/indian-express-malayalam/media/media_files/2025/02/17/march-2-to-march-8-2025-weekly-horoscope-astrological-predictions-moolam-to-revathi-550787.jpg)
Weekly Rashi Phalam in Malayalam
Weekly Horoscope in malayalam From December 21 December 27: ആദിത്യൻ ധനുരാശിയിൽ മൂലം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിലും. ഡിസംബർ 21 ഞായറാഴ്ച ചാന്ദ്രമാസമായ പൗഷം ആരംഭിക്കുന്നു.
ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം മിഥുനരാശിയിൽ പുണർതത്തിലുമാണ്. വ്യാഴത്തിൻ്റെ വക്രഗതി തുടരുന്നുണ്ട്. ചൊവ്വ ധനുരാശിയിൽ മൂലം നക്ഷത്രത്തിലാണ്. ചൊവ്വയ്ക്ക് മൗഢ്യമുണ്ട്. ബുധൻ വൃശ്ചികത്തിലാണ്.
ശുക്രൻ ധനുരാശിയിൽ മൂലം നക്ഷത്രത്തിൽ മൗഢ്യാവസ്ഥയിൽ സഞ്ചരിക്കുന്നു. രാഹുകേതുക്കൾ യഥാക്രമം കുംഭം (ചതയം), ചിങ്ങം (പൂരം) രാശികളിലാണ്. ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
മൂലം
കാര്യവിജയം അനായാസമാവില്ല. കഠിനാധ്വാനം അനിവാര്യമാണ്. തീരുമാനങ്ങളിൽ ചാഞ്ചല്യമുണ്ടാവും. ആത്മാർത്ഥത സംശയിക്കപ്പെട്ടേക്കാം. പിന്തുണകളും വാഗ്ദാനങ്ങളും ജലരേഖകളെന്ന് തോന്നാം. ജന്മത്തിൽ ആദിത്യൻ സഞ്ചരിക്കുന്നതിനാൽ അലച്ചിലുണ്ടാവും. ദേഹക്ഷീണമനുഭവപ്പെടുന്നതാണ്. സഹപ്രവർത്തകർ മത്സരബുദ്ധിയോടെ പെരുമാറുന്നതിനിടയുണ്ട്. വരുമാനമാർഗം തടസ്സപ്പെടുകയില്ലെന്നത് ആശ്വാസകരമാണ്. ഭോഗസുഖത്തിനും സാധ്യതയുണ്ട്. കലാപരിശീലനത്തിന് സമയം കണ്ടെത്തും. കുടുംബ ജീവിതത്തിൽ സ്വസ്ഥത പ്രതീക്ഷിക്കാം.
പൂരാടം
തുടങ്ങി വെച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ പരിശ്രമം ആവശ്യമാണ്. ബിസിനസ്സിൽ കിടമത്സരങ്ങളുണ്ടാവും. വിപണിയിൽ ഉല്പന്നങ്ങൾ ജനകീയമായേക്കാം. സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ അറിവ് നേടേണ്ടതായ സാഹചര്യം വരാം. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ അധ്വാനഭാരം കൂടുന്നതാണ്. മുതിർന്ന അംഗങ്ങളുടെ പിന്തുണ കരുത്തേകും. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് അധികാരമുള്ള പദവികൾ ലഭിക്കാം. സാമ്പത്തികമായി മെച്ചമുണ്ടാവും. പാരിതോഷികങ്ങൾ സന്തോഷിപ്പിക്കുന്നതാണ്.
ഉത്രാടം
കർമ്മരംഗത്ത് സൗഹൃദാന്തരീക്ഷമുണ്ടാവും. ഉപാധികളില്ലാതെ പ്രവർത്തിക്കാനായി സാധിക്കുന്നതാണ്. കൂട്ടുകച്ചവടത്തിൽ ഗുണം കുറയും. ഭാവിയിൽ തുടങ്ങുന്ന സംരംഭത്തിന് ചർച്ചകൾ പുരോഗമിച്ചേക്കും. സിവിൽ വ്യവഹാരങ്ങൾ അവസാനിപ്പിക്കാൻ ശ്രമം തുടരുന്നതാണ്. ചിട്ടി, നറുക്കെടുപ്പ്, ഇൻഷ്വറൻസ് ഇവകളിൽ നിന്നും ആദായം വന്നേക്കാം. മകളുടെ ജോലിക്കാര്യത്തിൽ തടസ്സങ്ങളുണ്ടാവും. ശുപാർശകൾ വിഫലമായേക്കും. ബന്ധുസന്ദർശനം മൂലം ഗതകാലസ്മരണകളിൽ മുഴുകാനാവും. ദൈവീക സമർപ്പണങ്ങൾ മനസ്സിന് ആശ്വാസം നൽകും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
തിരുവോണം
കൃത്യനിഷ്ഠയും ആത്മാർത്ഥതയും ദൗത്യങ്ങളെ വിജയിപ്പിക്കും. വ്യക്തമായ ലക്ഷ്യബോധമുണ്ടാവും. ഏകോപനം പ്രശംസിക്കപ്പെടുന്നതാണ്. ജോലിമാറ്റം ആഗ്രഹിക്കുന്നവർക്ക് ചില അനുകൂല സാഹചര്യങ്ങൾ സംജാതമാകുന്നതായിരിക്കും. എങ്കിലും ഉടനെ ജോലി ഉപേക്ഷിക്കുക അഭികാമ്യമല്ല. വിദേശത്തുള്ളവർക്ക് നാട്ടിൽ വരാനും ആഘോഷങ്ങളിൽ സംബന്ധിക്കാനും അവസരം കൈവരുന്നതാണ്. കലാരംഗത്തുള്ളവർക്ക് അവസരങ്ങൾ തുറന്നുകിട്ടും. വാഹനം വാങ്ങുന്ന കാര്യത്തിൽ തീരുമാനമുണ്ടാവും. സാമ്പത്തികമായി അല്പം കൂടി അച്ചടക്കം പാലിക്കണമെന്ന് മനസ്സിലുറപ്പിക്കും.
അവിട്ടം
കർമ്മരംഗത്ത് സാമാന്യമായിട്ടുള്ള 'മുന്നേറ്റം പ്രതീക്ഷിക്കാം. ആത്മാർത്ഥതയ്ക്ക് സ്വീകാര്യത ലഭിക്കുന്നതാണ്. പ്രധാന തീരുമാനങ്ങൾ കൂടിയാലോചനയിലൂടെ കൈക്കൊള്ളാൻ ശ്രമിക്കേണ്ടതാണ്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. അപ്രസക്ത കാര്യങ്ങൾക്ക് ഊർജ്ജം ചെലവഴിക്കേണ്ടതായി വരാം. പ്രണയികൾക്ക് കുടുംബത്തിൻ്റെ പിൻതുണ ലഭിക്കും. പൊതു പ്രവർത്തകർക്ക് പദവികൾ ഉയരും. വാടകക്കരാർ പുതുക്കപ്പെടും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങൾക്ക് ഗുണം കുറയാനിടയുണ്ട്.
ചതയം
ജന്മരാശിയിലെ രാഹു ക്ഷിപ്രകോപം സൃഷ്ടിക്കും. അകാരണമായ ഭയം ഉണ്ടാവും. ആദിത്യൻ പതിനൊന്നിലാകയാൽ സർക്കാരിൽ നിന്നും അനുമതി/ അംഗീകാരം ലഭിക്കാം. പിതാവിന് തൊഴിലിൽ അഭിവൃദ്ധി, ആരോഗ്യകാര്യത്തിൽ സ്വസ്ഥത എന്നിവ അനുഭവത്തിൽ വരും. ശത്രുക്കളെ ജയിക്കാനാവും. പ്രണയികൾക്ക് മനസ്സന്തോഷം ഭവിക്കുന്നതാണ്. കുടുംബ ജീവിതത്തിൽ കൂടുതൽ ഐക്യം പ്രകടമാവും. ബിസിനസ്സിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നതാണ്. ന്യായമായ ആവശ്യങ്ങൾക്ക് ധനാഗമം ഉണ്ടാവും. പദവികൾ ലഭിക്കാൻ സാധ്യത കാണുന്നു.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
ആദിത്യൻ്റെ അനുകൂലസ്ഥിതിയാൽ കാര്യങ്ങൾ ഒട്ടൊക്കെ വരുതിയിലായേക്കും. ശത്രുപക്ഷത്തെ നിരാകരിച്ചു കൊണ്ട് മുന്നേറുന്നതിന് മനക്കരുത്തുണ്ടാവും. ഒപ്പമുള്ളവരുടെ മുഴുപിന്തുണ കരുത്തേകും. കുടുംബത്തിലെ വയോജനങ്ങളെ സന്ദർശിക്കാനവസരം സംജാതമാകുന്ന താണ്. ധനകാര്യം മോശമാവില്ല. കിട്ടാക്കടങ്ങൾ ഭാഗികമായി ലഭിക്കാം. ഭോഗസുഖം ഭവിക്കുന്നതിന് ശുക്രാനുകൂല്യമുണ്ട്. ഇച്ഛാശക്തിയെ ക്രിയാശക്തിയായി പരിണമിപ്പിക്കും. ജന്മനക്ഷത്രത്തിലെ ശനി ആലസ്യത്തിനും അലംഭാവത്തിനും കാരണമാകുകയാൽ കരുതലുണ്ടാവണം.
ഉത്രട്ടാതി
മുൻപ് പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ ഇപ്പോൾ നടന്നുകിട്ടുന്നതാണ്. ആദർശത്തിൽ നിന്നും അല്പസ്വല്പം വ്യതിചലിച്ച് പ്രായോഗികത കൈക്കൊള്ളും. സ്വന്തം ബിസിനസ്സ് വളർച്ചയുടെ പാതയിലാവാൻ തന്ത്രങ്ങൾ മെനയുന്നതാണ്. കാര്യാലോചനകളിൽ വെട്ടിത്തുറന്ന് അഭിപ്രായം പറയുന്നതിനാൽ ചിലരുടെ നീരസത്തിന് പാത്രമായേക്കും. വാടകവീടിന് പുതിയ താമസക്കാരെത്തും. വിദേശത്തുള്ളവർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനായി നാട്ടിലെത്താനാവും. വെള്ളി, ശനി ദിവസങ്ങളിൽ ചിലവേറുന്നതാണ്. യാത്ര മൂലം ദേഹക്ഷീണം ഏർപ്പെടാം.
രേവതി
ശനിയും രാഹുവും അനിഷ്ടസ്ഥാനങ്ങളിൽ തുടരുകയാൽ ഇടക്കിടെ മനോവിഷമം വന്നെത്തുന്നതാണ്.
കരുതിയ കാര്യങ്ങൾ അവസാന നിമിഷം മാറ്റിവെക്കേണ്ട സ്ഥിതി ഭവിക്കാം. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടാനിടയുണ്ട്. തന്മൂലം അസംതൃപ്തി വരും. സാമ്പത്തിക തടസ്സങ്ങൾ മാറുന്നത് ആശ്വാസകരമാണ്. മകളുടെ ജോലിക്കാര്യത്തിൽ ശുപാർശ ഫലിച്ചേക്കാം. കിടപ്പു രോഗികൾക്ക് ചികിൽസാ മാറ്റം ഗുണകരമാവും. സാമൂഹികമാധ്യമങ്ങളിൽ കൈക്കൊള്ളുന്ന നിലപാടുകൾ വിമർശിക്കപ്പെടാം. കുടുംബത്തിനൊപ്പം ഷോപ്പിംഗ്, ഔട്ടിംഗ്, ഭക്ഷണം ഇവയ്ക്ക് അവസരം കൈവരും.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us