scorecardresearch

Weekly Rashi Phalam: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

Weekly Horoscope in Malayalam From December 21 December 27: ഡിസംബർ 21 ഞായർ മുതൽ ഡിസംബർ 27 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From December 21 December 27: ഡിസംബർ 21 ഞായർ മുതൽ ഡിസംബർ 27 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
horoscope

Weekly Rashi Phalam in Malayalam

Weekly Horoscope in malayalam From December 21 December 27: ആദിത്യൻ ധനുരാശിയിൽ മൂലം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിലും. ഡിസംബർ 21 ഞായറാഴ്ച ചാന്ദ്രമാസമായ പൗഷം ആരംഭിക്കുന്നു. ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം മിഥുനരാശിയിൽ പുണർതത്തിലുമാണ്. വ്യാഴത്തിൻ്റെ വക്രഗതി തുടരുന്നുണ്ട്.  ചൊവ്വ ധനുരാശിയിൽ മൂലം  നക്ഷത്രത്തിലാണ്. ചൊവ്വയ്ക്ക് മൗഢ്യമുണ്ട്. ബുധൻ വൃശ്ചികത്തിലാണ്.

Advertisment

ശുക്രൻ ധനുരാശിയിൽ മൂലം നക്ഷത്രത്തിൽ മൗഢ്യാവസ്ഥയിൽ സഞ്ചരിക്കുന്നു. രാഹുകേതുക്കൾ യഥാക്രമം കുംഭം (ചതയം), ചിങ്ങം (പൂരം) രാശികളിലാണ്.  ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

അശ്വതി

കർമ്മരംഗത്ത് അനുഭവപ്പെടുന്ന തടസ്സങ്ങൾ മാറാൻ സാധ്യത കാണുന്നുണ്ട്. ചതിക്കുഴികളെ വേഗത്തിൽ തിരിച്ചറിയുന്നതാണ്. പുതിയ കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളുവാനുള്ള സന്നദ്ധതയുണ്ടാവും. സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ ക്ഷമാപൂർവം കേൾക്കുന്നതാണ്. യാത്രകൾ കൊണ്ട് പറയത്തക്ക പ്രയോജനമുണ്ടാവണമെന്നില്ല. സർക്കാരുമായി ബന്ധപ്പെട്ടു നേടേണ്ട കാര്യങ്ങൾക്ക് ആവർത്തിത ശ്രമം ആവശ്യമാണ്.  കൈവായ്പകൾ മടക്കി കിട്ടും. നഷ്ടപ്പെട്ട രേഖകൾ തിരിച്ചു കിട്ടാൻ സാധ്യത കാണുന്നു. പൊതുവേ മാനസികോല്ലാസം അനുഭവപ്പെടുന്ന വാരമാണ്.

ഭരണി

ബിസിനസ്സ് വളരുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളത്.  മുതൽമുടക്കിയത് തിരിച്ചുകിട്ടിത്തുടങ്ങും. പങ്കുകച്ചവടം നേട്ടത്തിലേക്ക് നയിക്കുന്നതാണ്. ആലസ്യം അകലുകയും പ്രവർത്തനോന്മേഷം ഉണ്ടാവുകയും ചെയ്യും. കലാവാസന പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നതാണ്. ദേഹാസ്വസ്ഥത കുറയാം. രാഷ്ട്രീയപരമായി സ്വാധീനം ഉയരുവാനിടയുണ്ട്. കൊതിച്ച പദവികൾ  ലഭിക്കുന്നതാണ്. നിയമകാര്യങ്ങളിൽ വിദഗ്ദ്ധോപദേശം ലഭിക്കാം. കുടുംബ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാവും. പാരിതോഷികങ്ങൾ കിട്ടിയേക്കാം. പ്രണയം പുഷ്കലമാവും.

കാർത്തിക

കാര്യഗൗരവത്തോടെ പ്രവർത്തിക്കുന്നതായിരിക്കും. ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുകയില്ല. ബിസിനസ്സിൽ പുഷ്ടിയുള്ള കാലമാണ്. എങ്കിലും അനാവശ്യമായ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നത് ഉചിതം. പൊതുപ്രവർത്തകർക്ക് പദവികൾ ഉയരുന്നതാണ്. അതിലെ തർക്കങ്ങൾ അല്പം സ്വൈരം കെടുത്താം. ഊഹക്കച്ചവടത്തിൽ ലാഭമുണ്ടാവുന്നതാണ്.  വീടുപണിയിലെ തടസ്സങ്ങൾ നീങ്ങും. ഇഷ്ടവസ്തുക്കൾ വാങ്ങാനും പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാനും പണം തടസ്സമാവുകയില്ല. ആരോഗ്യകാര്യത്തിൽ അലംഭാവമരുത്.

രോഹിണി

തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ വിഷമിക്കുന്നതാണ്. അനാവശ്യമായ തിടുക്കമുണ്ടാവും. ചിലരുടെ വാക്കുകളിൽ അമിതവിശ്വാസം പുലർത്തുന്നതാണ്. ബന്ധുക്കളിൽ നിന്നും സ്നേഹപിന്തുണ കൈവരും. ഞായറും തിങ്കളും ദേഹസുഖം കുറയാനിടയുണ്ട്. അലച്ചിലുണ്ടാവും. മറ്റുള്ളവർക്കായി ക്ലേശമനുഭവിക്കും. ചൊവ്വ മുതൽ കാര്യങ്ങൾ വരുതിയിലാവുന്നതാണ്. എന്നാൽ വ്യവഹാരങ്ങൾക്ക് മുതിരരുത്. ദാമ്പത്യത്തിൽ സ്വൈരമുണ്ടാവുന്നതായിരിക്കും. അനിഷ്ട സാഹചര്യങ്ങൾ പെട്ടെന്ന് ഒഴിവാകും.

മകയിരം

നക്ഷത്രനാഥനായ ചൊവ്വയ്ക്ക് ബലഹാനിയുള്ളത് കർമ്മതടസ്സങ്ങൾക്ക് കാരണമാകാം. അനാവശ്യമായ ഉത്കണ്ഠകൾ ഒഴിവാക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് അലസത വന്നേക്കും. സഹോദരരുമായി രഞ്ജിപ്പ് കുറയും. കലഹപ്രേരണകൾ ഒഴിവാക്കണം. പ്രണയികൾക്കിടയിൽ തർക്കങ്ങൾ ഉടുലെടുക്കാനിടയുണ്ട്. പുതിയ ജോലിക്കായുള്ള ശ്രമത്തിൽ വിഘാതം വരുന്നതാണ്. ചില വാഗ്ദാനലംഘനങ്ങൾ വിഷമിപ്പിക്കും. കുടുംബാംഗങ്ങളുമൊത്ത് ക്ഷേത്രദർശനം, വഴിപാടുകൾ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. വീടുവിട്ടു നിൽക്കുന്നവർ മടങ്ങാൻ വൈകുന്നതാണ്.

തിരുവാതിര

പുരോഗമന ചിന്തയുണ്ടായാലും പ്രവർത്തന രീതികളിൽ പഴമ തന്നെയാണ് മുന്നിട്ടു നിൽക്കുക. ഗുരുജനങ്ങളെയും കൂട്ടുകാരെയും കാണുവാനാവും. മൂഹത്തിനായി കുറച്ചു നേരം ചെലവഴിക്കുന്നതാണ്. കലാപ്രവർത്തനത്തിൽ വിരോധികളുണ്ടെന്ന് കണ്ടെത്തും. ധനാഗമ മാർഗങ്ങൾ പുഷ്ടിപ്പെടുത്താൻ തലപുകഞ്ഞ് ചിന്തിക്കും. പ്രണയികൾക്ക് വിഷാദമനുഭവപ്പെടുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അലച്ചിലുണ്ടാവും. ലഘുവായ യത്നങ്ങൾ ചെയ്യാൻ കൂടുതൽ നേരം വേണ്ടിവരുന്നതാണ്. ഈ ദിവസങ്ങളിൽ പുതുകാര്യങ്ങൾ തുടങ്ങാതിരിക്കുക കരണീയം.

പുണർതം

പുതിയവയുടെ പിന്നാലെ പായില്ല. ചിന്താശക്തി പണയം വെക്കാതിരിക്കും. ഗൃഹകാര്യങ്ങൾ ഭംഗിയായി നടക്കും. ജീവിത പങ്കാളിയുടെ പ്രവർത്തന ശൈലിയെ അഭിനന്ദിക്കുന്നതാണ്. പഴയകടം അല്പാല്പമായി കൊടുത്തുതീർക്കുവാനായേക്കും. സഹായ മനസ്ഥിതിയെ ആരെങ്കിലും ചൂഷണം ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. സുഹൃത്തുക്കളുടെ വാക്കുകൾ എപ്പോഴും മുഖവിലയ്ക്കെടുക്കേണ്ടതില്ല. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭസൂചന കിട്ടും. ദൈവിക സമർപ്പണങ്ങൾക്ക് അവസരമുണ്ടാവും.

പൂയം

പലകാര്യങ്ങൾ മനസ്സിനെ വട്ടംചുറ്റിച്ചേക്കാം. ചിലപ്പോൾ അലസതയുണ്ടാവും. മുൻപ് തടസ്സപ്പെട്ട ചില കാര്യങ്ങളിൽ സർക്കാരിലേക്ക് പുനരപേക്ഷിച്ചേക്കും. ആശയവിനിമയം കൃത്യമായിരിക്കുന്നതാണ്. ബിസിനസ്സിൽ ആദായം കുറയില്ല. വാരാദ്യം സുഹൃൽ സമാഗമം സന്തോഷമേകും. എതിർപ്പുകളെ അവഗണിക്കുന്നതാണ്. ഇൻഷ്വറൻസിൽ നിന്നും മറ്റും ധനലാഭമുണ്ടാവും. കിടപ്പുരോഗികൾക്ക് ചികിൽസാ മാറ്റം അല്പമായ ഗുണമേകാം. പിതാവിൽ നിന്നും പ്രശംസ/ ധനം ഇവ ലഭിക്കാം. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മയുണ്ടാവില്ല.

ആയില്യം

സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവുന്ന വാരമായിരിക്കും. നിരുന്മേഷത പിടികൂടാം. അനാവശ്യമായ ഉത്കണ്ഠകൾ ഒഴിവാക്കേണ്ടതുണ്ട്. രാഷ്ട്രീയക്കാർ ഉപജാപങ്ങളെ തിരിച്ചറിയും. കുടുംബ ബന്ധം ദൃഢമാകുന്നതാണ്. പ്രണയത്തിൽ ശൈത്യമുണ്ടാവും. ചെറുപ്പക്കാർ കർമ്മമേഖലയുമായി പൊരുത്തപ്പെടാനാവാതെ വിഷമിക്കും.  ഭൂമിയിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. പണം ചെലവഴിക്കുന്നതിൽ മിതവ്യയം നടപ്പാക്കാനായേക്കില്ല. കലാപ്രവർത്തനത്തിൽ മത്സരമുണ്ടാവും. ബുധൻ, വ്യാഴം ദിവസങ്ങളിൽ വാഹനയാത്രയിൽ കരുതലുണ്ടാവണം.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

മകം

പല കാര്യങ്ങളിലും അവസരോചിതമായ സമീപനം കൈക്കൊള്ളും. നിലപാടുകൾ മാറ്റുന്നതിനാൽ ഒപ്പമുള്ളവരുടെ പരിഹാസത്തിന് പാത്രമായേക്കും. സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ പരിഗണിക്കപ്പെടുന്നതാണ്. ബിസിനസ്സുകാർക്ക് ലാഭം പ്രതീക്ഷിക്കാം. താമസസ്ഥലത്ത് അറ്റകുറ്റപ്പണികൾ വേണ്ടി വരാം. മക്കളോടുള്ള വാക്കുകളിൽ കരുതലുണ്ടാവണം. ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവുന്നതാണ്. കലാപ്രവർത്തകർക്ക് പാരിതോഷികം കിട്ടുവാനിടയുണ്ട്. ദേവാലയ സന്ദർശനത്തിന് നേരം കണ്ടെത്തുന്നതാണ്.

പൂരം

സ്വയം തീരുമാനിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ പരസഹായം വേണ്ടിവന്നേക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികൾക്കായി ആവർത്തിത ശ്രമം ആവശ്യമാവും. ബിസിനസ്സ് യാത്രകൾ പറയത്തക്ക പ്രയോജനം ചെയ്യണമെന്നില്ല. കുടുംബയോഗം സംഘടിപ്പിക്കുന്നതിന്ന് മുൻകൈയെടുക്കും. വാരാദ്യം തൊഴിലിടത്തിൽ സമ്മർദ്ദങ്ങൾ ഉയരുന്നതാണ്. സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ സംയമനം പാലിക്കണം. പ്രണയികൾക്ക് എതിർപ്പുകൾ ഉണ്ടായേക്കാം. ദാമ്പത്യത്തിൽ ഊഷ്മളതയുണ്ടാവുന്നതാണ്.

ഉത്രം

കാര്യനിർവഹണം സുഗമമാവും. തടസ്സങ്ങളെ സഹജമായ മനസ്സാന്നിധ്യത്തിൽ മറികടക്കുന്നതാണ്. വായ്പാ തിരിച്ചടവ് മുടങ്ങുകയില്ല. ഉന്നതോദ്യോഗസ്ഥന്മാരുടെ പിൻതുണ പലകാര്യങ്ങളിലും സഹായകമാവും. വിദേശത്തുള്ളവർക്ക് ആഘോഷങ്ങൾക്കായി നാട്ടിലേക്ക് വരാനായേക്കും.  അധികാരമുള്ള പദവികൾ ലഭിക്കാനിടയുണ്ട്. ഉപകരിച്ചവരെ നന്ദി അറിയിക്കാനാവും. വാഹനം ഉപയോഗിക്കുന്നവർ കരുതൽ കൈക്കൊള്ളണം. രോഗഗ്രസ്തരെ സഹായിക്കാൻ മുന്നോട്ടു വരും. വാരമധ്യം കൂടുതൽ പ്രയോജനകരമാവും.

അത്തം

തൊഴിലിടത്തിൽ സമാധാനമുണ്ടാവുന്നതാണ്. ഉന്നതോദ്യോഗസ്ഥർ ഏൽപ്പിച്ച ചുമതലകൾ കൃത്യമായി പൂർത്തിയാക്കും. സഹോദരരുമായുള്ള പിണക്കം പറഞ്ഞുതീർക്കും. ദൈവിക സമർപ്പണങ്ങൾക്ക് നേരം മാറ്റിവെക്കുന്നതാണ്. കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കാനാവും. പ്രായോഗികതയിലൂന്നിയ ഉപദേശനിർദ്ദേശങ്ങൾ നൽകുന്നതാണ്. ചെലവുകൾ കൂടുന്നതിൽ വിഷമിച്ചേക്കും. നടക്കാൻ സാധ്യതയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ചില സ്വപ്നങ്ങൾ കാണും. ഏകാന്തതയുണ്ടാവും.

ചിത്തിര

കൂടുതൽ കാര്യങ്ങൾ പഠിക്കാനും അറിയാനും ശ്രമം തുടരുന്നതാണ്. ഭൂമിയുടെ ക്രയവിക്രയത്തിലൂടെ പ്രതീക്ഷിച്ച സാമ്പത്തിക ലാഭം കൈവരിക്കും. ഉദ്യോഗസ്ഥർക്ക് അധിക സമയം ഓഫീസിൽ ചെലവഴിക്കേണ്ടി വരുന്നതായിരിക്കും. സ്വാശ്രയ വ്യാപാരം വിപുലീകരിക്കുന്നതിനുള്ള ചർച്ച തുടരുന്നതാണ്. ബന്ധുക്കളുടെ കലഹങ്ങളിൽ പക്ഷം പിടിക്കാതിരിക്കുക അഭികാമ്യം. അനുഷ്ഠാനങ്ങൾ മുടക്കില്ല. നിലവിലെ തൊഴിൽ മാറുന്നതിന് സാഹചര്യം  അനുകൂലമല്ലെന്നത് മറക്കരുത്.  ശുപാർശകൾ ഫലം കണ്ടേക്കില്ല.

ചോതി

സാമ്പത്തിക നേട്ടം കുറഞ്ഞാലും ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിൽ നിന്നും പിന്മാറുകയില്ല. മറ്റുള്ളവരുടെ പ്രശ്നങ്ങൾ ക്ഷമാപൂർവ്വം കേൾക്കും. വാഗ്ദാനലംഘനം നടത്തുന്നവരോട് കലഹിക്കുന്നതാണ്. ഭൂമിയുടെ വില്പനോദ്ദേശം തടസ്സപ്പെടാം. എതിർപ്പുകൾ ഉയർന്നാലും സ്ഥാനമാനങ്ങൾ ലഭിക്കുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ ഇടയ്ക്കിടെ ക്ലേശിപ്പിക്കാം. ജീവിത പങ്കാളിയുടെ ചില നിർദ്ദേശങ്ങൾ അസ്വീകാര്യമാകയാൽ ഗൃഹത്തിൽ സ്വാസ്ഥ്യം കുറയുന്നതാണ്. അധികാരികളുടെ സഹായഹസ്തം തുണയാകും.

വിശാഖം

പുതിയ ഭരണക്രമത്തിൽ മുഖ്യപദവികൾ ലഭിക്കാം. ഗഹന വിഷയങ്ങളോട് ആഭിമുഖ്യം തോന്നും. സാമൂഹികമായി അംഗീകാരം കൈവരുന്നതാണ്. പ്രൈവറ്റ് ജോലിയോട് മടുപ്പനുഭവപ്പെടാം. എന്നാൽ പുതിയ ജോലി ഉടനെ കിട്ടുന്നതിന് സാഹചര്യം അനുകൂലമല്ലെന്നത് ഓർത്തിരിക്കണം. പിതാവിൻ്റെ രോഗാവസ്ഥ ഭേദപ്പെടുന്നതാണ്. ഊഹക്കച്ചവടത്തിൽ ആദായം വരും. കടബാധ്യതകൾ കൂടാതിരിക്കാൻ കരുതൽ വേണം.  സകുടുംബം വിനോദയാത്ര നടത്തിയേക്കും. വാരാദ്യ-വാരാന്ത്യ ദിവസങ്ങൾക്ക് മേന്മയേറുന്നതാണ്.

അനിഴം

കരാർ പണികളിൽ ഏർപ്പെട്ടവർ വ്യവസ്ഥകൾ പാലിക്കാൻ നിർബന്ധിതരാവും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ മാത്രമാവില്ല, ചില ചുവടുവെയ്പുകൾ തെറ്റാനുമിടയുണ്ട്. കലാമത്സരത്തിനായി നിരന്തര പരിശീലനത്തിൽ ഏർപ്പെടുന്നതാണ്. സുഹൃത്തുക്കളോട് ഒത്തുചേർന്ന് ലഘുയാത്രകളുണ്ടാവും. ലഘു നിക്ഷേപങ്ങളിലൂടെ കുറച്ചുധനം സമാഹരിക്കാനാവും. പൊതു പ്രവർത്തകർക്ക് മാനസികമായ പിരിമുറുക്കം വരാനിടയുണ്ട്. വിലപ്പെട്ട രേഖകൾ കളവുപോകാനിടയുണ്ട്. ഞായർ, വെള്ളി, ശനി ദിവസങ്ങൾക്ക് ഗുണപുഷ്കലതയുണ്ടാവുന്നതാണ്.

തൃക്കേട്ട

ജന്മനക്ഷത്രത്തിൽ നക്ഷത്രാധിപനായ ബുധൻ സഞ്ചരിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കാം. പുതിയ പ്രോജക്ടുകൾ നടപ്പിലാക്കാനുള്ള തടസ്സങ്ങൾ നീങ്ങാൻ സാധ്യത കാണുന്നു. ഗൃഹത്തിൽ നിന്നും വിട്ടുനിന്നവർക്ക് വീണ്ടും സ്വീകര്യതയുണ്ടാവും. ധനാഗമം മോശമാവില്ല. അധികാരികളുടെ പിന്തുണ ലഭിക്കുന്നതാണ്. ബന്ധുക്കളുടെ പിണക്കത്തിൽ സഫലമായ മാധ്യസ്ഥം നിർവഹിക്കും. എതിർപ്പുകളെ പ്രതിരോധിക്കാനാവും. വ്യായാമത്തിൽ ശ്രദ്ധ കുറയാം. പ്രണയികൾക്ക് ശുക്രൻ്റെ രണ്ടാം നക്ഷത്രസ്ഥിതി അനുകൂലമാണ്. ദാമ്പത്യത്തിലും സംതൃപ്തി പ്രതീക്ഷിക്കാം.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മൂലം

കാര്യവിജയം അനായാസമാവില്ല. കഠിനാധ്വാനം അനിവാര്യമാണ്. തീരുമാനങ്ങളിൽ ചാഞ്ചല്യമുണ്ടാവും. ആത്മാർത്ഥത സംശയിക്കപ്പെട്ടേക്കാം. പിന്തുണകളും വാഗ്ദാനങ്ങളും ജലരേഖകളെന്ന് തോന്നാം. ജന്മത്തിൽ ആദിത്യൻ സഞ്ചരിക്കുന്നതിനാൽ അലച്ചിലുണ്ടാവും. ദേഹക്ഷീണമനുഭവപ്പെടുന്നതാണ്. സഹപ്രവർത്തകർ മത്സരബുദ്ധിയോടെ പെരുമാറുന്നതിനിടയുണ്ട്. വരുമാനമാർഗം തടസ്സപ്പെടുകയില്ലെന്നത് ആശ്വാസകരമാണ്. ഭോഗസുഖത്തിനും സാധ്യതയുണ്ട്. കലാപരിശീലനത്തിന് സമയം കണ്ടെത്തും. കുടുംബ ജീവിതത്തിൽ സ്വസ്ഥത പ്രതീക്ഷിക്കാം.

പൂരാടം

തുടങ്ങി വെച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ പരിശ്രമം ആവശ്യമാണ്. ബിസിനസ്സിൽ കിടമത്സരങ്ങളുണ്ടാവും. വിപണിയിൽ ഉല്പന്നങ്ങൾ ജനകീയമായേക്കാം. സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ അറിവ് നേടേണ്ടതായ സാഹചര്യം വരാം. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ അധ്വാനഭാരം കൂടുന്നതാണ്. മുതിർന്ന അംഗങ്ങളുടെ പിന്തുണ കരുത്തേകും. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് അധികാരമുള്ള പദവികൾ ലഭിക്കാം. സാമ്പത്തികമായി മെച്ചമുണ്ടാവും. പാരിതോഷികങ്ങൾ സന്തോഷിപ്പിക്കുന്നതാണ്.

ഉത്രാടം

കർമ്മരംഗത്ത് സൗഹൃദാന്തരീക്ഷമുണ്ടാവും. ഉപാധികളില്ലാതെ പ്രവർത്തിക്കാനായി സാധിക്കുന്നതാണ്. കൂട്ടുകച്ചവടത്തിൽ ഗുണം കുറയും. ഭാവിയിൽ തുടങ്ങുന്ന സംരംഭത്തിന് ചർച്ചകൾ പുരോഗമിച്ചേക്കും. സിവിൽ വ്യവഹാരങ്ങൾ അവസാനിപ്പിക്കാൻ ശ്രമം തുടരുന്നതാണ്. ചിട്ടി, നറുക്കെടുപ്പ്, ഇൻഷ്വറൻസ് ഇവകളിൽ നിന്നും ആദായം വന്നേക്കാം. മകളുടെ ജോലിക്കാര്യത്തിൽ തടസ്സങ്ങളുണ്ടാവും. ശുപാർശകൾ വിഫലമായേക്കും. ബന്ധുസന്ദർശനം മൂലം ഗതകാലസ്മരണകളിൽ മുഴുകാനാവും. ദൈവീക സമർപ്പണങ്ങൾ മനസ്സിന് ആശ്വാസം നൽകും.

തിരുവോണം

കൃത്യനിഷ്ഠയും ആത്മാർത്ഥതയും ദൗത്യങ്ങളെ വിജയിപ്പിക്കും. വ്യക്തമായ ലക്ഷ്യബോധമുണ്ടാവും. ഏകോപനം പ്രശംസിക്കപ്പെടുന്നതാണ്. ജോലിമാറ്റം ആഗ്രഹിക്കുന്നവർക്ക് ചില അനുകൂല സാഹചര്യങ്ങൾ സംജാതമാകുന്നതായിരിക്കും. എങ്കിലും ഉടനെ ജോലി ഉപേക്ഷിക്കുക അഭികാമ്യമല്ല. വിദേശത്തുള്ളവർക്ക് നാട്ടിൽ വരാനും ആഘോഷങ്ങളിൽ സംബന്ധിക്കാനും അവസരം കൈവരുന്നതാണ്. കലാരംഗത്തുള്ളവർക്ക് അവസരങ്ങൾ തുറന്നുകിട്ടും. വാഹനം വാങ്ങുന്ന കാര്യത്തിൽ തീരുമാനമുണ്ടാവും. സാമ്പത്തികമായി അല്പം കൂടി അച്ചടക്കം പാലിക്കണമെന്ന് മനസ്സിലുറപ്പിക്കും.

അവിട്ടം

കർമ്മരംഗത്ത് സാമാന്യമായിട്ടുള്ള 'മുന്നേറ്റം പ്രതീക്ഷിക്കാം. ആത്മാർത്ഥതയ്ക്ക് സ്വീകാര്യത ലഭിക്കുന്നതാണ്. പ്രധാന തീരുമാനങ്ങൾ കൂടിയാലോചനയിലൂടെ കൈക്കൊള്ളാൻ ശ്രമിക്കേണ്ടതാണ്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. അപ്രസക്ത കാര്യങ്ങൾക്ക് ഊർജ്ജം ചെലവഴിക്കേണ്ടതായി വരാം. പ്രണയികൾക്ക് കുടുംബത്തിൻ്റെ പിൻതുണ ലഭിക്കും. പൊതു പ്രവർത്തകർക്ക് പദവികൾ ഉയരും. വാടകക്കരാർ പുതുക്കപ്പെടും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങൾക്ക് ഗുണം കുറയാനിടയുണ്ട്.

ചതയം

ജന്മരാശിയിലെ രാഹു ക്ഷിപ്രകോപം സൃഷ്ടിക്കും. അകാരണമായ ഭയം ഉണ്ടാവും. ആദിത്യൻ പതിനൊന്നിലാകയാൽ സർക്കാരിൽ നിന്നും അനുമതി/ അംഗീകാരം ലഭിക്കാം. പിതാവിന് തൊഴിലിൽ അഭിവൃദ്ധി, ആരോഗ്യകാര്യത്തിൽ സ്വസ്ഥത എന്നിവ അനുഭവത്തിൽ വരും. ശത്രുക്കളെ ജയിക്കാനാവും. പ്രണയികൾക്ക് മനസ്സന്തോഷം ഭവിക്കുന്നതാണ്. കുടുംബ ജീവിതത്തിൽ കൂടുതൽ ഐക്യം പ്രകടമാവും. ബിസിനസ്സിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നതാണ്. ന്യായമായ ആവശ്യങ്ങൾക്ക് ധനാഗമം ഉണ്ടാവും. പദവികൾ ലഭിക്കാൻ സാധ്യത കാണുന്നു.

പൂരൂരുട്ടാതി

ആദിത്യൻ്റെ അനുകൂലസ്ഥിതിയാൽ കാര്യങ്ങൾ ഒട്ടൊക്കെ വരുതിയിലായേക്കും. ശത്രുപക്ഷത്തെ നിരാകരിച്ചു കൊണ്ട്  മുന്നേറുന്നതിന് മനക്കരുത്തുണ്ടാവും.  ഒപ്പമുള്ളവരുടെ മുഴുപിന്തുണ  കരുത്തേകും. കുടുംബത്തിലെ വയോജനങ്ങളെ സന്ദർശിക്കാനവസരം സംജാതമാകുന്ന താണ്. ധനകാര്യം മോശമാവില്ല. കിട്ടാക്കടങ്ങൾ ഭാഗികമായി ലഭിക്കാം. ഭോഗസുഖം ഭവിക്കുന്നതിന് ശുക്രാനുകൂല്യമുണ്ട്. ഇച്ഛാശക്തിയെ ക്രിയാശക്തിയായി പരിണമിപ്പിക്കും. ജന്മനക്ഷത്രത്തിലെ ശനി ആലസ്യത്തിനും അലംഭാവത്തിനും കാരണമാകുകയാൽ കരുതലുണ്ടാവണം.

ഉത്രട്ടാതി

മുൻപ് പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ ഇപ്പോൾ നടന്നുകിട്ടുന്നതാണ്. ആദർശത്തിൽ നിന്നും അല്പസ്വല്പം വ്യതിചലിച്ച് പ്രായോഗികത കൈക്കൊള്ളും. സ്വന്തം ബിസിനസ്സ് വളർച്ചയുടെ പാതയിലാവാൻ തന്ത്രങ്ങൾ മെനയുന്നതാണ്. കാര്യാലോചനകളിൽ വെട്ടിത്തുറന്ന് അഭിപ്രായം പറയുന്നതിനാൽ ചിലരുടെ നീരസത്തിന് പാത്രമായേക്കും. വാടകവീടിന് പുതിയ താമസക്കാരെത്തും. വിദേശത്തുള്ളവർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനായി നാട്ടിലെത്താനാവും. വെള്ളി, ശനി ദിവസങ്ങളിൽ ചിലവേറുന്നതാണ്. യാത്ര മൂലം ദേഹക്ഷീണം ഏർപ്പെടാം.

രേവതി

ശനിയും രാഹുവും അനിഷ്ടസ്ഥാനങ്ങളിൽ തുടരുകയാൽ ഇടക്കിടെ മനോവിഷമം വന്നെത്തുന്നതാണ്. കരുതിയ കാര്യങ്ങൾ അവസാന നിമിഷം മാറ്റിവെക്കേണ്ട സ്ഥിതി ഭവിക്കാം. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടാനിടയുണ്ട്. തന്മൂലം അസംതൃപ്തി വരും. സാമ്പത്തിക തടസ്സങ്ങൾ മാറുന്നത് ആശ്വാസകരമാണ്. മകളുടെ ജോലിക്കാര്യത്തിൽ ശുപാർശ ഫലിച്ചേക്കാം. കിടപ്പു രോഗികൾക്ക് ചികിൽസാ മാറ്റം ഗുണകരമാവും. സാമൂഹികമാധ്യമങ്ങളിൽ കൈക്കൊള്ളുന്ന നിലപാടുകൾ വിമർശിക്കപ്പെടാം. കുടുംബത്തിനൊപ്പം ഷോപ്പിംഗ്, ഔട്ടിംഗ്, ഭക്ഷണം ഇവയ്ക്ക് അവസരം കൈവരും.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: