/indian-express-malayalam/media/media_files/2025/09/13/weekly-horoscope-2025-09-13-14-14-42.jpg)
Weekly Horoscope
Astrology: ആദിത്യൻ മകരം രാശിയിൽ തിരുവോണം -അവിട്ടം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ഫെബ്രുവരി ഒന്നിനാണ് മകര പൗർണമി. ഫെബ്രുവരി 2 ന് കൃഷ്ണപക്ഷം തുടങ്ങും. ചൊവ്വ ഉച്ചത്തിൽ മകര രാശിയിൽ, മൗഢ്യാവസ്ഥയിൽ തുടരുന്നു. ബുധനും ശുക്രനും മകരത്തിലാണ് വാരാദ്യം. 3 ന് ബുധനും, 5 ന് ശുക്രനും കുംഭം രാശിയിൽ പ്രവേശിക്കും. ഇരുഗ്രഹങ്ങൾക്കും ഈയാഴ്ച മൗഢ്യം തീരുന്നുമുണ്ട്.
വ്യാഴം വക്രഗതിയിൽ മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. ശനി മീനം രാശിയിലാണ്. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും പിൻഗതി തുടരുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള എല്ലാ നാളുകളിലും ജനിച്ചവരുടെ വാരഫലം ഇവിടെ വിശദീകരിക്കുന്നു.
Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
അശ്വതി
സാമാന്യം ഉന്മേഷകരമായ വാരമാണ്. പ്രവർത്തനങ്ങളിൽ തുടർച്ചയുണ്ടാവും. കൂടുതൽ ആലോചിക്കാതെ കർമ്മനിരതരാവും. വ്യാപാര വ്യവസായങ്ങളിൽ വളർച്ച കൂടുന്നതായിരിക്കും. സുഹൃത്തുക്കൾക്കായി കുറെ കാര്യങ്ങൾ ചെയ്യുന്നതാണ്. അവയുടെ ഫലം ചിലപ്പോൾ പ്രതീക്ഷിച്ച പോലെ ആവണമെന്നില്ല. ഗാർഹികാന്തരീക്ഷം മെച്ചപ്പെടാനിടയുണ്ട്. പല കാര്യങ്ങളിലും 'തൊട്ടു, തൊട്ടില്ല' എന്ന മനോഭാവം പുലർത്തിയേക്കാം. സാമ്പത്തിക അച്ചടക്കം പുലർത്തേണ്ട കാലം കൂടിയാണ്. വാരമധ്യ ദിവസങ്ങളിൽ ഉറക്കക്കുറവ് അനുഭവപ്പെടുന്നതാണ്.
ഭരണി
യാത്രകൾ സഫലമാവും. ലക്ഷ്യം നേടാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടാവും. പുതുപരിചയങ്ങൾ സന്തോഷിപ്പിക്കും. കർമ്മരംഗത്ത് പ്രോൽസാഹനം ലഭിക്കുന്നതാണ്. സഹജ സിദ്ധികൾ കൊണ്ട് കാര്യനിർവഹണം ഭംഗിയാക്കാനാവും. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാൻ മുന്നോട്ടുവരും. പലതും ചെയ്യാനുണ്ടെന്ന ഉത്സാഹം വളരും. കലാരംഗത്തെ ശുഷ്കത നീങ്ങി സക്രിയത വന്നെത്തുന്നതാണ്. പ്രണയ ജീവിതം ശാന്തമായൊഴുകും. വാരാന്ത്യ ദിവസങ്ങൾ കൂടുതൽ ഗുണകരമാവുന്നതാണ്.
കാർത്തിക
തൊഴിലിടത്തിൽ സമാധാനമുണ്ടാവുന്നതാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ടുവരും. വ്യക്തമായ കാഴ്ചപ്പാടോടുകൂടി ആലോചനായോഗങ്ങളിൽ അഭിപ്രായം പറയും. സംരംഭകർക്ക് വായ്പാസഹായം ലഭിക്കും. വിദ്യാർത്ഥികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ സവിശേഷ ശ്രദ്ധ ആവശ്യമായ ഘട്ടമാണ്. ധനവരവ് തൃപ്തികരമായിരിക്കും. ചെലവിൽ നിയന്ത്രണം വേണം. എതിർക്കുന്നവരെ തമസ്കരിക്കുവാ നാവും. ഉത്സവങ്ങളിൽ പങ്കെടുക്കുവാൻ സന്ദർഭം സംജാതമാകും.
രോഹിണി
സത്കാര്യങ്ങൾക്ക് നേതൃത്വം വഹിക്കാനാവും. ആത്മസംതൃപ്തിയുള്ള കാര്യങ്ങൾ നിർവഹണത്തിലെത്തിക്കും. സഭകളിൽ ശോഭിക്കുവാൻ അവസരം പിറക്കുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായിത്തീരും. പുതിയ പരിചയങ്ങൾ ഉണ്ടാവും. അവ ഭാവിയിൽ പ്രയോജനപ്രദമാവാം. കൊടുക്കൽ വാങ്ങലുകളിൽ ശ്രദ്ധ പുലർത്തണം. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യാം. ഗൃഹം മോടി പിടിപ്പിക്കുവാൻ തീരുമാനിക്കും. പുതുതലമുറയുടെ ചിന്തകളോടും വാക്കുകളോടും പൊരുത്തപ്പെടാൻ വിഷമിക്കുന്നതാണ്. ചൊവ്വ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയാം.
മകയിരം
അന്തർമുഖത്വത്തിൽ നിന്നും സ്വയം പുറത്തുവരും. സാമൂഹിക കാര്യങ്ങൾ ശ്രദ്ധിക്കുകയും അഭിപ്രായം പറയുകയും ചെയ്യും. ഉപജാപം നടത്തുന്നവരെ തിരിച്ചറിയുവാനാവും. നവാരംഭങ്ങളിൽ നിന്നും ആദായം കിട്ടിത്തുടങ്ങുന്നതാണ്. ഊഹക്കച്ചവടം ലാഭകരമാവും. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾക്ക് വ്യക്തമായ പോംവഴി നിർദ്ദേശിക്കും. ആശുപത്രീവാസം അവസാനിച്ചേക്കാം. എങ്കിലും ആരോഗ്യസംരക്ഷണത്തിൽ അലംഭാവമരുത്. ചർച്ചകളിൽ ഒറ്റപ്പെടുന്നതായി തോന്നാം. ആദ്ധ്യാത്മിക കാര്യങ്ങളിൽ താത്പര്യം കുറയില്ല.
തിരുവാതിര
പല കാര്യങ്ങളിലും സ്വതന്ത്ര തീരുമാനം എടുക്കാൻ കഴിഞ്ഞേക്കില്ല, മനസ്സ് കാരണമില്ലാതെ ചഞ്ചലമായിക്കൊണ്ടിരിക്കും. ജോലി തേടുന്നവർക്ക് കരാർ പണികളാവും കിട്ടുന്നത്. സാങ്കേതിക കോഴ്സുകളിൽ ചേരാനും താത്പര്യം കാണിക്കും. മേലധികാരികളെ ഉപദേശിച്ച് അബദ്ധത്തിലാവുന്നതിന് സാധ്യതയുണ്ട്. അയൽ തർക്കങ്ങൾ ഒഴിവാക്കുക കരണീയം. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിർവഹിക്കും. മകളുടെ ജോലിസ്ഥലത്ത് പോയി കുറച്ചുനാൾ താമസിക്കേണ്ടി വരുന്നതാണ്.
പുണർതം
വ്യാഴം ജന്മനക്ഷത്രത്തിൽ വക്രഗതി തുടരുകയാൽ നടപ്പിലാക്കാൻ തീരുമാനിച്ച കാര്യങ്ങൾക്ക് ഗതിവേഗം ഉണ്ടാവില്ല. പലപ്പോഴും സന്ദിഗ്ദ്ധത തുടരും. ചന്ദ്രഗതി രണ്ടാം നക്ഷത്രം മുതലാകയാൽ സാമ്പത്തികാനുകൂല്യം പ്രതീക്ഷിക്കാം. വാക്കുകൾക്ക് ഒപ്പമുള്ളവരുടെ ഇടയിൽ സ്വീകാര്യത ലഭിക്കും. കുടുംബസൗഖ്യം ഉണ്ടാവുന്നതാണ്. ബിസിനസ്സ് യാത്രകൾ പ്രയോജനപ്പെടാം. മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തടസ്സം വരാം.
പൂയം
ചന്ദ്രസഞ്ചാരം ഈയാഴ്ച ജന്മനക്ഷത്രത്തിൽ നിന്നുമാണ് തുടങ്ങുന്നത്. ന്യായമായ കാര്യങ്ങൾ നടന്നുകിട്ടാം. കർമ്മരംഗത്ത് സൗഹൃദാന്തരീക്ഷം നിലനിർത്താനാവും. വാഗ്ദാനങ്ങൾ പാലിക്കുവാൻ ക്ലേശിക്കും. എന്നാൽ കൈവായ്പ മടക്കിക്കൊടുക്കും. സഹോദരരുടെ ജോലിക്കാര്യത്തിന് ശുപാർശക്കായി ശ്രമിക്കുന്നതാണ്. രോഗികൾക്ക് തുടർചികിൽസ വേണ്ടിവന്നേക്കാം. കുടുംബ ക്ഷേത്രത്തിലെ വാർഷികോത്സവത്തിന് മുൻകൈയെടുക്കും. ചെറുയാത്രകൾ വർദ്ധിക്കുന്നതാണ്. ഉറക്കക്കുറവ് അനുഭവപ്പെടും.
ആയില്യം
ആദർശം പറയുമെങ്കിലും പ്രായോഗികതയ്ക്കാവും മുൻതൂക്കം. ഓഫീസ് കാര്യങ്ങളിൽ കൃത്യത പുലർത്തും. മിതവ്യയത്തിൽ നിന്നും വ്യതിചലിക്കേണ്ടി വരുന്നതാണ്. ബന്ധുക്കളെ സഹായിക്കുവാൻ സന്നദ്ധത കാട്ടും. രോഗീപരിചരണത്തിന് നേരം കണ്ടെത്തുന്നതാണ്. വിദേശപഠന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് അവ്യക്തതയുണ്ടാവും. രോഗികൾക്ക് പൂർണമായും സമാശ്വാസ കാലമാണെന്ന് പറയുക വയ്യ. നിലപാടുകളിൽ നിന്നും ചാഞ്ചാടുകയില്ല. വരവുചെലവുകൾ സൂക്ഷിക്കേണ്ടതുണ്ട്.
Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകം
ചില കാര്യങ്ങൾ വേഗം പ്രാവർത്തികമാക്കും. പരിശ്രമം കൊണ്ടുവേണം ചിലതു നേടാൻ. പറഞ്ഞ വാക്ക് പാലിക്കുവാൻ സാധിക്കുന്നതാണ്. എതിർപ്പുകളെ മറികടക്കാനാവും. കച്ചവടം നടത്തുന്നവർക്ക് വിപണിയിൽ സുഗമത വന്നെത്തും. പഴയ കാര്യങ്ങൾ ഓർമ്മിക്കാൻ സാഹചര്യം സംജാതമാകുന്നതാണ്. മേലധികാരികൾ പ്രോൽസാഹന നയം കൈക്കൊള്ളണമെന്നില്ല. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്. കുടുംബ സമേതം ലഘുയാത്രകൾ ഉണ്ടാവും. തിങ്കൾ, ചൊവ്വ നവാരംഭങ്ങൾക്ക് ഉചിതമല്ല.
പൂരം
പൊതുപ്രവർത്തകർ ജനങ്ങളുടെ പ്രീതി സമ്പാദിക്കും. ജന്മനാട്ടിൽ പോയവർ ജോലിസ്ഥലത്തേക്ക് മടങ്ങുന്നതാണ്. വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കപ്പെടാം. വിവാദങ്ങളിൽ നിന്നും ഒഴിയാനാവും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ അവസരം രൂപപ്പെടും. ഔദ്യോഗിക കാര്യങ്ങളിലെ ആസൂത്രണ മിടുക്ക് അഭിനന്ദിക്കപ്പെടും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. തദ്ദേശസ്ഥാപനത്തിൽ നിന്നും സംരംഭത്തിനാവശ്യമായ രജിസ്ട്രേഷൻ ലഭിക്കും. ബുധൻ മുതൽ മെച്ചപ്പെട്ട ഫലങ്ങൾ വന്നെത്തും.
ഉത്രം
ഉദ്യോഗസ്ഥർക്ക് ജോലിനേരം കൂടുവാനിടയുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ സൗകര്യപ്രദമല്ലാത്ത ഷിഫ്ടിൽ ജോലിമാറ്റം വരുന്നതാണ്. സ്വന്തം സ്ഥാപനം നടത്തുന്നവർ വിപുലീകരണത്തിന് ശ്രമം തുടരുന്നതായിരിക്കും. സുഹൃത്തുക്കളുടെ പ്രശ്നങ്ങളിൽ കഴിവതും ഇടപെടരുത്. ഭൂമി വ്യവഹാരം നീളുന്നതിൽ ഉത്കണ്ഠയുണ്ടാവും. മകൻ്റെ സ്വഭാവത്തോട് പൊരുത്തപ്പെടാനാവാത്തത് ഗൃഹാന്തരീക്ഷത്തെ അല്പം കലുഷമാക്കാം. ആധ്യാത്മിക സാധനകൾ മനസ്സമാധാനം നൽകാം.
അത്തം
വാരാദ്യം തന്നെ നല്ല തുടക്കം കിട്ടുന്നതായിരിക്കും. ന്യായമായ കാര്യങ്ങൾ തടസ്സപ്പെടാനിടയില്ല. തൊഴിൽ രംഗത്ത് പൂർണ്ണശ്രദ്ധ കൈവന്നേക്കും. ഭാവികാര്യങ്ങളെക്കുറിച്ച് ആലോചിക്കാനും ഉചിതമായ തീരുമാനം കൈക്കൊള്ളാനും കഴിയുന്നതാണ്. സാമ്പത്തിക സ്ഥിതി ഉയരാം. എന്നാൽ ചെലവുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. വിട്ടുവീഴ്ചകൾക്ക് മുതിരുകയാൽ ഗൃഹാന്തരീഷം സമാധാനപൂർണ്ണമാവും. രോഗപ്രതിരോധ ശക്തി കുറയുന്നതാ യി തോന്നിയേക്കാം. പ്രണയബന്ധം ദൃഢമാകുന്നതാണ്. ഗൃഹനവീകരണത്തിന് പദ്ധതിയിടും.
ചിത്തിര
ഉടനടി തീരുമാനങ്ങൾ കൈക്കൊള്ളാനും പ്രവർത്തിക്കാനും കഴിയുന്ന മാനസികാവസ്ഥയുണ്ടാവും. കാര്യാലോചനകളിൽ വെട്ടിത്തുറന്ന് അഭിപ്രായം പറയുകയാൽ ഒറ്റപ്പെടാം. വിദൂര വിദ്യാഭ്യാസ കോഴ്സിന് ചേർന്നേക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്. പുതുവാഹനം വാങ്ങുന്നതിന് ശ്രമിച്ചേക്കും. പഴയ കടബാധ്യതകൾ സ്വൈരം കുറയ്ക്കുന്നതാണ്. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും. ചെലവുകളിൽ നിയന്ത്രണം അനിവാര്യമാണ്.
ചോതി
ഉദ്യോഗസ്ഥർ കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതാണ്. മുൻപ് പരിശ്രമിച്ചിട്ടും നടക്കാത്തവ ഇപ്പോൾ യാഥാർത്ഥ്യമാവും. പ്രവർത്തനരംഗത്ത് ഉന്മേഷം നിറയുന്ന കാലമാണ്. ചുമതല നിർവഹിക്കാൻ ഏല്പിച്ചവരുടെ പിടിപ്പുകേട് തിരിച്ചറിയും. സംരംഭങ്ങൾക്ക് നല്ല സ്വീകാര്യത ലഭിക്കുന്നതായിരിക്കും. യാത്രകൾ ഉല്ലാസപ്രദമാവും. ഗൃഹം നവീകരിക്കുന്നത് സംബന്ധിച്ച് കുടുംബത്തിൽ തർക്കങ്ങൾ ഉയരാം. ജീവിത പങ്കാളിയുടെ ജോലിക്കാര്യത്തിൽ ശുഭസൂചന കിട്ടും. നവീന ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങിയേക്കും.
വിശാഖം
മാനസിക പിരിമുറുക്കത്തിന് അയവുണ്ടായേക്കും. കരുതിയ കാര്യങ്ങൾ ഭംഗിയായി ആവിഷ്കരിക്കുന്നതാണ്. ആശയവിനിമയശേഷി ഉയരുന്നതായിരിക്കും. ചില മാധ്യസ്ഥ പ്രവർത്തനങ്ങൾ വിജയം കാണും. ചെറുപ്പക്കാരുടെ പ്രണയം സുരഭിലമാവും. സ്വാർജ്ജിത സമ്പത്ത് നിക്ഷേപിക്കുന്നതിൽ കരുതലുണ്ടാവണം. ചെറുകിട തൊഴിലുകളിൽ നിന്നും ആദായമുയരും. വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുക്കും. ഉന്നതാധികാരികൾ നിർദ്ദേശങ്ങൾ മുഖവിലക്കെടുക്കുന്നതാണ്.
അനിഴം
ആത്മാഭിമാനം ഉയരുന്ന സാഹചര്യം ഉരുവാകുന്നതാണ്. നീതിബോധം നഷ്ടപ്പെടുത്താതെ തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുകയാൽ ശത്രുക്കളേറും. ജോലിഭാരത്തിന് അയവുണ്ടാവില്ല. വാഗ്ദാനങ്ങൾ പാലിക്കും. പിണങ്ങിയവർ വീണ്ടും ഇണക്കത്തിലാവും. കരാർ ജോലികളിൽ നിന്നും വരുമാനം കൈവരുന്നതാണ്. ബന്ധുഗൃഹം സന്ദർശിച്ച് രോഗികൾക്ക് സമാശ്വാസം പകരും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സാങ്കേതിക വിഷയങ്ങൾ യുവതലമുറയിൽ നിന്നും ഗ്രഹിക്കുന്നതാണ്.
തൃക്കേട്ട
ചന്ദ്രസഞ്ചാരം ഒമ്പതാമെടം തൊട്ട് പതിനൊന്നാമെടം വരെയാകയാൽ ആഴ്ച മുഴുവൻ പ്രായേണ ഗുണഫലങ്ങളാണ് ഭവിക്കുക. തീരുമാനങ്ങൾ ഒപ്പമുള്ളവരെ ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കും. സ്വതസ്സിദ്ധമായ കഴിവുകൾ പ്രദർശിപ്പിക്കാൻ സാധിക്കുന്നതാണ്. ആശയവിനിമയം ആകർഷകമാവും. അപ്രസക്തമായിട്ടുള്ള വിഷയങ്ങളെ ഒഴിവാക്കും. വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധം ഉറയ്ക്കും. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്. ഗൃഹത്തിൽ സമാധാനം പുലരും. ധനാഗമ മാർഗങ്ങൾ പുഷ്ടിപ്പെടുന്നതായിരിക്കും. ശനിയാഴ്ച പുതിയ കാര്യങ്ങൾ തുടങ്ങരുത്.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
മൂലം
സ്വൈരമുണ്ടാവും, മനസ്സിന്. ദേഹസ്സുഖവും കുറയില്ല. അപ്രസക്ത കാര്യങ്ങളിൽ നിന്നും പിൻവാങ്ങാൻ ദൃഢനിശ്ചയം ചെയ്യുന്നതാണ്. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾക്ക് സത്വര പരിഹാരം കാണുവാനാവും. കൂട്ടുകെട്ടുകളിൽ പുനശ്ചിന്ത വേണ്ടതുണ്ട്. നിക്ഷേപങ്ങളിൽ നിന്നും ആദായമുണ്ടാവും. വായ്പകളുടെ തിരിച്ചടവ് മുടങ്ങില്ല. വാരാദ്യ ദിവസങ്ങളിൽ അഷ്ടമരാശിക്കൂറ് വരികയാൽ ആത്മഗ്ളാനി അനുഭവപ്പെടും. പുതുകാര്യങ്ങൾ തുടങ്ങരുത്.
പൂരാടം
കർമ്മനിരതരാവും. ഔദ്യോഗികവും വ്യക്തിപരവുമായ കാര്യങ്ങളെ ഇണക്കുന്നതിൽ വിജയിക്കുന്നതാണ്. അനുഭവങ്ങൾ നൽകിയ അറിവ് പരമാവധി പ്രയോജനപ്പെടുത്തുവാനാവും. ബിസിനസ്സിലെ വരവും ചെലവും കർശനമായി പരിശോധിക്കും. എതിർപ്പുകൾക്ക് മൗനം കൊണ്ട് മറുപടി പറയുന്നതാണ്. ബന്ധുഭവനം സന്ദർശിച്ച് രോഗീശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാൻ നേരം നീക്കിവെക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ നവാരംഭങ്ങൾ ഒഴിവാക്കുക കരണീയം.
ഉത്രാടം
സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടാൻ നേരം കണ്ടെത്തും. ഒപ്പമുള്ളവരുടെ സഹകരണത്തിന് കൃതജ്ഞത പറയും. ധനാഗമ മാർഗങ്ങൾ തുറന്നു കിട്ടുന്നതാണ്. ഇടനാഴികളിലെ ഉപജാപങ്ങളെ തള്ളിക്കളയുവാനാവും. രോഗക്ലേശിതർക്ക് നവചികിത്സ ഗുണവത്താകും. വസ്തുവിൽപ്പനയ്ക്കായി പരസ്യം അവലംബിക്കും. അകന്നുപോയ സുഹൃത്തുക്കൾ വീണ്ടും ഇണക്കത്തിലായേക്കാം. പ്രണയികൾക്കിടയിൽ 'ego' പ്രശ്നങ്ങൾ സൃഷ്ടിക്കാം. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി കഴിയുന്നതിനാൽ വീണ്ടും യാത്രകൾക്ക് ഒരുങ്ങും.
തിരുവോണം
സ്വന്തം ആശയങ്ങൾ ആവിഷ്കരിക്കുന്നതിൽ പ്രതിബന്ധങ്ങൾ വകവെക്കില്ല. ഔദ്യോഗികമായി സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിച്ചാൽ മതി. സാമൂഹ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയേറും. സംഘടനകളിൽ സ്വാധീനമുയരുന്നതായിരിക്കും. ദാമ്പത്യ വിജയത്തിന് വിട്ടുവീഴ്ച അനിവാര്യമാണെന്ന് ബോധ്യമാകും. ചിട്ടി, ലോൺ, ഇൻഷ്വറൻസ് ഇവയിലൂടെ ധനാഗമത്തിന് സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മനക്ലേശം/ദേഹാലസ്യം ഉണ്ടാവാം. പുതുകാര്യങ്ങൾ ആരംഭിക്കരുത്.
അവിട്ടം
ആരംഭിച്ച കാര്യങ്ങൾക്ക് ഊർജ്ജശോഷണം അനുഭവപ്പെടുന്നതിനാൽ അതിന്നായി സമയം ചെലവഴിക്കും. മേലധികാരികളുമായി ആശയവൈരുധ്യം ഉണ്ടാവുന്നതാണ്. പതിവിലും കൂടുതൽ നേരം ഓഫീസിൽ ചെലവഴിക്കേണ്ടി വരാം. കുടുംബ ബിസിനസ്സിൽ ആദായം ഉയരും. നവീകരണത്തിന് ശ്രമം തുടരുന്നതാണ്. പൊതുപ്രവർത്തനത്തിൽ സ്വൈരം കുറയാം. വിദ്യാർത്ഥികളുടെ പഠനകാര്യത്തിൽ മുതിർന്നവർക്ക് ശ്രദ്ധയുണ്ടാവണം. കരകൗശലം, സാഹിത്യം, ലളിത കലകൾ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് അവസരങ്ങൾ വർദ്ധിക്കും.
ചതയം
കാലം അനുകൂലമല്ലെന്ന തോന്നൽ എപ്പോഴും ഉണ്ടാവണം. സ്വന്തം കഴിവുകൾക്കനുസരിച്ചുള്ള നേട്ടങ്ങൾ കൈവരിക്കാനായില്ലെന്ന് വന്നേക്കാം. പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നവർക്ക് മടുപ്പുണ്ടാവും. വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവരും. എന്നാൽ ഇതെല്ലാം താത്കാലികങ്ങൾ മാത്രം. ഭാവിക്കായി ഉണർന്ന് പ്രവർത്തിക്കേണ്ട സന്ദർഭമാണ്. സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ അറിവ് സമ്പാദിക്കുവാൻ ശ്രമം തുടരും. ബന്ധുക്കൾക്ക് സഹായം നൽകും. ക്ഷേത്രോത്സവാദികളിൽ സക്രിയരാവും. ചെലവുകൾ നിയന്ത്രിക്കുന്നതിനായേക്കും.
പൂരൂരുട്ടാതി
പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരാം. ഇഷ്ടപ്പെട്ടവരുടെ അനിഷ്ടം സമ്പാദിക്കാനിടയുണ്ട്. വാക്കുകൾ കൃത്യമാവാതെ വരാം. മേലധികാരികളുടെ പ്രോൽസാഹനം കിട്ടണമെന്നില്ല. പ്രതികാരബുദ്ധി മനസ്സിനെ തളർത്താനിടയുണ്ട്. ആത്മസംയമനം പാലിക്കേണ്ടതുണ്ട്. ധനാർജ്ജനം സന്തോഷിപ്പിക്കുന്നതാണ്. എന്നാൽ മിതവ്യയം നടപ്പിലാക്കാൻ സാധിക്കാതെ വരും. കിടപ്പ് രോഗികൾക്ക് മുഴുവൻ സമയ പരിചരണം ഏർപ്പാടാക്കപ്പെടും. കുറുക്കുവഴികൾ ഉപേക്ഷിക്കുന്നതാണ്. വീട്ടുകാരുടെ നിർലോഭമായ പിന്തുണ സന്തോഷമേകും.
ഉത്രട്ടാതി
ക്രയവിക്രയത്തിൽ ലാഭം കുറയില്ല. കൂടുതൽ സമയം ഓഫീസിൽ ചെലവഴിക്കേണ്ടതായി വന്നേക്കും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ സന്ദർഭം വന്നെത്തും. ചടുലനീക്കങ്ങൾ നടത്താൻ കഴിയാത്തതിനാൽ ചിലപ്പോൾ പിന്നിലായിപ്പോകും. ഗവേഷകർക്ക് പ്രബന്ധരചനയിൽ തടസ്സമുണ്ടാവുന്നതാണ്. പാതിയിൽ നിന്നുപോയ ഗൃഹനിർമ്മാണം പുനരാരംഭിക്കുന്നതിൽ ശുഭസൂചന കൈവരും. ഉറ്റവരുടെ പിന്തുണയിൽ സന്തോഷിക്കും. പ്രണയിക്കുന്നവർക്ക് ആഹ്ളാദിക്കാൻ അവസരങ്ങൾ കൈവരുന്നതാണ്.
രേവതി
നക്ഷത്രാധിപനായ ബുധൻ്റെയും ഉച്ചാധിപനായ ശുക്രൻ്റെയും മൗഢ്യം തീരുന്നത് ശുഭകരമാണ്. പ്രവർത്തനരംഗത്ത് സജീവത നിലനിർത്തുവാൻ കഴിയും. നവീനമായ സാങ്കേതിക കാര്യങ്ങൾ ഉൾക്കൊള്ളും. കുടുംബത്തോടൊപ്പം ലഘുയാത്രകൾ ഉണ്ടാവും. വസ്തുതർക്കങ്ങളിൽ അനുകൂല വിധിയോ ഒത്തുതീർപ്പോ ഭവിക്കാം. ജോലിക്കുള്ള അഭിമുഖ പരീക്ഷയിൽ തിളങ്ങാനാവും. കടബാധ്യത ഭാഗികമായി തീർക്കാനുള്ള വഴി തെളിയുന്നതാണ്. ഒപ്പമുള്ള അവസരവാദികളെ തിരിച്ചറിയും. കുടുംബകാര്യങ്ങളിൽ സ്വാസ്ഥ്യമുണ്ടാവും.
Read More: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us