരുതിയ കാര്യങ്ങൾ ചെയ്തുതീർക്കാൻ താമസം നേരിടും. ജോലിഭാരം കൂടാനിടയുണ്ട്. അമിതമായ ആത്മവിശ്വാസം ഒഴിവാക്കപ്പെടണം. സുഹൃത്തുക്കളുടെ കാര്യത്തിൽ കർശന നിലപാടുകൾ വേണ്ടിവന്നേക്കും. സ്വാർജ്ജിത ധനം നിക്ഷേപിക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. ഞായറും തിങ്കളും ദാമ്പത്യസുഖം ഉണ്ടാവുന്നതാണ്. ചൊവ്വയും ബുധനും കരുതലോടെ പ്രവർത്തിക്കണം. എല്ലാക്കാര്യത്തിലും. അലച്ചിലുണ്ടാവാം. വ്യാഴം മുതൽ സമ്മർദ്ദം കുറയുന്നതായിരിക്കും. ബിസിനസ്സിൽ മെച്ചം അനുഭവപ്പെടുന്നതാണ്.

ഭരണി

നക്ഷത്രാധിപനായ ശുക്രൻ്റെ മൗഢ്യം തീരുകയാൽ നവോന്മേഷം ഉണ്ടാവും.  വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നതാണ്. ഒപ്പമുള്ളവരുടെ സഹകരണം പ്രതീക്ഷിക്കാം. പ്രോജക്ടുകൾ സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചേക്കും. കുടുംബകാര്യങ്ങളിൽ ശരിയാംവണ്ണം ശ്രദ്ധിക്കാനും ജീവിത പങ്കാളിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനുമാവും. കലാരംഗത്ത് വീണ്ടും താത്പര്യമുണരും. വിദ്യാർത്ഥികളുടെ ആലസ്യം അകലും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അഷ്ടമരാശിയാകയാൽ മനോവാക്കർമ്മങ്ങളിൽ കരുതൽ വേണം.

കാർത്തിക

ഔദ്യോഗിക കൃത്യനിർവഹണത്തിൽ തടസ്സങ്ങളുണ്ടാവാം. മേലധികാരികൾ കനത്ത ചുമതലകൾ നൽകിയേക്കും. ബിസിനസ്സിൽ ലാഭം കുറയില്ല. എന്നാൽ പുതിയ ശാഖ തുടങ്ങുന്ന കാര്യം അനിശ്ചിതത്വത്തിലായേക്കും.  നിക്ഷേപങ്ങളിൽ കരുതൽ വേണ്ടതുണ്ട്. കൂട്ടുകെട്ടുകൾ ഗുണം ചെയ്തേക്കില്ല. വാഗ്വാദങ്ങളിൽ/ തർക്കങ്ങളിൽ നിന്നും മാറി നിൽക്കുക ഉചിതം. ബന്ധുക്കൾക്ക് ആവശ്യമറിഞ്ഞ് സഹായം ചെയ്യുന്നതാണ്.  പ്രണയികൾക്കിടയിൽ പിണക്കത്തിന് സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ശുഭാരംഭങ്ങൾക്ക് ഉത്തമമല്ല.

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

രോഹിണി

നക്ഷത്രാധിപന് ബലം കുറയുന്നതിനാൽ മനക്ലേശമുണ്ടാവും. ഉത്തരവാദിത്വങ്ങളിൽ അലംഭാവം വരാനിടയുണ്ട്. കൂട്ടുകച്ചവടത്തിൽ സാമാന്യമായ ലാഭം പ്രതീക്ഷിച്ചാൽ മതിയാകും.  ജനകീയ പിന്തുണ കുറയുന്നില്ലെന്നത് ആശ്വാസമേകും. അഭിമുഖത്തിൽ വിജയിക്കാൻ പരിശീലനം നേടും. പണവരവുണ്ടാവുമെങ്കിലും ചെലവും കുറയില്ല. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും ബന്ധുഭവനം സന്ദർശിക്കാനും സാധ്യതയുണ്ട്. വെള്ളി, ശനി നവാരംഭങ്ങൾക്ക് ഉചിതമല്ല. ആത്മീയതയോട് കൂടുതൽ അടുപ്പം പുലർത്തുന്നതാണ്.

മകയിരം

പുതിയതായി ആരംഭിച്ച സ്ഥാപനം പുരോഗതിയുടെ പാതയിലാവും. സാങ്കേതിക മികവ് വരുത്താൻ പ്രവർത്തനം തുടരുന്നതാണ് സംഘടനയിൽ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടാം. വാക്കും കർമ്മവും സമന്വയിക്കുക എളുപ്പമായേക്കില്ല. ഊഹക്കച്ചവടം കൊണ്ട് ചെറുനേട്ടങ്ങൾക്ക് സാധ്യത കാണുന്നു. വിദേശത്തുള്ളവർ നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കും. ഗൃഹനിർമ്മാണം തടസ്സപ്പെടില്ല. കിടപ്പ് രോഗികൾക്ക് തുടർന്നു പോരുന്ന ചികിൽസകൾ ഗുണകരമായേക്കും. വെള്ളി, ശനി ദിവസങ്ങളിൽ ദേഹക്ലേശത്തിന് സാധ്യത കാണുന്നു.

തിരുവാതിര

സ്വതസ്സിദ്ധമായ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരമുണ്ടാവും. ഔദ്യോഗികമായ തിരക്കുകളേറും. പെരുമാറ്റത്തിലെ ആർജ്ജവം സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതാണ്. വ്യാപാരികൾ ഉത്സവസാഹചര്യം പ്രയോജനപ്പെടുത്തും.  സമ്പാദ്യം ചെലവഴിക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. വസ്തു സംരക്ഷിക്കുന്നതിന് ചെലവുകളേർപ്പെടും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സാഹചര്യം ഒത്തുകിട്ടുന്നതാണ്. മക്കളുടെ ഭാവിസംബന്ധിച്ച ആലോചനകൾ മനസ്സിൽ പതിവിലുമേറും. ഞായർ, തിങ്കൾ ഗുണം കുറയാം.

Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

പുണർതം

ആരോഹാവരോഹങ്ങൾ മാറിമറിഞ്ഞു കൊണ്ടിരിക്കുകയാൽ ഉദ്വേഗവും ഉൽക്കണ്ഠയും ഉണ്ടാവും. പല കാര്യങ്ങളും വൈകിച്ചെയ്യുന്ന സ്ഥിതിവന്നേക്കാം. പുതിയ ചുമതലകൾ  കഴിയുമെങ്കിൽ തത്കാലം ഏറ്റെടുക്കാതിരിക്കുകയാണ് കരണീയം. വ്യവസായികൾക്ക് ലാഭം കുറയാം. പ്രധാന കാര്യങ്ങളിൽ തീരുമാനം ശ്രദ്ധാപൂർവ്വം കൈക്കൊള്ളേണ്ടതുണ്ട്. വരവും ചെലവും പൊരുത്തപ്പെടണമെന്നില്ല. ചെറുയാത്രകൾ ഗുണകരമാവും. കൂടിച്ചേരലുകൾ ഊർജ്ജദായകമാവും.  ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. മകൻ്റെ ജോലി സംബന്ധിച്ച് ചില ശുഭവാർത്തകളെത്തും.

പൂയം

ജോലിയിൽ മാറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാത്തിരിപ്പ് ആവശ്യമാണ്. ഭാവി കാര്യങ്ങളിൽ ശ്രദ്ധയോടെ വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. സാമ്പത്തിക സ്ഥിതി പൊതുവേ ഭദ്രമായിരിക്കും. എന്നാൽ ആഡംബര വസ്തുക്കൾ വാങ്ങാൻ പ്രേരണയുണ്ടാവും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയാനിടയുണ്ട്. ദുഃഖവാർത്തകൾ കേൾക്കാനിടവരും. ഭാര്യാഭർത്തൃബന്ധം രമ്യമാവും. വിനോദയാത്രകൾ ആസൂത്രണം ചെയ്യും. ആകസ്മികമായ ബന്ധു സന്ദർശനം സന്തോഷമേകും. ഞായർ, തിങ്കൾ ദിവസങ്ങൾക്ക് മേന്മ കുറയും.

ആയില്യം

തീരുമാനിച്ച കാര്യങ്ങളുടെ പൂർത്തീകരണത്തിനായി നെട്ടോട്ടമോടും. സംരംഭളുടെ നടത്തിപ്പിൽ അത്യദ്ധ്വാനം ആവശ്യമാവും. സാമൂഹിക കാര്യങ്ങളിൽ വ്യക്തമായ നിലപാടെടുക്കും. ഗവേഷകർക്ക് യാത്രകൾ വേണ്ടിവരുന്നതാണ്. ബന്ധുക്കളുടെ വിദ്വേഷം നിസ്സാരമാക്കും. കാര്യസാധ്യത്തിന് തദ്ദേശീയ സ്ഥാപനങ്ങളിൽ പുനർശ്രമം വേണ്ടിവരുന്നതാണ്. ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉല്പനങ്ങൾ ഇവ വാങ്ങിയേക്കാം. പ്രണയികൾ എതിർപ്പിനെ നേരിടേണ്ടി വന്നേക്കും. വാരാരംഭത്തിൽ സുഖക്കുറവ് ഉണ്ടാവുന്നതാണ്.

Read More: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: