/indian-express-malayalam/media/media_files/2025/01/20/february-16-to-22-weekly-horoscope-astrological-predictions-makam-to-thriketta.jpg)
Weekly Rashi Phalam in Malayalam
ആദിത്യൻ ധനുരാശിയിൽ മൂലം -പൂരാടം ഞാറ്റുവേലകളിലൂടെ കടന്നുപോകുന്നു. ചന്ദ്രൻ വെളുത്തപക്ഷത്തിലാണ്.ചൊവ്വ ധനുരാശിയിൽ പൂരാടം ഞാറ്റുവേലയിലാണ്. ബുധനും ശുക്രനും ധനുരാശിയിലുണ്ട്.ആദിത്യനടക്കം നാലുഗ്രഹങ്ങൾ ധനുരാശിയിൽ സഞ്ചരിക്കുന്നു. ശനി മീനം രാശിയിലും വ്യാഴം മിഥുനം രാശിയിലുമാണ്. രാഹുകേതുക്കൾ യഥാക്രമംകുംഭം - ചിങ്ങം രാശികളിൽ തുടരുന്നു.
ഈ ഗ്രഹസ്ഥിതിയെ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
മകം
ഞായറാഴ്ച അഷ്ടമരാശിയും വേധനക്ഷത്രവുമാകയാൽ ഗുണം കുറയുന്നതാണ്. ദേഹക്ലേശമുണ്ടാവും. തിങ്കളും ചൊവ്വയും സാമാന്യമായ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. മനസ്സമാധാനം കുറയുന്നതാണ്. ചിലരുടെ അനുസരണക്കേട് പ്രകോപിപ്പിക്കും. മറ്റുള്ള ദിവസങ്ങളിൽ സുഖം വർദ്ധിക്കും. തൊഴിൽ പരമായി ശ്രേയസ്സുണ്ടാവും. ധനപരമായ ഞെരുക്കങ്ങളിൽ നിന്നും പുറത്തുവരുന്നതാണ്. കാര്യനിർവഹണത്തിൽ മിടുക്കു കാട്ടുന്നത് മേലധികാരികൾ ശ്രദ്ധിക്കും. ഭോഗസുഖമുണ്ടാവും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കും.
പൂരം
ഗുണപുഷ്കലതയുള്ള വാരമാണ്. പരിശ്രമിച്ചിട്ടും മുൻപ് ഫലവത്താകാത്ത പല കാര്യങ്ങളും ഇപ്പോൾ ലഘുയത്നത്തിലൂടെ വിജയിക്കും. വാഗ്ദാനങ്ങൾ പാലിക്കാനാവും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് വേണ്ട അനുമതി ലഭിക്കുന്നതാണ്. ആരോഗ്യപരമായി വാരാദ്യം ക്ലേശമുണ്ടായേക്കാം. കലാരംഗത്ത് മുന്നേറാനായി കൂടുതൽ പരിശീലനം നടത്തേണ്ടതുണ്ട്. മകളുടെ ജോലിക്കാര്യത്തിൽ ശുഭഫലം പ്രതീക്ഷിക്കാം. വായ്പക്കായി സമർപ്പിച്ച അപേക്ഷ പരിഗണിക്കപ്പെടും. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. സ്നേഹബന്ധം ദൃഢമാകുന്നതാണ്.
ഉത്രം
ചിങ്ങക്കൂറുകാർക്ക് തിങ്കൾ മുതലും കന്നിക്കൂറുകാർക്ക് ബുധൻ മുതലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. അദ്ധ്വാനം വിലമതിക്കപ്പെടും. സഹപ്രവർത്തകരുടെ ആദരം കൈവരുന്നതാണ്. ബിസിനസ്സുകാർ പുതിയ മേച്ചിൽപ്പുറങ്ങൾ ആരായും. ബാധ്യതകൾ അലോസരപ്പെടുത്താം. വരവ് മോശമാവില്ല. മിതവ്യയം പാളാനിടയുണ്ട്. പുതിയ തലമുറയുമായി ചേർന്നുപോകാൻ തടസ്സങ്ങളുണ്ടാവും. രാഷ്ട്രീയത്തിൽ അധികാരമുള്ള പദവി ലഭിച്ചേക്കാം. സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ സുഗമത വന്നെത്തും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
അത്തം
ആത്മവിശ്വാസം ഉയരുന്നതാണ്. പല കാര്യങ്ങളും ചെയ്യാനായേക്കും. അർഹതപ്പെട്ട കാര്യങ്ങൾ കൈവശമെത്തിച്ചേരുന്നതാണ്. ധനാഗമം മോശമാവില്ല. രോഗികൾക്ക് ചികിൽസ ഫലവത്താകും. ഊഹാപോഹ പ്രവണതയുണ്ടാവും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മകൻ്റെ ജോലിക്കാര്യത്തിൽ ശുപാർശ ഫലവത്താകും. സമൂഹത്തിൽ സ്വാധീനം ഉയരുന്നതാണ്. ദാമ്പത്യത്തിൽ സംതൃപ്തി ഭവിക്കും. കൂടിക്കാഴ്ചകൾ പ്രയോജനകരമാവും. നിർദ്ദേശങ്ങൾക്ക് സ്വീകാര്യതയുണ്ടാവും. ഞായർ മുതൽ ചൊവ്വ വരെ പുതുകാര്യങ്ങൾ തുടങ്ങരുത്.
ചിത്തിര
വായ്പയുടെ തിരിച്ചടവ് സുഗമമാവും. കുടുംബാംഗങ്ങളുടെ അനൈക്യം വിഷമിപ്പിക്കും. ഔദ്യോഗിക കൃത്യനിർവഹണത്തിന് വീഴ്ചയുണ്ടാവില്ല. കാര്യാലോചനകളിൽ കർക്കശ നിലപാടുകൾ കൈക്കൊള്ളുന്നത് ശത്രുക്കളെ സൃഷ്ടിക്കാം. സമാഹരിച്ച തുക കൊണ്ട് വീടുപണി പുനരാരംഭിക്കും.
ആദർശ പറയുമെങ്കിലും പ്രായോഗിക സമീപനത്തിൽ തന്നെയാവും ഊന്നൽ. സുഹൃത്തുക്കളുമായി ഉല്ലസിക്കാൻ സന്ദർഭം സംജാതമാകും. പ്രണയികൾക്ക് സന്തോഷിക്കാനാവും. ധൂർത്ത് ഒഴിവാക്കേണ്ടതുണ്ട്.
ചോതി
സ്വയം പല പ്രതിജ്ഞകളും കൈക്കൊള്ളുന്നതാണ്. ആഗ്രഹിക്കാതെ തന്നെ ഔദ്യോഗിക ചുമതലകൾ കൂടാനിടയുണ്ട്. സഹപ്രവർത്തകരുടെ തർക്കത്തിൽ ആത്മസംയമനം പാലിക്കേണ്ടതാണ്. ലഘുയാത്രകളും സുഹൃൽ സമാഗമങ്ങളും മനസ്സിന് നവോന്മേഷം പകരാം. കലാപരിശീലനത്തിന് നേരം കണ്ടെത്താനായേക്കില്ല. വാഹനത്തിൻ്റെ അറ്റകുറ്റപ്പണിക്ക് കരുതിയതിലും ചെലവുണ്ടാവും. ബുധൻ, വ്യാഴം ദിവസങ്ങളിൽ സാഹസകർമ്മങ്ങൾ ഒഴിവാക്കണം. പ്രിയപ്പെട്ടവർക്ക് പാരിതോഷികങ്ങൾ നൽകുന്നതിൽ ആഹ്ളാദിക്കും.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
വിശാഖം
താത്ത്വിക വിശകലനത്തിൽ കഴിവ് പ്രകടിപ്പിക്കും. സുഹൃത്തുക്കൾ അഭിനന്ദിക്കുന്നതാണ്. പ്രായോഗികമായി ചിലപ്പോൾ തളർന്നേക്കാം. പ്രൈവറ്റ് ജോലിയിൽ ഉയർച്ചയോ മാറ്റമോ വരാൻ സാധ്യതയുണ്ട്. മേലധികാരികളുടെ പ്രീതി പ്രതീക്ഷിക്കാവുന്ന സാഹചര്യമാണുള്ളത്. കാര്യങ്ങൾ പഠിച്ചറിയുന്നതിന് നേരം കണ്ടെത്തും. ബിസിനസ്സിൽ ശ്രദ്ധയോടെ ആവിഷ്കരിച്ച തന്ത്രങ്ങൾ ഫലം കണ്ടുതുടങ്ങുന്നതാണ്. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണം. പുതുതലമുറയുടെ വികാരവിചാരങ്ങൾ ആകൂലതയുണ്ടാക്കും. സുഖഭോഗങ്ങളിൽ ആഹ്ളാദം കണ്ടെത്തുന്നതാണ്.
അനിഴം
ചിന്താശക്തിക്ക് വക്രീകരണമുണ്ടാവും. ചിലരുടെ വാക്കുകളെ അമിതമായി വിശ്വസിച്ചേക്കും. പുതിയ കാര്യങ്ങൾ പ്രതിജ്ഞ ചെയ്യും. പ്രാവർത്തികമാക്കുക എളുപ്പമല്ലെന്ന് ഉടനെ അറിയുകയും ചെയ്യും. രണ്ടിൽ ചൊവ്വയുള്ളതിനാൽ പരുക്കൻ വാക്കുകൾ പറയേണ്ടി വന്നേക്കും. ശുക്രനും ബുധനും പ്രണയാനുഭവങ്ങൾ നൽകുന്നതാണ്. കുടുംബാംഗങ്ങളോട് അടുപ്പം പുലർത്തുമ്പോഴും അകലം പാലിച്ചെന്നുവരാം. ഗവേഷണ വിഷയതെ സംബന്ധിച്ച് പലരോടും അഭിപ്രായമാരായും. വാരാന്ത്യദിനങ്ങളിൽ കൂടുതൽ കരുതലുണ്ടാവണം.
തൃക്കേട്ട
ബുദ്ധിപൂർവ്വം തീരുമാനങ്ങളെടുക്കുവാനാവും. അവ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുവാനും മടിക്കുകയില്ല. സമചിത്തത ചിലപ്പോൾ നഷ്ടപ്പെടാം. ഉന്നതരുടെ പിന്തുണ ലഭിക്കുകയാൽ കർമ്മരംഗത്ത് ശോഭിക്കുവാനാവും. വ്യാപാരികൾക്ക് ഉണർവുണ്ടാവുന്ന സാഹചര്യം വന്നെത്തുന്നതാണ്. സാഹിത്യാദി കലകളിൽ അഭിനിവേശമേറും. സൗഹൃദങ്ങൾ പുഷ്ടിപ്പെടുന്നതാണ്. കുടുംബാന്തരീക്ഷം ഒരുവിധം തൃപ്തിയേകും. ഭോഗസുഖമുണ്ടാവും. ജോലിയില്ലാത്തവർ അഭിമുഖങ്ങളിൽ ശോഭിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us