/indian-express-malayalam/media/media_files/october-6-to-12-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
Weekly Rashi Phalam in Malayalam
Weekly Horoscope in malayalam From December 14 December 20: ആദിത്യൻ വൃശ്ചികം, ധനു രാശികളിൽ, തൃക്കേട്ട - മൂലം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. കറുത്തപക്ഷം തുടരുകയാണ്. വെള്ളി - ശനി ദിവസങ്ങളിലായാണ് കറുത്തവാവ്! അത്തം മുതൽ മൂലം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്നു. ശുക്രൻ വൃശ്ചികം രാശിയിലാണ്. ശനിയാഴ്ച രാവിലെ ധനുവിൽ പ്രവേശിക്കുന്നു. ശുക്രന് മൗഢ്യം ആരംഭിച്ചു കഴിഞ്ഞു. ബുധൻ ധനുവിലുണ്ട്. ചൊവ്വയും മൗഢ്യാവസ്ഥയിൽ ധനുവിൽ സഞ്ചരിക്കുന്നു.
ശനി മീനം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലുമാണ്. വ്യാഴത്തിൻ്റെ വക്രഗതി തുടരുന്നു. മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
അശ്വതി
ഉപചയരാശികളിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ വാക്കും കർമ്മവും ഇണങ്ങുന്നതാണ്. ന്യായമായ കാര്യങ്ങൾ നടന്നുകിട്ടും. കൂടിയാലോചനകളിൽ ആശയവിനിമയം കൃത്യമായിരിക്കും. വൃഥായത്നങ്ങളും അലച്ചിലുമുണ്ടാവില്ല. അധികാരികൾക്കുണ്ടായിരുന്ന അവിശ്വാസം മാറുന്നതാണ്. ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാവും. ലോൺ അപേക്ഷ പരിഗണിക്കപ്പെടാം. ഗൃഹനിർമ്മാണരംഭം, പുതുവാഹനം വാങ്ങൽ, നവസംരംഭത്തിന് തുടക്കം കുറിക്കൽ തുടങ്ങിയവയ്ക്ക് ഈയാഴ്ച അനുകൂലമല്ല. വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്.
ഭരണി
നക്ഷത്രാധിപനായ ശുക്രൻ മൗഢ്യത്തിലാണ്. ഇടയ്ക്ക് മനക്ലേശമുണ്ടാവാം. കാര്യങ്ങൾ ഉദ്ദേശിച്ചതുപോലെ നീങ്ങുന്നില്ലെന്നത് അസംതൃപ്തിക്ക് കാരണമായേക്കും. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. കലാമത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചെന്ന് വരില്ല. എങ്കിലും ചന്ദ്രൻ്റെ അനുകൂല രാശിസഞ്ചാരത്താൽ സുഖഭോഗമുണ്ടാവും. തൊഴിലിടത്തിൽ കുറച്ച് നേട്ടങ്ങൾ വരുന്നതാണ്. യാത്രകളാൽ ഗുണം ഭവിക്കും. സൗഹൃദം പുഷ്ടിപ്പെടുന്നതാണ്. ഉത്സവാദികൾക്ക് മുന്നേയെത്തി സഹായ സഹകരണം നൽകും. കുടുംബാംഗങ്ങൾ പിന്തുണക്കുന്നതാണ്.
കാർത്തിക
മുന്നോട്ടിറങ്ങി ഉത്സാഹിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വിജയിക്കും. മേലധികാരികളുടെ പിന്തുണ കിട്ടുന്നതാണ്. ആരോപണങ്ങളെ സധൈര്യം നേരിടും. സാമ്പത്തിക ഞെരുക്കമുണ്ടായാലും കുടുംബത്തിൻ്റെ ആവശ്യങ്ങൾ മുടങ്ങാതിരിക്കാൻ കരുതലെടുക്കും. സഹോദരരുടെ കാര്യത്തിൽ ചില ഉത്കണ്ഠകൾ വരാം. അപ്രതീക്ഷിത യാത്രകൾ വേണ്ടിവന്നേക്കും. ബിസിനസ്സിൻ്റെ വളർച്ച സംബന്ധിച്ച് സാങ്കേതിക വിദഗ്ദ്ധരുമായി ചർച്ച ചെയ്യുന്നതാണ്. രാഷ്ട്രീയ ഭാവിയിൽ വിശ്വാസം കുറയില്ല. ചൊവ്വ, ബുധൻ, വ്യാഴം മേന്മ കൂടിയ ദിവസങ്ങളാവും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
രോഹിണി
തീരുമാനങ്ങൾ ഏകപക്ഷീയമാകയാൽ എതിർപ്പുകൾ ഉയരാം. വാഗ്വാദങ്ങൾ ഒഴിവാക്കുക കരണീയം. വിദ്യാർത്ഥികളെ ആലസ്യം ബാധിക്കാനിടയുണ്ട്. മകൻ്റെ ശാഠ്യശീലം വിഷാദത്തിലേക്ക് തള്ളിവിടുന്നതാണ്. വാക്കുകളിൽ കരുതലുണ്ടാവണം. ഭൂമി വിൽപ്പനയ്ക്കായി അഡ്വാൻസ് കൈപ്പറ്റാനാവും. വാഹനത്തിന് അറ്റകുറ്റപ്പണി വരാം. നക്ഷത്രനാഥനായ ചന്ദ്രന് പക്ഷബലം കുറയുകയാൽ മനോധൈര്യം ദുർബലമാവുന്നതായി അനുഭവപ്പെടും. വ്യാപാരത്തിൽ ആദായം കുറയില്ല. ക്ഷേത്രദർശനം, സമർപ്പണം എന്നിവ നടന്നുകിട്ടും. അനാവശ്യമായ തിടുക്കം ഉപേക്ഷിക്കണം.
മകയിരം
നക്ഷത്രനാഥനായ ചൊവ്വയ്ക്ക് മൗഢ്യം തുടരുകയാൽ മനക്ലേശങ്ങൾ പലരൂപത്തിൽ വന്നുകൊണ്ടിരിക്കും. മിഥ്യധാരണകൾക്ക് വിധേയരാവും. പുതുസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി കിട്ടില്ല. ആലോചിച്ചുറച്ച കാര്യങ്ങൾ നടപ്പിലാക്കാൻ ആലസ്യമുണ്ടാവും. പണമിടപാടുകളിൽ ജാഗ്രത അനിവാര്യം. ദീർഘയാത്രകൾ മാറ്റിവെക്കേണ്ടി വന്നേക്കാം. ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായം തേടുന്നതാണ്. പ്രോജക്ടുകൾ അത്യധ്വാനം ചെയ്ത് പൂർത്തീകരിക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം കുറയും. പാരിതോഷികം കിട്ടാം. ആഢംബര വസ്തുക്കൾ വാങ്ങും.
തിരുവാതിര
പലപ്പോഴും അന്യഥാ ഭാവം തോന്നുന്നതാണ്. നിരുന്മേഷത അനുഭവപ്പെടും. രാഷ്ട്രീയ ചർച്ചകളിൽ ഒറ്റപ്പെടുന്നതാണ്. ചെറുപ്പക്കാർ ജോലി കിട്ടാത്തതിൻ്റെ വിഷമം ക്ഷോഭമായി പ്രകടിപ്പിച്ചേക്കാം. കമ്മീഷൻ വ്യാപാരം ലാഭകരമാവും. വിഷമം പിടിച്ച ദൗത്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക കരണീയം. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഡ്യൂട്ടി സമയം കൂടിയേക്കും. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കൂടാനിടയുണ്ട്. ഏഴാമെടത്തിലെ ഗ്രഹാധിക്യം മൂലം കുടുംബകാര്യങ്ങളിൽ തർക്കങ്ങൾ ഉയരുന്നതാണ്. ആത്മീയ സാധനകർ മുടങ്ങുകയില്ല.
Also Read: അശ്വതിക്കാർക്ക് പ്രണയം പുഷ്കലമാവും, ഭരണിക്കാർക്ക് ധനം വന്നെത്തും, കാർത്തികക്കാർക്ക് അവസരങ്ങൾ കൈവരും
പുണർതം
പ്രയത്നത്തിന് അനുഭവഫലം കൈവരും. സഹപ്രവർത്തകരുമായി വിശദമായി കൂടിയാലോചിച്ച് വലിയ പദ്ധതികൾ തീരുമാനിക്കും. ജീവിത നിലവാരം ഉയരുന്നതാണ്. ചെലവുകൾ അനിയന്ത്രിതമാണെന്ന് തോന്നും. തെറ്റുകൾ തിരുത്തി മുന്നേറുന്നതിന് മനസ്സുറപ്പ് കൈവരും. കാര്യനിർവഹണ ശേഷി അഭിനന്ദിക്കപ്പെടുന്നതാണ്. കടം കൊടുക്കുന്നത് കരുതലോടെയാവണം. ദാമ്പത്യത്തിൽ സ്വൈരമുണ്ടാവും. വിദേശധനം വന്നെത്തും. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭവാർത്ത ഉണ്ടാവും. ആരോഗ്യകാര്യങ്ങൾ മരുന്നു കഴിക്കുന്നതിനാൽ നിയന്ത്രിണത്തിൽ തുടരും.
പൂയം
വസ്തുതർക്കങ്ങൾക്ക് പരിഹാരമുണ്ടാവും. ധർമ്മപ്രവൃത്തികൾ മുടങ്ങാതെ ചെയ്യും. സുതാര്യമായ പ്രവർത്തന ശൈലി അഭിനന്ദിക്കപ്പെടും. കലാമത്സരങ്ങളിൽ വിജയിക്കും. കുടുംബകാര്യങ്ങളിൽ ഒത്തുതീർപ്പ് വേണ്ടിവരുന്നതാണ്. വാക്കുകൾ പരുഷങ്ങളാവാതിരിക്കാൻ ശ്രദ്ധവേണം. സാങ്കേതികജ്ഞാനം നേടാൻ സമയം കണ്ടെത്തും. അവസരവാദികളെ തിരിച്ചറിയുന്നതാണ്. ചെലവുകൾ പരിമിതപ്പെടുത്താൻ സാധിച്ചേക്കില്ല. ഉന്നത വ്യക്തികളെ പരിചയപ്പെടും. പ്രിയ സുഹൃത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതാണ്. ദൈവിക സമർപ്പണം, തീർത്ഥയാത്രകൾ ഇവ നിർവഹിക്കും.
ആയില്യം
ആത്മവിശ്വാസമുണ്ടാവും. ദുർഘട ചുമതലകൾ ഏറ്റെടുക്കുവാൻ ധൈര്യം കാട്ടിയേക്കും. തന്മൂലം മേലധികാരികളുടെ പ്രിയം നേടുന്നതാണ്. സ്വന്തമായി വ്യാപാരം നടത്തുന്നവർക്ക് ലാഭം കുറയാനിടയുണ്ട്. അമിതവ്യയം തിരിച്ചറിയുന്നതിന് വിഷമിക്കും. കൂറിൻ്റെ അധിപനായ ചന്ദ്രന് ക്ഷീണപക്ഷമാകയാൽ മനക്ലേശം ആവർത്തിക്കും. ചിലപ്പോൾ വിഷാദം പിടികൂടാം. നിക്ഷേപങ്ങളിൽ നിന്നും ലഘുവായ ആദായം വന്നെത്തുന്നതാണ്. അസുഖങ്ങൾക്ക് ചികിൽസ വൈകിക്കരുത്. രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കും. എതിർവാദങ്ങളെ ഖണ്ഡിക്കാൻ ഉത്സുകതയേറും.
Read More: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us