/indian-express-malayalam/media/media_files/2025/01/20/february-16-to-22-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
Weekly Rashi Phalam in Malayalam
ആദിത്യൻ ധനുരാശിയിൽ മൂലം -പൂരാടം ഞാറ്റുവേലകളിലൂടെ കടന്നുപോകുന്നു. ചന്ദ്രൻ വെളുത്തപക്ഷത്തിലാണ്.ചൊവ്വ ധനുരാശിയിൽ പൂരാടം ഞാറ്റുവേലയിലാണ്. ബുധനും ശുക്രനും ധനുരാശിയിലുണ്ട്.ആദിത്യനടക്കം നാലുഗ്രഹങ്ങൾ ധനുരാശിയിൽ സഞ്ചരിക്കുന്നു. ശനി മീനം രാശിയിലും വ്യാഴം മിഥുനം രാശിയിലുമാണ്. രാഹുകേതുക്കൾ യഥാക്രമംകുംഭം - ചിങ്ങം രാശികളിൽ തുടരുന്നു.
ഈ ഗ്രഹസ്ഥിതിയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
അശ്വതി
ഒമ്പതാം ഭാവത്തിൽ നാലുഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ തൊഴിൽ രംഗത്ത് സമ്മർദ്ദങ്ങളുണ്ടാവുന്നതാണ്. കാര്യസാധ്യത്തിന് പരിശ്രമങ്ങൾ തുടരേണ്ടി വന്നേക്കും. ക്ഷമ പരീക്ഷിക്കപ്പെടും. ശുക്രൻ്റെ സാന്നിധ്യം ഭാഗ്യാനുഭവങ്ങൾക്കും കുറച്ചൊക്കെ സുഖഭോഗങ്ങൾക്കും വഴിതെളിച്ചേക്കും. തൊഴിലിടത്തിൽ പരാശ്രയം മാത്രമല്ല സ്വാശ്രയവും കലരും. വരുമാനസ്രോതസ്സുകൾക്ക് ക്ഷീണമുണ്ടാവില്ല. യാത്രകളുണ്ടാവും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതാണ്. പ്രണയാനുഭവങ്ങൾ പുഷ്കലമാവും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.
ഭരണി
നക്ഷത്രാധിപനായ ശുക്രന് ഭാഗ്യസ്ഥിതിയും ഗുരുദൃഷ്ടിയും ബുധയോഗവും ഒപ്പം മൗഢ്യവും ഉള്ളതിനാൽ സമ്മിശ്രഫലങ്ങൾ വരുന്നതാണ്. സാങ്കേതിക കാര്യങ്ങൾ സങ്കീർണ്ണമായും കലാസാഹിത്യാദികൾ രസകരമായും ആസ്വദിക്കാൻ അവസരമുണ്ടാവും. ബിസിനസ്സുകാർക്ക് ധനലാഭം വരും. എന്നാൽ വിപുലീകരണത്തിൽ തടസ്സങ്ങളേർപ്പെടുന്നതാണ്. കരാർജോലികളുടെ കുടിശിക തീർത്തുകിട്ടാം. അനുരാഗികൾ തടസ്സങ്ങളെ വകവെക്കില്ല. അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം വീണ്ടും ഉപയോഗിക്കാനാവും. വയോജനങ്ങളുടെ ദേഹസ്ഥിതിയിൽ കരുതലുണ്ടാവണം.
കാർത്തിക
തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതാണ്. അത്രയും തിടുക്കം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നുകയും ചെയ്യും. ബിസിനസ്സിൽ മുന്നത്തെക്കാൾ മെച്ചം വന്നെത്തും. സ്ത്രീകളുടെ പിന്തുണയും സഹായവും പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ ജോലിക്കൂടുതലുണ്ടാവുന്ന വാരമാണ്. കുറച്ച് ചുമതലകൾ പകരക്കാരെ ഏൽപ്പിക്കേണ്ടതായി വന്നേക്കും. പൊതുപ്രവർത്തനത്തിൽ സംതൃപ്തി കുറയാനിടയുണ്ട്. വിമർശനങ്ങളിൽ നിന്നും ഒളിച്ചോടി എന്ന പരാതി ഉയർന്നേക്കാം. ചെലവുകൾ കൂടും. ആഢംബരമേറുന്നതാണ്.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
രോഹിണി
നക്ഷത്രാധിപനായ ചന്ദ്രന് ബലമുള്ള വാരമായതിനാൽ ആത്മവിശ്വാസം, മനസ്സന്തോഷം എന്നിവയനുഭവപ്പെടുന്നതാണ്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ജോലിസ്ഥലത്ത് സൗഹൃദാന്തരീക്ഷം സംജാതമാകും. കടം വാങ്ങിയ തുക മടക്കിക്കിട്ടാം. ബാങ്കിലേ ലോൺ വായ്പ പരിഗണിക്കുന്നതായിരിക്കും. അവധിക്കാലത്ത് സകുടുംബം വിനോദയാത്ര നടത്തുന്നതാണ്. പഴയ കാര്യങ്ങൾ ഓർമ്മയിൽ അയവിറക്കും. രാഷ്ട്രീയത്തോട് വിരക്തി തോന്നും.
മകയിരം
ഉദ്യോഗസ്ഥർക്ക് അധികച്ചുമതലകൾ ഉണ്ടാവും. വ്യാപാര രംഗം ഉണരുന്നതാണ്. കലാപ്രവർത്തനത്തിൽ പുതിയ ഊർജ്ജം അനുഭവപ്പെടും. ഇഷ്ടപ്പെട്ടവരുമായി യാത്ര ചെയ്യാനാവും. മനസ്സിലെ വിഷമങ്ങൾ പങ്കുവെക്കുന്നതിലൂടെ ആശ്വസിക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ സമ്മർദ്ദം കുറയാം. എന്നാലും ചെലവിനങ്ങളിൽ കുറവ് വരുത്തേണ്ടതുണ്ട്. കുടുംബാംഗങ്ങളുടെ വാക്കുകൾ വിഷമിപ്പിക്കാം. പുതുതലമുറയുടെ പ്രവർത്തനങ്ങൾ ദുരൂഹമായി അനുഭവപ്പെടും. കൃഷിയിൽ താല്പര്യമുണ്ടാവും.
തിരുവാതിര
വാരാദ്യം കൂടുതൽ നല്ലഫലങ്ങൾ പ്രതീക്ഷിക്കാം. പരിശ്രമങ്ങൾ വിജയിക്കുന്നതാണ്. ഉന്നതാധികാരികളുടെ പ്രോൽസാഹനം ലഭിക്കും. സാമ്പത്തിക തടസ്സങ്ങൾ നീങ്ങുന്നതാണ്. ബിസിനസ്സ് യാത്രകൾ നേട്ടങ്ങൾക്ക് കാരണമാകും. കൂട്ടുകച്ചവടത്തിൽ പുനശ്ചിന്ത വരുന്നതാണ്. പ്രകോപനങ്ങളെ തിരസ്കരിക്കേണ്ടതുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ സമയബന്ധിതമായി പ്രവർത്തിക്കാനായേക്കില്ല. വെള്ളി, ശനി ദിവസങ്ങളിൽ സ്വസ്ഥതയുണ്ടാവും.സുഖഭക്ഷണ യോഗം കാണുന്നു.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പുണർതം
ധനപരമായി അഭ്യുദയം പ്രതീക്ഷിക്കാം. കൈവായ്പകൾ കൊടുത്തുതീർക്കും. വരവ് തടസ്സപ്പെട്ടില്ല. സമൂഹത്തിലെ പ്രശ്നങ്ങൾ തുറന്നുകാട്ടുന്നതിന് ഉദ്യുക്തരാവും.
പുതിയ പ്രോജക്ടിൻ്റെ നിർവഹണത്തിനായി കൂടുതൽ അദ്ധ്വാനം ആവശ്യമായേക്കും. പൊതുപ്രവർത്തനത്തോട് കയ്പുതോന്നാനിടയുണ്ട്. അനുരാഗികൾക്ക് ആഹ്ളാദസാഹചര്യങ്ങൾ ഒത്തുവരും. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻകൈയെടുക്കും. കലാമത്സരങ്ങളിൽ പങ്കെടുക്കാൻ തുടർപരിശീലനങ്ങൾ ആവശ്യമാവും. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭസൂചനകൾ ലഭിച്ചേക്കാം.
പൂയം
അനുകൂല ഫലങ്ങൾ ലഭിക്കുന്ന വാരമാണ്. വ്യാപാരത്തിലും വിപണനത്തിലും ക്രമാനുഗതമായ വളർച്ചയുണ്ടാവും. ന്യായമായ ആവശ്യങ്ങൾക്ക് ധനം തടസ്സമാവില്ല. ദാമ്പത്യത്തിലെ പിണക്കങ്ങൾ പറഞ്ഞുതീർക്കും. മത്സരപ്പരീക്ഷകൾക്ക് ശ്രമം തുടരുന്നതാണ്. പദവികൾ ലഭിക്കാം. നിഷ്കർഷയും ഏകാഗ്രതയും അഭിനന്ദിക്കപ്പെടും. ജന്മനാട്ടിലെ ഉത്സവത്തിൽ പങ്കെടുക്കുവാനാവും. ബന്ധുക്കളുടെ സഹായം ലഭിക്കുന്നതാണ്. വാഹനം മോടിപിടിപ്പിക്കും. ശുഭവാർത്തകൾ കേൾക്കും. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
ആയില്യം
മുന്നോട്ടുവെച്ച ക്രിയാത്മക നിർദ്ദേശങ്ങൾ മേലധികാരികളാൽ സ്വാഗതം ചെയ്യപ്പെടുന്നതാണ്. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. പുതിയ സംരംഭത്തിന് രജിസ്ട്രേഷൻ ലഭിക്കുന്നതാണ്. എതിർ ശബ്ദങ്ങളെ അവഗണിക്കുന്നതാണ്. മകളുടെ വിവാഹ കാര്യത്തിൽ ഉൽക്കണ്ഠയുണ്ടാവും. ചിട്ടി, ഇൻഷ്വറൻസ്, നറുക്കെടുപ്പ് ഇവയിലൂടെ ധനലാഭമുണ്ടായേക്കാം. പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കും. വൃദ്ധജനങ്ങളുടെ ക്ഷേമത്തിന് നേരം കണ്ടെത്താനാവും. ഗാർഹിക ജീവിതത്തിൽ അലോസരങ്ങളുണ്ടാവില്ല.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us