/indian-express-malayalam/media/media_files/2025/12/13/weekly-horoscope-2025-12-13-11-39-13.jpg)
Weekly Rashi Phalam in Malayalam
Weekly Horoscope in malayalam From December 14 December 20: ആദിത്യൻ വൃശ്ചികം, ധനു രാശികളിൽ, തൃക്കേട്ട - മൂലം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. കറുത്തപക്ഷം തുടരുകയാണ്. വെള്ളി - ശനി ദിവസങ്ങളിലായാണ് കറുത്തവാവ്! അത്തം മുതൽ മൂലം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്നു. ശുക്രൻ വൃശ്ചികം രാശിയിലാണ്. ശനിയാഴ്ച രാവിലെ ധനുവിൽ പ്രവേശിക്കുന്നു. ശുക്രന് മൗഢ്യം ആരംഭിച്ചു കഴിഞ്ഞു. ബുധൻ ധനുവിലുണ്ട്. ചൊവ്വയും മൗഢ്യാവസ്ഥയിൽ ധനുവിൽ സഞ്ചരിക്കുന്നു.
ശനി മീനം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലുമാണ്. വ്യാഴത്തിൻ്റെ വക്രഗതി തുടരുന്നു. മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
അശ്വതി
ഉപചയരാശികളിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ വാക്കും കർമ്മവും ഇണങ്ങുന്നതാണ്. ന്യായമായ കാര്യങ്ങൾ നടന്നുകിട്ടും. കൂടിയാലോചനകളിൽ ആശയവിനിമയം കൃത്യമായിരിക്കും. വൃഥായത്നങ്ങളും അലച്ചിലുമുണ്ടാവില്ല. അധികാരികൾക്കുണ്ടായിരുന്ന അവിശ്വാസം മാറുന്നതാണ്. ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനാവും. ലോൺ അപേക്ഷ പരിഗണിക്കപ്പെടാം. ഗൃഹനിർമ്മാണരംഭം, പുതുവാഹനം വാങ്ങൽ, നവസംരംഭത്തിന് തുടക്കം കുറിക്കൽ തുടങ്ങിയവയ്ക്ക് ഈയാഴ്ച അനുകൂലമല്ല. വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്.
ഭരണി
നക്ഷത്രാധിപനായ ശുക്രൻ മൗഢ്യത്തിലാണ്. ഇടയ്ക്ക് മനക്ലേശമുണ്ടാവാം. കാര്യങ്ങൾ ഉദ്ദേശിച്ചതുപോലെ നീങ്ങുന്നില്ലെന്നത് അസംതൃപ്തിക്ക് കാരണമായേക്കും. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. കലാമത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചെന്ന് വരില്ല. എങ്കിലും ചന്ദ്രൻ്റെ അനുകൂല രാശിസഞ്ചാരത്താൽ സുഖഭോഗമുണ്ടാവും. തൊഴിലിടത്തിൽ കുറച്ച് നേട്ടങ്ങൾ വരുന്നതാണ്. യാത്രകളാൽ ഗുണം ഭവിക്കും. സൗഹൃദം പുഷ്ടിപ്പെടുന്നതാണ്. ഉത്സവാദികൾക്ക് മുന്നേയെത്തി സഹായ സഹകരണം നൽകും. കുടുംബാംഗങ്ങൾ പിന്തുണക്കുന്നതാണ്.
കാർത്തിക
മുന്നോട്ടിറങ്ങി ഉത്സാഹിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ വിജയിക്കും. മേലധികാരികളുടെ പിന്തുണ കിട്ടുന്നതാണ്. ആരോപണങ്ങളെ സധൈര്യം നേരിടും. സാമ്പത്തിക ഞെരുക്കമുണ്ടായാലും കുടുംബത്തിൻ്റെ ആവശ്യങ്ങൾ മുടങ്ങാതിരിക്കാൻ കരുതലെടുക്കും. സഹോദരരുടെ കാര്യത്തിൽ ചില ഉത്കണ്ഠകൾ വരാം. അപ്രതീക്ഷിത യാത്രകൾ വേണ്ടിവന്നേക്കും. ബിസിനസ്സിൻ്റെ വളർച്ച സംബന്ധിച്ച് സാങ്കേതിക വിദഗ്ദ്ധരുമായി ചർച്ച ചെയ്യുന്നതാണ്. രാഷ്ട്രീയ ഭാവിയിൽ വിശ്വാസം കുറയില്ല. ചൊവ്വ, ബുധൻ, വ്യാഴം മേന്മ കൂടിയ ദിവസങ്ങളാവും.
രോഹിണി
തീരുമാനങ്ങൾ ഏകപക്ഷീയമാകയാൽ എതിർപ്പുകൾ ഉയരാം. വാഗ്വാദങ്ങൾ ഒഴിവാക്കുക കരണീയം. വിദ്യാർത്ഥികളെ ആലസ്യം ബാധിക്കാനിടയുണ്ട്. മകൻ്റെ ശാഠ്യശീലം വിഷാദത്തിലേക്ക് തള്ളിവിടുന്നതാണ്. വാക്കുകളിൽ കരുതലുണ്ടാവണം. ഭൂമി വിൽപ്പനയ്ക്കായി അഡ്വാൻസ് കൈപ്പറ്റാനാവും. വാഹനത്തിന് അറ്റകുറ്റപ്പണി വരാം. നക്ഷത്രനാഥനായ ചന്ദ്രന് പക്ഷബലം കുറയുകയാൽ മനോധൈര്യം ദുർബലമാവുന്നതായി അനുഭവപ്പെടും. വ്യാപാരത്തിൽ ആദായം കുറയില്ല. ക്ഷേത്രദർശനം, സമർപ്പണം എന്നിവ നടന്നുകിട്ടും. അനാവശ്യമായ തിടുക്കം ഉപേക്ഷിക്കണം.
മകയിരം
നക്ഷത്രനാഥനായ ചൊവ്വയ്ക്ക് മൗഢ്യം തുടരുകയാൽ മനക്ലേശങ്ങൾ പലരൂപത്തിൽ വന്നുകൊണ്ടിരിക്കും. മിഥ്യധാരണകൾക്ക് വിധേയരാവും. പുതുസംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും അനുമതി കിട്ടില്ല. ആലോചിച്ചുറച്ച കാര്യങ്ങൾ നടപ്പിലാക്കാൻ ആലസ്യമുണ്ടാവും. പണമിടപാടുകളിൽ ജാഗ്രത അനിവാര്യം. ദീർഘയാത്രകൾ മാറ്റിവെക്കേണ്ടി വന്നേക്കാം. ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായം തേടുന്നതാണ്. പ്രോജക്ടുകൾ അത്യധ്വാനം ചെയ്ത് പൂർത്തീകരിക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം കുറയും. പാരിതോഷികം കിട്ടാം. ആഢംബര വസ്തുക്കൾ വാങ്ങും.
തിരുവാതിര
പലപ്പോഴും അന്യഥാ ഭാവം തോന്നുന്നതാണ്. നിരുന്മേഷത അനുഭവപ്പെടും. രാഷ്ട്രീയ ചർച്ചകളിൽ ഒറ്റപ്പെടുന്നതാണ്. ചെറുപ്പക്കാർ ജോലി കിട്ടാത്തതിൻ്റെ വിഷമം ക്ഷോഭമായി പ്രകടിപ്പിച്ചേക്കാം. കമ്മീഷൻ വ്യാപാരം ലാഭകരമാവും. വിഷമം പിടിച്ച ദൗത്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക കരണീയം. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഡ്യൂട്ടി സമയം കൂടിയേക്കും. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം കൂടാനിടയുണ്ട്. ഏഴാമെടത്തിലെ ഗ്രഹാധിക്യം മൂലം കുടുംബകാര്യങ്ങളിൽ തർക്കങ്ങൾ ഉയരുന്നതാണ്. ആത്മീയ സാധനകർ മുടങ്ങുകയില്ല.
പുണർതം
പ്രയത്നത്തിന് അനുഭവഫലം കൈവരും. സഹപ്രവർത്തകരുമായി വിശദമായി കൂടിയാലോചിച്ച് വലിയ പദ്ധതികൾ തീരുമാനിക്കും. ജീവിത നിലവാരം ഉയരുന്നതാണ്. ചെലവുകൾ അനിയന്ത്രിതമാണെന്ന് തോന്നും. തെറ്റുകൾ തിരുത്തി മുന്നേറുന്നതിന് മനസ്സുറപ്പ് കൈവരും. കാര്യനിർവഹണ ശേഷി അഭിനന്ദിക്കപ്പെടുന്നതാണ്. കടം കൊടുക്കുന്നത് കരുതലോടെയാവണം. ദാമ്പത്യത്തിൽ സ്വൈരമുണ്ടാവും. വിദേശധനം വന്നെത്തും. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭവാർത്ത ഉണ്ടാവും. ആരോഗ്യകാര്യങ്ങൾ മരുന്നു കഴിക്കുന്നതിനാൽ നിയന്ത്രിണത്തിൽ തുടരും.
പൂയം
വസ്തുതർക്കങ്ങൾക്ക് പരിഹാരമുണ്ടാവും. ധർമ്മപ്രവൃത്തികൾ മുടങ്ങാതെ ചെയ്യും. സുതാര്യമായ പ്രവർത്തന ശൈലി അഭിനന്ദിക്കപ്പെടും. കലാമത്സരങ്ങളിൽ വിജയിക്കും. കുടുംബകാര്യങ്ങളിൽ ഒത്തുതീർപ്പ് വേണ്ടിവരുന്നതാണ്. വാക്കുകൾ പരുഷങ്ങളാവാതിരിക്കാൻ ശ്രദ്ധവേണം. സാങ്കേതികജ്ഞാനം നേടാൻ സമയം കണ്ടെത്തും. അവസരവാദികളെ തിരിച്ചറിയുന്നതാണ്. ചെലവുകൾ പരിമിതപ്പെടുത്താൻ സാധിച്ചേക്കില്ല. ഉന്നത വ്യക്തികളെ പരിചയപ്പെടും. പ്രിയ സുഹൃത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതാണ്. ദൈവിക സമർപ്പണം, തീർത്ഥയാത്രകൾ ഇവ നിർവഹിക്കും.
ആയില്യം
ആത്മവിശ്വാസമുണ്ടാവും. ദുർഘട ചുമതലകൾ ഏറ്റെടുക്കുവാൻ ധൈര്യം കാട്ടിയേക്കും. തന്മൂലം മേലധികാരികളുടെ പ്രിയം നേടുന്നതാണ്. സ്വന്തമായി വ്യാപാരം നടത്തുന്നവർക്ക് ലാഭം കുറയാനിടയുണ്ട്. അമിതവ്യയം തിരിച്ചറിയുന്നതിന് വിഷമിക്കും. കൂറിൻ്റെ അധിപനായ ചന്ദ്രന് ക്ഷീണപക്ഷമാകയാൽ മനക്ലേശം ആവർത്തിക്കും. ചിലപ്പോൾ വിഷാദം പിടികൂടാം. നിക്ഷേപങ്ങളിൽ നിന്നും ലഘുവായ ആദായം വന്നെത്തുന്നതാണ്. അസുഖങ്ങൾക്ക് ചികിൽസ വൈകിക്കരുത്. രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കും. എതിർവാദങ്ങളെ ഖണ്ഡിക്കാൻ ഉത്സുകതയേറും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
മകം
സ്വതസ്സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കിട്ടില്ല. നവീനങ്ങളായ ആശയങ്ങൾ മനസ്സിലുണ്ടാവും. സാമ്പത്തിക സ്വാതന്ത്യം കുറയാം. കൂടുതൽ നേരം കർമ്മസ്ഥലത്ത് ചെലവഴിക്കുന്നതാണ്. ഗൃഹനിർമ്മാണത്തിന് സർക്കാർ അനുമതി ലഭിക്കാൻ കാത്തിരിപ്പ് തുടരും. ഉദ്യോഗാർത്ഥികൾ അഭിമുഖങ്ങൾക്ക് നന്നായി തയ്യാറെടുക്കും. സഹോദരരുമായി കലഹിച്ചേക്കാം. പ്രണയാഭ്യർത്ഥന നിരസിക്കപ്പെടും. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയമുണ്ടാവില്ല. ഞായർ, തിങ്കൾ, ശനി ദിവസങ്ങളിൽ മേന്മ കുറയും. ദേഹമനക്ലേശത്തിന് സാധ്യത കാണുന്നു.
പൂരം
പരിമിതമായ ആഗ്രഹങ്ങൾ നടന്നുകിട്ടും. വലിയ കാര്യങ്ങൾക്കുള്ള ശ്രമം പരാജയപ്പെടാം. പ്രോൽസാഹിപ്പിക്കുവാൻ ആരുമുണ്ടായേക്കില്ല. ബിസിനസ്സിൽ അമിതധനം മുടക്കിയാൽ നഷ്ടസാധ്യതയുണ്ട്. പഴയ കടങ്ങൾ കൊടുത്തു തീർക്കാൻ മറ്റൊരു അവധി നിശ്ചയിക്കുന്നതാണ്. മക്കളുടെ കാര്യത്തിൽ സ്വസ്ഥതയും അഭിമാനവും ഉണ്ടാവും. ബന്ധുക്കളുടെ സന്ദർശനം സന്തോഷത്തിന് കാരണമാകും. ആരോഗ്യപരമായി അത്ര മെച്ചപ്പെട്ട വാരമല്ല. ദേഹക്ഷീണം അനുഭവപ്പെടാം. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ കൂടുതൽ ഗുണകരമാവും.
ഉത്രം
പഠന കാര്യങ്ങളിൽ കൂടുതൽ താത്പര്യം പുലർത്തുന്നതാണ്. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്ന വാരമായിരിക്കും. സഹപ്രവർത്തകരുടെ ഇടയിൽ സ്വീകാര്യതയേറും. വിവാദങ്ങളിൽ മൗനം അവലംബിക്കുന്നതാണ്. ബിസിനസ്സ് കാര്യങ്ങൾക്കായി പതിവിലുമധികം യാത്രകളുണ്ടായേക്കാം. വിപണിയിൽ മുന്നേറാനാവും. ആദർശങ്ങളെ മുറുകെ പിടിക്കുമ്പോഴും പ്രായോഗിക സമീപനം കൈക്കൊള്ളാൻ മടിക്കില്ല. പ്രണയാഭ്യർത്ഥന പരിഹസിക്കപ്പെടാം. ജീവിതപങ്കാളിയുടെ വാക്കുകൾ അംഗീകരിക്കും.
അത്തം
പ്രവർത്തന മേഖല വിപുലീകരിക്കും. കൂടിയാലോചനകൾ ഫലപ്രദമായി മാറും. സഹോദരരിൽ നിന്നുള്ള സാമ്പത്തിക സഹായം ബാധ്യതകൾ പരിഹരിക്കാൻ സഹായകമാവും. ജീവിത പങ്കാളിയുടെ അനുരഞ്ജനമനസ്ഥിതിയെ അഭിനന്ദിക്കും. വിദേശത്ത് കഴിയുന്നവർക്ക് തൊഴിൽ പ്രശ്നങ്ങളിൽ ആശ്വാസം ലഭിക്കാം. രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച ഉത്കണ്ഠകൾ നീങ്ങുന്നതാണ്. പുതിയ പദവികൾ തേടി വരാം. ക്ഷേത്രാടനത്തിന് സാഹചര്യം ഒരുങ്ങും. വിദ്യാർത്ഥികൾ കലാപ്രവർത്തനത്തിനും നേരം കണ്ടെത്തുന്നതാണ്.
ചിത്തിര
തുടങ്ങി പകുതിവഴിയിൽ നിന്നുപോയ കാര്യങ്ങൾ പൂർത്തിയാക്കാൻ സമയം കണ്ടെത്തും. ദുശ്ശീലങ്ങൾ ഒഴിവാക്കാൻ സ്വയം പ്രേരണയുണ്ടാവും. ഉദ്യോഗസ്ഥർക്ക് ദുർഘടദൗത്യങ്ങൾ സമ്മർദ്ദമുണ്ടാക്കിയേക്കാം. അയൽ വഴക്കുകളെ വ്യവഹാരത്തിലേക്ക് നയിക്കരുത്. വസ്തുവാങ്ങുന്ന കാര്യത്തിൽ ഭിന്നാഭിപ്രായം കുടുംബത്തിൽ നിന്നും തന്നെയുണ്ടാവും. ആഭരണങ്ങൾ മാറ്റി വാങ്ങാനോ പുതിയത് വാങ്ങിക്കാനോ സാധ്യത കാണുന്നു. ഉത്സവാദികളിൽ സക്രിയമായി പങ്കെടുക്കുവാനാവും. ബന്ധുക്കളിൽ നിന്നും സഹായം സ്വീകരിച്ചേക്കും.
ചോതി
ചന്ദ്രൻ പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ വാരാദ്യം മനക്ലേശം, ചിലവുകൾ ഇവയുണ്ടാവും. അലച്ചിലിനും സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ന്യായമായ കാര്യങ്ങൾ നടന്നുകിട്ടും. ചില പ്രതീക്ഷകൾ പൂവണിയുന്നതാണ്. പ്രണയികൾക്ക് സന്തോഷിക്കാൻ സന്ദർഭമുണ്ടാവും. വ്യാഴം മുതൽ ദിവസങ്ങളിൽ വാഗ്ദാനം പാലിക്കാൻ കഴിയും. എന്നാൽ ചിലരുടെ വാഗ്ദാനലംഘനങ്ങൾ വിഷമിപ്പിക്കുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് കാലം അനുകൂലമല്ല. ധനവരവ് മോശമാവില്ല. മിതവ്യയം പാലിക്കാൻ കഴിഞ്ഞേക്കില്ല.
വിശാഖം
മേലധികാരികളുടെ നിർദ്ദേശങ്ങളെ ചോദ്യം ചെയ്യും. അതിനാൽ തൊഴിലിടത്തിൽ ചില വൈക്ളബ്യങ്ങൾ വരാവുന്നതാണ്. ഗൃഹത്തിൻ്റെ നവീകരണം ഒരുവിധം പൂർത്തിയാവും. പ്രായോഗിക പരിചയം പലപ്പോഴും പിന്തുണക്കും. കൂട്ടുകച്ചവടത്തിലൂടെ ലാഭമുണ്ടാവും. വിപുലീകരണ ശ്രമങ്ങൾ ആലോചനയിൽ വരും. സാമ്പത്തിക ഇടപാടുകൾക്ക് രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. പുതിയ തലമുറയുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം കേൾക്കും. അന്യദേശത്തു കഴിയുന്ന കുടുംബാംഗത്തിൻ്റെ തിരിച്ചുവരവ് സന്തോഷത്തിന് കാരണമാകും.
അനിഴം
ന്യായമായ ആഗ്രഹങ്ങൾ സഫലമാവുന്നതാണ്. കർമ്മമേഖലയിൽ സൗഹൃദാന്തരീക്ഷം പുലരുന്നതായിരിക്കും. അനുരഞ്ജനം ഗാർഹസ്ഥ്യത്തെ സുഖകരമാക്കും. കക്ഷിരാഷ്ട്രീയത്തിൻ്റെ ചട്ടക്കൂടിൽ നിന്നും മാറാനാഗ്രഹം ഉണ്ടാവുമെങ്കിലും നടന്നുകിട്ടണമെന്നില്ല. ഭൂമിവ്യവഹാരം നീളുന്നതിൽ അസ്വസ്ഥരാവും. സുഹൃത്തുക്കളുമായുള്ള കൂടിച്ചേരലുകൾ സുഖം നൽകും. ആത്മീയചര്യകൾ പുനരാരംഭിക്കാൻ തയ്യാറാവും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയും.കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് മാനസിക സ്വസ്ഥത ലഭിച്ചേക്കില്ല. തുടങ്ങിയവ പൂർത്തിയാക്കാനാവില്ല. ഭാവികാര്യങ്ങൾ കുടുംബാംഗങ്ങളുമായി ആലോചിച്ചേക്കും.
തൃക്കേട്ട
ഭൂമി സംബന്ധിച്ച കാര്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കും. സാങ്കേതിക വിഷയങ്ങളിൽ വിദഗ്ദ്ധോപദേശം തേടും. സമർപ്പിച്ച പ്രോജക്ടിന് സർക്കാരിൽ നിന്നുമുള്ള അനുമതി ലഭിക്കുന്നതാണ്. വ്യാപാരത്തിൽ നേരിയ മുന്നേറ്റമുണ്ടാവും. കൂട്ടുകെട്ടുകളിൽ ചിലത് ഒഴിവാക്കാൻ സ്വയം തയ്യാറായേക്കും. കുടുംബകാര്യത്തിൽ കൂടുതൽ ശ്രദ്ധ വന്നേക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്. വാഗ്ദാനലംഘനത്തിൽ അസംതൃപ്തി വരുന്നതായിരിക്കും. ആശയവിനിമയം കൂടുതൽ സുതാര്യമാവുന്നതാണ്.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ
മൂലം
ചന്ദ്രസഞ്ചാരം പത്താം ഭാവം മുതലാകയാൽ വാരാദ്യം ഫലപ്രദമാണ്. നല്ലതുടക്കം കിട്ടും. കരുതിയ കാര്യങ്ങൾ തടസ്സപ്പെടാതെ നിർവഹണത്തിലെത്തിക്കാൻ സാധിച്ചേക്കും. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. സംഘടനാ രംഗത്ത് ഏകോപനം സാധ്യമാകുന്നതാണ്. സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അല്പം വിവേകം ആവശ്യമായ സന്ദർഭമാണ്. സമീപകാലത്ത് തുടങ്ങിയ സംരംഭങ്ങൾ മെച്ചപ്പെടും. ജീവിത പങ്കാളിയുടെ അഭിപ്രായം കണക്കിലെടുക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ ക്രമീകരണം വരുത്താൻ മടിക്കരുത്. വ്യാഴം, വെള്ളി ചെലവധികരിക്കാം.
പൂരാടം
ആശയവിനിമയ ശേഷി ആദരിക്കപ്പെടുന്നതാണ്. മറ്റുള്ളവർ പിന്മാറിയ ദൗത്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യപരമായി മെച്ചപ്പെടുന്നതാണ്. മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധാപൂർവ്വം കേൾക്കും. രാഷ്ട്രീയത്തിൽ നില മെച്ചപ്പെടുത്തുന്നതാണ്. വസ്തുവിൽപ്പന തടസ്സപ്പെടാം. അക്കാര്യത്തിൽ അമിത പ്രതീക്ഷയരുത്. ബിസിനസ്സുകാർക്ക് ലാഭം കുറയില്ല. ഊഹക്കച്ചവടത്തിൽ കരുതലുണ്ടാവണം. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധ കുറയരുത്. കുടുംബകാര്യങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയാം.
ഉത്രാടം
നീതിബോധം അണുവിട കുറയില്ല. പ്രവർത്തന ശൈലിയെ വിമർശിക്കുവാൻ ആളുണ്ടായാലും പിന്മാറുകയില്ല. മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കുന്നതാണ്. വ്യാപാരത്തിൽ കൂടുതൽ മുതൽമുടക്കുന്നത് കരുതലോടെയാവണം. ഊഹക്കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. മകൻ്റെ ജോലിക്കാര്യത്തിൽ ശുപാർശകൾക്ക് മുതിരില്ല. ഗൃഹത്തിൽ അറ്റകുറ്റപ്പണി വേണ്ടിവരാം. പുതിയ വാഹനം വാങ്ങുന്നതിൽ കുടുംബത്തിൽ ഭിന്നതയുണ്ടാവാം. മാതാപിതാക്കളുടെ ശുശ്രൂഷയ്ക്ക് കൂടുതൽ നേരം കണ്ടെത്തുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ അല്പം അലച്ചിലുണ്ടാവാം.
തിരുവോണം
വെള്ളിയും ശനിയുമൊഴികെ ഒട്ടൊക്കെ വാരം മുഴുവനും അനുകൂലമാണ്. പരിശ്രമങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കാം. കുടുംബവൃത്തങ്ങളിലും സാമൂഹിക ജീവിതത്തിലും അംഗീകാരം കിട്ടും. പങ്കുകച്ചവടത്തിൽ നിന്നും നല്ല ലാഭവിഹിതം കൈവരുന്നതാണ്. കലാപ്രവർത്തനത്തിൽ അവസരങ്ങൾ കൂടുകയാൽ തിരക്കുണ്ടാവും. വിവാദങ്ങളിൽ പിൻതുണയുയരുന്നതാണ്. ജന്മനാട്ടിലെ ക്ഷേത്രോത്സവാദികളിൽ പങ്കെടുക്കുവാൻ അവസരം വന്നെത്തും. മനസ്സിനെ അലട്ടിയ ചില പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം സംജാതമാകും.
അവിട്ടം
മത്സരങ്ങളിലും അഭിമുഖങ്ങളിലും കഴിവ് തെളിയിക്കും. ശുഭപ്രതീക്ഷ പുലർത്തുന്നതാണ്. പരിഹരിക്കാനാവാതെ കിടക്കുന്ന ദുർഘട പ്രശ്നങ്ങൾക്ക് പോംവഴി കാണും. സാമൂഹിക രംഗത്ത് കൂടുതൽ സജീവമാകുന്നതാണ്. ഗവേഷണത്തിൽ ചെറിയ തടസ്സങ്ങൾ വരാം. സ്വാശ്രയ വ്യാപാരത്തിൽ നിന്നും വരുമാനം ഉയരുന്നതാണ്. കടബാധ്യതകൾ കുറശ്ശെ കൊടുക്കാനാവും. ഗൃഹത്തിലെ വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ചെറുപ്പക്കാരുടെ കടുംപിടിത്തം മനക്ലേശത്തിന് കാരണമാകും. യാത്രകൾ പലനിലയ്ക്കും പ്രയോജനം ചെയ്യും.
ചതയം
വാരാദ്യം തടസ്സങ്ങൾ ഉണ്ടാവും. ഞായർ മുതൽ ചൊവ്വ വരെ പരീക്ഷണങ്ങൾക്ക് മുതിരരുത്. അമിത ധനവ്യയം വരാം. കലഹ പ്രേരണകളുണ്ടായേക്കാം. ബുധൻ മുതൽ അനുകൂല ഫലങ്ങൾ വന്നെത്തും. തൊഴിലിടത്തിൽ സമാധാനം നിറയുന്നതാണ്. മേലുദ്യോഗസ്ഥർ അഭിപ്രായം ചോദിക്കും. വ്യാപാരികൾക്ക് വിപണിയുടെ സ്പന്ദനം തിരിച്ചറിയുവാനാവും. പാരമ്പര്യത്തോട് കൂറുപുലർത്തും. ആദർശങ്ങളിൽ ചെറിയ വിട്ടുവീഴ്ചകൾക്ക് സന്നദ്ധതയുണ്ടാവും. ആഢംബര വസ്തുക്കൾ/ഗൃഹോപകരണങ്ങൾ പ്രതിമാസ അടവ് വ്യവസ്ഥയിൽ വാങ്ങിക്കുന്നതാണ്.
പൂരൂരുട്ടാതി
മാറ്റിവെച്ചിരുന്ന പലകാര്യങ്ങളും പൂർത്തിയാക്കാൻ കഴിയുന്നതാണ്. ക്ഷമാശീലം ചിലപ്പോൾ നഷ്ടമായേക്കാം. ഉപജാപങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കും. പൂർവ്വിക സ്വത്തുക്കളെ സംബന്ധിച്ച തർക്കങ്ങൾക്ക് സാധ്യതയുണ്ട്. അനാവശ്യ വിവാദങ്ങളിൽ തലയിടാതിരിക്കുന്നത് ഉത്തമം. കുടുംബത്തിനൊപ്പം വിനോദം, ഷോപ്പിംഗ്, പുറമേ നിന്നും ഭക്ഷണം ഇവയ്ക്ക് അവസരം വരാം. കിടപ്പ് രോഗികൾക്ക് ചികിൽസാമാറ്റത്താൽ ആശ്വാസകാലമാണ്. ഞായർ, തിങ്കൾ വാഹനം, അഗ്നി, യന്ത്രം ഇവയുടെ ഉപയോഗത്തിൽ കരുതലുണ്ടാവണം.
ഉത്രട്ടാതി
സാമാന്യം ഗുണഫലങ്ങൾ വന്നെത്തുന്ന വാരമാണ്. പ്രവൃത്തികൾ ഏകാഗ്രതയോടെ നിർവഹിക്കാൻ കഴിയും. തൊഴിലിടം സമാധാനമുള്ളതായിരിക്കും. സുഹൃത്ബന്ധം വിപുലമാവും. പണമെടപാടുകളുടെ രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്. കലാകാരന്മാർക്ക് പ്രശംസ ലഭിക്കാം. ഊഹക്കച്ചവടത്തിൽ നിന്നും നേട്ടങ്ങൾ വന്നെത്താം. പണയ സ്വർണ്ണം വീണ്ടെടുക്കാനാവും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ശോഭിക്കുന്നതാണ്. പ്രണയികൾക്ക് തടസ്സങ്ങൾ വരാം. അനാവശ്യമായ തിടുക്കം ഉപേക്ഷിക്കേണ്ടതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നവാരംഭങ്ങൾ നന്നല്ല.
രേവതി
ഉത്തരവാദിത്വങ്ങൾ ഒറ്റയ്ക്ക് നിർവഹിക്കേണ്ടതിനാൽ ക്ലേശവും ആലസ്യവും അനുഭവപ്പെടും. പുതിയ കാര്യങ്ങൾ തിടുക്കത്തിൽ തുടങ്ങരുത്. ഏഴരശ്ശനിക്കാല മാണെന്നത് ഓർമ്മയിലുണ്ടാവണം. ധനവിനിയോഗത്തിൽ ജാഗ്രത കുറയരുത്. വീട്, വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചേക്കും. മകളുടെ ഭാവികാര്യത്തിൽ നല്ലവാർത്ത കേൾക്കാറാവും. ബന്ധുകലഹത്തിൽ മാധ്യസ്ഥ ശ്രമങ്ങൾക്ക് മുതിരുന്നത് തിരിച്ചടിയാവും. സംഘടനകളിൽ ശക്തി തെളിയിക്കാൻ അവസരം സംജാതമാകും. ചൊവ്വ, ബുധൻ അഷ്ടമരാശിദിനങ്ങളാകയാൽ ജാഗ്രത വേണ്ടതുണ്ട്.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us