/indian-express-malayalam/media/media_files/2025/07/26/weekly-july-2025-26-2025-07-26-13-52-46.jpg)
Weekly Rashi Phalam
Weekly Rashi Phalam: ആദിത്യൻ മകരം കുംഭം രാശികളിൽ അവിട്ടം ഞാറ്റുവേലയിലാണ്.ചന്ദ്രൻ കൃഷ്ണപക്ഷത്തിലും. ചൊവ്വ മകരത്തിൽ തുടരുന്നു. ചൊവ്വയുടെ മൗഢ്യസ്ഥിതിക്ക് മാറ്റമില്ല. ബുധനും ശുക്രനും കുംഭത്തിലാണ്. ശനി മീനം രാശിയിലും രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും സഞ്ചരിക്കുന്നു. വ്യാഴം മിഥുനത്തിൽ വക്രഗതിയിൽ തുടരുകയാണ്. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ വാരഫലം അവതരിപ്പിക്കുന്നു.
Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
അശ്വതി
കർമ്മരംഗത്ത് അല്പം പതിഞ്ഞ മട്ടും മെല്ലെപ്പോക്കും അനുഭവപ്പെടുന്നതാണ്. കരുതിയ കാര്യങ്ങൾ ചെയ്തുതീർക്കാൻ താമസം നേരിടും. ജോലിഭാരം കൂടാനിടയുണ്ട്. അമിതമായ ആത്മവിശ്വാസം ഒഴിവാക്കപ്പെടണം. സുഹൃത്തുക്കളുടെ കാര്യത്തിൽ കർശന നിലപാടുകൾ വേണ്ടിവന്നേക്കും. സ്വാർജ്ജിത ധനം നിക്ഷേപിക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. ഞായറും തിങ്കളും ദാമ്പത്യസുഖം ഉണ്ടാവുന്നതാണ്. ചൊവ്വയും ബുധനും കരുതലോടെ പ്രവർത്തിക്കണം. എല്ലാക്കാര്യത്തിലും. അലച്ചിലുണ്ടാവാം. വ്യാഴം മുതൽ സമ്മർദ്ദം കുറയുന്നതായിരിക്കും. ബിസിനസ്സിൽ മെച്ചം അനുഭവപ്പെടുന്നതാണ്.
ഭരണി
നക്ഷത്രാധിപനായ ശുക്രൻ്റെ മൗഢ്യം തീരുകയാൽ നവോന്മേഷം ഉണ്ടാവും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നതാണ്. ഒപ്പമുള്ളവരുടെ സഹകരണം പ്രതീക്ഷിക്കാം. പ്രോജക്ടുകൾ സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചേക്കും. കുടുംബകാര്യങ്ങളിൽ ശരിയാംവണ്ണം ശ്രദ്ധിക്കാനും ജീവിത പങ്കാളിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനുമാവും. കലാരംഗത്ത് വീണ്ടും താത്പര്യമുണരും. വിദ്യാർത്ഥികളുടെ ആലസ്യം അകലും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അഷ്ടമരാശിയാകയാൽ മനോവാക്കർമ്മങ്ങളിൽ കരുതൽ വേണം.
കാർത്തിക
ഔദ്യോഗിക കൃത്യനിർവഹണത്തിൽ തടസ്സങ്ങളുണ്ടാവാം. മേലധികാരികൾ കനത്ത ചുമതലകൾ നൽകിയേക്കും. ബിസിനസ്സിൽ ലാഭം കുറയില്ല. എന്നാൽ പുതിയ ശാഖ തുടങ്ങുന്ന കാര്യം അനിശ്ചിതത്വത്തിലായേക്കും. നിക്ഷേപങ്ങളിൽ കരുതൽ വേണ്ടതുണ്ട്. കൂട്ടുകെട്ടുകൾ ഗുണം ചെയ്തേക്കില്ല. വാഗ്വാദങ്ങളിൽ/ തർക്കങ്ങളിൽ നിന്നും മാറി നിൽക്കുക ഉചിതം. ബന്ധുക്കൾക്ക് ആവശ്യമറിഞ്ഞ് സഹായം ചെയ്യുന്നതാണ്. പ്രണയികൾക്കിടയിൽ പിണക്കത്തിന് സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ശുഭാരംഭങ്ങൾക്ക് ഉത്തമമല്ല.
രോഹിണി
നക്ഷത്രാധിപന് ബലം കുറയുന്നതിനാൽ മനക്ലേശമുണ്ടാവും. ഉത്തരവാദിത്വങ്ങളിൽ അലംഭാവം വരാനിടയുണ്ട്. കൂട്ടുകച്ചവടത്തിൽ സാമാന്യമായ ലാഭം പ്രതീക്ഷിച്ചാൽ മതിയാകും. ജനകീയ പിന്തുണ കുറയുന്നില്ലെന്നത് ആശ്വാസമേകും. അഭിമുഖത്തിൽ വിജയിക്കാൻ പരിശീലനം നേടും. പണവരവുണ്ടാവുമെങ്കിലും ചെലവും കുറയില്ല. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും ബന്ധുഭവനം സന്ദർശിക്കാനും സാധ്യതയുണ്ട്. വെള്ളി, ശനി നവാരംഭങ്ങൾക്ക് ഉചിതമല്ല. ആത്മീയതയോട് കൂടുതൽ അടുപ്പം പുലർത്തുന്നതാണ്.
മകയിരം
പുതിയതായി ആരംഭിച്ച സ്ഥാപനം പുരോഗതിയുടെ പാതയിലാവും. സാങ്കേതിക മികവ് വരുത്താൻ പ്രവർത്തനം തുടരുന്നതാണ് സംഘടനയിൽ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടാം. വാക്കും കർമ്മവും സമന്വയിക്കുക എളുപ്പമായേക്കില്ല. ഊഹക്കച്ചവടം കൊണ്ട് ചെറുനേട്ടങ്ങൾക്ക് സാധ്യത കാണുന്നു. വിദേശത്തുള്ളവർ നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കും. ഗൃഹനിർമ്മാണം തടസ്സപ്പെടില്ല. കിടപ്പ് രോഗികൾക്ക് തുടർന്നു പോരുന്ന ചികിൽസകൾ ഗുണകരമായേക്കും. വെള്ളി, ശനി ദിവസങ്ങളിൽ ദേഹക്ലേശത്തിന് സാധ്യത കാണുന്നു.
തിരുവാതിര
സ്വതസ്സിദ്ധമായ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരമുണ്ടാവും. ഔദ്യോഗികമായ തിരക്കുകളേറും. പെരുമാറ്റത്തിലെ ആർജ്ജവം സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതാണ്. വ്യാപാരികൾ ഉത്സവസാഹചര്യം പ്രയോജനപ്പെടുത്തും. സമ്പാദ്യം ചെലവഴിക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. വസ്തു സംരക്ഷിക്കുന്നതിന് ചെലവുകളേർപ്പെടും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സാഹചര്യം ഒത്തുകിട്ടുന്നതാണ്. മക്കളുടെ ഭാവിസംബന്ധിച്ച ആലോചനകൾ മനസ്സിൽ പതിവിലുമേറും. ഞായർ, തിങ്കൾ ഗുണം കുറയാം.
പുണർതം
ആരോഹാവരോഹങ്ങൾ മാറിമറിഞ്ഞു കൊണ്ടിരിക്കുകയാൽ ഉദ്വേഗവും ഉൽക്കണ്ഠയും ഉണ്ടാവും. പല കാര്യങ്ങളും വൈകിച്ചെയ്യുന്ന സ്ഥിതിവന്നേക്കാം. പുതിയ ചുമതലകൾ കഴിയുമെങ്കിൽ തത്കാലം ഏറ്റെടുക്കാതിരിക്കുകയാണ് കരണീയം. വ്യവസായികൾക്ക് ലാഭം കുറയാം. പ്രധാന കാര്യങ്ങളിൽ തീരുമാനം ശ്രദ്ധാപൂർവ്വം കൈക്കൊള്ളേണ്ടതുണ്ട്. വരവും ചെലവും പൊരുത്തപ്പെടണമെന്നില്ല. ചെറുയാത്രകൾ ഗുണകരമാവും. കൂടിച്ചേരലുകൾ ഊർജ്ജദായകമാവും. ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. മകൻ്റെ ജോലി സംബന്ധിച്ച് ചില ശുഭവാർത്തകളെത്തും.
പൂയം
ജോലിയിൽ മാറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാത്തിരിപ്പ് ആവശ്യമാണ്. ഭാവി കാര്യങ്ങളിൽ ശ്രദ്ധയോടെ വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. സാമ്പത്തിക സ്ഥിതി പൊതുവേ ഭദ്രമായിരിക്കും. എന്നാൽ ആഡംബര വസ്തുക്കൾ വാങ്ങാൻ പ്രേരണയുണ്ടാവും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയാനിടയുണ്ട്. ദുഃഖവാർത്തകൾ കേൾക്കാനിടവരും. ഭാര്യാഭർത്തൃബന്ധം രമ്യമാവും. വിനോദയാത്രകൾ ആസൂത്രണം ചെയ്യും. ആകസ്മികമായ ബന്ധു സന്ദർശനം സന്തോഷമേകും. ഞായർ, തിങ്കൾ ദിവസങ്ങൾക്ക് മേന്മ കുറയും.
ആയില്യം
തീരുമാനിച്ച കാര്യങ്ങളുടെ പൂർത്തീകരണത്തിനായി നെട്ടോട്ടമോടും. സംരംഭളുടെ നടത്തിപ്പിൽ അത്യദ്ധ്വാനം ആവശ്യമാവും. സാമൂഹിക കാര്യങ്ങളിൽ വ്യക്തമായ നിലപാടെടുക്കും. ഗവേഷകർക്ക് യാത്രകൾ വേണ്ടിവരുന്നതാണ്. ബന്ധുക്കളുടെ വിദ്വേഷം നിസ്സാരമാക്കും. കാര്യസാധ്യത്തിന് തദ്ദേശീയ സ്ഥാപനങ്ങളിൽ പുനർശ്രമം വേണ്ടിവരുന്നതാണ്. ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉല്പനങ്ങൾ ഇവ വാങ്ങിയേക്കാം. പ്രണയികൾ എതിർപ്പിനെ നേരിടേണ്ടി വന്നേക്കും. വാരാരംഭത്തിൽ സുഖക്കുറവ് ഉണ്ടാവുന്നതാണ്.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു
മകം
ഉത്സാഹവും ഉന്മേഷവും നിറഞ്ഞ തുടക്കം കിട്ടും. ശുഭവാർത്തകൾ കേൾക്കും. ജോലിത്തിരക്കേറുമെങ്കിലും അതിൽ സന്തോഷം കണ്ടെത്തുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം കുറയില്ല. ആത്മാർത്ഥത അഭിനന്ദിക്കപ്പെടുന്നതാണ്. സ്വന്തം ബിസിനസ്സിലേർപ്പെട്ടവർക്ക് വായ്പ ലഭിക്കാനിടയുണ്ട്. സ്ഥാപനത്തിൻ്റെ വിപുലീകരണത്തിന് തുടക്കമിടാനായേക്കും. കുടുംബകാര്യങ്ങൾ ഭംഗിയായി നടന്നുകിട്ടും. ബന്ധുവിൻ്റെ കല്യാണത്തിന് സജീവ പങ്കാളിത്തം വഹിക്കുന്നതാണ്. ആഢംബരച്ചെലവുകൾ കുറയ്ക്കുന്നത് നന്നായിരിക്കും.
പൂരം
കർമ്മരംഗത്തെ അലട്ടിയിരുന്ന കാര്യങ്ങൾ നീങ്ങി, ഉണർവ്വുണ്ടാവുന്നതാണ്. തീരുമാനങ്ങൾ ഭംഗിയായി പ്രാവർത്തികമാക്കും. ഒപ്പമുള്ളവർക്ക് മാർഗ്ഗദർശിയാവും. ദൂരദേശത്ത് കഴിയുന്ന ബന്ധുവിനെ/സുഹൃത്തിനെ കാണാനവസരം ലഭിക്കും. പുണ്യക്ഷേത്ര ദർശനം/ സമർപ്പണങ്ങൾ നടത്താം. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കുന്നതാണ്. സാമ്പത്തിക ഇടപാടുകളിൽ കരുതൽ വേണ്ടതുണ്ട്. ഭൂമിയിൽ നിന്നും ആദായം വന്നെത്തും. രോഗക്ലേശിതർക്ക് ആശ്വാസമനുഭവപ്പെടുന്നതാണ്.
ഉത്രം
കർമ്മമേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കും. കഴിവുകൾ അംഗീകരിക്കപ്പെടുന്നതാണ്. നിർദ്ദേശങ്ങൾക്ക് മേലധികാരികളുടെ സ്വീകരണം ലഭിക്കും. തൊഴിൽ തേടുന്നവർക്ക് ആശാവഹമായ കാലമാണ്. അർഹതയ്ക്കൊത്ത അവസരങ്ങൾ തേടിവരുന്നതാണ്. വസ്തുവിൽപ്പനയിലെ തടസ്സം നീങ്ങാം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകും. ചില ബന്ധങ്ങൾ കൂടുതൽ ദൃഢമായേക്കും. സംഘടനയിലെ പ്രവർത്തനം കൊണ്ട് എന്തുനേടി എന്ന് സ്വയം ചോദിക്കാനിടയുണ്ട്. ജീവിതശൈലീ രോഗങ്ങൾ ഇടയ്ക്ക് ക്ലേശിപ്പിക്കും. ഔഷധസേവയിൽ അലംഭാവമരുത്.
അത്തം
പ്രവർത്തന രംഗത്ത് സ്വാതന്ത്ര്യം കുറയും. ജോലിഭാരം കൂടുന്നതാണ്. തീരുമാനിച്ചതിൽ നിന്നും വ്യതിചലിക്കേണ്ടി വരുന്നതായിരിക്കും. ഒപ്പമുള്ളവരുടെ ചുമതലകൾ കൂടി താത്കാലികമായി ചെയ്യേണ്ടിവരും. ദൈനന്ദിന കാര്യങ്ങളുടെ സമയം കൃത്യമാവില്ല. പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. സാമ്പത്തികമായി സമ്മർദ്ദമുണ്ടാവില്ല. ബന്ധുസമാഗമം സന്തോഷമേകും. പുതിയ കാര്യങ്ങൾ തുടങ്ങാൻ കൂടുതൽ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിയും. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. സാഹിത്യരംഗത്ത് പുഷ്കലത പ്രതീക്ഷിക്കാം.
ചിത്തിര
സമ്മിശ്ര ഭാവങ്ങൾ നിറയുകയാൽ ആഹ്ളാദിക്കാൻ കഴിയുന്നപോലെ അകാരണമായി സന്തപിക്കുകയും ചെയ്യും. തുടങ്ങിയ പുതുകാര്യങ്ങൾ ബാലാരിഷ്ടകളെ മറികടന്നേക്കും. വസ്തുവിൽപ്പനയിൽ ലാഭം വന്നെത്തുന്നതാണ്. മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കണമെന്നില്ല. മുഖം നോക്കാതെ അഭിപ്രായം പറയുന്നതിനാൽ ശത്രുക്കൾ കൂടാം. കലാരംഗത്ത് ശോഭിക്കാൻ അവസരങ്ങളുണ്ടാവും. ദുഃഖവാർത്തകൾ കേൾക്കും. സുഹൃത്തുക്കളുടെ കാര്യത്തിൽ അയഞ്ഞ സമീപനം സ്വീകരിക്കുന്നത് വിമർശിക്കപ്പെടാം.
ചോതി
കൃത്യമായ കരുനീക്കങ്ങൾ നടത്താൻ കഴിയുകയാൽ വിജയിക്കാനാവും. പ്രവർത്തനങ്ങൾക്ക് സമൂഹത്തിൻ്റെ പിൻതുണ ലഭിക്കുന്നതാണ്. കടബാധ്യതകൾ പരിഹരിക്കാനുള്ള ശ്രമം തുടരും. പുതിയ ജോലിയുമായി പൊരുത്തപ്പെടുന്നതാണ്. സഹോദരരുടെ പ്രശ്നങ്ങൾക്ക് പോംവഴി നിർദ്ദേശിക്കും. കുടുംബത്തോടൊപ്പമുള്ള തീർത്ഥാടനത്തിന് ആസൂത്രണം നടത്തുന്നതാണ്. ബിസിനസ്സ് വിപുലീകരണ ശ്രമങ്ങൾക്ക് കാര്യമായ പുരോഗതി ഉണ്ടായേക്കില്ല. ചൊവ്വ, ബുധൻ സമ്മർദ്ദങ്ങളുണ്ടാവും.
വിശാഖം
വിശ്വസിക്കുന്ന കാര്യങ്ങളിൽ, പ്രതിബന്ധങ്ങളുണ്ടായാലും ഉറച്ചുനിൽക്കും. കൂട്ടുകച്ചവടത്തിൽ ലാഭം കുറയുന്നത് അലോസരപ്പെടുത്താം. ഉദ്യോഗസ്ഥർക്ക് ഉന്നതാധികാരികളുടെ പ്രോൽസാഹനം കിട്ടും. മകൻ്റെ പഠനത്തിൽ കൂടുതൽ ജാഗ്രത ചെലുത്തേണ്ടി വന്നേക്കും. വായ്പക്കുള്ള അപേക്ഷ പരിഗണിക്കപ്പെടാം. സുഹൃത്തുക്കൾ തമ്മിലുള്ള കലഹം ഒത്തുതീർക്കാൻ ശ്രമിച്ച് വിജയിക്കും. വിദേശത്തു കഴിയുന്നവർ നാട്ടിലേക്ക് യാത്ര ആസൂത്രണം ചെയ്യും. ഗൃഹനവീകരണം പൂർത്തിയാവും.
അനിഴം
ആരംഭിച്ച കാര്യങ്ങൾക്ക് വാരാദ്യ ദിവസങ്ങളിൽ തടസ്സം വരാം. പുനർശ്രമങ്ങൾ ആവശ്യമാണ്. ചെലവധികരിക്കുവാനിടയുണ്ട്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഔദ്യോഗിക കൃത്യങ്ങളിൽ ശോഭിക്കും. ഉന്നതാധികാരികളുമായി ചർച്ചയിലേർപ്പെടും. ക്ഷേത്രസന്ദർശനം, അനുഷ്ഠാനങ്ങൾ എന്നിവ സാധ്യമാവുന്നതാണ്. സുഖഭക്ഷണം, വിശ്രമം ഇവയുണ്ടാവും. വെള്ളിയും ശനിയും സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാം. ദേഹക്ഷീണമനുഭവപ്പെടുന്നതാണ്. ഓർമ്മകൾ അയവിറക്കാൻ സാഹചര്യമുണ്ടാവും.
തൃക്കേട്ട
നക്ഷത്രാധിപനായ ബുധന് മൗഢ്യമില്ലാത്ത കാലമാകയാൽ ബുദ്ധിയുണർന്ന് പ്രവർത്തിക്കുന്നതായിരിക്കും. ലക്ഷ്യബോധം കൈമോശം വരില്ല. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നതാണ്. പഠനത്തിന് കൂടുതൽ സമയം നീക്കിവെക്കുവാനാവും. ആശയവിനിമയം അഭിനന്ദനമർഹിക്കും. സാഹിത്യരംഗത്ത് അനുഭവപ്പെട്ടിരുന്ന മുരടിപ്പ് മാറിക്കിട്ടും. ബന്ധുക്കളെ സന്ദർശിക്കും. സഹായ വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കുന്നതാണ്. വ്യാപാരത്തിലെ പരീക്ഷണങ്ങൾ വിജയിക്കുന്നതിൻ്റെ സൂചന കിട്ടും. ദാമ്പത്യത്തിൽ സ്വാസ്ഥ്യം പുലരുന്നതാണ്.
Also Read: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ
മൂലം
വാക്കുകൾക്കും നിർദ്ദേശങ്ങൾക്കും ഔദ്യോഗിക മേഖലയിൽ സ്വീകാര്യതയുണ്ടാവും. തൊഴിലിടത്തിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കും.വ്യാപാരം പുഷ്ടിപ്പെടാവുന്ന സാഹചര്യമാണുള്ളത്. കരാർ ജോലികൾ പുതുക്കിക്കിട്ടുന്നതാണ്. അഭിമുഖത്തിൽ കഴിവ് കാട്ടാനാവും. ഉത്സവത്തിൽ പങ്കെടുക്കാൻ ജന്മനാട്ടിലേക്ക് പോകും. സ്ത്രീകളുടെ സഹായം പ്രതീക്ഷിക്കാം. സഹോദരൻ്റെ ജോലിക്കാര്യത്തിൽ രാഷ്ട്രീയ ശുപാർശ നേടിയെടുക്കും. സഹപ്രവർത്തകരുടെ തർക്കത്തിൽ ഇടപെടരുത്. ഗൃഹത്തിൽ സ്വൈരം കുറയാനിടയുണ്ട്.
പൂരാടം
പഠിച്ച കാര്യങ്ങൾ പ്രായോഗികമാക്കാനാവും. പിരിമുറുക്കങ്ങൾക്ക് അയവുണ്ടായിത്തുടങ്ങും. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തിയാക്കുവാൻ കഴിയും. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭസൂചന കിട്ടും. ഉല്പന്നങ്ങൾക്ക് വിപണിയിൽ സ്വീകാര്യതയേറും. വായ്പയുടെ തിരിച്ചടവ് സുഗമമാവുന്നതാണ്. സാങ്കേതികമായ അറിവുകൾ മനസ്സിലാക്കാൻ ശ്രമിക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാവും. ചെറുയാത്രകൾ നേട്ടങ്ങളുണ്ടാക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അലച്ചിൽ വരാം.
ഉത്രാടം
ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നതാണ്. കാര്യസാധ്യത്തിന് കുറുക്കുവഴികൾ സ്വീകരിച്ചെന്നു വരാം. വാക്തർക്കങ്ങളിൽ ഏർപ്പെടരുത്. ഉന്നതാധികാരികളുടെ പിന്തുണ ലഭിച്ചേക്കാം. കച്ചവടത്തിൽ വരവ് കുറയുന്നതാണ്. തൊഴിൽ മാറ്റത്തിന് തത്കാലം മുതിരരുത്. നിത്യവ്യായാമങ്ങളിൽ നിന്നും പിന്മാറുക ഉചിതമല്ല. ആഡംബരച്ചെലവുകൾ കൂടാനിടയുണ്ട്. ദമ്പതികൾ പരസ്പരം പഴിചാരാനിടയുണ്ട്. ഉപരിപഠന കാര്യത്തിൽ ചില ആശങ്കകൾ ഉയരാം. മംഗളകർമ്മങ്ങൾക്ക് മുന്നിട്ടിറങ്ങും. സൽപ്പേര് ഉയരുന്നതാണ്.
തിരുവോണം
ജന്മനക്ഷത്രത്തിൽ നിന്നും ആദിത്യനും മറ്റു ഗ്രഹങ്ങളും മാറുന്നതിനാൽ സമ്മർദ്ദം അല്പാല്പമായി കുറഞ്ഞുതുടങ്ങും. വാക്കുകൾ മധുരമായും പരുഷമായും തീരാവുന്ന സാഹചര്യമുണ്ട്. പകരക്കാരുടെ മേൽ ഒരു കണ്ണ് ഉണ്ടായിരിക്കണം. പങ്കുകച്ചവടം വിപുലീകരിക്കാൻ തീരുമാനിക്കും. കുടുംബ ബന്ധങ്ങൾ വിട്ടുവീഴ്ചയിലൂടെ ദൃഢമാവും. ധനവരവ് കരുതിയതിലും കൂടുന്നതാണ്. രാഷ്ട്രീയ മത്സരങ്ങൾക്ക് സന്നദ്ധരാവും. രോഗികൾക്ക് ആശ്വാസകാലമായിരിക്കും. പതിവ് ആരോഗ്യ പരിശോധനകളിൽ അലംഭാവമരുത്.
അവിട്ടം
അപ്രസക്ത കാര്യങ്ങൾ മനസ്സിനെ മഥിക്കാം. തീരുമാനങ്ങൾ എടുക്കുന്നത് വീണ്ടും ആലോചിച്ചിട്ടാവുന്നത് നന്ന്. സുഹൃത്ബന്ധം പുഷ്ടിപ്പെടുന്നതാണ്. പഴയ കാര്യങ്ങൾ മനസ്സിൽ തെളിയും. ഒപ്പമുള്ളവരുടെ ആത്മാർത്ഥതയില്ലായ്മ വ്യസനിപ്പിക്കാം. പണം മുടക്കി പുതിയ സംരംഭങ്ങൾ തുടങ്ങുന്നത് ഇപ്പോൾ ഒഴിവാക്കണം. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്താൽ ശോഭിക്കാൻ സാധിക്കും. പ്രണയം പുഷ്കലമാവും. ഭോഗസുഖമനുഭവിക്കും. അറ്റകുറ്റപ്പണി നീളുന്നതിൽ ആകുലരായേക്കും. ആത്മീയ സാധനകൾക്ക് നേരം കിട്ടാനിടയില്ല.
ചതയം
തീരുമാനങ്ങളും പ്രവർത്തനങ്ങളും ശരിയാണോ, വാക്കും കർമ്മവും പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നന്നായിരിക്കും. ആലസ്യമുണ്ടാവും. പലതും പിന്നീടത്തേക്ക് നീട്ടിവെക്കുകയാൽ മേലധികാരികൾ കയർത്തേക്കും. അല്പലാഭങ്ങൾ പ്രതീക്ഷിക്കാം. കമ്മീഷൻ വ്യാപാരം മുന്നേറുന്നതാണ്. വിദ്യാർത്ഥികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ കാട്ടേണ്ടതുണ്ട്. പ്രണയികൾക്ക് സന്തോഷിക്കാനാവും. രോഗികൾക്ക് പാരമ്പര്യ ചികിൽസയിലൂടെ തെല്ല് ആശ്വാസം ലഭിക്കാം. സ്ത്രീസൗഹൃദം ആശ്വാസമാകും.
പൂരൂരുട്ടാതി
പൂർവീക സ്വത്ത് സംബന്ധിച്ച തർക്കങ്ങൾ ഉടലെടുക്കാം. ദൂരദിക്കിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം വൈകുന്നതായിരിക്കും. യാത്രകൾ വേണ്ടത്ര പ്രയോജനം ചെയ്യില്ല. അധികാരികളെ പ്രകോപിപ്പിക്കുന്ന സമീപനം പ്രശ്നങ്ങൾക്ക് കാരണമാകാം. ഉപജാപങ്ങളെ തിരിച്ചറിയും. രാഷ്ട്രീയ ഭാവിയിൽ ഉത്കണ്ഠയുണ്ടാവാനിടയുണ്ട്. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധയുണ്ടാവണം. കൃഷികാര്യങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം വരാം.
ഉത്രട്ടാതി
പ്രായേണ അനുകൂല വാരമാണ്. എന്നാൽ തുടക്കത്തിലെ ദിവസങ്ങളിൽ കരുതൽ വേണ്ടതുണ്ട്. മുൻപ് പരിശ്രമിച്ചിട്ടും നടക്കാതെ പോയ കാര്യങ്ങൾ പ്രാവർത്തികമാക്കും. അധികാരികളിൽ നിന്നും അനുകൂലത പ്രതീക്ഷിക്കാം. പ്രോജക്ടുകൾക്ക് അംഗീകാരം ലഭിക്കുന്നതാണ്. മുഷിഞ്ഞ് ജോലി ചെയ്യുന്ന ശീലം അഭിനന്ദിക്കപ്പെടും. നിക്ഷേപങ്ങളിൽ നിന്നും ആദായം കിട്ടിത്തുടങ്ങുന്നതാണ്. ഗൃഹനവീകരണം നീണ്ടുപോയേക്കാം. കുടുംബത്തിനൊപ്പം യാത്രകൾ ആസൂത്രണം ചെയ്യും. പുതുതലമുറയുമായി നേരം ചെലവഴിക്കുന്നതിൽ സംതൃപ്തി വരും.
രേവതി
കൈക്കൊണ്ട തീരുമാനങ്ങളിൽ ഉറച്ചുനിൽക്കും. അലോസരങ്ങളോ ഭീഷണികളോ ഉണ്ടാവുമെങ്കിലും പിൻതിരിയില്ല. സഹപ്രവർത്തകരുടെ ചുമതലകൾ കൂടി നിർവഹിക്കേണ്ടി വരുന്നതാണ്. നിലവിലെ വാഹനം മോടിപിടിപ്പിക്കും. ബന്ധുഭവന സന്ദർശനത്തിന് അവസരമുണ്ടാവും. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കാൻ മറക്കരുത്. സ്വാശ്രയ ബിസിനസ്സിൽ അധികം പണം മുടക്കാൻ ഇത് ഉചിത സന്ദർഭമല്ല. പിതാവിൻ്റെ ആരോഗ്യനില തൃപ്തികരമാവില്ല. ഞായർ, തിങ്കൾ ശുഭാരംഭങ്ങളരുത്.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us