/indian-express-malayalam/media/media_files/2025/01/20/february-9-to-15-weekly-horoscope-astrological-predictions-moolam-to-revathi.jpg)
Weekly Rashi Phalam in Malayalam
ആദിത്യൻ ധനുരാശിയിൽ മൂലം -പൂരാടം ഞാറ്റുവേലകളിലൂടെ കടന്നുപോകുന്നു. ചന്ദ്രൻ വെളുത്തപക്ഷത്തിലാണ്.ചൊവ്വ ധനുരാശിയിൽ പൂരാടം ഞാറ്റുവേലയിലാണ്. ബുധനും ശുക്രനും ധനുരാശിയിലുണ്ട്.ആദിത്യനടക്കം നാലുഗ്രഹങ്ങൾ ധനുരാശിയിൽ സഞ്ചരിക്കുന്നു. ശനി മീനം രാശിയിലും വ്യാഴം മിഥുനം രാശിയിലുമാണ്. രാഹുകേതുക്കൾ യഥാക്രമംകുംഭം - ചിങ്ങം രാശികളിൽ തുടരുന്നു.
ഈ ഗ്രഹസ്ഥിതിയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
മൂലം
ജന്മത്തിൽ ആദിത്യനും ചൊവ്വയും സഞ്ചരിക്കുന്നതിനാൽ പൊതുവേ മാനസിക പിരിമുറുക്കമുള്ള കാലമാണ്. നാലിൽ ചന്ദ്രശനി യോഗം വരുന്നതും ദേഹസുഖം കുറയ്ക്കും. ആലോചനകൾ അധികരിക്കുകയും പ്രവൃത്തി കുറയുകയും ചെയ്യും. ചെറിയ നേട്ടങ്ങളും അല്പലാഭങ്ങളും പ്രതീക്ഷിക്കാം. ശുക്രസാന്നിധ്യം മൂലം പ്രണയികൾക്കിടയിൽ ഐക്യം ദൃഢപ്പെടുന്നതാണ്. ദാമ്പത്യത്തിൽ സ്വൈരം കുറയില്ല. കലാരംഗത്ത് അവസരങ്ങൾ തേടിവരും. ആഴ്ചമധ്യ ദിവസങ്ങൾക്ക് ഗുണമേറും.
പൂരാടം
പുതിയ കാര്യങ്ങൾ തുടങ്ങാൻ തടസ്സങ്ങളുണ്ടാവും. നക്ഷത്രാധിപനായ ശുക്രന് മൗഢ്യമാണെന്നത് മറക്കരുത്. ഉന്നതാധികാരികളുടെ പ്രോൽസാഹനം ലഭിച്ചേക്കില്ല. സർക്കാരിൽ നിന്നും കാര്യസാധ്യത്തിന് അലച്ചിൽ വേണ്ടിവരുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ ശക്തി പകരും. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തീകരിക്കുക വെല്ലുവിളിയാവും. ധനാഗമത്തിൽ തടസ്സങ്ങളുണ്ടാവില്ല. വ്യാപാര രംഗത്തിൻ്റെ വളർച്ച മെല്ലെയാവും. പൊതുപ്രവർത്തനത്തിൽ താല്പര്യം കുറയുന്നതാണ്.
ഉത്രാടം
ഉദ്ദേശിച്ച കാര്യങ്ങൾ ഉടനടി ചെയ്യാൻ കഴിഞ്ഞേക്കില്ല. ഊഹിച്ചു ചെയ്യുന്നവ പാളാനുമിടയുണ്ട്. ജോലിക്കാര്യത്തിൽ അവസരങ്ങളുണ്ടായേക്കാം. ന്യായമായ ആവശ്യങ്ങൾക്ക് ധനം തടസ്സമാവില്ല. അധികൃതർ മുഖം തിരിക്കാം. എങ്കിലും ചില നേട്ടങ്ങൾ താനേ വന്നെത്തുന്നതാണ്. ആത്മവിശ്വാസം കുറയില്ല. പരാശ്രയത്വത്തിൽ നിന്നും വെളിയിൽ വരാനായേക്കും. അലച്ചിൽ ദേഹക്ഷീണത്തിന് കാരണമാകുന്നതാണ്. ഉപജാപങ്ങളെ തമസ്കരിക്കാനുള്ള മനോദാർഢ്യം ഉരുത്തിരിയും. പ്രണയവും ദാമ്പത്യവും സ്വൈരം നൽകുന്നതാവും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
തിരുവോണം
പന്ത്രണ്ടിലെ ഗ്രഹാധിക്യം അലച്ചിൽ, ദേഹക്ഷീണം, അമിതാധ്വാനം, പണച്ചെലവ് എന്നിവ സൃഷ്ടിക്കാം. കരുതിയ കാര്യങ്ങൾ ഭാഗികമായി മാത്രമാവും ചെയ്യാൻ കഴിയുക. സഹായ വാഗ്ദാനങ്ങൾ ജലരേഖകളാവും. ആലോചനകൾക്ക് ഐകരൂപ്യം വന്നേക്കില്ല. കുടുംബാംഗങ്ങളുടെ പിന്തുണ കരുത്താകും. ക്രയവിക്രയങ്ങളിൽ മുഴുലാഭം കിട്ടാൻ സാധ്യത കുറവാണ്. എതിർ സ്വരങ്ങളെ മറികടന്ന് മുന്നേറാനുള്ള ആത്മധൈര്യമുണ്ടാവുന്നതാണ്. പ്രിയപ്പെട്ടവർക്ക് പാരിതോഷികങ്ങൾ നൽകും. ബുധൻ മുതൽ ഗുണമധികരിക്കും.
അവിട്ടം
കുംഭക്കൂറുകാർക്ക് ആദിത്യൻ അനുകൂലനാവുകയാൽ പദവികൾ ലഭിക്കാം. മൽസരങ്ങളിൽ പരാജയപ്പെടില്ല. കരുനീക്കങ്ങളാൽ ശത്രുക്കളെ പരാജയപ്പെടുത്തും. വസ്തുവിൽ നിന്നും ആദായമുണ്ടാവുന്നതാണ്. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. മകരക്കൂറുകാർക്ക് നേട്ടങ്ങൾക്കായി ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. അധികാരികളുടെ പ്രോൽസാഹനം കിട്ടുകയില്ല. പൊതുവേ ഏതുകാര്യത്തെയും യുക്തിസഹമായി മനസ്സിലാക്കും. ക്ഷോഭം നിയന്ത്രിക്കപ്പെടുന്നത് നന്നായിരിക്കും.
ചതയം
ജന്മത്തിൽ രാഹുവുണ്ടെങ്കിലും ഗ്രഹങ്ങളുടെ അനുകൂലത പ്രകടമാണ്. വെല്ലുവിളികളെ ധൈര്യപൂർവ്വം ഏറ്റെടുക്കും. വിജയിക്കാൻ സാധിക്കുന്നതാണ്. അധികാരികൾ പ്രോൽസാഹിപ്പിക്കുന്ന നയം കൈക്കൊള്ളും. അഭിമുഖങ്ങളിൽ ശോഭിക്കാനാവും. സാമ്പത്തിക ഇടപാടുകൾ ഗുണം ചെയ്യുന്നതാണ്. കൂട്ടുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന തിനാവും. സ്വാശ്രയ തൊഴിലിൽ ഉദ്ദേശിച്ച ഗുണം വരണമെന്നില്ല ഞായർ, വെള്ളി ദിവസങ്ങൾക്ക് മേന്മകുറയാം.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
പ്രവർത്തനശൈലിക്ക് വേഗത കുറയുന്നതായി തോന്നും. അധികാരികളുടെ പ്രോൽസാഹനമുണ്ടാവും. വിമർശനങ്ങളെ തൃണവൽഗണിക്കും.
സാമ്പത്തികമായി മെച്ചപ്പെടുന്നതാണ്. കരാർ പണികളിൽ മുന്നേറ്റത്തിന് സാധ്യത കാണുന്നു. പിതാവിനും അനുകൂലമായ വാരമാണ്. ആരോഗ്യസ്ഥിതി പുഷ്ടിപ്പെടും. രാഷ്ട്രീയ പദവികൾ ലഭിക്കാം. ഉപജാപങ്ങളെ തൃണവൽഗണിക്കും. സഹോദരരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്നതാണ്. നിക്ഷേപങ്ങളിൽ കരുതൽ വേണം. പ്രണയികൾക്ക് ഭാവിയെക്കുറിച്ച് ശുഭത്വം തോന്നുന്നതാണ്.
ഉത്രട്ടാതി
സ്വതന്ത്രമായ നിലപാടുകൾ അഭിനന്ദിക്കപ്പെടും. തൊഴിലിടത്ത് സമാധാനമുണ്ടാവും. ചില ധാരണകൾ തെറ്റാണെന്നറിഞ്ഞ് സ്വയം തിരുത്താൻ മുന്നോട്ടുവരും. ബിസിനസ്സുകാർക്ക് വിപണിയിൽ ചലനം സൃഷ്ടിക്കാനാവും. പുതിയ പ്രോജക്ടുകൾക്ക് സർക്കാരിൽ നിന്നും അനുമതി ലഭിക്കാം. കുടുംബത്തിനൊപ്പം വിനോദ/ തീർത്ഥ യാത്രകൾ നടത്തും. രോഗിയായ ബന്ധുവിന് സാമ്പത്തിക സഹായം നൽകുന്നതാണ്. കലാപരിശീലനം കൂടുതൽ തീവ്രമാക്കും. അയൽവഴക്കുകൾക്ക് രമ്യമായ പരിഹാരം കിട്ടുന്നതാണ്.
രേവതി
നക്ഷത്രാധിപനായ ബുധന് മൂന്നിലധികം ഗ്രഹങ്ങളുമായി യോഗമുള്ളതിനാൽ ആൾക്കൂട്ടവും ആരവവും ജീവിതത്തിൻ്റെ ഭാഗമാവും. ആശയവിനിമയശേഷി ഉയരുന്നതാണ്. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാൻ മുന്നോട്ടുവരും. സുഹൃത്തുക്കളുടെ സഹായം സ്വീകരിച്ചേക്കും. ഉപരിപഠന കാര്യത്തിൽ മുഖ്യതീരുമാനം കൈക്കൊളളുന്നതിന് സാധ്യതയുണ്ട്. ഉന്നതരുമായി പരിചയപ്പെടാനാവും. ജന്മനാട്ടിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കും. സഹോദരരുമായി തെറ്റിദ്ധാരണ ഉണ്ടാവാം. കിടപ്പുരോഗികളായിട്ടുള്ളവർക്ക് സമാശ്വാസം വന്നെത്തുന്നതാണ്.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us