scorecardresearch

Weekly Rashi Phalam: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

Weekly Horoscope in Malayalam From December 28 January 03: ഡിസംബർ 28 ഞായർ മുതൽ ജനുവരി 03 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From December 28 January 03: ഡിസംബർ 28 ഞായർ മുതൽ ജനുവരി 03 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Weekly Horoscope

Weekly Rashi Phalam in Malayalam

ആദിത്യൻ ധനുരാശിയിൽ മൂലം -പൂരാടം ഞാറ്റുവേലകളിലൂടെ കടന്നുപോകുന്നു. ചന്ദ്രൻ വെളുത്തപക്ഷത്തിലാണ്.ചൊവ്വ ധനുരാശിയിൽ പൂരാടം ഞാറ്റുവേലയിലാണ്. ബുധനും ശുക്രനും ധനുരാശിയിലുണ്ട്.ആദിത്യനടക്കം നാലുഗ്രഹങ്ങൾ ധനുരാശിയിൽ സഞ്ചരിക്കുന്നു. ശനി മീനം രാശിയിലും വ്യാഴം മിഥുനം രാശിയിലുമാണ്. രാഹുകേതുക്കൾ യഥാക്രമംകുംഭം - ചിങ്ങം രാശികളിൽ തുടരുന്നു.

Advertisment

ഈ ഗ്രഹസ്ഥിതിയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

അശ്വതി

ഒമ്പതാം ഭാവത്തിൽ നാലുഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ തൊഴിൽ രംഗത്ത് സമ്മർദ്ദങ്ങളുണ്ടാവുന്നതാണ്. കാര്യസാധ്യത്തിന് പരിശ്രമങ്ങൾ തുടരേണ്ടി വന്നേക്കും. ക്ഷമ പരീക്ഷിക്കപ്പെടും. ശുക്രൻ്റെ സാന്നിധ്യം ഭാഗ്യാനുഭവങ്ങൾക്കും കുറച്ചൊക്കെ സുഖഭോഗങ്ങൾക്കും വഴിതെളിച്ചേക്കും. തൊഴിലിടത്തിൽ പരാശ്രയം മാത്രമല്ല സ്വാശ്രയവും കലരും. വരുമാനസ്രോതസ്സുകൾക്ക് ക്ഷീണമുണ്ടാവില്ല. യാത്രകളുണ്ടാവും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതാണ്. പ്രണയാനുഭവങ്ങൾ പുഷ്കലമാവും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.

ഭരണി

നക്ഷത്രാധിപനായ ശുക്രന് ഭാഗ്യസ്ഥിതിയും ഗുരുദൃഷ്ടിയും ബുധയോഗവും ഒപ്പം മൗഢ്യവും ഉള്ളതിനാൽ സമ്മിശ്രഫലങ്ങൾ വരുന്നതാണ്. സാങ്കേതിക കാര്യങ്ങൾ സങ്കീർണ്ണമായും കലാസാഹിത്യാദികൾ രസകരമായും ആസ്വദിക്കാൻ അവസരമുണ്ടാവും. ബിസിനസ്സുകാർക്ക് ധനലാഭം വരും. എന്നാൽ വിപുലീകരണത്തിൽ തടസ്സങ്ങളേർപ്പെടുന്നതാണ്. കരാർജോലികളുടെ കുടിശിക തീർത്തുകിട്ടാം. അനുരാഗികൾ തടസ്സങ്ങളെ വകവെക്കില്ല. അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം വീണ്ടും ഉപയോഗിക്കാനാവും. വയോജനങ്ങളുടെ ദേഹസ്ഥിതിയിൽ കരുതലുണ്ടാവണം.

കാർത്തിക

തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതാണ്. അത്രയും തിടുക്കം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നുകയും ചെയ്യും. ബിസിനസ്സിൽ മുന്നത്തെക്കാൾ മെച്ചം വന്നെത്തും.  സ്ത്രീകളുടെ പിന്തുണയും സഹായവും പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ ജോലിക്കൂടുതലുണ്ടാവുന്ന വാരമാണ്. കുറച്ച് ചുമതലകൾ പകരക്കാരെ ഏൽപ്പിക്കേണ്ടതായി വന്നേക്കും. പൊതുപ്രവർത്തനത്തിൽ സംതൃപ്തി കുറയാനിടയുണ്ട്. വിമർശനങ്ങളിൽ നിന്നും ഒളിച്ചോടി എന്ന പരാതി ഉയർന്നേക്കാം. ചെലവുകൾ കൂടും. ആഢംബരമേറുന്നതാണ്.

രോഹിണി

നക്ഷത്രാധിപനായ ചന്ദ്രന് ബലമുള്ള വാരമായതിനാൽ ആത്മവിശ്വാസം, മനസ്സന്തോഷം എന്നിവയനുഭവപ്പെടുന്നതാണ്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ജോലിസ്ഥലത്ത് സൗഹൃദാന്തരീക്ഷം സംജാതമാകും. കടം വാങ്ങിയ തുക മടക്കിക്കിട്ടാം. ബാങ്കിലേ ലോൺ വായ്പ പരിഗണിക്കുന്നതായിരിക്കും. അവധിക്കാലത്ത് സകുടുംബം വിനോദയാത്ര നടത്തുന്നതാണ്. പഴയ കാര്യങ്ങൾ ഓർമ്മയിൽ അയവിറക്കും. രാഷ്ട്രീയത്തോട് വിരക്തി തോന്നും.

മകയിരം

ഉദ്യോഗസ്ഥർക്ക് അധികച്ചുമതലകൾ ഉണ്ടാവും. വ്യാപാര രംഗം ഉണരുന്നതാണ്. കലാപ്രവർത്തനത്തിൽ പുതിയ ഊർജ്ജം അനുഭവപ്പെടും. ഇഷ്ടപ്പെട്ടവരുമായി യാത്ര ചെയ്യാനാവും. മനസ്സിലെ വിഷമങ്ങൾ പങ്കുവെക്കുന്നതിലൂടെ ആശ്വസിക്കാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ സമ്മർദ്ദം കുറയാം. എന്നാലും ചെലവിനങ്ങളിൽ കുറവ് വരുത്തേണ്ടതുണ്ട്. കുടുംബാംഗങ്ങളുടെ വാക്കുകൾ വിഷമിപ്പിക്കാം. പുതുതലമുറയുടെ പ്രവർത്തനങ്ങൾ ദുരൂഹമായി അനുഭവപ്പെടും. കൃഷിയിൽ താല്പര്യമുണ്ടാവും.

തിരുവാതിര

വാരാദ്യം കൂടുതൽ നല്ലഫലങ്ങൾ പ്രതീക്ഷിക്കാം. പരിശ്രമങ്ങൾ വിജയിക്കുന്നതാണ്. ഉന്നതാധികാരികളുടെ പ്രോൽസാഹനം ലഭിക്കും. സാമ്പത്തിക തടസ്സങ്ങൾ നീങ്ങുന്നതാണ്. ബിസിനസ്സ് യാത്രകൾ നേട്ടങ്ങൾക്ക് കാരണമാകും. കൂട്ടുകച്ചവടത്തിൽ പുനശ്ചിന്ത വരുന്നതാണ്. പ്രകോപനങ്ങളെ തിരസ്കരിക്കേണ്ടതുണ്ട്.  ബുധൻ, വ്യാഴം ദിവസങ്ങളിൽ സമയബന്ധിതമായി പ്രവർത്തിക്കാനായേക്കില്ല. വെള്ളി, ശനി ദിവസങ്ങളിൽ സ്വസ്ഥതയുണ്ടാവും.സുഖഭക്ഷണ യോഗം കാണുന്നു.

പുണർതം

ധനപരമായി അഭ്യുദയം പ്രതീക്ഷിക്കാം. കൈവായ്പകൾ കൊടുത്തുതീർക്കും. വരവ് തടസ്സപ്പെട്ടില്ല.  സമൂഹത്തിലെ പ്രശ്നങ്ങൾ തുറന്നുകാട്ടുന്നതിന് ഉദ്യുക്തരാവും. 
പുതിയ പ്രോജക്ടിൻ്റെ നിർവഹണത്തിനായി കൂടുതൽ അദ്ധ്വാനം ആവശ്യമായേക്കും. പൊതുപ്രവർത്തനത്തോട് കയ്പുതോന്നാനിടയുണ്ട്. അനുരാഗികൾക്ക് ആഹ്ളാദസാഹചര്യങ്ങൾ ഒത്തുവരും. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻകൈയെടുക്കും. കലാമത്സരങ്ങളിൽ പങ്കെടുക്കാൻ തുടർപരിശീലനങ്ങൾ ആവശ്യമാവും. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭസൂചനകൾ ലഭിച്ചേക്കാം.

പൂയം

അനുകൂല ഫലങ്ങൾ ലഭിക്കുന്ന വാരമാണ്. വ്യാപാരത്തിലും വിപണനത്തിലും ക്രമാനുഗതമായ വളർച്ചയുണ്ടാവും. ന്യായമായ ആവശ്യങ്ങൾക്ക് ധനം തടസ്സമാവില്ല. ദാമ്പത്യത്തിലെ പിണക്കങ്ങൾ പറഞ്ഞുതീർക്കും. മത്സരപ്പരീക്ഷകൾക്ക് ശ്രമം തുടരുന്നതാണ്. പദവികൾ ലഭിക്കാം. നിഷ്കർഷയും ഏകാഗ്രതയും അഭിനന്ദിക്കപ്പെടും. ജന്മനാട്ടിലെ ഉത്സവത്തിൽ പങ്കെടുക്കുവാനാവും.   ബന്ധുക്കളുടെ സഹായം ലഭിക്കുന്നതാണ്. വാഹനം മോടിപിടിപ്പിക്കും. ശുഭവാർത്തകൾ കേൾക്കും. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.

ആയില്യം

മുന്നോട്ടുവെച്ച ക്രിയാത്മക നിർദ്ദേശങ്ങൾ മേലധികാരികളാൽ സ്വാഗതം ചെയ്യപ്പെടുന്നതാണ്. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. പുതിയ സംരംഭത്തിന് രജിസ്ട്രേഷൻ ലഭിക്കുന്നതാണ്. എതിർ ശബ്ദങ്ങളെ അവഗണിക്കുന്നതാണ്.  മകളുടെ വിവാഹ കാര്യത്തിൽ ഉൽക്കണ്ഠയുണ്ടാവും. ചിട്ടി, ഇൻഷ്വറൻസ്, നറുക്കെടുപ്പ് ഇവയിലൂടെ ധനലാഭമുണ്ടായേക്കാം. പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കും. വൃദ്ധജനങ്ങളുടെ ക്ഷേമത്തിന് നേരം കണ്ടെത്താനാവും. ഗാർഹിക ജീവിതത്തിൽ അലോസരങ്ങളുണ്ടാവില്ല.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

മകം

ഞായറാഴ്ച അഷ്ടമരാശിയും വേധനക്ഷത്രവുമാകയാൽ ഗുണം കുറയുന്നതാണ്. ദേഹക്ലേശമുണ്ടാവും.  തിങ്കളും ചൊവ്വയും സാമാന്യമായ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം.  മനസ്സമാധാനം കുറയുന്നതാണ്. ചിലരുടെ അനുസരണക്കേട് പ്രകോപിപ്പിക്കും. മറ്റുള്ള ദിവസങ്ങളിൽ സുഖം വർദ്ധിക്കും. തൊഴിൽ പരമായി ശ്രേയസ്സുണ്ടാവും. ധനപരമായ ഞെരുക്കങ്ങളിൽ നിന്നും പുറത്തുവരുന്നതാണ്.  കാര്യനിർവഹണത്തിൽ മിടുക്കു കാട്ടുന്നത് മേലധികാരികൾ ശ്രദ്ധിക്കും. ഭോഗസുഖമുണ്ടാവും. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കും.

പൂരം

ഗുണപുഷ്കലതയുള്ള വാരമാണ്. പരിശ്രമിച്ചിട്ടും മുൻപ് ഫലവത്താകാത്ത പല കാര്യങ്ങളും ഇപ്പോൾ ലഘുയത്നത്തിലൂടെ വിജയിക്കും. വാഗ്ദാനങ്ങൾ പാലിക്കാനാവും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് വേണ്ട അനുമതി ലഭിക്കുന്നതാണ്. ആരോഗ്യപരമായി വാരാദ്യം ക്ലേശമുണ്ടായേക്കാം. കലാരംഗത്ത് മുന്നേറാനായി കൂടുതൽ പരിശീലനം നടത്തേണ്ടതുണ്ട്. മകളുടെ ജോലിക്കാര്യത്തിൽ ശുഭഫലം പ്രതീക്ഷിക്കാം. വായ്പക്കായി സമർപ്പിച്ച അപേക്ഷ പരിഗണിക്കപ്പെടും.  ഭൂമിയിൽ നിന്നും ആദായമുണ്ടാവും. സ്നേഹബന്ധം ദൃഢമാകുന്നതാണ്.

ഉത്രം

ചിങ്ങക്കൂറുകാർക്ക് തിങ്കൾ മുതലും കന്നിക്കൂറുകാർക്ക് ബുധൻ മുതലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. അദ്ധ്വാനം വിലമതിക്കപ്പെടും. സഹപ്രവർത്തകരുടെ ആദരം കൈവരുന്നതാണ്. ബിസിനസ്സുകാർ പുതിയ മേച്ചിൽപ്പുറങ്ങൾ ആരായും. ബാധ്യതകൾ അലോസരപ്പെടുത്താം. വരവ് മോശമാവില്ല. മിതവ്യയം പാളാനിടയുണ്ട്. പുതിയ തലമുറയുമായി ചേർന്നുപോകാൻ തടസ്സങ്ങളുണ്ടാവും. രാഷ്ട്രീയത്തിൽ അധികാരമുള്ള പദവി ലഭിച്ചേക്കാം. സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ സുഗമത വന്നെത്തും.

അത്തം

ആത്മവിശ്വാസം ഉയരുന്നതാണ്. പല കാര്യങ്ങളും ചെയ്യാനായേക്കും. അർഹതപ്പെട്ട കാര്യങ്ങൾ കൈവശമെത്തിച്ചേരുന്നതാണ്. ധനാഗമം മോശമാവില്ല. രോഗികൾക്ക് ചികിൽസ ഫലവത്താകും. ഊഹാപോഹ പ്രവണതയുണ്ടാവും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മകൻ്റെ ജോലിക്കാര്യത്തിൽ ശുപാർശ ഫലവത്താകും. സമൂഹത്തിൽ സ്വാധീനം ഉയരുന്നതാണ്. ദാമ്പത്യത്തിൽ സംതൃപ്തി ഭവിക്കും. കൂടിക്കാഴ്ചകൾ പ്രയോജനകരമാവും. നിർദ്ദേശങ്ങൾക്ക് സ്വീകാര്യതയുണ്ടാവും. ഞായർ മുതൽ ചൊവ്വ വരെ പുതുകാര്യങ്ങൾ തുടങ്ങരുത്.

ചിത്തിര

വായ്പയുടെ തിരിച്ചടവ് സുഗമമാവും. കുടുംബാംഗങ്ങളുടെ അനൈക്യം വിഷമിപ്പിക്കും. ഔദ്യോഗിക കൃത്യനിർവഹണത്തിന് വീഴ്ചയുണ്ടാവില്ല. കാര്യാലോചനകളിൽ കർക്കശ നിലപാടുകൾ കൈക്കൊള്ളുന്നത് ശത്രുക്കളെ സൃഷ്ടിക്കാം.  സമാഹരിച്ച തുക കൊണ്ട് വീടുപണി പുനരാരംഭിക്കും.  ആദർശ പറയുമെങ്കിലും പ്രായോഗിക സമീപനത്തിൽ തന്നെയാവും ഊന്നൽ. സുഹൃത്തുക്കളുമായി ഉല്ലസിക്കാൻ സന്ദർഭം സംജാതമാകും.  പ്രണയികൾക്ക് സന്തോഷിക്കാനാവും. ധൂർത്ത് ഒഴിവാക്കേണ്ടതുണ്ട്.

ചോതി

സ്വയം പല പ്രതിജ്ഞകളും കൈക്കൊള്ളുന്നതാണ്. ആഗ്രഹിക്കാതെ തന്നെ ഔദ്യോഗിക ചുമതലകൾ കൂടാനിടയുണ്ട്. സഹപ്രവർത്തകരുടെ തർക്കത്തിൽ ആത്മസംയമനം പാലിക്കേണ്ടതാണ്. ലഘുയാത്രകളും സുഹൃൽ സമാഗമങ്ങളും മനസ്സിന് നവോന്മേഷം പകരാം. കലാപരിശീലനത്തിന് നേരം കണ്ടെത്താനായേക്കില്ല. വാഹനത്തിൻ്റെ അറ്റകുറ്റപ്പണിക്ക് കരുതിയതിലും ചെലവുണ്ടാവും. ബുധൻ, വ്യാഴം ദിവസങ്ങളിൽ സാഹസകർമ്മങ്ങൾ ഒഴിവാക്കണം. പ്രിയപ്പെട്ടവർക്ക് പാരിതോഷികങ്ങൾ നൽകുന്നതിൽ ആഹ്ളാദിക്കും.

വിശാഖം

താത്ത്വിക വിശകലനത്തിൽ കഴിവ് പ്രകടിപ്പിക്കും. സുഹൃത്തുക്കൾ അഭിനന്ദിക്കുന്നതാണ്. പ്രായോഗികമായി ചിലപ്പോൾ തളർന്നേക്കാം. പ്രൈവറ്റ് ജോലിയിൽ ഉയർച്ചയോ മാറ്റമോ വരാൻ സാധ്യതയുണ്ട്. മേലധികാരികളുടെ പ്രീതി പ്രതീക്ഷിക്കാവുന്ന സാഹചര്യമാണുള്ളത്.  കാര്യങ്ങൾ പഠിച്ചറിയുന്നതിന് നേരം കണ്ടെത്തും. ബിസിനസ്സിൽ ശ്രദ്ധയോടെ ആവിഷ്കരിച്ച തന്ത്രങ്ങൾ ഫലം കണ്ടുതുടങ്ങുന്നതാണ്.  വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ വേണം. പുതുതലമുറയുടെ വികാരവിചാരങ്ങൾ ആകൂലതയുണ്ടാക്കും. സുഖഭോഗങ്ങളിൽ ആഹ്ളാദം കണ്ടെത്തുന്നതാണ്.

അനിഴം

ചിന്താശക്തിക്ക് വക്രീകരണമുണ്ടാവും. ചിലരുടെ വാക്കുകളെ അമിതമായി വിശ്വസിച്ചേക്കും. പുതിയ കാര്യങ്ങൾ പ്രതിജ്ഞ ചെയ്യും. പ്രാവർത്തികമാക്കുക എളുപ്പമല്ലെന്ന് ഉടനെ അറിയുകയും ചെയ്യും. രണ്ടിൽ ചൊവ്വയുള്ളതിനാൽ പരുക്കൻ വാക്കുകൾ പറയേണ്ടി വന്നേക്കും. ശുക്രനും ബുധനും പ്രണയാനുഭവങ്ങൾ നൽകുന്നതാണ്. കുടുംബാംഗങ്ങളോട് അടുപ്പം പുലർത്തുമ്പോഴും അകലം പാലിച്ചെന്നുവരാം. ഗവേഷണ വിഷയതെ സംബന്ധിച്ച് പലരോടും അഭിപ്രായമാരായും. വാരാന്ത്യദിനങ്ങളിൽ കൂടുതൽ കരുതലുണ്ടാവണം.

തൃക്കേട്ട

ബുദ്ധിപൂർവ്വം തീരുമാനങ്ങളെടുക്കുവാനാവും. അവ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുവാനും മടിക്കുകയില്ല. സമചിത്തത ചിലപ്പോൾ നഷ്ടപ്പെടാം. ഉന്നതരുടെ പിന്തുണ ലഭിക്കുകയാൽ കർമ്മരംഗത്ത് ശോഭിക്കുവാനാവും. വ്യാപാരികൾക്ക് ഉണർവുണ്ടാവുന്ന സാഹചര്യം വന്നെത്തുന്നതാണ്. സാഹിത്യാദി കലകളിൽ അഭിനിവേശമേറും. സൗഹൃദങ്ങൾ പുഷ്ടിപ്പെടുന്നതാണ്. കുടുംബാന്തരീക്ഷം ഒരുവിധം തൃപ്തിയേകും. ഭോഗസുഖമുണ്ടാവും.  ജോലിയില്ലാത്തവർ അഭിമുഖങ്ങളിൽ ശോഭിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മൂലം

ജന്മത്തിൽ ആദിത്യനും ചൊവ്വയും സഞ്ചരിക്കുന്നതിനാൽ പൊതുവേ മാനസിക പിരിമുറുക്കമുള്ള കാലമാണ്. നാലിൽ ചന്ദ്രശനി യോഗം വരുന്നതും ദേഹസുഖം കുറയ്ക്കും. ആലോചനകൾ അധികരിക്കുകയും പ്രവൃത്തി കുറയുകയും ചെയ്യും. ചെറിയ നേട്ടങ്ങളും അല്പലാഭങ്ങളും പ്രതീക്ഷിക്കാം. ശുക്രസാന്നിധ്യം മൂലം പ്രണയികൾക്കിടയിൽ ഐക്യം ദൃഢപ്പെടുന്നതാണ്. ദാമ്പത്യത്തിൽ സ്വൈരം കുറയില്ല. കലാരംഗത്ത് അവസരങ്ങൾ തേടിവരും. ആഴ്ചമധ്യ ദിവസങ്ങൾക്ക് ഗുണമേറും.

പൂരാടം

പുതിയ കാര്യങ്ങൾ തുടങ്ങാൻ തടസ്സങ്ങളുണ്ടാവും. നക്ഷത്രാധിപനായ ശുക്രന് മൗഢ്യമാണെന്നത് മറക്കരുത്. ഉന്നതാധികാരികളുടെ പ്രോൽസാഹനം ലഭിച്ചേക്കില്ല. സർക്കാരിൽ നിന്നും കാര്യസാധ്യത്തിന് അലച്ചിൽ വേണ്ടിവരുന്നതാണ്. കുടുംബത്തിൻ്റെ പിന്തുണ ശക്തി പകരും. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തീകരിക്കുക വെല്ലുവിളിയാവും.  ധനാഗമത്തിൽ തടസ്സങ്ങളുണ്ടാവില്ല. വ്യാപാര രംഗത്തിൻ്റെ വളർച്ച മെല്ലെയാവും. പൊതുപ്രവർത്തനത്തിൽ താല്പര്യം കുറയുന്നതാണ്.

ഉത്രാടം

ഉദ്ദേശിച്ച കാര്യങ്ങൾ ഉടനടി ചെയ്യാൻ കഴിഞ്ഞേക്കില്ല. ഊഹിച്ചു ചെയ്യുന്നവ പാളാനുമിടയുണ്ട്. ജോലിക്കാര്യത്തിൽ അവസരങ്ങളുണ്ടായേക്കാം. ന്യായമായ ആവശ്യങ്ങൾക്ക് ധനം തടസ്സമാവില്ല. അധികൃതർ മുഖം തിരിക്കാം. എങ്കിലും ചില നേട്ടങ്ങൾ താനേ വന്നെത്തുന്നതാണ്. ആത്മവിശ്വാസം കുറയില്ല. പരാശ്രയത്വത്തിൽ നിന്നും വെളിയിൽ വരാനായേക്കും.  അലച്ചിൽ ദേഹക്ഷീണത്തിന് കാരണമാകുന്നതാണ്. ഉപജാപങ്ങളെ തമസ്കരിക്കാനുള്ള മനോദാർഢ്യം ഉരുത്തിരിയും. പ്രണയവും ദാമ്പത്യവും സ്വൈരം നൽകുന്നതാവും.

തിരുവോണം

പന്ത്രണ്ടിലെ ഗ്രഹാധിക്യം അലച്ചിൽ, ദേഹക്ഷീണം, അമിതാധ്വാനം, പണച്ചെലവ് എന്നിവ സൃഷ്ടിക്കാം. കരുതിയ കാര്യങ്ങൾ ഭാഗികമായി മാത്രമാവും ചെയ്യാൻ കഴിയുക. സഹായ വാഗ്ദാനങ്ങൾ ജലരേഖകളാവും. ആലോചനകൾക്ക് ഐകരൂപ്യം വന്നേക്കില്ല. കുടുംബാംഗങ്ങളുടെ പിന്തുണ കരുത്താകും. ക്രയവിക്രയങ്ങളിൽ മുഴുലാഭം കിട്ടാൻ സാധ്യത കുറവാണ്. എതിർ സ്വരങ്ങളെ മറികടന്ന് മുന്നേറാനുള്ള ആത്മധൈര്യമുണ്ടാവുന്നതാണ്. പ്രിയപ്പെട്ടവർക്ക് പാരിതോഷികങ്ങൾ നൽകും. ബുധൻ മുതൽ ഗുണമധികരിക്കും.

അവിട്ടം

കുംഭക്കൂറുകാർക്ക് ആദിത്യൻ അനുകൂലനാവുകയാൽ  പദവികൾ ലഭിക്കാം. മൽസരങ്ങളിൽ പരാജയപ്പെടില്ല. കരുനീക്കങ്ങളാൽ ശത്രുക്കളെ പരാജയപ്പെടുത്തും. വസ്തുവിൽ നിന്നും ആദായമുണ്ടാവുന്നതാണ്. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. മകരക്കൂറുകാർക്ക് നേട്ടങ്ങൾക്കായി ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. അധികാരികളുടെ പ്രോൽസാഹനം കിട്ടുകയില്ല. പൊതുവേ ഏതുകാര്യത്തെയും യുക്തിസഹമായി മനസ്സിലാക്കും.  ക്ഷോഭം നിയന്ത്രിക്കപ്പെടുന്നത് നന്നായിരിക്കും.

ചതയം

ജന്മത്തിൽ രാഹുവുണ്ടെങ്കിലും ഗ്രഹങ്ങളുടെ അനുകൂലത പ്രകടമാണ്. വെല്ലുവിളികളെ ധൈര്യപൂർവ്വം ഏറ്റെടുക്കും. വിജയിക്കാൻ സാധിക്കുന്നതാണ്. അധികാരികൾ പ്രോൽസാഹിപ്പിക്കുന്ന നയം കൈക്കൊള്ളും. അഭിമുഖങ്ങളിൽ ശോഭിക്കാനാവും. സാമ്പത്തിക ഇടപാടുകൾ ഗുണം ചെയ്യുന്നതാണ്. കൂട്ടുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന തിനാവും. സ്വാശ്രയ തൊഴിലിൽ ഉദ്ദേശിച്ച ഗുണം വരണമെന്നില്ല ഞായർ, വെള്ളി ദിവസങ്ങൾക്ക് മേന്മകുറയാം.

പൂരൂരുട്ടാതി

പ്രവർത്തനശൈലിക്ക് വേഗത കുറയുന്നതായി തോന്നും. അധികാരികളുടെ പ്രോൽസാഹനമുണ്ടാവും. വിമർശനങ്ങളെ തൃണവൽഗണിക്കും. സാമ്പത്തികമായി മെച്ചപ്പെടുന്നതാണ്. കരാർ പണികളിൽ മുന്നേറ്റത്തിന് സാധ്യത കാണുന്നു. പിതാവിനും അനുകൂലമായ വാരമാണ്. ആരോഗ്യസ്ഥിതി പുഷ്ടിപ്പെടും. രാഷ്ട്രീയ പദവികൾ ലഭിക്കാം. ഉപജാപങ്ങളെ തൃണവൽഗണിക്കും. സഹോദരരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്നതാണ്.  നിക്ഷേപങ്ങളിൽ കരുതൽ വേണം. പ്രണയികൾക്ക് ഭാവിയെക്കുറിച്ച് ശുഭത്വം തോന്നുന്നതാണ്.

ഉത്രട്ടാതി

സ്വതന്ത്രമായ നിലപാടുകൾ അഭിനന്ദിക്കപ്പെടും. തൊഴിലിടത്ത് സമാധാനമുണ്ടാവും. ചില ധാരണകൾ തെറ്റാണെന്നറിഞ്ഞ് സ്വയം തിരുത്താൻ മുന്നോട്ടുവരും. ബിസിനസ്സുകാർക്ക് വിപണിയിൽ ചലനം സൃഷ്ടിക്കാനാവും. പുതിയ പ്രോജക്ടുകൾക്ക് സർക്കാരിൽ നിന്നും അനുമതി ലഭിക്കാം. കുടുംബത്തിനൊപ്പം വിനോദ/ തീർത്ഥ യാത്രകൾ നടത്തും.  രോഗിയായ ബന്ധുവിന് സാമ്പത്തിക സഹായം നൽകുന്നതാണ്. കലാപരിശീലനം കൂടുതൽ തീവ്രമാക്കും. അയൽവഴക്കുകൾക്ക് രമ്യമായ പരിഹാരം കിട്ടുന്നതാണ്.

രേവതി

നക്ഷത്രാധിപനായ ബുധന് മൂന്നിലധികം ഗ്രഹങ്ങളുമായി യോഗമുള്ളതിനാൽ ആൾക്കൂട്ടവും ആരവവും ജീവിതത്തിൻ്റെ ഭാഗമാവും. ആശയവിനിമയശേഷി ഉയരുന്നതാണ്. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാൻ മുന്നോട്ടുവരും. സുഹൃത്തുക്കളുടെ സഹായം സ്വീകരിച്ചേക്കും. ഉപരിപഠന കാര്യത്തിൽ മുഖ്യതീരുമാനം കൈക്കൊളളുന്നതിന് സാധ്യതയുണ്ട്. ഉന്നതരുമായി പരിചയപ്പെടാനാവും. ജന്മനാട്ടിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കും. സഹോദരരുമായി തെറ്റിദ്ധാരണ ഉണ്ടാവാം. കിടപ്പുരോഗികളായിട്ടുള്ളവർക്ക് സമാശ്വാസം വന്നെത്തുന്നതാണ്.

Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: